Wednesday, October 29, 2014

IIT Madras



യാത്രകൾ എന്നും എനിക്കേറെ ഇഷ്ടമായിരുന്നു...
നിശബ്ദമായ മനസ്സിന്റെ താഴ്വാരങ്ങളെ തഴുകിയുണർത്തുന്നതായിരുന്നു ഓരോ സഞ്ചാരവും...
രണ്ടു ദിവസത്തെ ചെന്നൈ പര്യടനവും - പതിവു പോലെ - നവ്യമായ അനുഭൂതികളുടെ മണിമുത്തുകൾ മനസ്സിലെ മുത്തുമാലയിൽ കൊർത്തുവെക്കുന്നതായിരുന്നു...


യാത്രകളിലെ ഏറ്റവും നല്ല കൂട്ടുകാരൻ പുസ്തകങ്ങൾ തന്നെയാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് ദീർഖയാത്രകൾ തീർക്കുന്ന വിരസതയിൽ...

IPH പുറത്തിറക്കിയ 'സ്വഹാബി വനിതകൾ' എന്ന ചരിത്ര പുസ്തകമാണ് ഇന്നത്തെ സഹയാത്രികൻ…....

ആധുനിക ലോകം സ്ത്രീക്കു നൽകിയ ഏറ്റവും വലിയ ‘സ്ഥാനം’ പരസ്യപ്പലകയിലാണെന്നു വായിച്ചതോർക്കുന്നു … ‘സ്ത്രീ ’ എന്നത് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും ഏറ്റവും വലിയ പ്രതീകമാവുമ്പോഴും ലോകം ഇന്ന് സ്ത്രീത്വത്തെ പോലും കച്ചവടക്കണ്ണോടുകൂടി കാണാൻ ശ്രമിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നിപ്പോവുന്നു...

ഒരു ദർശനവും പ്രയോഗവും എന്ന നിലയിൽ - വിവിധങ്ങളായ ഭാവങ്ങളുള്ള മനുഷ്യ മനസ്സുകളെ സംഘർഷരഹിതവും താളാത്മകവുമാക്കുന്ന - 
ദിവ്യമായ അതിരുകളിൽ നിന്നുകൊണ്ട് സർഗാത്മകതയെയും സ്വാതന്ത്ര്യത്തേയും  ആവിഷ്കരിക്കുന്ന ഇസ്ലാമിക ചരിത്രത്തിലെ നക്ഷത്രത്തിളക്കമുള്ള ഒരുകൂട്ടം സ്ത്രീകളുടെ ജീവിത കഥയാണീ പുസ്തകം..
ഇസ്ലാമിന്റെ അതിരിലും ആത്മാവിലും നിന്ന് കൊണ്ട് സ്ത്രീ എങ്ങനെയാണ് സ്വയം ആവിഷ്കരിക്കുന്നത് എന്നതിന്റെ ചരിത്ര രേഖ. 

സ്ത്രീ  ഇവിടെ ദൈവത്തോട് ഏറ്റവും അടുത്തു നിന്നുകൊണ്ട് തന്റെ അസ്തിത്വത്തെ ഏറ്റവും ഭാവദീപ്തമായി അറിയുകയും ആവിഷ്കരിക്കുകയുമാണ്.
സ്ത്രീ സ്വത്വത്തിന്റെ ശരിയായ രുചിയനുഭവിച്ച , പ്രവാചക സതീർഥ്യകളായിത്തീർന്ന ഏതാനും മഹതികളുടെ ജീവിത രേഖ...ലളിതമായ ഒരു ആധികാരിക പഠനഗ്രന്ഥം..

അക്ഷരക്കൂട്ടത്തിൽ നിന്നും പുറത്തേക്കു വരുമ്പോൾ ട്രെയിൻ തമിഴ്നാടിന്റെ ചൂടുകാറ്റിനെ ഭേദിച്ചുകൊണ്ടുള്ള കുതിപ്പിലായിരുന്നു. 
പച്ചവിരിച്ച കേരളീയ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രാസുഖം പരുക്കനായ തരിശു നിലങ്ങൾ നിറഞ്ഞ ഈ വഴിക്കില്ല …

രണ്ടു ദിവസത്തെ ചെന്നൈ യാത്രയുടെ പ്രധാന ലക്‌ഷ്യം IIT മദ്രാസ്സാണ്… Corrosion Prevention & Control -ൽ ഒരു ട്രെയിനിംഗ് കോഴ്സ്…
IIT madras…ഇതു നാലാമത്തെ തവണയാണ് മനോഹരമായ, ഹരിതാഭമായ ഈ ക്യാമ്പസിൽ...
കിട്ടാത്ത മുന്തിരിയുടെ പുളിയാണോ എന്നറിയില്ല , ഈ ലോകം എന്നെ വല്ലാതെ വശീകരിക്കുന്നു.....ഇതുപോലൊരു ക്യാമ്പസിൽ പഠിക്കാൻ ഒരുപാട് കൊതിച്ചതാണ് ....
പക്ഷേ.., "Man Desire..,God Decide" - എന്നാ പ്രപഞ്ച തത്വത്തെ ഞാൻ ബഹുമാനിക്കുന്നു…
അടിസ്ഥാന സൗകര്യങ്ങളെക്കാളുപരി എന്നെ സ്വാധീനിക്കുന്നത് പഠനത്തിലും ഗവേഷണത്തിലും അധിഷ്ടിതമായ ഒരു academic- സിസ്റ്റം ആണ് .. 
ഒരു ദിവസം, ദൈവം സഹായിച്ചാൽ ഞാനും …!


IIT മദ്രാസ് ക്യാമ്പസ്
മനുഷ്യ മനസ്സുകൾക്ക് ഏറ്റവും ഭാരം നൽകുന്നത് അവന്റെ ആശകളും അഭിലാഷങ്ങളുമാണെന്നു തോന്നുന്നു ..
പക്ഷെ , ആ ആശാഭിലാഷങ്ങൾ തന്നെയാണ് അവനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്ത അത്ഭുതം തോന്നുന്നു ..
ജീവിതം എന്നും ഒരു പിടികിട്ടാത്ത സമസ്യ തന്നെയാണ് ..
ഓരോ മനുഷ്യനും അവനു നിക്ഷിപ്തമായ പാതയിൽ,
കാലയളവിൽ ചലിക്കുന്നു … 
എത്രമാത്രം കൃത്യമാണ് സൃഷ്ടാവായ ദൈവത്തിന്റെ കണക്കുകൾ ..
എത്രമാത്രം അത്ഭുതകരമാണ് ഓരോ ജന്മങ്ങളും ..

സ്നേഹത്തിലും വിശ്വാസത്തിലും പൊതിഞ്ഞ ഒരു മഞ്ഞുതുള്ളി മാത്രമാണ് ഓരോ ജന്മവുമെന്നെനിക്കു തോന്നുന്നു.
പ്രപഞ്ചത്തിന്റെ ആകെ ആയുസ്സിനെ ഒരു മണിക്കൂറായി കണക്കാക്കിയാൽ 59.57 മിനിട്ടിലാണത്രെ മനുഷ്യൻ അവതരിച്ചത്. അവന്റെ എല്ലാ ജീവിതാഭിലാഷങ്ങളും കാമ -ക്രോധ -ലോഭ -വിചാര -വികാരങ്ങളും ഈ മൂന്നു സെക്കണ്ട് സമയത്തേക്ക് മാത്രമുള്ളതാണ് എന്നതോർക്കുമ്പോൾ …വല്ലാതെ ആശ്ചര്യപ്പെട്ടു പോവുന്നു ..
സമുദ്രത്തിന്റെ അഗാധങ്ങളിലെ ഒരു ചിപ്പിക്കുള്ളിലെ മുത്തായ്‌ മാത്രം അവതരിച്ചിരുന്നുവെങ്കിൽ …!
നദീതീരത്തെ വെറുമൊരു പുൽക്കൊടിയായി മാത്രം ജനിച്ചിരുന്നുവെങ്കിൽ …!


ബസന്ത് നഗർ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം...
 [നിജു, അനുരാഗ്, ആന്റണി, പിന്നെ ഞാനും]

ചിന്തകൾ മനസ്സിൽ വല്ലാത്ത ഭാരം തീർക്കുന്നു …
നിജു ,ആന്റണി ,അനുരാഗ് ,ആഖിൽ എന്നീ 
സുഹൃത്തുക്കൾക്കിടയിൽ നടക്കുമ്പോഴും .., 
IIT-മദ്രാസ്സിന്റെ കുളിർമയിലൂടെ സൈക്കിളോടിക്കുമ്പോഴും..
അതിരാവിലെ ബസന്ത് നഗർ ബീച്ചിൽ കടലിന്റെ കുഞ്ഞോളങ്ങൾ  പാദങ്ങളെ തൊട്ടുരുമ്മുമ്പോഴും എന്റെ മനസ്സ് അലയുകയായിരുന്നു.



എത്രയും പെട്ടെന്ന് വീട്ടിലെത്താനും അമ്മയുടെ മടിത്തട്ടാകുന്ന എന്റെ സ്വർഗീയാരാമത്തിൽ ആശ്വാസം  തേടാനും മനസ്സ് കൊതിച്ചു.
അസ്വസ്ഥമായ മനസ്സോടെയാണ് ഞാൻ എഗ്മോർ സ്റ്റേഷനിൽ നിന്നും തിരിച്ചു കോഴിക്കോട്ടേക്ക് വണ്ടി കയറിയത് .. 

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ എന്തെന്നില്ലാതെ ഞാൻ പരിഭ്രമിക്കുന്നുണ്ടായിരുന്നു ..
പക്ഷെ , അമ്മയുടെ വാത്സല്യം തുളുമ്പുന്ന പുഞ്ചിരിയും തലോടലും "എന്റെ മോനെ"-യെന്ന വിളിയും കവിളിൽ നൽകിയ നറുചുംബനങ്ങളും എന്നെ ശാന്തനാക്കി ..
മനുഷ്യ മനസ്സുകളിലെ നിഗൂഡതകളറിയുന്ന പ്രപഞ്ച നാഥനായ സർവേശ്വരന് സ്തുതി ..!
നല്ല ഒരു നാളെയെ പ്രതീക്ഷിച്ചു കൊണ്ട് ..ഇനി ഞാനുറങ്ങട്ടെ ..

ശുഭരാത്രി ..

Monday, October 20, 2014

സുലൈമാനിക്കയുടെ കൂടെ...



നല്ല സുഖമുള്ള തണുത്ത കാറ്റ്...
ഉദയ സൂര്യന്റെ തങ്കകിരണങ്ങൾ
സുപ്രഭാതം ആശംസിക്കുന്നു...
ചാലിയാറിന് സമാന്തരമായി മനോഹരമായ റോഡിലൂടെ
എന്റെ പുതിയ തൂവെള്ള സ്വിഫ്റ്റ്കാർ
അതിവേഗം കുതിച്ചു... ദൂരെ മലഞ്ചെരുവുകൾക്കിടയിലൂടെ അരിച്ചെത്തുന്ന പൊൻകിരണങ്ങൾ ചാലിയാറിനെ ഒരു മണവാട്ടിയെപ്പോലെ ചമയിക്കുന്നതായി എനിക്ക് തോന്നി...

കോഴിക്കോടാണ് ലക്‌ഷ്യം...
"ഒരവധി ദിവസമായിട്ടും നിനക്കൊന്നു വീട്ടിൽ വെറുതെയിരുന്നുകൂടെടാ"  എന്ന വീട്ടുകാരുടെ ചോദ്യത്തിന് ഒരു പുഞ്ചിരി കൊണ്ട് മറുപടി കൊടുത്താണ് ഇറങ്ങിയത്...

വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക് നാല് വഴികളുണ്ട്... 
അവയിൽ കൊണ്ടോട്ടി-രാമനാട്ടുകര ,കൂളിമാട് -മാവൂർമുക്കം-കുന്നമംഗലം എന്നീ മൂന്നു വഴികളും വിട്ട് 
എടവണ്ണപ്പാറ-വാഴക്കാട് റൂട്ട് തിരഞ്ഞെടുത്തത് 
'ചാലിയാർ' - എന്ന മൊഞ്ചത്തിയെ കാണാനും 
ഒരു കൊച്ചു കുഞ്ഞിന്റെ കൊലുസ്സിന്റെ താളത്തിൽ 
അവൾ തീർക്കുന്ന ഓളങ്ങൾ ആസ്വദിക്കാനുമായിരുന്നു...

കോഴിക്കോട്ടെ 'മാതൃഭൂമി'-യുടെ പുതിയ ബുക്ക്‌സ്റ്റാൾ
ഇതുവരെ കണ്ടിട്ടില്ല... ഒരുപാട് പുതിയ പുസ്തകങ്ങളുടെ കളക്ഷൻ അവിടെയുണ്ടെന്ന് 'നിജു'-വാണ് പറഞ്ഞത്...
ടാഗോറിന്റെ 'ഗീതാഞ്ചലിയുംമുഹമ്മദ്‌ അസദിന്റെ 'മക്കയിലേക്കുള്ള പാത'-യും വാങ്ങണം...കൂട്ടത്തിൽ 'അഷിതയുടെ കഥകളും'...

"ഒന്ന് പതുക്കെ പോടാ...
എന്തിനാ ഇത്ര സ്പീഡ്..
നമ്മക്ക് തെരക്കൊന്നൂല്ലാല്ലോ..."
-സുലൈമാനിക്കയാണ്.

നല്ല സൂപ്പർ റബ്ബറൈസ്ഡ് റോഡ്‌... റോഡിലാണെങ്കിൽ കാര്യമായിട്ട് വാഹനങ്ങളുടെ തിരക്കുമില്ല...എന്നാപിന്നെ ഇത്തിരി സ്പീഡു കൂടിയാലെന്താ എന്നാണു എന്റെ പക്ഷം...

സുലൈമാനിക്കയെ പരിചയപ്പെടുത്താൻ മറന്നു.
മൂപ്പർ എന്റെ നാട്ടുകാരനാണ്..
എന്നെക്കാളും ഒരു മുപ്പതു വയസ്സ് പ്രായം...
സദാ വൈറ്റ് & വൈറ്റ് ആണ് വേഷം...
ഒരു കറുത്ത തൊപ്പിയും കൂടി ഉണ്ടെങ്കിൽ ഇങ്ങളെ കാണാൻ 'ശിഹാബ് തങ്ങളെ പൊലെയിരിക്കുമെന്നു ഞാൻ കളിയാക്കും...
ഞാൻ പരിചയപ്പെട്ടമനസ്സിലാക്കിയ ആളുകളിൽ നിന്നും തീർത്തും വ്യത്യസ്തനായ ഒരാളായിരുന്നു സുലൈമാനിക്ക.

അയാൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും ധാരാളിത്തം അവകാശപ്പെടാൻ ഇല്ലായിരുന്നു... തൊഴിൽ കൊണ്ട് അയാളൊരു ഡ്രൈവറായിരുന്നു... വെറും ഡ്രൈവറല്ല...ഒരു ആംബുലൻസ് ഡ്രൈവർ...

ഒരു പക്ഷെ ജീവിതത്തിനും മരണത്തിനുമിടയിൽ താൻ കണ്ട യാഥാർത്യങ്ങളാവാം ആ മനുഷ്യനെ ഇത്രയേറെ മാറ്റിയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... ഓരോ യാത്രയിലും അയാൾ ആസ്വദിച്ചത് ദൈവത്തിന്റെ അപാരമായ പരീക്ഷണങ്ങളെയായിരുന്നു...

അയാളുടെ വാഹനത്തിലെ സംഗീതം ഭയപ്പെടുത്തുന്ന സൈറണും നിലവിളികളുമായിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അയാളുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ തെളിഞ്ഞു നിന്നു...
നിമിഷങ്ങൾ അയാൾക്കും അയാളുടെ വാഹനത്തിലുള്ളവർക്കും ഏറെ വിലമതിക്കുന്നതായിരുന്നു...

ജീവിതത്തിന്റെ നൈമിഷികതയെ എനിക്കു ബോധ്യപ്പെടുത്തി തന്നത് അയാളാണ്... ശവകുടീരങ്ങളിലേക്കുള്ള യാത്രയാണ് ഓരോ മനുഷ്യ ജീവിതവുമെന്ന പാഠം എന്നെ പഠിപ്പിച്ചത് അയാളായിരുന്നു...

ആ സുലൈമാനിക്കയാണ് ഇന്നെന്റെ കൂടെ...

രാവിലെ അങ്ങാടിയിൽ വെച്ചാണ് സുലൈമാനിക്കയെ കണ്ടത്...
കാർ നിർത്തി സംസാരിച്ചപ്പോഴാണറിഞ്ഞത്.. മൂപ്പരും കോഴിക്കോട്ടേക്കാണ് പോലും... 
അങ്ങനെ എന്റെ ഒപ്പം കൂടിയതാണ്...

വശ്യമായ പുഞ്ചിരിയോടെ ഞാൻ അയാളോട് ചോദിച്ചു...


"അല്ല സുലൈമാനിക്കാ... നിങ്ങളുടെ വണ്ടി റോഡിൽ കൂടി പറത്താം...
ഞാനിപ്പോ ഇത്തിരി സ്പീഡ് കൂട്ടിയപ്പോ വല്യ പ്രശ്നായില്ലേ...?"

അതിനയാൾ പറഞ്ഞ മറുപടി എന്നെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു...


"ന്റെ കുട്ട്യേ,, നെന്നെപ്പോലോള്ളോരൊക്കെ ഇങ്ങനെ നിലം വിട്ടു പോകുന്നോണ്ടാ എനിക്ക് പണി കിട്ടുന്നത്...അത് വേണോ മോനെ..?"

അൽപനേരത്തെ മൗനത്തിനു ശേഷം സുലൈമാനിക്ക ചോദിച്ചു..
"ഞാനിപ്പോൾ എങ്ങോട്ടാ പോകണതെന്ന് നെനക്കറിയോ? "

"അറിയാല്ലോ... കോഴിക്കോട്ടേക്കല്ലേ..."

"അല്ല...കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...
ഇന്നലെ വൈകുന്നേരം നടന്ന സംഭവം നീ അറിഞ്ഞിട്ടില്ലേ....?
ഞാനാ ആ കുഞ്ഞിനെ ക്യാഷ്വാലിറ്റിയിലാക്കിയത്...എന്റെ വണ്ടിയിലാ..."

സുലൈമാനിക്കയുടെ സ്വരം ഇടറി...
നിർവ്വികാരതയോടെ അയാൾ പിന്നീട് പറഞ്ഞ വാക്കുകൾ ഞാൻ കേട്ടിരിന്നു..

"ഒരു നേരത്തെ അശ്രദ്ധ മതി... ഒരായുസ്സിന്റെ കണ്ണുനീരാവാൻ... ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴാൻ... സ്വപ്നങ്ങളുടെ കണ്ണാടിവീടുകൾ തരിപ്പണമാവാൻ...
അത് കൊണ്ട്...വേണ്ട മോനേ..വേഗത നിന്നെപ്പോലുള്ളവർക്ക് ഒരു ഹരമാണ്...അത് വരും വരായ്കകളെ കുറിച്ച് മനസ്സിലാക്കാൻ കഴിയാത്ത നിന്റെ പ്രായത്തിന്റെ വികൃതിയാണ്... പക്ഷെഅത് പലപ്പോഴും നഷ്ടപ്പെടുത്തുന്നത് ഒരുപാടൊരുപാട് പ്രതീക്ഷകളെയാവാം...ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയെയാവാം...
നീയും എന്റെ കൂടെ ഇന്നു വാ... നിസ്സാരമെന്നു നമ്മൾ കരുതുന്ന ഓരോ വാക്കും നോക്കും പ്രവർത്തിയും മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്നു നിനക്ക് ഞാൻ കാണിച്ചു തരാം...".

ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അയാളുടെ വാക്കുകൾ കേട്ടിരുന്നു... മറുപടി പറയാൻ പോലും എനിക്കു ശക്തിയുണ്ടായിരുന്നില്ല...
ജീവിതം മനസ്സിലാക്കാൻ പുസ്തകങ്ങൾ പരതുന്ന ഞാൻ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കണ്ടു വന്ന അയാളുടെ മുന്നില് അമ്പരപ്പോടെ ഇരുന്നു പോയി... ഒരു ഗുരുവിനു മുന്നിൽ നിൽക്കുന്ന ശിഷ്യന്റെ കൗതുകത്തോടെ ഞാൻ അയാൾ പറഞ്ഞ ഓരോ വാക്കുകളും എന്റെ മനസ്സിൽ കോറിയിട്ടു..
ഒരു പുസ്തകവും സമ്മാനിക്കാത്തഒരു മഹാ ഇതിഹാസവും പങ്കുവെക്കാത്ത, നഗ്നമായ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെനശ്വരതയെനൈമിഷികതയെ, അയാൾ എനിക്കു മുമ്പിൽ തുറന്നു കാട്ടി...

അജ്ഞാതമായ ഏതോ അതൃശ്യ കരങ്ങളാൽ തിരിയുന്ന കാലചക്രം ഇനിയും നമ്മെ മുന്നോട്ടു നയിക്കുന്നു.
എന്റെ കണ്ണുകളിൽ കറുത്ത റോഡിലെ വെളുത്ത വരകൾ മാറിമാറി വന്നു... എന്റെ കാറിന്റെ വേഗം 
പതിയെ കുറഞ്ഞു വന്നു... 

സൈഡ് വിൻഡോകളിലൂടെ കടന്നു വരുന്ന തണുത്ത കാറ്റിലും ഞാൻ വിയർക്കുകയായിരുന്നു. ഒരായിരം ചിന്തകൾ എന്റെ മനസ്സിൽ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു. ശാന്തത തേടി ഞാൻ അറിയാതെ സർവേശ്വരനെ വിളിച്ചു.

ചാലിയാർ പുഴ അപ്പോഴും ഒഴുകുകയായിരുന്നു...
ഒരു മണവാട്ടിയുടെ നാണത്തോടെയും കൊലുസ്സിന്റെ താളത്തോടെയും കുഞ്ഞോളങ്ങൾ തീർത്തു കൊണ്ട്...
ആ കുഞ്ഞോളങ്ങൾ എന്റെ മനസ്സിൽ സ്നേഹത്തിന്റെ വളകിലുക്കം തീർത്തു. ആശ്വാസത്തോടെസമാധാനത്തോടെഇനി ഞാൻ ഈ യാത്ര തുടരട്ടെ...
-Muhammed Raees PC


മോഹങ്ങൾ


അസ്തമയ സന്ധ്യയുടെ സിന്ദൂരവും 
മായാത്ത  നിലാവിന്റെ  ലാവണ്യവും  
വിരിയുന്ന  പൂവിന്റെ  കാമുകനും 
വിടരാത്ത  മൊട്ടുകൾതൻ  മോഹങ്ങളും;

എന്റെ  കളിമണ്‍  വിപഞ്ചികതീർത്ത -
നിശ്ശബ്ദ സംഗീതവും 
അവളുടെ  സിതാറിന്റെ  ശ്രുതിഭേദങ്ങളും 
മേഘമൽഹാറിന്റെ  മാസ്മര്യവും;



അച്ഛന്റെ  കണ്ണിന്റെ  ചെഞ്ചായവും  
അമ്മയുടെ  കണ്ണിലെ  നീർതുള്ളിയും 
'അവളുടെ' കണ്ണുകൾതൻ നീലിമയും 
എന്റെ  മിഴികളിലെയമ്പരപ്പും;

നിന്റെ  സൃഷ്ടിപ്പിന്റെ  സൗന്ദര്യവും 
നിന്റെ  ഭാവനതൻ ഭാവ-വൈവിധ്യവും 
എന്റെ  മനസ്സിന്റെ  ശൂന്യതയും 
നിന്റെ  നിനവിന്നു  പൂർണതയും ;

എല്ലാ  സ്വപ്ന - സൗന്ദര്യവും  പിന്നെ-
ഞാനുമെൻ  കൊച്ചുസ്വപ്നങ്ങളും  
നീയെന്ന  അജ്ഞാത - വിസ്മയത്തിൻ   മുന്നിൽ -
വെറും  പുൽകൊടി പോൽ  നിഷ്ഫലമല്ലോ  പ്രഭോ ..!

ആകാശത്തിന്റെ നീല വിഹായസ്സിൽ

കാശത്തിന്റെ നീല വിഹായസ്സിൽ,
രാത്രിയുടെ  കുളിരൂറുന്ന  നിശബ്ദതയിൽ,
പൂവിന്റെ  തേനൂറുന്ന പുഞ്ചിരിയിൽ,
തളിരിലകളുടെ  നനുത്ത  മർമ്മരങ്ങളിൽ,
വെണ്ണിലാവിന്റെ നൈർമല്യത്തിൽ,
പുലർകാല  സൂര്യന്റെ -
വർണ  രാജികളിൽ,
പൂമ്പാറ്റയുടെ   പൂഞ്ചിറകിൽ,
ഇന്നലെയുടെ  പുസ്തക  ചുരുളുകളിൽ,
നാളെയുടെ  സുന്ദര  സ്വപ്നങ്ങളിൽ,

എന്റെ  കണ്ണുനീരിൽ,

നിന്റെ  മന്ദഹാസങ്ങളിൽ,
എന്നെ  ഞാനാക്കിയ-
നിന്നെ  നീയാക്കിയ-
ഒരീശ്വര സാന്നിധ്യം ഞാനറിയുന്നു...!

Tuesday, October 14, 2014

'ഒരു ഡയറിക്കുറിപ്പ്'




അപ്രതീക്ഷിതമായാണ് പഴയ പുസ്തകങ്ങൾക്കിടയിൽ നിന്ന് 
ആ ഡയറിക്കുറിപ്പുകൾ കണ്ടത്....
പതിവിനു വിപരീതമായി  വളരെ കുറച്ചുമാത്രം എഴുതിയിരിക്കുന്ന ആ വരികൾ ഇങ്ങനെ അവസാനിക്കുന്നു -
“It was an experience…
An experience that make you strong after all…
A LONELY WALK THROUGH THE LONG CORRIDOR OF HOSPITAL
WITH A HEART OF DIFFERENT EMOTIONS…! ”

'ആശുപത്രി' എന്ന വാക്ക് കേൾക്കുമ്പോൾ

എപ്പോഴും ഭീതിയും ഒരിക്കലും മായാതെ മനസ്സിലും ശരീരത്തിലും തീർക്കുന്ന മുറിപ്പാടുകളുമാണ്‌ ഓർമ വന്നിരുന്നത്…
ഓരോ ആശുപത്രിയും വ്യത്യസ്തമാണെങ്കിലും അവയ്ക്കെല്ലാം ചോരയുടെ മണമായിരുന്നു...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതി, PVS ഹോസ്പിറ്റൽ , കൊച്ചി Lakeshore ഹോസ്പിറ്റൽ , Renai Medicity , മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റൽ ,കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികൾക്കെല്ലാം ജീവിതത്തിൽ നിർണ്ണായകമായ ചില സ്ഥാനങ്ങൾ ഉണ്ടായിരുന്നു എന്നതോർക്കുമ്പോൾ ഇന്ന് വല്ലാത്ത അത്ഭുതം തോന്നുന്നു...


ആശുപത്രികളുടെ നീണ്ട ഇടനാഴികൾ നൽകിയത് വല്ലാത്ത ആശ്വാസമായിരുന്നു.. Lakeshore Hospital -ലെ സർജിക്കൽ - ICU ൽ നിന്നും നീറുന്ന ആ കാഴ്ച കണ്ടു പുറത്തിറങ്ങുമ്പോൾ...,

Medicity-യിൽ തളർന്ന ആ കൈകൾ മുറുകെ പിടിച്ചു കൊണ്ട് ശരീരത്തിലേക്ക് ചേരുന്ന മരുന്നു തുള്ളികൾ നോക്കി ഉറങ്ങാതെ കാത്തിരുന്നതോർക്കുമ്പോൾ...,
BMH-ലെ റേഡിയേഷൻ ഡിപാർറ്റുമെന്റിനു മുന്നിൽ തല ചായ്ചിരുന്നതോർക്കുമ്പോൾ… ,
മനസ്സിനെ പതറാതെ പിടിച്ചു നിർത്തുന്നതിൽ ആ നീണ്ട ഇടനാഴികൾക്കുള്ള സ്ഥാനം പറഞ്ഞറിയിക്കാൻ ആവാത്തതായിരുന്നു….

പക്ഷെ, ഇന്നു ഞാൻ തിരിച്ചറിയുന്നു…

ആ ആതുരാലയങ്ങൾ നൽകിയ പ്രതീക്ഷകളെ ,
ഓരോ കാത്തിരിപ്പിനും ഒടുവിൽ തണുത്തു മരവിച്ച
ചുണ്ടുകളിൽ വിരിഞ്ഞ നനുത്ത പുഞ്ചിരിയെ,
സ്നേഹത്തിലും വിശ്വാസത്തിലും പൊതിഞ്ഞ-
ഒരു കൂട്ടം സ്വപ്നങ്ങളെ …
നിറമുള്ള, സുഗന്ധമുള്ള ഒരു നാളെയെ...!

ഇനിയൊരിക്കൽ കൂടി ആ ഇടനാഴികളിൽ ആശ്വാസം തേടേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടെ…

കണ്ണുനീരും കിനാക്കളും...


പതിനാലാം രാവിൽ പാൽനിലാ തിങ്കൾ –
പുഞ്ചിരി തൂകിക്കൊണ്ട് എന്നോട് ചോദിച്ചു …
“ഭൂമിയിൽ നീ കണ്ട ഏറ്റവും –
മനോഹരമായ വിശേഷം എന്താണ് …? ”

തെല്ലോരിടവേള തീർത്തു ഞാൻ പറഞ്ഞു …

“ഖലീൽ ജിബ്രാന്റെ കഥനവും
ഇഖ്‌ബാലിന്റെ ദാർശനികതയും
1001 രാവുകളുടെ കുളിർമയും-
-പിന്നെ ;
അമ്മയുടെ താരാട്ടിന്റെ ഈണവും
അച്ഛന്റെ ശാസനയുടെ താളവും
‘അവളുടെ’ കസവു തട്ടവും മൈലാഞ്ചിക്കയ്യും
പിന്നെ -

എന്റെ കണ്ണുനീരും കിനാക്കളും …! ”

ഓർമ്മകൾ


മറക്കില്ലൊരിക്കലും -
നീയെനിക്കു സമ്മാനിച്ച
പുഷ്പ -സുഗന്ധങ്ങളെ;
നിലാവുള്ള  രാത്രിയിൽ നാംനെയ്ത
സുന്ദര-സ്വപ്നങ്ങളെ ;
ഒടുവിൽ-

നിൻ മിഴികളിലൂറിയ

നീർമണി മുത്തുകളെ...,
ഇനിയും മരിക്കാത്ത നിന്നോർമകളെ...!

കാലമേ

കാലമേ,
നീ  മറക്കുക -
കഴിഞ്ഞു  പോയ  ഇന്നലെകളെ,
കൊഴിഞ്ഞു  പോയ   കിനാക്കളെ,
ഓരോ  ഉദയവും  എനിക്കു  സമ്മാനിച്ച
അസ്തമയ  സന്ധ്യക്കു നന്ദി;
ഓരോ  പുലരിയും  എനിക്കു  നൽകിയ
കൂരിരുളിനും  നന്ദി;
ഇനിയെനിക്കു  കൂട്ടായി
എന്റെ  സ്വപ്നങ്ങളും
പിന്നെ -
'നീയും' മാത്രം ...!

സ്വപ്‌നങ്ങൾ

സ്വപ്‌നങ്ങൾ  പലതും  അസ്തമിച്ച
ജീവിതത്തിന്റെ അനന്ദസാഗരത്തിൻ  തീരത്ത്
ചക്രവാളത്തിൽ  മറഞ്ഞു  തുടങ്ങിയ
ചെഞ്ചായങ്ങളെ നോക്കി  ഞാൻ  പറഞ്ഞു -
" സ്വപ്നങ്ങളെ , വിട -
ഇനി  എന്നെ  നയിക്കേണ്ടത്  നിങ്ങളല്ലാ -
എന്റെ  പ്രതീക്ഷകളും  ആവലാതികളും
നോമ്പരങ്ങളുമത്രേ...!

Wednesday, October 8, 2014

യാത്രയാക്കുന്നു -

യാത്രയാക്കുന്നു -
ഇനി  നിന്നെ ;
തുളുമ്പുന്നൊരെൻ
മിഴിയിണക്കണ്ണീരുമായ്
എങ്കിലും
എൻ  പ്രിയേ -
ഒരുപാട്  ഞാൻ  നെയ്ത
കിനാവുകളത്രയും 
നിഷ്പ്രഭം
ഒരുമിച്ചു  നാം  കണ്ട -
സുന്ദര  സ്വപ്നങ്ങളത്രയും നിഷ്ഫലം …
വിസ്മരിക്കാതിരിക്ക  –
നീ ,
എന്റെ  കിനാവുകളെങ്കിലും;
നിശ തൻ അദൃശ്യമാം  കരങ്ങളിൽ
താനേ  തിരിയുമീ വേളയിൽ …!!! 

Tuesday, October 7, 2014

'ഒരു മിഠായിപ്പൊതിയുടെ കഥ '




പതിവിലേറെ സന്തോഷത്തോടെയാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത്...
പ്രസാദിനേയും ശ്യാമിനെയുമൊന്നും കാത്തു നിൽക്കാൻ ഇന്ന് സമയമില്ല...
ഇനിയും വൈകിയാൽ റോഡിലും ടൗണിലും തിരക്ക് കൂടും...

കുമാരേട്ടന്റെ ചായക്കടക്കടുത്താണ് കാറ്... 
സാധാരണ വൈകുന്നേരങ്ങളിൽ എല്ലാവരും ഒരുമിച്ച് ഒരു ചായകുടിയും ആഗോള പ്രശ്നങ്ങളെ കുറിച്ചൊരു ചർച്ചയും കഴിഞ്ഞാണ് പിരിയാറുള്ളത്... ഇന്നിപ്പോൾ അതിനും നിൽക്കണില്ല...

വളച്ചു കെട്ടില്ലാതെ കാര്യം പറയാമല്ലോ... 
നാളെ മോളൂട്ടിയുടെ പിറന്നാളാണ്... 
അവൾക്കൊരു ഗിഫ്റ്റ് വാങ്ങണം... കൂട്ടത്തിൽ അടുത്തയാഴ്ച വരാനിരിക്കുന്ന വിവാഹ വാർഷികം പ്രമാണിച് പ്രിയതമക്കൊരു സാരിയും...!

ജന്മദിനങ്ങൾ ആഘോഷിക്കാനുള്ളതാണെന്ന അഭിപ്രായം എനിക്കില്ല, കേട്ടോ... പരമകാരുണികനായ സർവേശ്വരൻ നമുക്ക് ഭൂമിയിൽ അനുവദിക്കപ്പെട്ട സമയത്തിൽ നിന്നും ഒരാണ്ടു കൂടി കൊഴിഞ്ഞു പോയിരിക്കുന്നുവെന്ന സത്യം ഉൾക്കൊള്ളുമ്പോൾ പലപ്പോഴും എനിക്ക് പേടി തോന്നിയിട്ടുണ്ട്...

പക്ഷെ, നാളെ മോളൂട്ടിയുടെ പിറന്നാളല്ലേ...
കുഞ്ഞു മോളുടെ കുഞ്ഞിളം കയ്യിലൊരു മിഠായിപ്പൊതി വച്ചാൽ ഞാനും അവളും ഹാപ്പി...!

റോഡിൽ പ്രതീക്ഷിച്ചതിലേറെ തിരക്കുണ്ട്...
സുലൈമാനിക്കയുടെ കടയിൽ നിന്ന് ഒരു പെട്ടി ചോക്ലേറ്റും 'പ്രീതി' സിൽക്സിൽ നിന്ന് സാരിയും വാങ്ങി പുറത്തിറങ്ങുമ്പോഴാണ് 'അവൾ ' വിളിക്കുന്നത്...

ഫോണിലാണ്...

തൽക്കാലം അറ്റൻഡ് ചെയ്യേണ്ട.. സസ്പെൻസ് പൊളിക്കാതെ നോക്കണമല്ലോ... 
വെറുതെ ഒരു കള്ളം പറയുകയും വേണ്ട...

ഇനി നേരെ വീട്ടിലേക്ക്... എന്നിട്ട് വേണം....!

കാറിനു സ്പീഡ് പോരാ എന്നൊരു തോന്നൽ... 
തിരക്കിട്ട് ഡ്രൈവ് ചെയ്യുമ്പോഴാണ് അതിലും തിരക്കോടെ ആരോ പിന്നെയും വിളിക്കുന്നത്...
വീണ്ടും എന്റെ ‘നല്ലപാതി’ തന്നെയാണ്...

ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെങ്കിലും , തുടർച്ചയായ ഈ ഫോണ്‍ വിളികൾ എന്നെ അലോസരപ്പെടുത്തുന്നു എന്നത് അവളോട്‌ പറയാൻ വയ്യല്ലോ...
മിസ്സ്ഡ് കോളുകളുടെ എണ്ണം കൂടുകയാണ്...

ഇന്യൊരു 5 മിനിട്ട് കൂടി കഴിഞ്ഞാൽ വീടെത്തിപ്പോയി...

മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു...
ഈ മണ്‍പാതക്കിരുവശവും പാടമാണ്.... 
പച്ചപ്പ്‌ നിറഞ്ഞു നിന്നിരുന്ന നെൽവയലുകൾ കാലം
പിതാമഹന്മാരിൽ നിന്ന് കൈമാറിയപ്പോൾ  തരിശുനിലങ്ങളായി...

മുറ്റത്തെത്തി തുരുതുരാ ഹോണടിച്ചു...

ശെടാ...

ഇവിടെന്താ ആരും ഇല്ലേ..? 
കോളിംഗ് ബെല്ല് തുടർച്ചയായി മുഴങ്ങിയിട്ടും....
ഇവരൊക്കെ ഇതെവിടെപ്പോയി..?
അവളെ വിളിക്കാനായി ഫോണെടുത്തു... 5 മിസ്ഡ് കോൾസ്... 
ഒരു പരിഭവം മനസ്സിൽ പ്രതീക്ഷിച്ചു ...
അപ്പോഴാണ്‌ വീണ്ടും മൊബൈൽ ശബ്ദിച്ചത്..

ഇത്തവണ എന്റെ  അളിയനാണ്...

"എടാ നീ എവിടെയാ... വേഗം BMH-ലേക്ക് വാ...ഞങ്ങളെല്ലാരും ഇവിടെയുണ്ട്.."

"എന്താ പ്രശ്നം..." 

"ഇപ്പൊ ഒന്നും ചോദിക്കേണ്ട...എല്ലാം വന്നിട്ട് പറയാം..."

അപ്പൊ സംഗതി ഗുരുതരമാണ്...
ആരായിരിക്കും ഹോസ്പിറ്റലിൽ...?
അളിയന്റെ ഉപ്പ സുഖമില്ലാതെ കിടപ്പാണ്... 
ഇനി ഇവിടെ ആർക്കേലും...?

വളരെയേറെ സന്തോഷത്തോടെ എത്തിയതിപ്പോൾ വല്ലാത്തൊരു അവസ്ഥയിലെക്കായി... എത്ര പെട്ടെന്നാണ് ജീവിതത്തിലെ ഓരോ നിമിഷവും മാറി മറിയുന്നത്  ...

എന്തായാലും അവളെ വിളിച്ചു നോക്കാം...
മോളൂട്ടി സ്കൂൾ വിട്ടു വന്നോ ആവോ..?? 

അവളുടെ മിഠായിപ്പൊതി എന്നെ നോക്കി കാറിന്റെ മുൻ സീറ്റിലിരുന്നു ചിരിച്ചു...

ഇതാപ്പോ നന്നായത്....ഇത്രയും നേരം വിളിച്ചിരുന്ന ആളുടെ ഫോണിപ്പോൾ swiched ഓഫ്‌... ഇവളുടെ ഒരു കാര്യം...

ഇനിയിപ്പോൾ കാത്തു നിൽകാതെ പോകുക തന്നെ... 

മഴ ചാറിത്തുടങ്ങിയിരിക്കുന്നു...
വാഴക്കാട് എത്തിയപ്പോഴേക്കും മഴ കനത്തു...

ആരായിരിക്കും ആശുപത്രിയിൽ ..??

ഉത്തരം കിട്ടാത്ത സമസ്യകൾ മനസ്സിൽ തെളിഞ്ഞു തുടങ്ങിയപ്പോൾ അറിയാതെ സർവേശ്വരനെ വിളിച്ചു പോയി...
ആരായാലും..ആർക്കായാലും ഒന്നും വരുത്തരുതേ...

ഒരു മണിക്കൂറിനകം BMH-ൽ എത്തി...
അവിടെ താഴെ അളിയൻ കാത്തുനിൽപ്പുണ്ടായിരുന്നു..

വല്ലാത്ത ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
..
"എന്താണ്... ഉപ്പാക്കെന്തെങ്കിലും...?"

തെല്ലോരിടവേളയ്ക്കു ശേഷം മറുപടി:

"എന്തു വന്നാലും നീ തളരരുത്... നമുക്ക് മുകളിൽ പോവാം.. " 

ആ മറുപടി എന്നെ വീണ്ടും തളർത്തുന്നതായിരുന്നു .

വല്ലാത്തൊരു മാനസികാവസ്ഥയോടെ ഞാൻ കോണിപ്പടികൾ കയറി..
ഒരു കാര്യം തീർച്ചയായിരുന്നു..
എന്റെ വളരെ പ്രിയപ്പെട്ട ആർക്കോ...ആരോ എന്നെ കാത്തിരിക്കുകയാണ്...ഇവിടെ...ഏതാനും ചുവടുകൾക്കപ്പുറം...!

നിർവ്വികാരതയോടെ ഞാൻ നടന്നടുത്തു...
'O .T .No :5'
-എന്ന ബോർഡ് കണ്ടതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി... തീയേറ്ററിന്റെ മുന്നിലെ നീണ്ട ഇടനാഴികക്കിരുവശത്തും
എന്നെ ഉറ്റു നോക്കിക്കൊണ്ട്‌ ഒരുപാട് കണ്ണുകൾ ഉണ്ടായിരുന്നു...

അവയിൽ എന്റെ പ്രിയപ്പെട്ട എല്ലാവരുടെയും കരഞ്ഞു കലങ്ങിയ കണ്ണുകൾ ഞാൻ കണ്ടു...,
ഉമ്മ എന്റെ അരികെ വന്നു...
ഒന്നും പറയാനാവാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു....

ഉപ്പ വന്നു.... 
“അല്ലാഹുവുന്റെ തീരുമാനങ്ങളെ മറികടക്കാൻ ആർക്കുമാവില്ല മോനെ” എന്ന് പറഞ്ഞു...

ഒന്നും മിണ്ടാതിരിക്കുന്ന അവളുടെ അരികിലേക്ക് ഞാൻ ചെന്നു...
പരിഭവം പ്രതീക്ഷിച്ച നീലക്കണ്ണുകൽ കരഞ്ഞു ചുവന്നിരിക്കുന്നു ... ഏതാനും കണ്ണുനീർ തുള്ളികൾ ഒരു വലിയ തേങ്ങലായ് പരിണമിക്കാൻ ഏറെ നേരം വേണ്ടി വന്നില്ല....

അപ്പോഴും എനിക്കൊന്നും വ്യക്തമായിരുന്നില്ലാ...

പക്ഷെ...
അവിടെ എവിടെയും രണ്ടു കുഞ്ഞിക്കണ്ണുകൽ മാത്രം എനിക്ക് കണ്ടെത്താനായില്ല...

മോളൂട്ടി...അവൾ എവിടെ..?
ഞാൻ ചോദിച്ചു...

പക്ഷെ ഒരുപാടു കണ്ണുകളിൽ ഒളിപ്പിച്ചു വച്ചിരുന്ന കണ്ണുനീർതുള്ളികൾ
ഒരു ധാരയായ് പ്രവഹിക്കാൻ മാത്രമേ ആ ചോദ്യത്തിനു കഴിഞ്ഞുള്ളു...

അപ്പോഴാണ്‌ എനിക്ക് 'പലതും' വ്യക്തമായി തുടങ്ങിയത്....
പക്ഷേ, 
എല്ലാം പൂർണമായും തിരിച്ചറിയാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല.. ഓപറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്ന് ഒരു സംഘം ഡോക്ടർമാർ തല താഴ്ത്തി പുറത്തിറങ്ങി....
അവർക്കു പിറകെ ഒരു സ്ട്രെക്ച്ചറിൽ വെള്ള പുതച്ച ഒരു 'മാലാഖയെ' പോലെ എന്റെ മോളൂട്ടിയും ....!

ചുറ്റിലും പലരും ഉണ്ടായിരുന്നു...അവരുടെ അടക്കിപ്പിടിച്ച വാക്കുകൾക്കിടയിൽ നിന്ന് ഞാനൊരു കഥ കേട്ടു...ഒരു സ്കൂൾ ബസ്സിന്റെ കഥ...അതിൽ നിന്നിറങ്ങി റോഡു മുറിച്ചു കടന്ന ഒരു കുഞ്ഞിറെ കഥ..എതിരെ വന്ന ഒരു ലോറിയുടെ കഥ...

എല്ലാ കഥയുമറിഞ്ഞപ്പോൾ ഏതാനും തുള്ളി മണിമുത്തുകൾ എന്റെ കണ്ണുകളെ മറച്ചു... 
തീർത്തും നിശബ്ദമായി മാറിയ മനസ്സ് ഒരിറ്റ് ആശ്വാസനീരിനായ് അവിടെ കൂടിയ ആരെയോ തിരഞ്ഞു... 

ദൂരെ ഒരു കോണിൽ കരഞ്ഞു തളർന്നിരിക്കുന്ന അവളുടെ അരികിലേക്ക് ഞാൻ നടന്നു... 
എന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നുവെന്ന പോൽ അവൾ ദയനീയമായി എന്നെ നോക്കി... സമാശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നിസ്സഹായനായി ഞാനും... 

അവളുടെ ചുവന്ന കസവു തട്ടം കണ്ണീരിൽ നനഞ്ഞു കുതിർന്നിരിക്കുന്നു....
അപ്പോഴും എന്റെ കാറിന്റെ മുൻ സീറ്റിൽ ആ മിഠായിപ്പൊതി 
‘ഒരാളെ’ കാത്തിരിപ്പുണ്ടായിരുന്നു...
നനുത്ത, തൂവെള്ള നിറമുള്ള ഒരു പഞ്ഞിക്കെട്ടു പോലെയായി മാറിയ ഒരു മാലാഖയെ കാത്ത്....!
എന്റെ എല്ലാമെല്ലാമായിരുന്ന മോളൂട്ടിയെന്ന മാലാഖയെ കാത്ത്...! 

Saturday, October 4, 2014

'യാത്ര...'





30-06-2014. 

ഓരോ യാത്രയും ഓരോ വിസ്മയങ്ങളാണ്...

കാലം അതിന്റെ അദൃശ്യമായ  അച്ചുതണ്ടിൽ ഇടറാത്ത താളത്തിൽ

ചലിക്കുമ്പോൾ അവതീർണ്ണമാവുന്ന  വിസ്മയങ്ങൾ...
.
സർവ ജഗന്നിയന്ത്രിതാവായ സർവേശ്വരന്റെ അനുഗ്രഹത്താൽ ഞാനിന്നു വീട്ടിൽ എത്തിച്ചേർന്നു...

“Life is a Random walk from a Womb to Tomb…” എന്ന് ആരോ എപ്പോഴോ പറയപ്പെട്ട ആ മഹാ പ്രയാണത്തിലെ,

ചെറിയ,
വളരെ ചെറിയ ഒരു യാത്രയായിരുന്നു ഇന്നലെത്തേത്...

By 12685-Chennai to Calicut-Mangalore Express .


പുറത്ത് തിമർത്തു പെയ്യുന്ന മഴയുടെ ഭാഷയിൽ

നീർത്തുള്ളിയിൽ നിന്നും നീല സാഗരത്തിലേക്കുള്ള പ്രയാണത്തിലെ
- പണ്ട് കടലാസ് തോണിയൊഴുക്കിയ - മഴച്ചാലുകൾ മാത്രം...

ഓരോ യാത്രയും സമ്മാനിക്കുന്നത് നവ്യമായ അനുഭൂതികളാണ്...

ഓരോ കാഴ്ചകളും പുതിയതാണ്...
അർത്ഥമറിയാത്ത വാക്കുകൾ പോലെ...
രാഗമറിയാത്ത കീർത്തനം പോലെ...

മാറിമറിയുന്ന മനുഷ്യ മുഖങ്ങളിലെ ഭാവങ്ങൾ നമ്മുടെ അനുഗ്രഹങ്ങളെ,
നൊമ്പരങ്ങളെ, പ്രതീക്ഷകളെ ഓർമപ്പെടുത്തുന്നു...

അവരിലൂടെ നാം നമ്മുടെ ആരൊക്കെയെയോ കുറിച്ചോർക്കുന്നു...

ഒരു പുഞ്ചിരിയായ്, ഒരു നിശ്വാസമായ്‌, ഒരു ഒളികണ്ണായ്, ഒരു വിതുമ്പലായ്, 
ഒരു കണ്ണുനീരായ് അത് നമ്മിൽ പ്രതിഫലിക്കുന്നു...

“ഇനിയും നിലയ്ക്കാത്ത  കിനാവും കുറുമ്പുമായ്

ഇനിയുമീ യാത്ര തുടരട്ടെ ഞാനിങ്ങനെ...! "

Thursday, October 2, 2014

'പർവീണ്‍'





23/06/2014
സമയം വൈകുന്നേരം 6.00 മണി...

അതിവേഗം കുതിക്കുന്ന ബസ്സ്‌...
ദുഃഖ ഭാരങ്ങളില്ലാത്ത മനസ്സുപോലെ മഴ മേഘങ്ങളൊഴിഞ്ഞ തെളിഞ്ഞ ആകാശം... 
കുളിര് വീശുന്ന സുഖമുള്ള കാറ്റ്...

യാത്ര തുടരുകയാണ്...
വീണ്ടും ആ മഹാ നഗരത്തിന്റെ ആഴങ്ങളിലേക്ക് സ്വന്തം വ്യക്തിത്വം തേടിയുള്ള യാത്ര...

ഇത്തവണ ബസ്സിലാണ്...
'ചെന്നൈ'-ലേക്കുള്ള മടക്ക യാത്ര ഒരു മണിക്കൂർ പിന്നിടുമ്പോൾ
കൊണ്ടോട്ടി-മലപ്പുറം റോഡിലൂടെ 'മദ്രാസ്‌ പട്ടണം' ലക്‌ഷ്യം വെച്ച് ഡ്രൈവർ വളയം തിരിക്കുന്നു...
പർവീണ്‍ ട്രാവൽസിന്റെ കാണാൻ മൊഞ്ചുള്ളൊരു ബസ്സാണ്...

ഇന്ന് തനിച്ചല്ല...!
'ശമീല ഫഹ്മിയും' ബെന്യാമിന്റെ 'ആടും' കൂട്ടിനുണ്ട്...
ശമീല ഫഹ്മിയെ കുറിച് വരികൾക്കിടയിൽ വായിക്കുന്നതിനു മുമ്പേ പറയട്ടെ...,-
ശമീല ഫഹ്മി അക്ബറിന്റെതാണ്..

'അക്ബ
 കക്കട്ടിലിന്റെ ' കഥാസമാഹാരം..
പിന്നെ ബെന്യാമിന്റെ 'ആടുജീവിതവും'.

കോഴിക്കോട് M.M.അലി റോഡിലെ ട്രാവൽ ഏജൻസിയിൽ ഒരു മണിക്കൂർ മുമ്പേ എത്തിയിരുന്നു... ബസ്സ്‌ വരുന്നത് വരെ എന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോഴാണ് 'നാഷണൽ' ബുക്സ്റ്റാൾ
കണ്ടത്... മുമ്പ് വാങ്ങാൻ കൊതിച്ച രണ്ടു പുതിയ അതിഥികൾ എന്റെ പുസ്തക ശേഖരത്തിലേക്ക്..

സഹജവും സുന്ദരവുമായ ഭാഷയിൽ നിർവ്യാജമായ ഏതോ നാടൻ ചമൽക്കാരത്തോടെ കഥപറയുന്ന അക്ബർ കക്കട്ടിലിന്റെ 'ശമീല ഫഹ്മിയും' , മരുഭൂമിയുടെ സൗന്ദര്യത്തെ അനുഭവങ്ങളുടെ വശ്യതയോടെ അവതരിപ്പിക്കുന്ന, അപൂർവമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന ബെന്യാമിന്റെ ' ആടുജീവിതവും..'

'ശമീല ഫഹ്മിയും', 'ചാത്തുവേട്ടനും' , 'ബീരാനിക്കയും' യാത്രയിലെ ഏകാന്തതയുടെ 
സൗന്ദര്യത്തിൽ നിന്നും എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു...

പുസ്തകത്തി
 നിന്നും കണ്ണെടുത്തപ്പോൾ സൂര്യൻ ചന്ദ്രന് വഴിമാറിയിരുന്നു...
പള്ളി മിനാരങ്ങൾ മൊല്ലാക്കയുടെ ബാങ്ക് വിളി ഏറ്റെടുത്തിരുന്നു...

അകലെ പാടത്ത് കുട്ടികൾ ഇനിയും കളി നിർത്തിയിട്ടില്ല... റോഡരികിലെ ചീനിമരത്തിൽ പക്ഷികൾ കൂടണയാൻ എത്തുന്നു...
ഓരോ യാത്രയും തുടങ്ങുന്നതും അവസാനിക്കുന്നതും സ്വന്തം ഗൃഹത്തിലാണ്...
ഓർമ്മകൾ എന്നും ഗൃഹാതുരത്വമുണർത്തുന്നവയാണ് ...

ഒരു ജന്മം മുഴുവൻ പ്രവാസജീവിതം നയിക്കുന്നവരുണ്ട്..
സ്വന്തം നാടിന്റെ സുഗന്ധവും
കുടുംബത്തിന്റെ സ്നേഹവും മറന്നു
സമ്പാദ്യം മോഹി
ച്ച്
, മെച്ചപ്പെട്ട ജീവിതം കൊതിച്ച്
നാടും വീടും മറന്നു ജീവിക്കുന്നവർ...

എല്ലാം നേടിയെന്നു വിശ്വസിക്കുമ്പോഴും
നേടിയതൊന്നും നഷ്ടപ്പെട്ടതിനെക്കാൾ വലുതായിരുന്നില്ല
എന്ന് തിരിച്ചറിയാൻ പലപ്പോഴും വൈകിപ്പോയവർ......

ഏതാനും നാണയത്തുട്ടുകൾക്കായി
ആരും പെറ്റമ്മയെ മറന്നു പോകാതിരിക്കട്ടെ....

നല്ല ജീവിതമെന്ന പ്രതീക്ഷയിൽ നല്ലപാതിയെ മറക്കാതിരിക്കട്ടെ...

നല്ല ഭാവിയെന്ന വാഗ്ദാനവുമായ് കുഞ്ഞുമോളുടെ പുഞ്ചിരി വിസ്മരിക്കപ്പെടാതിരിക്ക
ട്ടെ...

ഏകാന്തമായ യാത്രകളിൽ മനസ്സ് നിയന്ത്രണരേഖകൾ കടന്നു മുന്നേറുകയാണ്...
പിടികിട്ടാത്ത അനന്തയിൽ അലിയും മുമ്പ് മനസ്സിനെ യാഥാർത്യങ്ങളിലെക്ക് തിരികെ വിളിക്കേണ്ടിയിരിക്കുന്നു...

ആത്മീയതയുടെ കണ്ണുകളിൽ ജീവിതം തന്നെ ഒരു യാത്രയും പ്രവാസവുമായി മാറുമ്പോൾ ഉത്തരം കിട്ടാത്ത ഒരുപാട് സമസ്യകൾ മനസ്സി
 വന്നു നിറയുന്നു...

ഞാനും, ഇപ്പോൾ യാത്ര ചെയ്യുകയാണെന്നും,
ഇത്രയും നേരം സ്വപ്നം കണ്ടത് ഈ ബസ്സിലിരുന്നാണെന്നുമുള്ള ബോധം വന്നപ്പോൾ ഓർമ്മവന്നത് 'റോബർട്ട് ഫ്രോസ്റ്റിന്റെ'-ന്റെ വിശ്വ-വിഖ്യാദമായ ആ വരികളാണ്...

" miles to go before i sleep
and miles to go before i sleep"

'പർവീണ്‍' എന്നാ എന്റെ 
മൊഞ്ചുള്ള ബസ്സ്‌ അപ്പോഴും മദ്രാസ് പട്ടണത്തെ ലക്‌ഷ്യം വച്ച് കുതിക്കുകയായിരുന്നു...

മഴ ...



നിറഞ്ഞ  മിഴികളുമായി  ഞാൻ  ജാലകങ്ങൾ  തുറന്നു
കരഞ്ഞുകൊണ്ട്  അത്  പുറത്തു  ചന്നം
പിന്നം  പെയ്യുന്ന
മഴത്തുള്ളികളെ  വരവേറ്റു .

മഴ ...
ഒരു  വിസ്മയം  പോൽ,
ശൂന്യതയിൽ  നിന്നും  ഉതിർന്നു  വീഴുമ്പോൾ
വിണ്ണിലും  മണ്ണിലും  മനസ്സിലും
കുളിരു  തീർക്കുമ്പോൾ
ഒരേകാന്ത  സംഗീതം  പോലെ
എവിടെയോ  എന്നോ  കേട്ടുമറന്ന  രാഗം -
ആ  മഴതുള്ളിക്കിലുക്കത്തിൽ  ഞാൻ  കേട്ടു ;

അത്  മേഘമൽഹാറോ   അതോ ..?
അറിയില്ല , കാരണം  മഴത്തുള്ളികൾ  പോലും
പലപ്പോഴും  എന്നോടു  കള്ളം  പറയുന്നു ...!