യാത്രകൾ എന്നും എനിക്കേറെ ഇഷ്ടമായിരുന്നു...
നിശബ്ദമായ മനസ്സിന്റെ താഴ്വാരങ്ങളെ തഴുകിയുണർത്തുന്നതായിരുന്നു ഓരോ സഞ്ചാരവും...
രണ്ടു ദിവസത്തെ ചെന്നൈ പര്യടനവും - പതിവു പോലെ - നവ്യമായ അനുഭൂതികളുടെ മണിമുത്തുകൾ മനസ്സിലെ മുത്തുമാലയിൽ കൊർത്തുവെക്കുന്നതായിരുന്നു...
യാത്രകളിലെ ഏറ്റവും നല്ല കൂട്ടുകാരൻ പുസ്തകങ്ങൾ തന്നെയാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് ദീർഖയാത്രകൾ തീർക്കുന്ന വിരസതയിൽ...
IPH പുറത്തിറക്കിയ 'സ്വഹാബി വനിതകൾ' എന്ന ചരിത്ര പുസ്തകമാണ് ഇന്നത്തെ സഹയാത്രികൻ…....
ആധുനിക ലോകം സ്ത്രീക്കു നൽകിയ ഏറ്റവും വലിയ ‘സ്ഥാനം’ പരസ്യപ്പലകയിലാണെന്നു വായിച്ചതോർക്കുന്നു … ‘സ്ത്രീ ’ എന്നത് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും ഏറ്റവും വലിയ പ്രതീകമാവുമ്പോഴും ലോകം ഇന്ന് സ്ത്രീത്വത്തെ പോലും കച്ചവടക്കണ്ണോടുകൂടി കാണാൻ ശ്രമിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നിപ്പോവുന്നു...
ഒരു ദർശനവും പ്രയോഗവും എന്ന നിലയിൽ - വിവിധങ്ങളായ ഭാവങ്ങളുള്ള മനുഷ്യ മനസ്സുകളെ സംഘർഷരഹിതവും താളാത്മകവുമാക്കുന്ന -
ദിവ്യമായ അതിരുകളിൽ നിന്നുകൊണ്ട് സർഗാത്മകതയെയും സ്വാതന്ത്ര്യത്തേയും ആവിഷ്കരിക്കുന്ന ഇസ്ലാമിക ചരിത്രത്തിലെ നക്ഷത്രത്തിളക്കമുള്ള ഒരുകൂട്ടം സ്ത്രീകളുടെ ജീവിത കഥയാണീ പുസ്തകം..
ഇസ്ലാമിന്റെ അതിരിലും ആത്മാവിലും നിന്ന് കൊണ്ട് സ്ത്രീ എങ്ങനെയാണ് സ്വയം ആവിഷ്കരിക്കുന്നത് എന്നതിന്റെ ചരിത്ര രേഖ.
സ്ത്രീ ഇവിടെ ദൈവത്തോട് ഏറ്റവും അടുത്തു നിന്നുകൊണ്ട് തന്റെ അസ്തിത്വത്തെ ഏറ്റവും ഭാവദീപ്തമായി അറിയുകയും ആവിഷ്കരിക്കുകയുമാണ്.
സ്ത്രീ സ്വത്വത്തിന്റെ ശരിയായ രുചിയനുഭവിച്ച , പ്രവാചക സതീർഥ്യകളായിത്തീർന്ന ഏതാനും മഹതികളുടെ ജീവിത രേഖ...ലളിതമായ ഒരു ആധികാരിക പഠനഗ്രന്ഥം..
അക്ഷരക്കൂട്ടത്തിൽ നിന്നും പുറത്തേക്കു വരുമ്പോൾ ട്രെയിൻ തമിഴ്നാടിന്റെ ചൂടുകാറ്റിനെ ഭേദിച്ചുകൊണ്ടുള്ള കുതിപ്പിലായിരുന്നു.
പച്ചവിരിച്ച കേരളീയ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രാസുഖം പരുക്കനായ തരിശു നിലങ്ങൾ നിറഞ്ഞ ഈ വഴിക്കില്ല …
രണ്ടു ദിവസത്തെ ചെന്നൈ യാത്രയുടെ പ്രധാന ലക്‌ഷ്യം IIT മദ്രാസ്സാണ്… Corrosion Prevention & Control -ൽ ഒരു ട്രെയിനിംഗ് കോഴ്സ്…
IIT madras…ഇതു നാലാമത്തെ തവണയാണ് മനോഹരമായ, ഹരിതാഭമായ ഈ ക്യാമ്പസിൽ...
കിട്ടാത്ത മുന്തിരിയുടെ പുളിയാണോ എന്നറിയില്ല , ഈ ലോകം എന്നെ വല്ലാതെ വശീകരിക്കുന്നു.....ഇതുപോലൊരു ക്യാമ്പസിൽ പഠിക്കാൻ ഒരുപാട് കൊതിച്ചതാണ് ....
പക്ഷേ.., "Man Desire..,God Decide" - എന്നാ പ്രപഞ്ച തത്വത്തെ ഞാൻ ബഹുമാനിക്കുന്നു…
അടിസ്ഥാന സൗകര്യങ്ങളെക്കാളുപരി എന്നെ സ്വാധീനിക്കുന്നത് പഠനത്തിലും ഗവേഷണത്തിലും അധിഷ്ടിതമായ ഒരു academic- സിസ്റ്റം ആണ് ..
ഒരു ദിവസം, ദൈവം സഹായിച്ചാൽ ഞാനും …!
IIT മദ്രാസ് ക്യാമ്പസ് |
പക്ഷെ , ആ ആശാഭിലാഷങ്ങൾ തന്നെയാണ് അവനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്ത അത്ഭുതം തോന്നുന്നു ..
ജീവിതം എന്നും ഒരു പിടികിട്ടാത്ത സമസ്യ തന്നെയാണ് ..
ഓരോ മനുഷ്യനും അവനു നിക്ഷിപ്തമായ പാതയിൽ,
കാലയളവിൽ ചലിക്കുന്നു …
എത്രമാത്രം കൃത്യമാണ് സൃഷ്ടാവായ ദൈവത്തിന്റെ കണക്കുകൾ ..
എത്രമാത്രം അത്ഭുതകരമാണ് ഓരോ ജന്മങ്ങളും ..
സ്നേഹത്തിലും വിശ്വാസത്തിലും പൊതിഞ്ഞ ഒരു മഞ്ഞുതുള്ളി മാത്രമാണ് ഓരോ ജന്മവുമെന്നെനിക്കു തോന്നുന്നു.
പ്രപഞ്ചത്തിന്റെ ആകെ ആയുസ്സിനെ ഒരു മണിക്കൂറായി കണക്കാക്കിയാൽ 59.57 മിനിട്ടിലാണത്രെ മനുഷ്യൻ അവതരിച്ചത്. അവന്റെ എല്ലാ ജീവിതാഭിലാഷങ്ങളും കാമ -ക്രോധ -ലോഭ -വിചാര -വികാരങ്ങളും ഈ മൂന്നു സെക്കണ്ട് സമയത്തേക്ക് മാത്രമുള്ളതാണ് എന്നതോർക്കുമ്പോൾ …വല്ലാതെ ആശ്ചര്യപ്പെട്ടു പോവുന്നു ..
സമുദ്രത്തിന്റെ അഗാധങ്ങളിലെ ഒരു ചിപ്പിക്കുള്ളിലെ മുത്തായ് മാത്രം അവതരിച്ചിരുന്നുവെങ്കിൽ …!
നദീതീരത്തെ വെറുമൊരു പുൽക്കൊടിയായി മാത്രം ജനിച്ചിരുന്നുവെങ്കിൽ …!
ബസന്ത് നഗർ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം... [നിജു, അനുരാഗ്, ആന്റണി, പിന്നെ ഞാനും] |
ചിന്തകൾ മനസ്സിൽ വല്ലാത്ത ഭാരം തീർക്കുന്നു …
നിജു ,ആന്റണി ,അനുരാഗ് ,ആഖിൽ എന്നീ
സുഹൃത്തുക്കൾക്കിടയിൽ നടക്കുമ്പോഴും ..,
IIT-മദ്രാസ്സിന്റെ കുളിർമയിലൂടെ സൈക്കിളോടിക്കുമ്പോഴും..
അതിരാവിലെ ബസന്ത് നഗർ ബീച്ചിൽ കടലിന്റെ കുഞ്ഞോളങ്ങൾ പാദങ്ങളെ തൊട്ടുരുമ്മുമ്പോഴും എന്റെ മനസ്സ് അലയുകയായിരുന്നു.
എത്രയും പെട്ടെന്ന് വീട്ടിലെത്താനും അമ്മയുടെ മടിത്തട്ടാകുന്ന എന്റെ സ്വർഗീയാരാമത്തിൽ ആശ്വാസം തേടാനും മനസ്സ് കൊതിച്ചു.
അസ്വസ്ഥമായ മനസ്സോടെയാണ് ഞാൻ എഗ്മോർ സ്റ്റേഷനിൽ നിന്നും തിരിച്ചു കോഴിക്കോട്ടേക്ക് വണ്ടി കയറിയത് ..
രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ എന്തെന്നില്ലാതെ ഞാൻ പരിഭ്രമിക്കുന്നുണ്ടായിരുന്നു ..
പക്ഷെ , അമ്മയുടെ വാത്സല്യം തുളുമ്പുന്ന പുഞ്ചിരിയും തലോടലും "എന്റെ മോനെ"-യെന്ന വിളിയും കവിളിൽ നൽകിയ നറുചുംബനങ്ങളും എന്നെ ശാന്തനാക്കി ..
മനുഷ്യ മനസ്സുകളിലെ നിഗൂഡതകളറിയുന്ന പ്രപഞ്ച നാഥനായ സർവേശ്വരന് സ്തുതി ..!
നല്ല ഒരു നാളെയെ പ്രതീക്ഷിച്ചു കൊണ്ട് ..ഇനി ഞാനുറങ്ങട്ടെ ..
ശുഭരാത്രി ..
ജീവിതസമസ്യയുടെ ആഴങ്ങളിൽ മുങ്ങിത്തപ്പുമ്പോൾ നാം അറിയാതെ പകച്ചു പോകുന്നു....! ചിന്തിപ്പിക്കുന്ന നല്ലൊരു ലേഖനത്തിന് നന്ദി.
ReplyDeleteഈ പുസ്തകം എവിടെ കിട്ടും? വായിക്കാൻ ആഗ്രഹമുണ്ട് ...
വളരെയേറെ നന്ദി...
ReplyDeleteകോഴിക്കോട് പുതിയ ബസ്റ്റാന്റിനടുത്തുള്ള മാതൃഭൂമി ബുക്സിൽ നിന്നാണ് ഞാൻ വാങ്ങിയത്...
'സ്വഹാബി വനിതകൾ'-By K.K. മുഹമ്മദ് മദനി.
പ്രസാധകർ: ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്-IPH. വില 140 രൂപ.