Monday, January 18, 2016

നിഴൽ മൂടിയ നിലാവ്

മോളൂട്ടിയുടെ പാദസരങ്ങളുടെയും   തിമർത്തു പെയ്യുന്ന കർക്കടക മഴയുടെയും താളമേളങ്ങൾ ആസ്വദിച്ച് ഉമ്മറക്കൊലായിൽ ഇരിക്കുകയായിരുന്നു. ഉതിർന്നു വീഴുന്ന മഴത്തുള്ളികൾക്കും അവളുടെ കുഞ്ഞിക്കൊലുസിനും ഒരേ നിറമാണിപ്പോൾ.

എത്ര നേരമായി ഇതിവിടെക്കിടന്ന് ബെല്ലടിക്കുന്നൂ എന്നു  പറഞ്ഞ് മൊബൈലുമായി അവൾ കടന്നു വന്നതപ്പോഴാണ്.

"ഇതിപ്പോ മൂന്നാം വട്ടമാണ് വിളിക്കുന്നത്. രണ്ടു പേരും കൂട്ടികളായോണ്ട് ചുറ്റുപാടും നടക്കണതൊന്നും അറിയണ്ടല്ലോ."
എന്നേം മോളൂട്ടിയേം നോക്കി അവൾ കണ്ണുരുട്ടുന്നത് ഗൗനിക്കാതെ ഞാൻ ഫോണെടുത്തു. ബഷീർക്കയാണ്, അക്ബർ ട്രാവൽസിൽ നിന്ന്.

ഒരിക്കലും കേൾക്കാൻ ഇഷ്ടപ്പെടാത്ത  ആ വാർത്ത ഉൾക്കൊള്ളാനാവാതെ ഹൃദയം കൂടുതൽ ഉച്ചത്തിൽ മിടിച്ചു. മേഘാവൃതമായ മുഖത്ത്  ഉരുണ്ടുകൂടിയ നീർത്തുള്ളികൾ കൺപോളകളെ ഭേദിച്ച് കൊണ്ട്  കവിളിലൂടെയൊഴുകി.

ഒന്നും മനസ്സിലാവാതെ അന്ധാളിച്ചു നിൽക്കുന്ന അവളോട് അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ പറഞ്ഞു:

"കോയ മാഷ് പോയി..! "

രക്തബന്ധങ്ങളേക്കാളും മനസ്സിൽ സ്ഥാനം പിടിക്കുന്ന ചിലരുണ്ട്. ജീവിതത്തിൽ ഇന്നോളം കണ്ടുമുട്ടിയ ഒട്ടേറെ മുഖങ്ങളിൽ ഉള്ളിന്റെയുള്ളിൽ തന്റേതുമാത്രമായ സ്ഥാനം സ്വന്തമാക്കിയ വളരെ ചുരുക്കം ചിലർ. അവരിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഇനിയില്ലെന്ന് ഉൾക്കൊള്ളാനാവാതെ  ഞാനിരുന്നു.

മഴയെ വകവെക്കാതെ പെട്ടെന്ന് റെഡിയായി എയർപോർട്ടിലേക്ക് തിരിച്ചു. ഇന്നലെ രാത്രി അവിടെ കൊണ്ടാക്കും വരെ ഒരു പ്രശ്നവും ഇല്ലാത്ത ആളാണ്. ഫ്ലൈറ്റ് ഡിലൈ ആവുമെന്ന് അറിഞ്ഞപ്പോൾ, "ഞാൻ രാവിലെ പുറപ്പെടും മുമ്പ് വിളിച്ചോളാം,നീ പൊയ്ക്കോ" എന്ന് പറഞ്ഞു തിരിച്ചയച്ചതാണ്. പക്ഷേ, എല്ലാം ഇത്ര പെട്ടെന്ന് അവസാനിക്കാനായിരുന്നോ ദൈവ നിശ്ചയം.

മാഷുടെ  മക്കളെ വിവരമറിയിക്കണോ?
ഇതുവരെ കാണിക്കാത്തതെതെങ്കിലും  ഇനി മരണ ശേഷം പ്രതീക്ഷിക്കുന്നതിൽ  അർത്ഥമുണ്ടെന്ന് തോന്നുന്നില്ല.
എന്തായാലും എയർപോർട്ടിൽ എത്തിയിട്ടാവാം ബാക്കി എല്ലാം.

NH-ൽ മുഴുവൻ നല്ല തിരക്കാണ്. കണ്ണുകൾക്കും  കാറിനും  മുന്നിൽ  നിറയുന്ന നീർത്തുള്ളികൾ കാഴ്ച മറക്കുന്നു. എല്ലാവരും അജ്ഞാതമായ ഏതോ ലക്ഷ്യത്തിലേക്ക് ഓടിയെത്താൻ ധൃതി കാണിക്കുന്നവർ. എല്ലാ തിരക്കുകളും തീർന്ന് മനുഷ്യൻ  സ്വസ്ഥമായിരിക്കുന്ന സമയം മരണം മത്രമാവുമോ?

കോയ മാഷ്. 
ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠപുസ്തകം.
കോയ മാഷ് നിക്കാരായിരുന്നു.?
ഗുരുനാഥൻ, സഹപ്രവർത്തകൻ, വഴികാട്ടിഅതിനേക്കാളൊക്കെ ഉപരിയായി ഒരു പിതാവിന്റെ വാത്സല്യവും ഒരു സുഹൃത്തിന്റെ സ്വാതന്ത്ര്യവും  ഒരു പോലെ അനുഭവിച്ചവർണ്ണനകൾക്കതീതമായ സ്നേഹത്തിന്റെ ചായക്കൂട്ടുകൾ സമ്മാനിച്ചയാൾ.

PSC കിട്ടി സ്കൂളിൽ കയറിയ അന്നു മുതലുള്ള ബന്ധമാണ്. അധ്യാപനം എന്നത് ഒരു ജോലിയേക്കാൾ ഉപരിയായി ഒരു ആത്മസമർപ്പണമായി കരുതിയ, നല്ല നാളെയുടെ  പ്രതീക്ഷകൾ കുഞ്ഞു മലരുകളിൽ വിരിയിച്ചെടുക്കാൻ  ദൈവം അനുഗ്രഹിച്ച ഗുരുനാഥനായിരുന്നു അദ്ദേഹം. ഓരോ കുട്ടിയേയും അവരുടെ നാടും വീടും സ്വപ്നങ്ങളും ഉൾപ്പെടെ മാഷ്‌ മനസ്സിലാക്കിയിരുന്നു. സീനിയർ അധ്യാപകനിൽ നിന്ന് ഹെഡ്മാസ്റ്റരുടെ കസേരയിലേക്ക് മാറിയിട്ടും മാഷിനു കുട്ടികളോടുള്ള അലിവ് കൂടുകയാണ്  ചെയ്തത്.

വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ട് എന്റെ സ്കൂട്ടറിനു പിന്നിൽ ബസ്റ്റോപ്പ് വരെയുള്ള  യാത്രകളിൽ, ബസ്റ്റോപ്പിനു പിന്നിലെ ചായമക്കാനിയിൽ, മാസത്തിലൊരിക്കലെങ്കിലും മോളൂട്ടിയെ കാണാനായി വീട്ടിലെത്തുന്ന വിരുന്നുകാരനിൽ... ഓർമ്മകളുടെ വിശാലമായ മേച്ചിൽപുറങ്ങളിൽ കോയമാഷുടെ കറുത്ത കണ്ണടയും നിറഞ്ഞ പുഞ്ചിരിയും പൂത്തു തളിർത്തു നിൽക്കുന്നു. 

കർച്ചീഫെടുത്തു  കണ്ണു തുടക്കവേ  വീണ്ടും  ബഷീർക്കയുടെ  നമ്പർ  ഫോണിൽ  തെളിഞ്ഞു. ബഷീർക്കയാണ് ഒരാഴ്ചകൊണ്ട് എല്ലാം ശരിയാക്കിയത്.

"നീ  എയർപോർട്ട്   റോഡിലെ  മെഡിക്കൽ  സെന്ററിൽ എത്തിയാൽ മതി. ഇവിടത്തെ ഫോർമാൽറ്റീസൊക്കെ ഞങ്ങൾ തീർത്തു. പിന്നെ, മാഷുടെ മക്കളെ വിവരം അറിയിച്ചില്ലേ..?
ചിലപ്പോ ഹോസ്പിറ്റലിൽ അവരാരെങ്കിലും വേണ്ടി വന്നേക്കും"

മക്കളെ വിളിച്ചറിയിക്കണം  പോലും.
എന്താണ് ഞാനവരോടു പറയേണ്ടത്..? നിങ്ങളുടെ 'ശല്യം' അവസാനിച്ചു എന്നോ..അതോ , ഇത്രയും നാൾ നിങ്ങളുടെ 'ഉറക്കം കെടുത്തിയ ആൾ' മരണപ്പെട്ടു എന്നോ..?

മാഷ്‌  പലപ്പോഴും എന്റെ മുന്നിൽ  കണ്ണു നിറച്ചിരുന്നത് സ്വന്തം മക്കളെ കുറിച്ചു  പറഞ്ഞായിരുന്നു. ഒരുപാടൊരുപാട് കുട്ടികൾക്ക് നന്മയുടെ വഴികാട്ടിയ എന്റെ വിധി ഇങ്ങനെയായല്ലോ എന്ന് പറഞ്ഞു വികാരഭരിതനാവുന്നതിനു  ഒട്ടേറെ തവണ ഞാൻ സാക്ഷിയായിരുന്നു.

കഴിഞ്ഞ ആഴ്ച വീട്ടിൽ വന്നപ്പോഴാണ് ഏറെ സങ്കടത്തോടെ മാഷാ കാര്യം പറഞ്ഞത്. ഒരിക്കൽ കൂടെ ഉമ്രക്കു പോകണം... മരിക്കുന്നതിനു മുമ്പ്, പൂർണ ആരോഗ്യത്തോടെ ഇനിയോരിക്കലൂടെ പോവാൻ പറ്റുമോ എന്നറിയില്ലെന്ന്.

"അതിനെന്താ മാഷെ പ്രശ്നം...മാഷ്‌ പോയി വരൂ..രണ്ടാഴ്ചത്തെ കാര്യല്ലേ ഉള്ളൂ" എന്ന് ഞാൻ പറഞ്ഞപ്പോൾ മാഷുടെ കണ്ണുകൾ നനഞ്ഞിരുന്നു.

" ഞാനിതു പറഞ്ഞപ്പോൾ എന്റെ മക്കളെന്നോട് പറഞ്ഞതെന്താന്ന് അറിയോ നെനക്ക്.. വയസുകാലത്ത് അവിടെങ്ങാനും അടങ്ങി കഴിഞ്ഞാ പൊരേന്ന്...അല്ലെങ്കിലേ  രാത്രിയായാൽ ഉറങ്ങൂല്ല, ബാക്കിള്ളോരെ ബുദ്ധിമുട്ടിപ്പിക്കാൻ ഇനി ഉമ്രക്ക് പൊണമല്ലേ എന്ന്.

എന്തൊക്കെ പറഞ്ഞാലും സ്വന്തം മക്കളല്ലേ എന്ന് കരുതി ഞാൻ ക്ഷമിച്ചു. ട്രാവൽ ഏജൻസി വഴി പോവാനുള്ള കാര്യങ്ങളൊക്കെ ശരിയാക്കി. ടിക്കറ്റിനും മറ്റുമായി കുറച്ച്‌ കൂടി പൈസയുടെ ആവശ്യം ഉണ്ടായിരുന്നു. ഞങ്ങളുടെ സമ്മതമില്ലാതെ പോകുന്നതല്ലേ , കാശിന്റെ കാര്യവും പറഞ്ഞ് ഇങ്ങോട്ട് വരേണ്ടെന്ന് എന്റെ മൂത്ത മോൻ മുഖത്തുനോക്കി പറഞ്ഞെടോ. എനിക്കുള്ളതെല്ലാം  അവർക്ക്  ഞാൻ വീതിച്ചു  നൽകിയിട്ടുണ്ട് ... എന്റെ മരണ  ശേഷം  എന്റെ മക്കൾ  തമ്മിലടിക്കാതിരിക്കാൻ. ആവുന്നപോലോക്കെ എന്റെ  കാര്യങ്ങൾക്ക് അവരെ ബുദ്ധിമുട്ടിപ്പിക്കാതെ  നോക്കുന്നുമുണ്ട്. എന്നിട്ടും എന്താടോ അവർ...?

"മാഷെ, മാഷിന്  എത്ര രൂപ വേണം..? പറയൂ ഞാൻ തരാം.."

"ഇതുപോലെ ഒരു വാക്ക് എന്റെ സ്വന്തം മക്കളിൽ  നിന്ന് കേൾക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ മോനേ... "

അന്ന് ആവശ്യപ്പെട്ട തുകയുമായി, 'അടുത്ത മാസം ഞാനിതു തിരിച്ചു തരും  കേട്ടോ, അതുവരെ നീ ക്ഷമിക്ക്', എന്ന് പറഞ്ഞാണ്  കോയ മാഷ്‌ പോയത്.

ഒരു മകന്റെ സ്ഥാനത്തു നിന്ന് യാത്രയ്ക്കു  മുന്നോടിയായി  കയ്യിൽ  കരുതേണ്ട സാധനങ്ങളും മറ്റും വാങ്ങാൻ കൂടെ പോയതും  ഇന്നലെ  എയർപോർട്ടിൽ കൊണ്ടുവിട്ടതും ഞാനാണ്. ട്രാവൽസിലെ ബഷീർക്കയോട് മാഷുടെ കാര്യം പ്രത്യേകം  ശ്രദ്ധിക്കണമെന്ന് പറഞ്ഞേൽപ്പിച്ച് സമാധാനമായി മടങ്ങിയതാണ്. പക്ഷെ, എല്ലാം നിയന്ത്രിക്കുന്ന സർവേശ്വരന്റെ തീരുമാനം മറ്റൊന്നായിരിക്കാം.

കാർ നിർത്തി മനസ്സില്ലാ  മനസ്സോടെ ഞാൻ ഫോണിൽ മാഷുടെ വീട്ടിലെ നമ്പർ പരതി.
മൂന്ന് ആണ്മക്കളും രണ്ടു പെൺമക്കളുമായി അഞ്ചു പേരുണ്ട്. ഇളയമകൻ സിറ്റി ഹോസ്പിറ്റലിൽ ഡോക്ടറാണ്. ഒരാള് KSEB-യിൽ എഞ്ചിനിയർ. മൂന്നാമൻ ഗൾഫിൽ. പെണ്മക്കളും ഭർത്താക്കന്മാരോടോത്തു വിദേശത്ത്‌. എല്ലാം 'തികഞ്ഞ' മക്കളുണ്ടായിട്ടും ആ മനസ്സറിയാൻ ഒരാൾക്കും സാധിക്കാതെ പോയി .

ചുരുങ്ങിയ വാക്കുകളിൽ കാര്യം അവതരിപ്പിച്ച്‌ , ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞ് ഞാൻ വണ്ടിയെടുത്തു.
അവിടെ ബഷീർക്ക കാത്തുനിൽക്കുന്നുണ്ടായിരുന്നു.

"ചില പെപേഴ്സൊക്കെ  സൈൻ ചെയ്യാനുണ്ട്. മാഷേ മക്കളാരും എത്തീല്ലല്ലോ..."

"വരും..."

ഒറ്റവാക്കിൽ മറുപടി നൽകി നിശബ്ദമായ ആ നീണ്ട  ഇടനാഴി കടന്നു ഞാൻ മോർച്ചറിക്കു മുന്നിൽ ചെന്നു നിന്നു.
മാഷെ ഒരു നോക്കു  കാണാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, എന്നെ നോക്കി  പുഞ്ചിരിക്കാൻ കഴിയാത്ത, മോർച്ചറിയിലെ  ഫ്രീസറിൽ തണുത്തു മരവിച്ചു കിടക്കുന്ന  ആ ശരീരത്തെ കാണാൻ എന്റെ കണ്ണുകൾക്കാവുമായിരുന്നില്ല.

വൈകാതെ, മാഷ്‌ടെ മക്കൾ രണ്ടു പേര് വന്നു.
ഒരു കുറ്റവാളിയെപ്പോലെ അവരെന്നെ നോക്കുന്നുണ്ടായിരുന്നു.
വെള്ള പുതച്ച ആ ശരീരം കൊണ്ടുവന്നപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
ജീവിച്ചിരുന്നപ്പോൾ നിങ്ങളെയോർത്ത് ഈ മനുഷ്യൻ  ഇതിലും കൂടുതൽ കണ്ണുനീർ പൊഴിച്ചിട്ടുണ്ടെന്ന് പറയാനെനിക്കു  തോന്നി. പക്ഷെ, ആ മനസ്സിൽ ഒരു മകന്റെ സ്ഥാനം നൽകിയ ദേഹത്തിന് മുന്നിൽ അങ്ങനെ ചെയ്യുന്നത് മര്യാദ കേടാകുമോ  എന്ന് ഞാൻ ഭയന്നു.

ഹോസ്പിറ്റലിലെ കാര്യങ്ങളെല്ലാം പെട്ടെന്ന് പൂർത്തിയാക്കി   ആംബുലൻസിൽ കയറ്റി. അതു  വരെ കൂടെയുണ്ടായിരുന്ന ഞാനും ബഷീർക്കയുമെല്ലാം അപരിചിതരെ പോലെ ആയി.

പോകാൻ നേരം മാഷ്‌ടെ മൂത്ത മകൻ എന്നെ നോക്കി പറഞ്ഞു:
"നിങ്ങളാണ്  ഇതിനെല്ലാം ഉത്തരവാദി.
ഉപ്പയെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചപ്പോൾ സമാധാനമായില്ലേ.
നിങ്ങൾക്കായിരുന്നല്ലോ വല്യ നിർബന്ധം... മക്കൾക്കില്ലാത്ത ദണ്ഡം മറ്റുള്ളവർക്ക് വേണ്ട. എല്ലാം കഴിഞ്ഞിട്ട്  ഞാൻ ഒന്നുകൂടി വരുന്നുണ്ട്... ബാക്കി അപ്പൊ പറയാം..."

ഒരു പിതാവിന്റെ മരണത്തിനു മുന്നിലും ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിഞ്ഞ അയാളുടെ മനസ്സിനെ ഓർത്തു ഞാൻ അത്ഭുതപ്പെട്ടു. പാതിയടച്ച ആംബുലൻസിനുള്ളിൽ ശാന്തമായി 'ഉറങ്ങുന്ന' അദ്ദേഹത്തെ ഒരിക്കൽ കൂടി എത്തി നോക്കി, ഞാൻ അയാളോട് പറഞ്ഞു.

"നിങ്ങൾ ഒരു മകനായിരുന്നു എന്നും ആ കിടക്കുന്നത് നിങ്ങളുടെ പിതാവായിരുന്നു എന്നും കുറച്ച്‌ കൂടി നേരത്തെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞിരുന്നുവെങ്കിൽ...
എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു.
ഇതുപോലൊരു  ഒരു മനുഷ്യന്റെ മകനായിരുന്നിട്ടും ആ മനസ്സുവായിക്കാൻ, ആ മനസ്സിലെ ഇഷ്ടങ്ങളറിയാൻ നിങ്ങൾക്ക് കഴിയാതെ പോയല്ലോ... വളർന്നു വരുന്ന നിങ്ങളുടെ മക്കൾക്കെങ്കിൽ    'മകൻ' എന്ന വാക്കിന്റെ അർത്ഥവും ആഴവും നിങ്ങൾക്ക് സംഭവിച്ചതു  പോലെ പാഴായിപ്പോവാതിരിക്കട്ടെ... ഉള്ളിൽ അൽപമെങ്കിലും കാരുണ്യം ബാക്കിയുണ്ടെങ്കിൽ ആ മനുഷ്യന് വേണ്ടി സർവേശ്വരനോട് പ്രാർഥിക്കൂ".

                                             * * * 

അങ്ങനെ എല്ലാ മനുഷ്യരേയും പോലെ, തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പരാതികളും പരിഭവങ്ങളും കാപട്യത്തിന്റെ കറപുരണ്ട ഈ ഭൂമിയിൽ  ബാക്കി വച്ച്, അങ്ങകലെ എഴാമാകാശത്തിനും അപ്പുറത്തെ സർവശക്തനായ ദൈവത്തിന്റെ സ്വർഗ്ഗലോകത്തിന്റെ അതിരുകൾ തേടി ആ ആത്മാവും യാത്രയായി.

ഓരോ മനുഷ്യാത്മാവിന്റെയും ഭൂമിയിലെ ഓർമ്മകളായ മീസാൻ കല്ലുകൾ പള്ളിപ്പറമ്പിൽ കോയമാഷുടെ  ഖബറിന്നു മുകളിലും നിവർന്നു  നിന്നു.

ഹൃദയത്തിന്റെ അടിത്തട്ടിൽ ഓരോന്നോരോന്നായി അടുക്കിവെച്ച മനോഹരമായ ഓർമ്മകളുടെ ഉടമസ്ഥനെ അവിടെ തനിച്ചാക്കി,
ദൈവം അനുഗ്രഹിച്ചാൽ 'നാളെ' സ്വർഗലോകത്ത് നമുക്ക് വീണ്ടും കണ്ടുമുട്ടാം എന്ന് 'സലാം' ചൊല്ലി ഞാൻ വീട്ടിലേക്കു മടങ്ങി.

                                              * * *


മഴ തോർന്ന മുറ്റത്തുകൂടി  ചാലിട്ടൊഴുകുന്ന വെള്ളത്തിൽ കടലാസു തോണിയൊഴുക്കുന്ന മോളൂട്ടിയാണ് എന്നെ വരവേറ്റത്. ഒരു  കടലാസു തോണിപോലെ ഗതിയറിയാത്ത ഈ ജീവിതയാത്രയിൽ നിന്റെയീ കളിവഞ്ചി ഏതു തീരത്തടിയും..?


കുഞ്ഞേ, ഒരു കർക്കടക മഴ പെയ്തു തോർന്ന നമ്മുടെ വീട്ടുമുറ്റത്തും എന്റെ മനസ്സിലും നിന്റെ പാദസരങ്ങളുടെ വെള്ളിമണിക്കിലുക്കവും ഈ കടലാസു വഞ്ചികളും  മറ്റൊരു പേമാരി  തീർക്കുകയാണോ.?