ജൂൺ ഒന്ന്.
ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നം ഇന്ന് പൂവണിയുകയാണ്.
അയ്ന മോളെ ഇന്ന് സ്‌കൂളിൽ ചേർക്കുകയാണ്.
കഴിഞ്ഞ അഞ്ചാറു വർഷങ്ങൾ ഒരുപാട് ചോദ്യങ്ങൾ കേട്ടതാണ്.
അവയിൽ പലതും ഇന്നും, ഇനിയും കേൾക്കാനുള്ളതാണ്.
പല ചോദ്യങ്ങളും അവഗണിക്കാനും മറുപാടി പറയാനും പോയ വർഷങ്ങൾ എന്നെ പ്രാപ്തനാക്കിയിരിക്കുന്നു.
അയ്ന മോളുടെ കണ്ണുകൾക്കിന്നു വല്ലാത്തൊരു പ്രകാശമുണ്ട്.
അയ്ന...! 'മഹോഹരമായ കണ്ണുകളുള്ളവൾ' എന്നർത്ഥമുള്ള ആ പേര് ഞാനാണ് അവൾക്കിട്ടത്. സ്വർഗീയ ഹൂറിമാരിൽ ഒരുവളുടെ പേരാണത്രെ അത്.
ഒന്നാം ക്ലാസ്സിലേക്ക്, പുതിയ ഒരുപാട് കൂട്ടുകാരുടെ ഇടയിലേക്ക്, പുതിയ ഒരുപാട് ജീവിത പാഠങ്ങളുടെ മുന്നിലേക്ക് അവളിന്ന് പോവുകയാണ്.
സന്തോഷം കൊണ്ട് മനസ്സ് നിറയേണ്ട ഈ നിമിഷത്തിലും എന്തിനെന്നറിയാതെ ഞാൻ അസ്വസ്ഥനാണ്.
കുഞ്ഞേ, നീയും നാളെ...?
കുഞ്ഞു കവിളുകളിൽ പൗഡർ പുരട്ടി, ഇന്നലെ എന്നെകൊണ്ട് പുതുതായി വാങ്ങിപ്പിച്ച കണ്മഷി കൊണ്ട് കണ്ണെഴുതി, ഇരു വശങ്ങളിലേക്കും മുടി ചീകിയൊതുക്കി ഒരമ്മയെപ്പോലെ അയ്നമോളെ ഒരുക്കുകയാണ് 'അവൾ'. എന്റെ നേരെ ഉയർന്ന ഒരുപാട് ചോദ്യ ശരങ്ങളെ തടഞ്ഞു നിർത്തിയത് 'അവളാണ്'. 'അവളുടെ' നല്ല മനസ്സാണ്. അതും കൂടി ഇല്ലെങ്കിൽ ഇങ്ങനെ ഒരു ദിവസം എന്റെ അയ്നമോളുടെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നോ..? അറിയില്ല.
ഈ ഒരു ദിവസം അവളെ യഥാർത്ഥത്തിൽ ഒരുക്കേണ്ട ആൾ ഏഴാകാശങ്ങൾക്കപ്പുറത്തു നിന്ന് ഇതൊക്കെ കാണുന്നുണ്ടാവുമോ..?
ഒരിക്കൽ കൂടി പഴയ ആ ഓർമ്മകളെ തിരഞ്ഞു കൊണ്ട് മനസ്സ് യാത്ര തുടങ്ങുകയാണ്.
അലമാരയ്ക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചു വെച്ച, പഴയ ഒട്ടേറെ ഓർമ്മകളുടെ 'നിധികൾ' ഒളിച്ചിരിക്കുന്ന പുസ്തകങ്ങൾക്കും ഡയറികൾക്കും ഇടയിൽ നിന്ന് എട്ടു വർഷം പഴക്കമുള്ള, നീല നിറമുള്ള ആ ഡയറി പുറത്തെടുത്തു.
ഈ പുസ്തകത്തിൽ ശാന്തമായി ഉറങ്ങിക്കിടക്കുന്നത് ഒരു പെൺകുട്ടിയുടെ ജീവിതമാണ്. എന്റെ പ്രിയപ്പെട്ട ഒരു വിദ്യാർത്ഥിനിയുടെ കഥയാണ്. അയ്ന മോളുടെ അമ്മയുടെ കഥയാണ്.
കോളേജിൽ അധ്യാപകനായി ജോലി ചെയ്യാൻ തുടങ്ങിയ ആദ്യ കാലം.
ഫൈനൽ ഇയർ ബിടെക് EC ബാച്ചിന്റെ ക്ലാസ്സ് ചാർജ് ഏറെ
പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. ഒരദ്ധ്യാപകന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്നത് അയാളുടെ ഫസ്റ്റ് ബാച്ചാണെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ, അധ്യാപന ജീവിതത്തെയും കടന്ന്, കുടുംബ-സൗഹാർദ ബന്ധങ്ങളിൽ പോലും ആ കാലം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
എല്ലാതരം വിദ്യാർഥികളുമുള്ള ഒരു സാധാരണ ക്ലാസ് തന്നെയായിരുന്നു അത്. ഒരു അധ്യാപകന് ചില കുട്ടികളോട് മാത്രം പ്രത്യേകമായ താല്പര്യമോ പരിഗണനയോ പാടില്ലെന്നാണ്. പക്ഷെ, പലപ്പോഴും നമ്മെ വല്ലാതെ സ്വാധീനിക്കുന്ന ചില കുട്ടികളുണ്ടാവും. ഒരു ക്ലാസ്സിനെ ആക്റ്റീവ് ആയി നിലനിർത്തുന്ന, ആ ക്ലാസ്സിന്റെ എല്ലാമായ ചില കുട്ടികൾ.
വർഷങ്ങൾ കടന്നു പോയാലും, പുതിയ ഒരുപാട് ബാച്ചുകൾ കടന്നു വന്നാലും, ചുരുക്കം ചില കുട്ടികൾ നമ്മുടെ മനസ്സിൽ നിലനിൽക്കും.
അവരെക്കുറിച്ച വല്ലപ്പോഴും അന്വേഷിച്ചു പോവും.
അന്ന് ആ ബാച്ചിൽ സമർത്ഥയായ ഒരു കുട്ടി ഉണ്ടായിരുന്നു. എല്ലാ അധ്യാപകർക്കും പ്രിയപ്പെട്ട, ക്ലാസ്സിലെ ഏറ്റവും ആക്റ്റീവ് ആയ ഒരു പെൺകുട്ടി.
വിദ്യയും വിനയവും കൊണ്ട് അനുഗ്രഹിച്ച വിദ്യാർത്ഥികൾ ഏതൊരു അധ്യാപകന്റെയും ഏറ്റവും വലിയ സ്വത്താണ്. അവരെ കുറിച്ച് നമുക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടാവും. ഇതെന്റെ സ്റ്റുഡൻറ് ആണെന്ന് അഭിമാന പൂർവം നമ്മൾ പറയും. ഏതാനും മാസങ്ങൾ കൊണ്ട് തന്നെ ആ ബാച്ചും അവളും എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറി.
പക്ഷെ, ശരി-തെറ്റുകൾ നിർ.വചിക്കുന്നതിൽ അവൾക്കു പറ്റിയ പിഴവോ അതോ ദൈവത്തിന്റെ അലംഘനീയമായ വിധിയോ അറിയില്ല അരുതാത്ത പലതും സംഭവിച്ചു പോവാൻ ഇടയായത്.
അന്നൊരു രാത്രിയിലാണ്, അവൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നു ഫോണിൽ ആരോ വിളിച്ചു പറഞ്ഞത്.
രാവിലെ പോയാൽ മതിയെന്ന് ഉമ്മ പറഞ്ഞിട്ടും ഞാൻ രാത്രി തന്നെ അവളെ കാണാൻ പോയി.
വീട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ട്. കോളേജിൽ നിന്ന് ഞാൻ മാത്രമേ ഉള്ളൂ. രക്ഷിതാക്കളോട് വിവരം അന്വേഷിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. അവൾ ആത്മഹത്യക്കു ശ്രമിച്ചിരിക്കുന്നു. പക്ഷെ, സമയത്തിന് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടിരിക്കുന്നു. ബോധം തെളിഞ്ഞിട്ടും ആരോടും സംസാരിക്കാൻ തയാറാവുന്നില്ല. ഇത്തരം ഒരു അവിവേകം കാണിക്കാൻ മാത്രം എന്താണ് അവൾക്കു സംഭവിച്ചതെന്ന് അറിയാതെ ഞാൻ പകച്ചു നിന്നു.
"ഞാനൊന്ന് കാണട്ടെ. ഒരു പക്ഷെ എന്നോടവൾ എന്തെങ്കിലും പറഞ്ഞേക്കും."
ഞാൻ അവളുടെ പിതാവിനോട് ചോദിച്ചു. ദീർഘമായ ഒരിടവേളയ്ക്കു ശേഷം അയാൾ തലകുലുക്കി.
എന്ത് പറഞ്ഞു തുടങ്ങണമെന്ന ആകുലതയോടെ ഞാനാ ആശുപത്രി മുറിയിലേക്ക് കടന്നു. കൈത്തണ്ടയിലെ വെള്ളത്തുണികൊണ്ട് കെട്ടിയ മുറിവ് ഞാൻ കാണാതിരിക്കാനായി അവൾ മറക്കാൻ ശ്രമിച്ചെങ്കിലും മുകളിലെ ചുവന്ന രക്തക്കുപ്പിയിലേക്ക് ഞാൻ നോക്കുന്നത് കണ്ട് അവൾ മുഖം തിരിച്ചു.
ഞാനവളുടെ പേര് വിളിച്ചു.
അടുത്തുള്ള കസേരയിലിരുന്നു.
ഒരു മാലാഖയെപ്പോലെ വിശുദ്ധമായ ആ മുഖത്തുകൂടി കണ്ണുനീർ തുള്ളികൾ ഒഴുകുന്നത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു.
ഒരുപാട് പ്രതീക്ഷകളോടെ ഞാൻ വളർത്തിയ എന്റെ ശിഷ്യയാണ്. എവിടെയാണ് കുഞ്ഞേ നിനക്ക് തെറ്റ് പറ്റിയത്..?
അവൾ പറഞ്ഞു തുടങ്ങി. മറ്റൊരാളോടും, അവളുടെ രക്ഷിതാക്കളോട് പോലും ഞാനിത് പറയില്ലെന്ന ഉറപ്പു വാങ്ങിച്ചു കൊണ്ട് അവൾ പറഞ്ഞു തുടങ്ങി. ഈ കേട്ടതെല്ലാം സത്യമാവരുതേയെന്ന് പ്രാർത്ഥിക്കാൻ പോലും എനിക്കായില്ല. എങ്ങനെ നീയീ ചതിയിൽ അകപ്പെട്ടു കുട്ടീ എന്നവളോട് ചോദിക്കാൻ എന്റെ ശബ്ദം പൊങ്ങിയില്ല. പ്രിയപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സിനുണ്ടാവുന്ന ഒരു വിങ്ങലുണ്ട്. കണ്ണുകളിൽ ഇരുട്ട് കയറുന്ന, ഹൃദയത്തിൽ തീ ആളിക്കത്തുന്ന ഒരു പ്രതീതി.
എപ്പോഴോ ഫോണിൽ വന്ന ഒരു മിസ്സ്‌ഡ് കോളിന്റെ മറുവശം അന്വേഷിച്ചുള്ള യാത്ര, ഓൺലൈൻ സൗഹാർദങ്ങൾ കടന്ന്, പ്രണയത്തിനും പങ്കുവെക്കലുകൾക്കും അപ്പുറത്തെത്തുമ്പോൾ, ഒടുവിൽ താൻ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോൾ, വിലപ്പെട്ടതെല്ലാം തനിക്ക് നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോൾ, ഒരു നിമിഷത്തെ ബുദ്ധിമോശം ഒരു കുഞ്ഞു ജീവന്റെ സ്പന്ദനം ഉദരത്തിൽ സമ്മാനിച്ചിരുന്നു എന്ന് തിരിച്ചറിയുമ്പോൾ, പിന്നെ അവളുടെ മനസ്സ് ഇതല്ലാതെ മറ്റെന്തു ചെയ്യാൻ..?
ആരാണ് നിന്നെ ചതിച്ചതെന്ന് എനിക്ക് ചോദിക്കാൻ തോന്നി. പക്ഷെ, സ്വന്തം രക്ഷിതാക്കളോട് പോലും മറച്ചു വെച്ച സത്യങ്ങൾ എന്റെ മുന്നിൽ ഏറ്റു പറഞ്ഞ അവളോട് ആ ചോദ്യം കൂടുതൽ വേദനിപ്പിക്കുന്നതാവുമോ എന്ന് ഞാൻ ഭയന്നു. പക്ഷെ, അവൾ തുടർന്നു.
"എന്റെ സ്വപ്നങ്ങൾ തകർത്ത മനുഷ്യൻ ആരാണെന്നാവും സാർ ആലോചിക്കുന്നത്. പക്ഷെ, ഞാൻ അത് പറയില്ല. എന്റെ പ്രണയം സത്യമായിരുന്നു. എന്റെ വിശ്വാസം സത്യമായിരുന്നു. എന്നെ വഞ്ചിച്ചത് പോലെ തിരിച്ചു കാണിക്കുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് എന്നെ സ്നേഹത്തിലുള്ള സത്യത്തെയാണ്.
ഇന്ന് ഞാൻ പലതും തീരുമാനിച്ചു കഴിഞ്ഞു.
ഇനി ഒരിക്കൽ കൂടി ജീവിതത്തിൽ ഞാൻ തോൽക്കില്ല. എല്ലാം അവസാനിപ്പിക്കാനും ശ്രമിക്കില്ല.
നാളെ ഒരുപക്ഷെ എല്ലാം എല്ലാവരും അറിഞ്ഞേക്കാം. ജീവിതത്തിൽ തെറ്റുപറ്റിപ്പോയവളെന്നു ആരൊക്കെ പറഞ്ഞാലും, ഞാൻ ജീവിക്കും. എനിക്ക് ജീവിക്കണം. വിശ്വസിക്കുന്നവരെ ചതിക്കരുതെന്ന പാഠം എന്റെ ഉള്ളിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു ജീവനെ പഠിപ്പിക്കാൻ വേണ്ടിയെങ്കിലും എനിക്ക് ജീവിക്കണം."
അവളുടെ മുഖത്തേക്ക് എല്ലാം കേട്ടുകൊണ്ട് നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു... തിരിച് ഒരു വാക്കു പോലും പറയാനാവാതെ, നിശബ്ദമായിപ്പോയ മനസ്സുമായി ഞാൻ അവിടെ നിന്ന് എഴുന്നേറ്റു. എന്നിലവളർപ്പിച്ച വിശ്വാസത്തിനു പകരമായി, ഒരു ഗുരുനാഥന് ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷവും ദുഖവും ഒരുമിച്ച് അനുഭവിച്ച ഞാൻ 'ദൈവം നിന്നെ അനുഗ്രഹിക്കട്ടെ' എന്ന പ്രാർത്ഥനാ വാക്യം മാത്രം പറഞ്ഞു അവിടെനിന്നിറങ്ങി.
പുറത്ത്, ദീർഘനേരത്തെ ഞങ്ങളുടെ സംസാരത്തിന്റെ ഉള്ളടക്കം കാത്തിരിക്കുന്ന ഒട്ടേറെ പേരുണ്ടായിരുന്നു.
എന്താണവൾ നിങ്ങളോട് പറഞ്ഞതെന്നു ചോദ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നുവന്നു. ഒന്നും പറയാതെ വേഗം ഞാൻ അവിടെനിന്ന് നടന്നകന്നു..
കാലത്തിന്റെ ഘടികാരം ആരെയും കാത്തു നിന്നില്ല. അദൃശ്യമായ കരങ്ങളിൽ കൃത്യതയോടെ അത് മുന്നോട്ട് കറങ്ങിക്കൊണ്ടിരുന്നു.
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി.
ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങൾ അവൾക്കു നേരെയും എനിക്ക് നേരെയും ഉയർന്നു വന്നു. അവളുടെ മൗനം എന്നെയും മൗനം പാലിക്കാൻ നിർബന്ധിതനാക്കി. ഉദാത്തമായ ഒരു ഗുരു-ശിഷ്യ ബന്ധത്തെ പോലും സംശയത്തോടെ നോക്കുന്ന കണ്ണുകൾ കണ്ടിട്ടും ഞാൻ നിശബ്ദനായി നിന്നു; അവൾക്കു വേണ്ടി.
സ്വന്തം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പോലും നോവുന്നതായി തോന്നിയിട്ടിട്ടാവണം അവൾ എന്നോട് ചോദിച്ചത്. എനിക്ക് താമസിക്കാൻ ഒരു വീട് കിട്ടുമോ..?
സുരക്ഷിതമായി അവളെ താമസിപ്പിക്കാൻ പറ്റുന്ന, എന്നെപ്പോലെ അവളെയും സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സുള്ള ഹൃദയം വീട്ടിൽ ഉള്ളത് കൊണ്ട് ധൈര്യപൂർവ്വം ഞാനവളെ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നു. സംശയത്തോടെ നോക്കാത്ത, ചോദ്യ ശരങ്ങൾ കൊണ്ട് മുറിവേൽപ്പിക്കാത്ത പ്രിയപ്പെട്ട ഉമ്മയുടെ കയ്യിൽ അവളെ ഏൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു. 'സ്വന്തം മോളെ പോലെ നോക്കണം.'
ബാധ്യതയും അപമാനവും ഒഴിവായി എന്ന് തോന്നിയിട്ടാവണം അവളുടെ വീട്ടുകാരും പിന്നെ തിരിഞ്ഞു നോക്കിട്ടില്ല.
അഞ്ചര വർഷങ്ങൾക്കു മുമ്പുള്ള ഒരു രാത്രി, ഒരു കുഞ്ഞു മാലാഖയെ സമ്മാനിച്ചു കൊണ്ട്, എല്ലാ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട്, കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളുമില്ലാത്ത, ചതിയും വഞ്ചനയുമില്ലാത്ത ഒരു ലോകത്തേക്ക് അവൾ യാത്ര പറഞ്ഞു. അവൾക്കു വേണ്ടി ഒരു തുള്ളി കണ്ണ് നീർ പൊഴിക്കാൻ ഞാനും ഉമ്മയും പിന്നെ ഒന്നുമറിയാതെ നിലവിളിക്കുന്ന ഒരു ചോരക്കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ന് അഞ്ചര വർഷങ്ങൾക്കിപ്പുറം, കാലം , വിധി ഞങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നു. അമ്മയില്ലാത്ത ഒരു പൈതലിൽ നിന്നു അഞ്ചു വയസ്സുകാരിയിലേക്കുള്ള ദൂരം ഒരുപാടായിരുന്നു. ഇടയ്ക്കെപ്പോഴോ ജീവിതത്തിലേക്ക് കൂട്ടായി 'അവൾ' കടന്നു വന്നപ്പോഴും പേടി, എന്റെ അയ്ന മോൾക്ക് അവളൊരു അമ്മയാവുമോ എന്നുള്ളതായിരുന്നു. ആ സ്ഥാനം 'അവൾ' ഭംഗിയായി നിർവഹിക്കുന്നത് ഞാൻ കണ്മുന്നിൽ ഇവിടെ, ഈ കണ്ണാടിക്കു മുന്നിൽ കണ്ടുകൊണ്ടിരിക്കുകയാണ്.
രണ്ടുതുള്ളി ചുടുകണ്ണുനീർ വീണ ആ ഡയറി അടച്ചു വെച്ച് ഞാൻ എഴുന്നേറ്റു. ജീവിതത്തിലെ പുതിയ പാഠങ്ങൾ അഭ്യസിക്കാനായി എന്റെ അയ്ന മോളിന്ന് പോവുകയാണ്.
"കുഞ്ഞേ, അറിവ് നേടാനായുള്ള ഈ വിദ്യാലയ യാത്രയിൽ ജീവിതത്തെ കുറിച്ചുള്ള തിരിച്ചറിവ് നിനക്ക് നഷ്ടപ്പെടാതിരിക്കട്ടെ. ചുറ്റുപാടുമുള്ള ചതിക്കുഴികൾ തിരിച്ചറിയാൻ നിന്റെ കണ്ണുകൾക്ക് കഴിയട്ടെ. അരുതാത്തതിൽ നിന്നു പിന്തിരിയാൻ നിന്റെ മനസ്സിന് കരുത്തുണ്ടാവട്ടെ. ഏതു ജീവിത സാഹചര്യത്തിലും സത്യവും വിശ്വാസവും കാത്തു സൂക്ഷിക്കാൻ നിനക്ക് കഴിയട്ടെ."
ഞാനും നിന്റെ അമ്മയും നേരിട്ട ചോദ്യങ്ങൾ നാളെ മുതൽ നിന്നിലേക്കും നീളും. അത് നിന്നെ തളർത്താതിരിക്കട്ടെ.
നിന്റെ 'അമ്മ എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യയും ഞാനവളുടെ പ്രിയപ്പെട്ട ഗുരുവും മാത്രമായിരുന്നു. ഉദാത്തമായ ആ ഗുരു-ശിഷ്യ ബന്ധത്തെ കുറിച്ച നാളെ നിന്റെ കാതുകളിൽ അരുതാത്തതൊന്നും കേൾക്കാതിരിക്കട്ടെ.
നിന്റെ അമ്മയ്ക്ക് ഞാൻ ഗുരുവായിരുന്നു.
നിന്നിൽ നിന്നും ചോദ്യങ്ങളുയരുന്ന നാൾ വരെയെങ്കിലും ഞാൻ ശാന്തമായ മനസ്സോടെ ജീവിക്കട്ടെ.!
ശുഭം.