Tuesday, March 5, 2019

മഴത്തുള്ളി.





"ചൂടാറും മുമ്പ് അത് കുടിക്കാൻ നോക്ക്."

ദീർഘ നേരത്തെ നിശ്ശബ്ദതക്ക് വിരാമമിട്ടു കൊണ്ട് ഞാനവളോട് പറഞ്ഞു. അതുവരെ മുന്നിലെ ചായക്കപ്പിലേക്ക് നോക്കി തലതാഴ്ത്തിയിരുന്ന അവൾ പതുക്കെ തലയുയർത്തി. കഫെറ്റീരിയയുടെ സീലിങ്ങിലെ നിയോൺ വിളക്കുകളുടെ പ്രകാശം അവളുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ നീർത്തുള്ളികളിൽ തട്ടി പ്രതിഫലിച്ചു.


"എന്നാലും നിങ്ങൾക്കെങ്ങനെ ഇങ്ങനെയൊക്കെ ആവാൻ കഴിയുന്നു ?

എനിക്ക് മനസ്സിലാവുന്നില്ല. സത്യം പറഞ്ഞാൽ, എനിക്ക് നിങ്ങളെ ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല.!"

നിശബ്ദതയുടെ ചങ്ങല പൊട്ടിച്ചു കൊണ്ട് അവൾ പറഞ്ഞ വാക്കുകൾ കാതുകളിൽ  മുഴങ്ങുന്ന പോലെ  തോന്നി. 


"എല്ലാം നിനക്ക് മനസ്സിലാക്കിത്തരാം. അതിനു നീ തയാറാണെങ്കിൽ. 

ഒരു യാത്രക്ക് ഒരുങ്ങണം, നാളെ തന്നെ ? എന്താ റെഡി ആണോ ?"

"ഇത്രയൊക്കെ കേട്ടിട്ടും പറഞ്ഞിട്ടും നിങ്ങൾക്ക്  ഒരു ഭാവ വ്യത്യാസവും ഇല്ലാലോ... എങ്ങനെ ഇങ്ങനെ ജീവിക്കാൻ കഴിയുന്നു.?"


പരാതികളുടെയും പരിഭവങ്ങളുടെയും  ഭാണ്ഡക്കെട്ടുകൾ അവൾ വീണ്ടും അഴിക്കാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ  പറഞ്ഞു:


"ശരികളാണ് നമ്മെ നയിക്കേണ്ടത്. ശരിയിലുള്ള വിശ്വാസമാണ് നമ്മെ നയിക്കേണ്ടത്. അല്ലാതെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയല്ല". 


"നിങ്ങളുടെ ഈ ഫിലോസഫി എനിക്ക് കേൾക്കേണ്ട. ഇത്രയൊക്കെ കേട്ടിട്ടും ഇനിയും പഠിക്കാൻ ഭാവമില്ലെങ്കിൽ ഇങ്ങനെ മുന്നോട്ടുപോവാൻ എനിക്ക് ബുദ്ധിമുട്ടാണ്. ആളുകളുടെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു കൊണ്ട് എനിക്കെങ്കിലും ജീവിക്കണം."


അവളുടെ പരാതികളുടെ സ്വരം ഒരു വെല്ലുവിളിയായി  മാറുന്നത് കണ്ട് ഞാൻ പറഞ്ഞു: 


"നാളെ ഒരു ദിവസം കൂടി നിനക്ക് കാത്തു നിന്നൂടെ.? എല്ലാ അവ്യക്തതകളും നാളെ നിനക്ക് ബോധ്യപ്പെടും.


രാവിലെ ഞാൻ വീട്ടിലേക്ക് വരാം. റെഡിയായി നിൽക്കണം. 

പക്ഷെ, യാത്രക്കിടയിൽ ഈ വിഷയത്തെ കുറിച്ച് ഒന്നും സംസാരിക്കരുത്. ഓക്കേ ആണോ ?"

എങ്ങനെയെങ്കിലും രഹസ്യങ്ങളുടെ ചുരുളുകൾ അഴിയണം എന്നുള്ളത് കൊണ്ടാകും അവൾ മറുത്തൊന്നും പറയാതെ സമ്മതം മൂളി.


നാളെ ഒരു യാത്ര കൂടി.

അതിന്റെ പര്യവസാനം എങ്ങനെയാകുമെന്ന് ഒരു ധാരണയുമില്ല.
അല്ലെങ്കിലും കഴിഞ്ഞുപോയ എല്ലാ യാത്രകളും അങ്ങനെ തന്നെ ആയിരുന്നല്ലോ.  അനിശ്ചിതത്വം നിറഞ്ഞ ഈ യാത്ര തന്നെയല്ലേ ജീവിതം.? പ്രിയപ്പെട്ടതെന്ന് കരുതിയവർക്ക് മുമ്പിലാണ് തെറ്റും ശരിയുമടങ്ങിയ  ഓരോ ധാരണകളും കൂടുതൽ വലിയ തെറ്റും വലിയ ശരിയുമായി മാറുന്നത്.  മനസ്സു കാണാൻ കഴിയുന്ന കണ്ണുകളുണ്ടായിരുന്നെങ്കിൽ ?

കഫെറ്റീരിയയിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറിയിട്ടും അവളൊന്നും പറഞ്ഞില്ല. ഇത്ര ദീർഘമായ നിശബ്ദതയെ പ്രണയിക്കാൻ എപ്പോഴാണ് അവൾ ശീലിച്ചത് ? അറിയില്ല. ഇനിയുമെത്ര അറിയാനിരിക്കുന്നു.!


"ഹൃദയങ്ങളൊന്നാകും മധുമാസ രാവിൽ

ഹൃദയേശ്വരിക്കെന്തേ പരിഭവമോ ?"
കാറിലെ ഓഡിയോ സിസ്റ്റം റാസയും ബീഗവും കീഴടക്കിയിരിക്കുന്നു. 
പരിഭവം നിറഞ്ഞ മുഖവുമായി തന്നെ അവൾ വീടെത്തുംവരെ ഇരുന്നു.
നാളെ കാണാം എന്ന് പറഞ്ഞപ്പോഴും നിഴൽ മായാത്ത പാതി മറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ച് കൊണ്ട് അവൾ ഗേറ്റ് തുറന്ന് വീട്ടിലേക്ക് നടന്നു.

രാവിലെ തന്നെ ബാബു സാറെ വിളിച്ചു ഞങ്ങൾ വരുന്ന കാര്യം പറഞ്ഞു. ഏഴുമണിയോടെ അവളുടെ വീടെത്തി. കൂടുതൽ ക്ഷേമാന്വേഷ
ങ്ങൾക്ക് നിൽക്കാതെ വീട്ടുകാരോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി. രണ്ടാഴ്ച മുമ്പ് ഞാൻ വാങ്ങിക്കൊടുത്ത നീല നിറമുള്ള പുതിയ ചുരിദാറിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. ഇന്നലത്തെ ഗൗരവം അൽപ്പം കുറഞ്ഞിരിക്കുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്കു മാത്രം ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറഞ്ഞു കൊണ്ട് അവൾ ഒഴിഞ്ഞുമാറി. 


അടിവാരം കഴിഞ്ഞു ചുരം കയറിത്തുടങ്ങിയപ്പോഴേക്ക് വെയിൽ ചൂടുപിടിച്ചിരുന്നു. എസിയുടെ തണുപ്പിലും മനസ്സ് പൊള്ളിക്കൊണ്ടിരുന്നു. എത്ര മറക്കാൻ ശ്രമിച്ചാലും  ഇന്നലെകൾ, പറഞ്ഞ വാക്കുകൾ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരിക്കും. ഗസ്റ്റ് ലക്ച്ചററായി കോളേജിൽ ആദ്യമായി ജോയിൻ  ചെയ്ത ദിവസം മുതൽ കഴിഞ്ഞ ആഴ്ച കയ്യിൽ കിട്ടിയ സസ്പെ
ഷൻ ഓർഡർ വരെ മനസ്സിൽ ഒന്നൊന്നായി ചിത്രം വരച്ചു. 


തേർഡ് സെമസ്റ്ററിലെ ഡിജിറ്റൽ ഇലക്ട്രോണിക്സ്  ക്ലാസ്സിന്റെ ആദ്യ ദിവസം തന്നെ കുട്ടികളെ കയ്യിലെടുക്കാനായത്, ജിഷ്ണുവും, ഫാസിലും, അപർണ്ണയും, സൈറയുമൊക്കെ പ്രിയപ്പെട്ട വിദ്യാർത്ഥികളായത്, അവരുടെ പ്രൊജക്റ്റ് ഗൈഡ് ആയത്, DSP ലാബിൽ നിന്ന് പുറത്താക്കിയതിന് കുട്ടികൾ 'പണി' തന്നത്.. അങ്ങനെയങ്ങനെ നിറമുള്ള ഒട്ടേറെ ഓർമ്മകൾ.  


ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്കും കുട്ടികളാണെന്ന ബോധ്യത്തോടെ അനുവദിക്കുന്ന ചില്ലറ 'കുട്ടിക്കളികൾക്കും' കൂട്ട് നിൽക്കുന്നതുകൊണ്ട് തന്നെ കുട്ടികൾക്ക് ഒരുപാട് ഇഷ്ടവും മറ്റ് അധ്യാപകർക്കും മാനേജ്‌മെന്റിനും അത്രത്തോളം ഇഷ്ടക്കേടും ഉണ്ടായിരുന്നു. പിള്ളേരുടെ കൂടെയുള്ള ഈ കളിക്ക് നിൽക്കേണ്ടെന്ന് പലപ്പോഴും ഉപദേശിക്കുന്നവർ സസ്‌പെൻഷൻ ഓർഡർ കയ്യിൽ കിട്ടിയപ്പോൾ 'ഇപ്പൊ എന്തായി ഞങ്ങൾ പറഞ്ഞത്' എന്ന് ചോദിച്ചു. 

'എന്നാലും ഇതൊരല്പം  കൂടിപ്പോയില്ലേ' എന്ന് ചിലർ അടക്കം പറഞ്ഞു.

ചെയ്ത കാര്യത്തിൽ ഒരു ശെരികേടും തോന്നാത്തിടത്തോളം നിങ്ങളുടെ ശരികളെ അന്ധമായി വിശ്വസിക്കാൻ എനിക്ക് കഴിയില്ല എന്ന് പറഞ്ഞാണ് അവസാന ദിവസം കോളേജിൽ നിന്ന് ഇറങ്ങിയത്.


അവർ നാല് കുട്ടികൾക്കും  ബാബു സാറിനും എനിക്കും മാത്രമായിരുന്നു ഇതൊക്കെ ശരികൾ. മറ്റുള്ളവർക്ക് മുന്നിൽ, 'അവളുൾപ്പെടെ', എല്ലാവർക്കും അതൊരു മഹാ അപരാധം തന്നെയായിരുന്നു. മനസ്സിൽ ശെരിയെന്നുറപ്പുള്ള ഒരു കാര്യം  ചെയ്യാതിരിക്കുന്നതാണ് തെറ്റെന്ന വിശ്വാസം തന്നെയാണ് ഇതിനൊക്കെ ധൈര്യം തന്നതും.


അല്ലെങ്കിലും അവരുടെ ഭാഷയിൽ അവിവാഹിതയായ, തന്റെ വിദ്യാർത്ഥിയായ  ഒരു 'പെൺകുട്ടിയെ'യും കൊണ്ട് 'ഒന്നിനും മാത്രം പോന്ന' ആണൊരുത്തൻ, അതായത് ഈ ഞാൻ, അസമയത്ത് ഒറ്റക്ക് കാറിൽ ദീർഘയാത്ര ചെയ്തു എന്നത് മഹാ അപരാധം തന്നെയാണ്.! കഥയുടെ ചുരുളുകൾ ഞങ്ങൾ ആറുപേരല്ലാതെ ഏഴാമതായി അവളൊരാൾ കൂടി അറിയാൻ പോകുന്നു എന്നത് മാത്രമാണ് പ്രയാസം.


DSP ലാബിൽ വെച്ചു ജിഷ്ണുവാണ് ആദ്യമായി അപർണയെ കുറിച്ച് പറഞ്ഞത്. അടുത്ത പേരന്റ്സ് മീറ്റിംഗിന് അപർണ്ണയുടെ ഫാദറെ കാണണമെന്ന് ഞാൻ പറഞ്ഞിരുന്നു. അതുവരെ ക്ലാസ്സിൽ നന്നായി പെർഫോം ചെയ്തിരുന്ന അവൾ കുറച്ചു ഉഴപ്പുന്നതായി തോന്നിയപ്പോൾ ഒന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞതാണ്. ഒരധ്യാപകന്റെ  ഓരോ വാക്കും നോക്കും ഓരോ കുട്ടിയിലും ഉണ്ടാക്കുന്ന ചലനങ്ങൾ എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞത് അന്നായിരുന്നു. 


"സാർ, അപർണയുടെ അച്ഛനെ കാണണം എന്ന് പറഞ്ഞിരുന്നുല്ലെ.? 

മറ്റാരോടും പറയില്ലെങ്കിൽ എനിക്ക് സാറിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്." 

പതിവില്ലാത്ത ഗൗരവം നിറഞ്ഞ ആമുഖത്തോടെയാണ് ജിഷ്ണു അന്നത് പറഞ്ഞത്. ലാബ് വർക്ക് കഴിഞ്ഞു എല്ലാവരും പോയ ശേഷം ഞാൻ അവനോട് സംസാരിച്ചു. അപർണ എന്ന 
എന്റെ ക്ലാസിലെ സമർത്ഥയായ വിദ്യാർത്ഥിനി - വളനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ പുസ്തകം അവൻ എനിക്ക് മുന്നിൽ തുറന്നു വെച്ചു. 


അമ്മയുടെയും അച്ഛന്റെയും കൂടെ വളരെ സ്നേഹത്തോടെ തന്നെയാണ് അവൾ കഴിയുന്നത്. പക്ഷെ, അത് അവളുടെ സ്വന്തം അച്ഛനല്ല.!  അമ്മയുടെ ആദ്യ വിവാഹത്തിലെ മകളാണ് അപർണ്ണ. ബന്ധം വേർപ്പെടുത്തിയ ശേഷം അമ്മ വീണ്ടും വിവാഹിതയായി. ഒരു അനിയനും അനിയത്തിയും കൂടി പിറന്നു. രണ്ടാനച്ഛന്റെ പതിവ് ക്രൂരതകളുടെ കഥയല്ല ഇവിടെ. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന, തന്റെ സ്വന്തം രക്തത്തിൽ പിറന്ന മക്കളെ പോലെ തന്നെ, ഒരു പക്ഷെ അതിലും നന്നായി അവളെ പരിപാലിക്കുന്ന അച്ഛൻ. 


പക്ഷെ, അമ്മയുമായി പിരിയാനുണ്ടായ കാരണം എന്ത് തന്നെയായാലും തന്റെ സ്വന്തം അച്ഛനെ കാണാനും സംസാരിക്കാനും സ്നേഹിക്കാനും ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി. എന്നാൽ അയാളുമായി ഒരു സ്നേഹബന്ധം തുടരുന്നത് അമ്മയോ രണ്ടാം അച്ഛനോ അറിയാനും പാടില്ല. കാരണം, അതവരെ വേദനിപ്പിക്കും. അവരെ വേദനിപ്പിക്കാതെ, അവർ അറിയുകപോലും ചെയ്യാതെ, തന്റെ അച്ചനെ ഒന്ന് കാണണം. ആ അച്ഛന്റെ മകളായി അല്പസമയമെങ്കിലും കഴിയണം.!


"സാർ, സാറിനു മാത്രമേ അവളെ സഹായിക്കാനാകൂ. ഞങ്ങളുടെ ടീമിന്റെ മുഴുവൻ എനർജിയും അവളാണ്. അവൾക്കൊരു പ്രശനം ഉണ്ടാകുമ്പോൾ ഞങ്ങൾക്കത് പരിഹരിക്കാൻ കഴിയണം. സാറൊന്ന് ഹെൽപ് ചെയ്യണം. ഞങ്ങൾ മൂന്നു പേരല്ലാതെ, പിന്നെ ഇതറിയുന്ന നാലാമതൊരാൾ സാറാണ്. ഒരു കാരണവശാലും മറ്റാരും ഇതറിയരുത്. അവളുടെ അമ്മയും അച്ഛനും അത്രയേറെ അവളെ സ്നേഹിക്കുന്നുണ്ട്. എന്നിട്ടും സ്വന്തം അച്ഛനെ തേടി അവൾ പോയി എന്നറിഞ്ഞാൽ അവർക്കത് സഹിക്കാൻ കഴിയില്ല."


ജിഷ്ണുവിനോട് എന്ത് പറയണം എന്നറിയാതെ ഞാനിരുന്നു. ഒരു അധ്യാപകൻ എന്നതിനേക്കാൾ വലിയ സ്വാതന്ത്ര്യത്തോടെ, ഒരു സുഹൃത്തിനെപ്പോലെ അവൻ എന്നോട് പറഞ്ഞതാണ്. 


"അപർണയുടെ ആഗ്രഹം നമുക്ക് സാധിപ്പിക്കാം. നമുക്ക്  അദ്ദേഹത്തോട് ഇങ്ങോട്ട് വരാൻ പറയാം. ഇവിടെ കോളേജിൽ വെച്ചു കാണാമല്ലോ..."


ഒരു താൽക്കാലിക ആശ്വാസം എന്ന പോലെ ഞാൻ പറഞ്ഞു. 


"പക്ഷെ സർ, അത് പറ്റില്ല. അദ്ദേഹത്തിന് ഇങ്ങോട്ട് വരാൻ കഴിയില്ല. രണ്ടു കാലുകളും തളർന്ന് ഇപ്പോൾ വീൽചെയറിലാണ്. യാത്രചെയ്യാനും  പ്രയാസമാണ്. നമുക്ക് അങ്ങോട്ട് പോകാം സാർ."


വീണ്ടും ഞാൻ കുഴങ്ങി. നമുക്ക് ആലോചിച്ചിട്ട് വേണ്ട പോലെ ചെയ്യാം എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പ്രതീക്ഷയോടെ എന്നെ നോക്കികൊണ്ട് റെക്കോർഡ് ബുക്കുമെടുത്ത് അവനും നടന്നു. 


പിന്നീടുള്ള ദിവസങ്ങൾ അക്ഷരാർത്ഥത്തിൽ ഒരു സമസ്യ തന്നെയായിരുന്നു. അപർണ്ണ നന്നായി പഠിക്കുന്ന കുട്ടിയാണ്. . കോളേജിന്റെ യൂണിവേഴ്സിറ്റി റാങ്ക് പ്രതീക്ഷയാണ്. അതേക്കാളുമൊക്കെ ഉപരി എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്. 

ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ തികട്ടി വന്നു. എന്ത്, എങ്ങനെ, എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പ്രത്യാഖാതങ്ങൾ.?

അതിനിടയിൽ അപർണ്ണയുടെ അച്ഛനും അമ്മയും കോളേജിൽ വന്നു. മകളെ കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വാനോളമായിരുന്നു. തന്റെ സ്വന്തം മകളായല്ലാതെ ഒരിക്കൽ പോലും ആ മനുഷ്യൻ അവളെ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കും തലോടലും പ്രകടമാക്കി.  പക്ഷെ, എന്നിട്ടും "എന്റെ കുട്ടീ, നിന്റെ ഈ  ആഗ്രഹം അരുതെന്നു" പറയാൻ എനിക്ക് കഴിഞ്ഞില്ല. 


ഒരു ദിവസം അപർണ്ണ തന്നെയാണ് തന്റെ സ്വന്തം അച്ഛന്റെ മൊബൈൽ നമ്പറുമായി എന്നെ നേരിട്ട് കാണാൻ വന്നത്. "സാർ, എന്നെ സഹായിക്കില്ലേ? ആരും കാണാതെ, ആരും അറിയാതെ അച്ഛനെ ഞാൻ വിളിക്കാറുണ്ട്, സംസാരിക്കാറുണ്ട്. ഇപ്പൊ തീരെ വയ്യാ എന്ന് പറയുന്നു. എന്നെ കാണാൻ ആഗ്രഹമുണ്ട് എന്നും പറഞ്ഞു. എനിക്ക് ഒന്ന് കാണണം. പക്ഷെ, ഒരിക്കലും അമ്മയും അച്ഛനും ഇതറിയരുത്. അവരെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല.സാറൊന്ന് വിളിച്ചു സംസാരിക്കുമോ? ഒന്ന് എന്നെ കൊണ്ടുപോകുമോ ? "


നനഞ്ഞു കുതിർന്ന ആ കണ്ണുകളെ നോക്കി ഇല്ല, എനിക്ക് കഴിയില്ല എന്ന് പറയാൻ ഞാൻ അശക്തനായിരുന്നു. സ്നേഹത്തിന്റെ രണ്ടു ധ്രുവങ്ങൾക്കിടയിൽ വീർപ്പു മുട്ടുന്ന ആ പെൺകുട്ടിയെ നോക്കി നിശബ്ദമായി ഞാൻ തലകുലുക്കി.


പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അടുത്ത വീക്കെൻഡിൽ, ജിഷ്ണു, ഫാസിൽ , അപർണ, സൈറ എന്ന നാൽവർ സംഘത്തെയും കൂട്ടി അപർണ്ണയുടെ അച്ഛനെ കാണാൻ പോകാൻ ഞങ്ങൾ തീരുമാനിച്ചു. 

കാര്യങ്ങൾ ഉറപ്പുവരുത്താനായി അപർണ്ണ തന്ന നമ്പറിൽ വിളിച്ചപ്പോഴാണ് മുമ്പ് കേട്ടുമറന്നൊരു ശബ്ദം കാതുകളിൽ അലയടിച്ചത്. ബാബു സാർ. വർഷങ്ങൾക്കു മുമ്പ് സ്‌കൂളിൽ, ആറാം ക്ലാസിൽ മലയാളം പഠിപ്പിച്ച, കാതിൽ മുഴങ്ങിയ അതെ ശബ്ദം.!

അപ്പോൾ ബാബു സാറുടെ മകളായിരുന്നോ അപർണ്ണ ?

വല്ലാത്ത ശൂന്യത മനസ്സിൽ നിറഞ്ഞു. 
അപർണ്ണയുടെ അധ്യാപകൻ എന്ന അധികാരത്തിൽ  നിന്ന് പത്തു പതിനഞ്ചു വർഷങ്ങൾക്കു മുമ്പുള്ള വിദ്യാർത്ഥിയുടെ വിനയത്തിലേക്കും വിധേയത്വത്തിലേക്കും ഞാൻ അറിയാതെ മാറിപ്പോയി. 

"മോനെ, ദൈവമാണ് നിന്നെ അയച്ചത്. എന്റെ മകളെ ഒന്ന് കാണാൻ, ഒരു നോക്ക് കാണാൻ നീയൊരു നിമിത്തമായിരിക്കുന്നു."


പിന്നീട് എനിക്ക് മറ്റൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. വൈലോപ്പിള്ളിയുടെ മാമ്പഴമെന്ന കവിത ആലാപനത്തിന്റെ മാധുര്യത്തിൽ നിന്ന് കണ്ണുനീരിന്റെ ഉപ്പുരസം രുചിച്ചു പാടാൻ പഠിപ്പിച്ച ബാബു മാഷിന് വേണ്ടി, ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ചിന്തയായിരുന്നു. ഒരു കൊച്ചു കുട്ടിയുടെ ആവേശമായി പിന്നെയെനിക്ക്. 


അടുത്ത വീക്കെൻഡ് വീട്ടിൽ വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവർ നാലുപേരും പിന്നെ ഞാനും യാത്രക്ക് തയ്യാറായി. പക്ഷെ, അപ്രതീക്ഷിതമായി വീട്ടിൽ ഒരു ഫംക്ഷനു വേണ്ടി ജിഷ്ണുവിനും അടുത്ത ബന്ധുവിന്റെ മരണവുമായി ഫാസിലിനും മറ്റെന്തോ കാരണം കൊണ്ട് സൈറക്കും വരാൻ കഴിഞ്ഞില്ല. അപർണ്ണയെ മാത്രം കൊണ്ട് അത്രയും ദൂരം ഞാനൊറ്റക്ക് ഡ്രൈവ് ചെയ്യുന്നതിലെ സാഹസം ഞാൻ ആലോചിച്ചതേയില്ല.  ഞാനവളുടെ പ്രിയപ്പെട്ട അധ്യാപകനും അവളെന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയും അതിലേറെ എന്റെ ഗുരുനാഥന്റെ മകളുമല്ലേ, പിന്നെയെന്തിനു ഞാൻ ഭയക്കണം.?


ദീർഘമായ യാത്രക്കൊടുവിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയുടെ വസന്തമായരുന്നു എന്റെ കണ്ണുകൾക്ക് കാലം കാത്തുവച്ചത്. നാലാം വയസ്സിനു ശേഷം, 16 വർഷങ്ങൾക്ക് ശേഷം പരസ്പരം കാണുന്ന ഒരച്ഛനും മകളും. സ്നേഹത്തിന്റെ അമൂല്യവും വൈകാരികവുമായ ആ നിമിഷങ്ങളെ കണ്ടു തീർക്കാനാവാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.  നാല് വയസ്സിൽ ഒരു അമ്മയെയും ഈ മകളെയും എന്തിനുപേക്ഷിച്ചുവെന്നോ ഇത്രയും കാലം എവിടെയായിരുന്നുവെന്നോ ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ, സകല ചോദ്യശരങ്ങളുടെയും മുനയൊടിക്കുന്ന നിമിഷങ്ങളായിരുന്നു അത്. അവർ രണ്ടു പേരും ഒരുപാട് നേരം പരസ്പരം നോക്കി ഇരുന്നു കരഞ്ഞു. പിന്നെ, ചുളിവുകൾ വീണ കൈകൾ അവളുടെ മുടിയിഴകളെ തലോടി. നിസ്വാർത്ഥമായ സ്നേഹത്തിന്റെ സുഗന്ധം ആ മുറിയിലെ രൂക്ഷമായ മരുന്നുഗന്ധത്തെ അതിജയിച്ചു. 


ബാബു മാഷോട് യാത്ര പറഞ്ഞു  ഇനിയും വരാമെന്ന് പറഞ്ഞു അവിടെ നിന്നിറങ്ങുമ്പോൾ  ഒരു യുദ്ധം ജയിച്ച യോദ്ധാവിന്റെ മനസ്സായിരുന്നു എനിക്ക്. എന്നാൽ ആ മാനസികാവസ്ഥക്ക് അൽപായുസ്സായിരുന്നു. തത്വവും പ്രയോഗവും തമ്മിലെ യുദ്ധം ഒരിക്കൽ കൂടി ഞാൻ അനുഭവിച്ചു. അവിവാഹിതനായ കോളേജിലെ അദ്ധ്യാപകൻ, തന്റെ ക്ലാസിലെ പെൺകുട്ടിയുമായി ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടോ  പ്ലഷർ ട്രിപ്പിന് പോയി എന്ന വാർത്തയുമായി എനിക്ക് കോളെത്തി. 


പിന്നീട് നടന്നതൊക്കെ രസകരമായിരുന്നു. സഹപ്രവർത്തകരും വിദ്യാർത്ഥികളുമടക്കം സർവ്വരും അവരുടെ ഭാവനക്കനുസരിച്ചുള്ള കഥകൾ വികസിപ്പിച്ചു. ഒരുപാട് കണ്ണുകൾ കണ്ട 'മഹാപാപത്തെ' കഴുകിക്കളയുന്ന വലിയൊരു രഹസ്യമുള്ള 'ശരി'ക്കു വേണ്ടി ഞാൻ നിശബ്ദനായി നിന്നു. എന്നെ നന്നായി അറിയുന്ന രക്ഷിതാക്കളായതു കൊണ്ട് അപർണ്ണയുടെ അമ്മയും വളർത്തച്ഛനും കൂടുതലൊന്നും പറഞ്ഞില്ല.


സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആത്മാവുള്ള ഒരു വലിയ രഹസ്യത്തിൽ പൊതിഞ്ഞ സത്യത്തെ ഞാൻ മൂടിവെച്ചു. ആയിര
ത്തോളം  കുട്ടികൾ പഠിക്കുന്ന ആ കോളേജിലും 60 കുട്ടികളുള്ള ഏറെ ക്ലാസിലുമുൾപ്പെടെ  ഒരുപക്ഷെ ഞാൻ മോശക്കാരനായേക്കാം, പക്ഷെ, എന്നെ വിശ്വസിച്ച, എന്നെ സ്നേഹിച്ച, ആ നാല് പേർക്കും ഞാനൊരു നല്ല ഗുരുനാഥൻ തന്നെയായിരിക്കും എന്ന് സമാശ്വസിച്ചു കൊണ്ട് ഞാൻ അന്വേഷണ വിധേയമായ ആ സസ്‌പെൻഷൻ ഓർഡർ സ്വീകരിച്ചു.


* * *


കാറിന്റെ ഗ്ലാസ്സിൽ ചാറ്റൽ മഴ ചിത്രം വരക്കുന്നു.

നാഷണൽ ഹൈവേയിൽ നിന്ന്  ബാബു സാറിന്റെ വീട്ടിലേക്ക് തിരിയുന്ന പോക്കറ്റ്  റോഡിലേക്ക് പ്രവേശിച്ചു. 
വിൻഡോ ഗ്ലാസ്സ് താഴ്ത്തി മഴത്തുള്ളികളെ ലാളിക്കുകയാണവൾ.!
അവളുടെ മുഖത്ത് ഒരു മന്ദഹാഹം വിടരുന്നുവോ ?
അറിയില്ല.
ഹൃദയ മിടിപ്പുകൾ കൂടുന്നു. !

ആരോപണങ്ങളുടെയും അപവാദങ്ങളുടെയും തീക്കനലുകളേറ്റ്  അവൾക്കും പൊള്ളിത്തുടങ്ങി എന്ന് തോന്നിയപ്പോഴാണ് ഒരിക്കൽ കൂടി ഇതേ വഴി സഞ്ചരിക്കാൻ ഒരുങ്ങിയത്. 

ബാബു സാറെ അവൾക്ക് കാണിച്ചു കൊടുക്കണം. 
അപർണ്ണ എന്റെ പ്രിയപ്പെട്ട ഗുരുനാഥന്റെ മകളും എന്റെ പ്രിയപ്പെട്ട ശിഷ്യയും മാത്രമാണെന്ന് അവളെ ബോധ്യപ്പെടുത്തണം. 
ഒരു നിമിഷത്തെ സംശയവും തെറ്റിധാരണയും അതേ തുടർന്നുന്ന വർത്തമാനങ്ങളും മാത്രം മതി, ഒരായുഷ്കാലം കണ്ണീരിൽ കുതിർന്നു ജീവിക്കാൻ എന്ന തന്റെ ജീവിത പാഠം ബാബു സാറിൽ നിന്നും തന്നെ അവളെ പഠിപ്പിക്കണം.

മഴത്തുള്ളിപോലെയാണ് ഓരോ അറിവുമെന്ന്  ആദ്യമായി പഠിപ്പിച്ചത് പണ്ട് ബാബു  സാറാണ്.  ശുദ്ധമായ മഴത്തുള്ളി കൈക്കുമ്പിളിലെടുത്താൽ ദാഹം മാറ്റാം. നിലത്തു മണ്ണിൽ വീണാൽ അത് ഉപയോഗശൂന്യമാവും. അതേ, മഴത്തുള്ളി തന്നെയാണ് ആഴക്കടലിൽ ചിപ്പിക്കുള്ളിൽ ഒരു വിലമതിക്കാനാവാത്ത മുത്തായി മാറുന്നതും. അറിവല്ല പ്രധാനം; ആ അറിവ് കടന്നു ചെല്ലുന്ന മനുഷ്യ മനസ്സാണ് പ്രധാനം. മനസ്സിന്റെ വിശാലതയാണ് അറിവിനെ വിലയില്ലാത്തതും വിലമതിക്കാനാവാത്തതാ ക്കി മാറ്റുന്നതും.


പ്രിയപ്പെട്ടവളെ, വിലമതിക്കാനാവാത്ത ജീവിത പാഠങ്ങളാണ് ഈ മനുഷ്യന്റെ ജീവിതം നമുക്ക് മുന്നിൽ തുറന്നു വെച്ചിട്ടുള്ളത്. എന്റെ കുട്ടികളും ഞാനും ഈ മനുഷ്യനും മാത്രമറിയുന്ന ഒരു സ്വകാര്യത്തെയാണ് ഞാൻ നിനക്ക് കൂടി അറിയിച്ചു തരുന്നത്. തിരിച്ചറിവിന്റെ ഈ മുത്തുകൾ നീ സ്വീകരിച്ചാലും.

നാളെ കണ്ണീർപൊഴിക്കാതെ, ഇന്ന് തന്നെ പരസ്പരം അറിഞ്ഞു കൊണ്ട് ജീവിക്കാനും  എന്റെ എല്ലാ രഹസ്യങ്ങളും ഒരു ചിപ്പിക്കുള്ളിലൊളിപ്പിച്ചു കൊണ്ട്, സ്നേഹത്തിന്റെ  മണിമുത്തുകളുമായി ഞാൻ കാത്തിരിക്കുന്നു.

ചുറ്റുപാടും പച്ചപ്പ്‌ നിറഞ്ഞ  മരങ്ങൾക്കു നടുവിലെ ഓടിട്ട ആ ഇരുനില വീടിനു മുന്നിലേക്ക് കാർ തിരിക്കുമ്പോഴും ഓഡിയോ സിസ്റ്റത്തിൽ  പതിഞ്ഞ ശബ്ദത്തിൽ  റാസയും ബീഗവും പാടുകയായിരുന്നു.


"ഓമലാളേ നിന്നെയോർത്ത്, 

കാത്തിരിപ്പിൻ  സൂചിമുനയിൽ,
മമ-കിനാക്കൾ കോർത്തു കോർത്ത്, 
ഞാൻ നിനക്കൊരു മാല തീർക്കാം...
ഞാൻ നിനക്കൊരു മാല തീർക്കാം.!"


ശുഭം !