Saturday, March 19, 2016

ചില മർമ്മരങ്ങൾ


ഇന്ന് വീണ്ടും അവളെ കണ്ടു;
ഒരു വർഷത്തിനു ശേഷം.
കൃത്യമായി പറഞ്ഞാൽ പതിമൂന്നു മാസങ്ങൾക്കും പത്തൊമ്പത് ദിവസങ്ങൾക്കും ശേഷം.

ഇത്ര കൃത്യമായി ഓർത്തുവെക്കാൻ മാത്രം ആരാണീ 'അവൾ' എന്നാവും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്.

ചില മുഖങ്ങൾ അങ്ങനെയാണ്.
ഹൃദയത്തിന്റെ ആഴങ്ങളിൽ വേരിറങ്ങിയ ചിലർ.
ഋതുഭേദങ്ങൾക്കതീതമായി ഉള്ളിന്റെയുള്ളിൽ എന്നെന്നും പൂത്തു  തളിർത്ത്‌ ഓർമകളുടെ സുഗന്ധം പരത്തിക്കൊണ്ടിരിക്കും.
മറ്റു ചിലത്, വാടിക്കരിഞ്ഞും ഇതളുകൾ പലതും കൊഴിഞ്ഞു വീണും ശൂന്യതയിലേക്ക് മറയും.

ബാംഗ്ലൂരിലെ പ്രോഗ്രാം കഴിഞ്ഞ്  വൈകീട്ട് 4.50ന്റെ  ജെറ്റ്  എയർവേയ്സ് ഫ്ലെയ്റ്റിനാണ് കൊച്ചിക്ക്‌ ടിക്കറ്റ്‌ കിട്ടിയത്. എയർപോർട്ടിലെ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് ഉള്ളിലേക്ക് നടന്നു തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം.

" Excuse me Sir..? "

ആരാണെന്ന ആകാംക്ഷയോടെ തിരിഞ്ഞു നോക്കിയപ്പോൾ അടുത്ത ചോദ്യം.
" Do You remember Me..? "

CISF യൂണിഫോമിൽ, അപ്രതീക്ഷിതമായി വീണ്ടും അവളെ  കണ്ടപ്പോൾ അറിയാതെ ചോദിച്ചു പോയി.
" Yes...  How can i forget you...? "

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് VSSC യിലായിരുന്നു  പ്രൊജക്റ്റ്‌.
ISRO യുടെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രങ്ങളിൽ ഒന്ന്.
അവിടെയും സെക്യൂരിറ്റി CISF-നു  തന്നെയാണ്. ഞങ്ങളുടെ ലാബ് ഉൾക്കൊള്ളുന്ന 70 Acre  ഏരിയയിൽ എന്ട്രൻസ് ഗെയ്റ്റിലെ സെക്യൂരിറ്റി ഒഫിസർമാരിൽ ഒരാളായിരുന്നു അവൾ.

ആഴ്ചയിൽ രണ്ടു ദിവസം, ബുധനും വെള്ളിയും മാത്രം കാണുന്ന ഒരാൾ. ഗെയ്റ്റ് പാസും ID കാർഡും ബാഗും പരിശോധിക്കുന്ന ഏതാനും നിമിഷങ്ങൾ. അതിനിടയിലെ നിശബ്ദമായ പുഞ്ചിരികൾ.

ഇന്നും അവളുടെ പേരെന്തെന്നോ വീടും നാടും എവിടെയാണെന്നോ എനിക്കറിയില്ല. പക്ഷെ, എനിക്കവളെ ഇഷ്ടമായിരുന്നു.
എന്ത്, ഏത് എന്നൊക്കെ നിർവചിക്കാനാവാത്ത വെറുമൊരിഷ്ടം. സ്റ്റേഷൻ  കടവിലെ തട്ടുകടയിലെ കഞ്ഞിക്കാരി ചേച്ചിയോടും ഉച്ചയൂണിനു ഞങ്ങൾക്ക് മാത്രം സ്പെഷ്യൽ ഡിസ്കൗണ്ട് തരുന്ന ക്യാന്റീനിലെ ഷേർളി ചേച്ചിയോടും ലാബിലെ റെജിയേട്ടനോടുമൊക്കെ തോന്നുന്ന പോലെ ഒന്നല്ല. പറഞ്ഞറിയിക്കാനാവാത്ത എന്തോ  ഒരടുപ്പം.

അതിനു വേണ്ടാത്ത അർഥങ്ങൾ കണ്ടെത്താനും കളിയാക്കാനും കൂട്ടുകാർ ശ്രമിക്കുമ്പോഴെല്ലാം തെറ്റായ ഒന്നും എന്നിൽനിന്നുണ്ടാവില്ലെന്നു മനസ്സ്  പറയാറുണ്ട്. ഒരാൾ മറ്റൊരാൾക്ക് 'ആര്' എന്ന് തൂലിക കൊണ്ടും അക്ഷരങ്ങൾ കൊണ്ടും വർണ്ണിക്കാനോ, വിവരിക്കാനോ, വരച്ചു കാണിക്കാനോ പറ്റാത്ത ചില  മരീചിക പോലുള്ള വിസ്മയങ്ങളുണ്ട്  ജീവിതത്തിൽ.

പ്രണയത്തിനും  കാമത്തിനും  വാത്സല്യത്തിനും അനുകമ്പയ്ക്കും കാരുണ്യത്തിനും സ്നേഹത്തിന്റെ മറ്റെല്ലാ രൂപഭാവഭേദങ്ങൾക്കും അപ്പുറം ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ദൈവീകമായ ചില അനുഭൂതികൾ.

അവിടെ വികാരങ്ങളില്ലാത്ത, നിറങ്ങളില്ലാത്ത, വാദ്യ മേളങ്ങളില്ലാത്ത അത്യുന്നതങ്ങളിൽ നിന്നും കടന്നു വരുന്ന നിഷ്കളങ്കവും നിസ്വാർതവുമായ എന്തോ ഒന്ന്.
എന്തിനെന്നറിയാതെ, ആരെന്നറിയാതെ, കാര്യ കാരണങ്ങളില്ലാതെ  ഒരാളെ ഇഷ്ടപ്പെടുന്നതിലെ ആ ആനന്ദം അനുഭവിച്ചറിയേണ്ട ഒന്നാണ്.

പ്രൊജക്റ്റ്‌ കഴിഞ്ഞു തിരുവനന്തപുരത്തു നിന്നും മടങ്ങിയതിൽ പിന്നെ അവളെ കണ്ടിട്ടില്ല. കാണാൻ ശ്രമിച്ചിട്ടില്ല. കാണണം എന്ന് തോന്നിയിട്ടില്ല.
പിന്നീട് പല മുഖങ്ങളും അതുപോലെ മനസ്സിൽ തന്റെ സ്ഥാനം വിട്ടുകൊടുക്കാൻ തയാറാവാതെ കടന്നു കൂടിയിട്ടുണ്ട്.

രണ്ടു മാസം മുമ്പാണ് ബാംഗ്ലൂരിലേക്ക് ട്രാൻസ്ഫർ ആയതത്രേ .
എവിടെയായാലും സുഖം ഭവിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞാൻ നടന്നു. പേരും നാടും ചോദിക്കാൻ തോന്നിയെങ്കിലും അത് വേണ്ടെന്നു മനസ്സ് പറഞ്ഞു. ആ മുഖം എന്നും, എപ്പോഴും അജ്ഞാതമായി തന്നെയിരിക്കട്ടെ. കാരണങ്ങളില്ലാതെ ഒരു മനുഷ്യാത്മാവിന് മറ്റൊരാത്മാവിനെ ഇഷ്ടപ്പെടാൻ സാധിക്കട്ടെ.

4.50 നു ബാംഗ്ലൂരിൽ നിന്ന് പറന്നുയർന്ന് എന്റെ Jet Airways 2655 വിമാനം  6.15 നു കൊച്ചിയുടെ ആകാശത്ത് വട്ടമിട്ടു.

ഭൂമിയെ തൊടാൻ കൊതിക്കുന്ന ഈ യന്ത്രപ്പറവയും ഭൂമിയോട് വിടപറയാൻ തുടങ്ങിയ അസ്തമയ സൂര്യനും എന്റെ മനസ്സിൽ മറ്റൊരു സ്നേഹ ബന്ധത്തിന്റെ കഥ പറഞ്ഞു തുടങ്ങി.

*** *** ***

ശുഭം..!