Tuesday, October 7, 2014

'ഒരു മിഠായിപ്പൊതിയുടെ കഥ '
പതിവിലേറെ സന്തോഷത്തോടെയാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത്...
പ്രസാദിനേയും ശ്യാമിനെയുമൊന്നും കാത്തു നിൽക്കാൻ ഇന്ന് സമയമില്ല...
ഇനിയും വൈകിയാൽ റോഡിലും ടൗണിലും തിരക്ക് കൂടും...

കുമാരേട്ടന്റെ ചായക്കടക്കടുത്താണ് കാറ്... 
സാധാരണ വൈകുന്നേരങ്ങളിൽ എല്ലാവരും ഒരുമിച്ച് ഒരു ചായകുടിയും ആഗോള പ്രശ്നങ്ങളെ കുറിച്ചൊരു ചർച്ചയും കഴിഞ്ഞാണ് പിരിയാറുള്ളത്... ഇന്നിപ്പോൾ അതിനും നിൽക്കണില്ല...

വളച്ചു കെട്ടില്ലാതെ കാര്യം പറയാമല്ലോ... 
നാളെ മോളൂട്ടിയുടെ പിറന്നാളാണ്... 
അവൾക്കൊരു ഗിഫ്റ്റ് വാങ്ങണം... കൂട്ടത്തിൽ അടുത്തയാഴ്ച വരാനിരിക്കുന്ന വിവാഹ വാർഷികം പ്രമാണിച് പ്രിയതമക്കൊരു സാരിയും...!

ജന്മദിനങ്ങൾ ആഘോഷിക്കാനുള്ളതാണെന്ന അഭിപ്രായം എനിക്കില്ല, കേട്ടോ... പരമകാരുണികനായ സർവേശ്വരൻ നമുക്ക് ഭൂമിയിൽ അനുവദിക്കപ്പെട്ട സമയത്തിൽ നിന്നും ഒരാണ്ടു കൂടി കൊഴിഞ്ഞു പോയിരിക്കുന്നുവെന്ന സത്യം ഉൾക്കൊള്ളുമ്പോൾ പലപ്പോഴും എനിക്ക് പേടി തോന്നിയിട്ടുണ്ട്...

പക്ഷെ, നാളെ മോളൂട്ടിയുടെ പിറന്നാളല്ലേ...
കുഞ്ഞു മോളുടെ കുഞ്ഞിളം കയ്യിലൊരു മിഠായിപ്പൊതി വച്ചാൽ ഞാനും അവളും ഹാപ്പി...!

റോഡിൽ പ്രതീക്ഷിച്ചതിലേറെ തിരക്കുണ്ട്...
സുലൈമാനിക്കയുടെ കടയിൽ നിന്ന് ഒരു പെട്ടി ചോക്ലേറ്റും 'പ്രീതി' സിൽക്സിൽ നിന്ന് സാരിയും വാങ്ങി പുറത്തിറങ്ങുമ്പോഴാണ് 'അവൾ ' വിളിക്കുന്നത്...

ഫോണിലാണ്...

തൽക്കാലം അറ്റൻഡ് ചെയ്യേണ്ട.. സസ്പെൻസ് പൊളിക്കാതെ നോക്കണമല്ലോ... 
വെറുതെ ഒരു കള്ളം പറയുകയും വേണ്ട...

ഇനി നേരെ വീട്ടിലേക്ക്... എന്നിട്ട് വേണം....!

കാറിനു സ്പീഡ് പോരാ എന്നൊരു തോന്നൽ... 
തിരക്കിട്ട് ഡ്രൈവ് ചെയ്യുമ്പോഴാണ് അതിലും തിരക്കോടെ ആരോ പിന്നെയും വിളിക്കുന്നത്...
വീണ്ടും എന്റെ ‘നല്ലപാതി’ തന്നെയാണ്...

ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ടെങ്കിലും , തുടർച്ചയായ ഈ ഫോണ്‍ വിളികൾ എന്നെ അലോസരപ്പെടുത്തുന്നു എന്നത് അവളോട്‌ പറയാൻ വയ്യല്ലോ...
മിസ്സ്ഡ് കോളുകളുടെ എണ്ണം കൂടുകയാണ്...

ഇന്യൊരു 5 മിനിട്ട് കൂടി കഴിഞ്ഞാൽ വീടെത്തിപ്പോയി...

മെയിൻ റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു...
ഈ മണ്‍പാതക്കിരുവശവും പാടമാണ്.... 
പച്ചപ്പ്‌ നിറഞ്ഞു നിന്നിരുന്ന നെൽവയലുകൾ കാലം
പിതാമഹന്മാരിൽ നിന്ന് കൈമാറിയപ്പോൾ  തരിശുനിലങ്ങളായി...

മുറ്റത്തെത്തി തുരുതുരാ ഹോണടിച്ചു...

ശെടാ...

ഇവിടെന്താ ആരും ഇല്ലേ..? 
കോളിംഗ് ബെല്ല് തുടർച്ചയായി മുഴങ്ങിയിട്ടും....
ഇവരൊക്കെ ഇതെവിടെപ്പോയി..?
അവളെ വിളിക്കാനായി ഫോണെടുത്തു... 5 മിസ്ഡ് കോൾസ്... 
ഒരു പരിഭവം മനസ്സിൽ പ്രതീക്ഷിച്ചു ...
അപ്പോഴാണ്‌ വീണ്ടും മൊബൈൽ ശബ്ദിച്ചത്..

ഇത്തവണ എന്റെ  അളിയനാണ്...

"എടാ നീ എവിടെയാ... വേഗം BMH-ലേക്ക് വാ...ഞങ്ങളെല്ലാരും ഇവിടെയുണ്ട്.."

"എന്താ പ്രശ്നം..." 

"ഇപ്പൊ ഒന്നും ചോദിക്കേണ്ട...എല്ലാം വന്നിട്ട് പറയാം..."

അപ്പൊ സംഗതി ഗുരുതരമാണ്...
ആരായിരിക്കും ഹോസ്പിറ്റലിൽ...?
അളിയന്റെ ഉപ്പ സുഖമില്ലാതെ കിടപ്പാണ്... 
ഇനി ഇവിടെ ആർക്കേലും...?

വളരെയേറെ സന്തോഷത്തോടെ എത്തിയതിപ്പോൾ വല്ലാത്തൊരു അവസ്ഥയിലെക്കായി... എത്ര പെട്ടെന്നാണ് ജീവിതത്തിലെ ഓരോ നിമിഷവും മാറി മറിയുന്നത്  ...

എന്തായാലും അവളെ വിളിച്ചു നോക്കാം...
മോളൂട്ടി സ്കൂൾ വിട്ടു വന്നോ ആവോ..?? 

അവളുടെ മിഠായിപ്പൊതി എന്നെ നോക്കി കാറിന്റെ മുൻ സീറ്റിലിരുന്നു ചിരിച്ചു...

ഇതാപ്പോ നന്നായത്....ഇത്രയും നേരം വിളിച്ചിരുന്ന ആളുടെ ഫോണിപ്പോൾ swiched ഓഫ്‌... ഇവളുടെ ഒരു കാര്യം...

ഇനിയിപ്പോൾ കാത്തു നിൽകാതെ പോകുക തന്നെ... 

മഴ ചാറിത്തുടങ്ങിയിരിക്കുന്നു...
വാഴക്കാട് എത്തിയപ്പോഴേക്കും മഴ കനത്തു...

ആരായിരിക്കും ആശുപത്രിയിൽ ..??

ഉത്തരം കിട്ടാത്ത സമസ്യകൾ മനസ്സിൽ തെളിഞ്ഞു തുടങ്ങിയപ്പോൾ അറിയാതെ സർവേശ്വരനെ വിളിച്ചു പോയി...
ആരായാലും..ആർക്കായാലും ഒന്നും വരുത്തരുതേ...

ഒരു മണിക്കൂറിനകം BMH-ൽ എത്തി...
അവിടെ താഴെ അളിയൻ കാത്തുനിൽപ്പുണ്ടായിരുന്നു..

വല്ലാത്ത ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
..
"എന്താണ്... ഉപ്പാക്കെന്തെങ്കിലും...?"

തെല്ലോരിടവേളയ്ക്കു ശേഷം മറുപടി:

"എന്തു വന്നാലും നീ തളരരുത്... നമുക്ക് മുകളിൽ പോവാം.. " 

ആ മറുപടി എന്നെ വീണ്ടും തളർത്തുന്നതായിരുന്നു .

വല്ലാത്തൊരു മാനസികാവസ്ഥയോടെ ഞാൻ കോണിപ്പടികൾ കയറി..
ഒരു കാര്യം തീർച്ചയായിരുന്നു..
എന്റെ വളരെ പ്രിയപ്പെട്ട ആർക്കോ...ആരോ എന്നെ കാത്തിരിക്കുകയാണ്...ഇവിടെ...ഏതാനും ചുവടുകൾക്കപ്പുറം...!

നിർവ്വികാരതയോടെ ഞാൻ നടന്നടുത്തു...
'O .T .No :5'
-എന്ന ബോർഡ് കണ്ടതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി... തീയേറ്ററിന്റെ മുന്നിലെ നീണ്ട ഇടനാഴികക്കിരുവശത്തും
എന്നെ ഉറ്റു നോക്കിക്കൊണ്ട്‌ ഒരുപാട് കണ്ണുകൾ ഉണ്ടായിരുന്നു...

അവയിൽ എന്റെ പ്രിയപ്പെട്ട എല്ലാവരുടെയും കരഞ്ഞു കലങ്ങിയ കണ്ണുകൾ ഞാൻ കണ്ടു...,
ഉമ്മ എന്റെ അരികെ വന്നു...
ഒന്നും പറയാനാവാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു....

ഉപ്പ വന്നു.... 
“അല്ലാഹുവുന്റെ തീരുമാനങ്ങളെ മറികടക്കാൻ ആർക്കുമാവില്ല മോനെ” എന്ന് പറഞ്ഞു...

ഒന്നും മിണ്ടാതിരിക്കുന്ന അവളുടെ അരികിലേക്ക് ഞാൻ ചെന്നു...
പരിഭവം പ്രതീക്ഷിച്ച നീലക്കണ്ണുകൽ കരഞ്ഞു ചുവന്നിരിക്കുന്നു ... ഏതാനും കണ്ണുനീർ തുള്ളികൾ ഒരു വലിയ തേങ്ങലായ് പരിണമിക്കാൻ ഏറെ നേരം വേണ്ടി വന്നില്ല....

അപ്പോഴും എനിക്കൊന്നും വ്യക്തമായിരുന്നില്ലാ...

പക്ഷെ...
അവിടെ എവിടെയും രണ്ടു കുഞ്ഞിക്കണ്ണുകൽ മാത്രം എനിക്ക് കണ്ടെത്താനായില്ല...

മോളൂട്ടി...അവൾ എവിടെ..?
ഞാൻ ചോദിച്ചു...

പക്ഷെ ഒരുപാടു കണ്ണുകളിൽ ഒളിപ്പിച്ചു വച്ചിരുന്ന കണ്ണുനീർതുള്ളികൾ
ഒരു ധാരയായ് പ്രവഹിക്കാൻ മാത്രമേ ആ ചോദ്യത്തിനു കഴിഞ്ഞുള്ളു...

അപ്പോഴാണ്‌ എനിക്ക് 'പലതും' വ്യക്തമായി തുടങ്ങിയത്....
പക്ഷേ, 
എല്ലാം പൂർണമായും തിരിച്ചറിയാൻ ഏറെ കാത്തിരിക്കേണ്ടി വന്നില്ല.. ഓപറേഷൻ തീയേറ്ററിന്റെ വാതിൽ തുറന്ന് ഒരു സംഘം ഡോക്ടർമാർ തല താഴ്ത്തി പുറത്തിറങ്ങി....
അവർക്കു പിറകെ ഒരു സ്ട്രെക്ച്ചറിൽ വെള്ള പുതച്ച ഒരു 'മാലാഖയെ' പോലെ എന്റെ മോളൂട്ടിയും ....!

ചുറ്റിലും പലരും ഉണ്ടായിരുന്നു...അവരുടെ അടക്കിപ്പിടിച്ച വാക്കുകൾക്കിടയിൽ നിന്ന് ഞാനൊരു കഥ കേട്ടു...ഒരു സ്കൂൾ ബസ്സിന്റെ കഥ...അതിൽ നിന്നിറങ്ങി റോഡു മുറിച്ചു കടന്ന ഒരു കുഞ്ഞിറെ കഥ..എതിരെ വന്ന ഒരു ലോറിയുടെ കഥ...

എല്ലാ കഥയുമറിഞ്ഞപ്പോൾ ഏതാനും തുള്ളി മണിമുത്തുകൾ എന്റെ കണ്ണുകളെ മറച്ചു... 
തീർത്തും നിശബ്ദമായി മാറിയ മനസ്സ് ഒരിറ്റ് ആശ്വാസനീരിനായ് അവിടെ കൂടിയ ആരെയോ തിരഞ്ഞു... 

ദൂരെ ഒരു കോണിൽ കരഞ്ഞു തളർന്നിരിക്കുന്ന അവളുടെ അരികിലേക്ക് ഞാൻ നടന്നു... 
എന്റെ സാന്നിധ്യം പ്രതീക്ഷിച്ചിരുന്നുവെന്ന പോൽ അവൾ ദയനീയമായി എന്നെ നോക്കി... സമാശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നിസ്സഹായനായി ഞാനും... 

അവളുടെ ചുവന്ന കസവു തട്ടം കണ്ണീരിൽ നനഞ്ഞു കുതിർന്നിരിക്കുന്നു....
അപ്പോഴും എന്റെ കാറിന്റെ മുൻ സീറ്റിൽ ആ മിഠായിപ്പൊതി 
‘ഒരാളെ’ കാത്തിരിപ്പുണ്ടായിരുന്നു...
നനുത്ത, തൂവെള്ള നിറമുള്ള ഒരു പഞ്ഞിക്കെട്ടു പോലെയായി മാറിയ ഒരു മാലാഖയെ കാത്ത്....!
എന്റെ എല്ലാമെല്ലാമായിരുന്ന മോളൂട്ടിയെന്ന മാലാഖയെ കാത്ത്...! 

17 comments:

 1. നല്ല അവതരണം ,, ആകാംക്ഷയോടെ പറഞ്ഞവസാനിപ്പിച്ചു ... തുടരെട്ടെ ഈ എഴുത്ത് .

  ReplyDelete
 2. വളരെ നന്നായി ഈ ആഖ്യാനം... ഒറ്റയിരുപ്പിൽ അനുവാചകനെക്കൊണ്ട് അവസാനം വരെ വായിപ്പിക്കാനുള്ള കഴിവ്...

  കഴിഞ്ഞ തവണ ചെവിക്ക് പിടിച്ച് തിരിച്ചതു കൊണ്ട് ഗുണമുണ്ടായി... അക്ഷരത്തെറ്റുകളില്ല... ഒരെണ്ണമൊഴിച്ച്... അത് കാര്യമാക്കാനില്ല... (വിവാഹ വാര്‍ഷികം പ്രമാണിച് - പ്രമാണിച്ച് എന്ന് വേണംട്ടോ...)

  ReplyDelete
  Replies
  1. ഇനിയും ശ്രദ്ധിക്കാനുണ്ട്‌...ഒരുപാട് കാര്യങ്ങൾ...
   വളരെയേറെ നന്ദി... :-)

   Delete
 3. റയീസ് കഥ നന്നായി അവതരിപ്പിച്ചുട്ടോ... ഇഷ്ടായി, ആശംസകള്‍

  ReplyDelete
 4. വെറുതെ മനുഷ്യനെ കരയിപ്പിക്കാന്‍ ഇറങ്ങിയെക്കുവാ അല്ലെ..

  ReplyDelete
  Replies
  1. ജീവിതത്തിന്റെ സ്ഥായീഭാവം എന്നും വിഷാദം തന്നെയാണ്..
   ഈ ലോകം എന്നും സമ്മാനിക്കുന്നത് വേദനകളും മനസ്സിലും ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുമാണ്...
   ശാശ്വതമായ,സുന്ദരമായ ഒരു സ്വർഗ്ഗലോകത്തെ നമുക്കു പ്രതീക്ഷിക്കാം...

   Delete
 5. നന്നായിരിക്കുന്നു അവതരണം..
  അവർക്കു പിറകെ ഒരു സ്ട്രെക്ച്ചറിൽ വെള്ള പുതച്ച ഒരു 'മാലാഖയെ' പോലെ എന്റെ മോളൂട്ടിയും ....!"ഇവിടെവെച്ച് കഥയവസാനിപ്പിച്ചാലും വായനക്കാരന്‍റെ മനസ്സില്‍ വെള്ളിത്തിരയിലെന്നോണം തെളിഞ്ഞുവരും തീര്‍ച്ച! അപ്പോള്‍ കഥയ്ക്ക്‌ ഒന്നുകൂടി തിളക്കമേറും എന്നാണ് എന്‍റെ അഭിപ്രായം..... മറ്റൊന്നും മാറ്റേണ്ടതുമില്ല......
  ആശംസകള്‍

  ReplyDelete
  Replies
  1. ശ്രദ്ധിക്കാം...തിരുത്താം...

   Delete
 6. വാർത്തകളിൽ നിറയുന്ന അപകടങ്ങൾ എന്നും മനസ്സിൽ നീറ്റലായി നിറയുന്നു.... അവതരണം നന്നായി....

  ReplyDelete
 7. റയീസ്‌ , കഥ മനസ്സില്‍ നൊമ്പരം നിറച്ചു ...ഇഷ്ടായീട്ടോ .

  ReplyDelete
  Replies
  1. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നശ്വരമായ നിമിഷങ്ങളെ അനശ്വരമായ അനുഭൂതികളാക്കിമാറ്റാൻ നമുക്ക് കഴിയട്ടെ..
   Thank U

   Delete
 8. മരണത്തിനു നമ്മെ പേടിയാണ് മാഷേ..അതോണ്ടല്ലേ നാം പോലും അറിയാതെ അവന്‍ നമ്മുടെ പതം നോക്കി കാത്തിരുന്നു ഇറാക്ക് മേല്‍ ചാടി വീഴുന്നത്!..rr

  ReplyDelete
  Replies
  1. എനിക്കെന്തോ അങ്ങനെ തോന്നുന്നില്ല...
   മരണമെന്നത്ഒരു വാതിൽ മാത്രമാണ്...
   പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ നശ്വരമായ ജീവിതത്തിൽ നിന്നും രക്ഷപ്പെട്ട് സുന്ദരമായ ,
   ശാശ്വതമായ ഒരു ലോകത്തിലേക്കുള്ള വാതിൽ...
   ജീവിതത്തിനും മരണത്തിനുമിടയിലുള്ള നശ്വരമായ നിമിഷങ്ങളെ,
   നിറമുള്ള - സുഗന്ധമുള്ള - സ്വപ്നങ്ങളിലൂടെ അനശ്വരമായ അനുഭൂതികളാക്കിമാറ്റാൻ നമുക്കു കഴിയട്ടെ...
   ജീവിതത്തിന്റെ നിശ്ശബ്ദമായ താഴ്വരയിൽ,
   മരണത്തിന്റെ കാലൊച്ചയ്ക്കു കാതോർത്ത് കൊണ്ട്,
   പ്രിയമോടെ,
   -'കിനാവിന്റെ കൂട്ടുകാരൻ'

   Delete