Friday, December 19, 2014

മൂടുപടത്തിനുള്ളിലെ നക്ഷത്രം






ഇതൊരു കഥയല്ല...
അനുഭവ വിവരണവുമല്ല...
ശരീരം സഞ്ചരിച്ച വഴികളെ മനസ്സ് പിന്തുടരുമ്പോഴാണ് അനുഭവക്കുറിപ്പുകൾ പിറവിയെടുക്കുന്നത്...
എന്നാൽ ഇവിടെ യാത്രക്കാരൻ മനസ്സാണ്...
ഹസ്രത് അല്ലാമാ ഇഖ്‌ബാൽ -  ഒരിക്കൽപോലും മദീന കാണാതെ മദീനയോടുള്ള പ്രവാചകനോടുള്ള - തന്റെ സ്നേഹത്തെ കുറിച്ച് കാവ്യമെഴുതിയത് ഓർമവരുന്നു...
എന്റെ ആത്മാവിനെ  ഞാൻ തുറന്നു വിടുന്നു...
അജ്ഞാതമായ  ഭൂമണ്ഡലങ്ങൾ തേടി...
സ്വപ്ങ്ങളുടെ ഉത്തരങ്ങൾ തേടി
ജീവിതത്തിന്റെ  അർഥം  തേടി  ഒരു  യാത്ര
ഈ കുറിപ്പുകൾ ആ കഥ നിങ്ങളോട് പറയും...
സത്യത്തെ തേടുന്ന എല്ലാ സ്ത്രീ മനസ്സുകൾക്കും മുന്നിൽ  ഞാനിതു സമർപ്പിക്കുന്നു.



DAY 1.

മക്കാ റോയൽ ക്ലോക്ക്ടവർ ഹോട്ടൽ.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ലോക്ക് ടവർ.
ദുബായിലെ ബുർജ് ഖലീഫ കഴിഞ്ഞാൽ  ലോകത്തെ ഉയരം 
കൂടിയ കെട്ടിടം.
ഏറ്റവും വലിയ ക്ലോക്ക് ഫെയ്സ്.
സൗദി ബിൻലാദൻ ഗ്രൂപ്പിന്റെ നിർമാണ മികവുകളിൽ ഒന്നാമത്തേത്. 
പക്ഷെ,  ഈ വിശേഷണങ്ങളെക്കാളും ഹോട്ടൽ റൂമിലെ 
ആർഭാടങ്ങളെക്കാളും സുഖ-സൗകര്യങ്ങളെക്കാളും എന്റെ 
മനസ്സിനെ കീഴ്പ്പെടുത്തുന്നത് ഇവിടെ നിന്നും 
പുറത്തേക്കുള്ള കാഴ്ചയാണ്.




മസ്ജിദുൽ ഹറാം…

ദൈവത്തിന്റെ പുണ്യ ഭവനമായ പരിശുദ്ധ കഅബാലയം...
എല്ലാ മാനുഷിക വ്യവഹാരങ്ങളും മറന്നു കൊണ്ട്,
ഏകനായ ദൈവത്തെ മാത്രം മനസ്സിലോർമ്മവരുന്ന മുഹൂർത്തം...
ലക്ഷോപലക്ഷം കണ്ണുകളിൽ നിന്നും ഉതിർന്നു  വീണ 
കണ്ണുനീർത്തുള്ളികൾ  കൊണ്ട് നനഞ്ഞ പുണ്യമന്ദിരം...

ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷമായിരുന്നു ഈ കാഴ്ച...
മനസ്സും ആത്മാവും വിശ്വാസം കൊണ്ട് പൂരിതമാവുന്ന അവസ്ഥാ 
വിശേഷം...

ഹോട്ടലിൽ  നിന്നും  പുറത്തിറങ്ങി  ഹറമിലേക്കുള്ള വഴിയെ നടന്നു.
ഇവിടെനിന്നും  ഏതാണ്ട്  മുന്നൂറു  മീറ്റർ  മാത്രമേയുള്ളൂ.

ആകാശത്തെ  ഉമ്മവെക്കുന്ന  മിനാരങ്ങൾ.
അടുക്കുംതോറും  ഹൃദയ  മിടിപ്പുകൾ  ഉയർന്നു വരുന്നു.
ഒരു  പക്ഷെ  ദൈവത്തിന്റെ  അടിമയായ  മനുഷ്യൻ  
മനസ്സുകൊണ്ട്  അവനോട്  ഏറ്റവും  അടുക്കുന്നത്  
ഈ  ദേവാലയത്തിലിരിക്കുമ്പോഴാവാം
ഓരോരോ കവാടങ്ങളും  കടന്ന്  ഉള്ളിലേക്ക്  നടക്കുമ്പോൾ  
മനസ്സ്  കൂടുതൽ  നിർമലമായിക്കൊണ്ടിരിന്നു

ഇബ്നു  ഖയ്യൂമിന്റെ  ആത്മാവിന്റെ പുസ്തകം-‘Kitaab-Ur Rooh’ – 
-‘The Souls Journey After Death’ - ഓർമ  വരുന്നു.
ആത്മാവിന്റെ  അനുഭൂതികൾ  പലപ്പോഴും  പറഞ്ഞറിയിക്കാൻ  ആവാത്തതാണ്…!

രാത്രി  വളരെ  വൈകിയാണ്  തിരികെ  റൂമിലേക്ക്‌  മടങ്ങിയത്.
തെരുവുവീഥിയിലെ  തിരക്കും വെളിച്ചവും  ഇനിയും മങ്ങിയിട്ടില്ല.
മക്ക - ഈ നഗരം എത്രയെത്ര അത്ഭുതങ്ങൾക്ക് സാക്ഷിയായി.
ഈ മണലാരണ്യങ്ങൽ ഇത്രയേറെ വിശുധരായ പ്രവാചകന്മാർക്ക്‌ കർമഭൂമിയായി.
അറ്റം കാണാത്ത മണൽകാടുകളിലേക്ക് മനസ്സ് സഞ്ചരിക്കുന്നു....

"അഹമ്മദ് മാഷുടെ മോനല്ലേ...?"

പിന്നിൽ നിന്നും തീർത്തും അപ്രതീഷിതമായായിരുന്നു ആ ചോദ്യം.
തിരിഞ്ഞു നോക്കി. ആളെ തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു.

"എന്നെ മനസ്സിലായില്ലേ... കൊടിഞ്ഞിയിലെ അബൂബക്കർ... 
പണ്ട് മാഷുടെ കൂടെ സ്കൂളിൽ പോകുമ്പോൾ എന്നും 
കാണാറുണ്ടായിരുന്നു... ഓർമ്മയുണ്ടോ..?"


മനസ്സിന്റെ ചുരുളുകളിൽ നിന്നും ഇനിയും ചിതലരിച്ചിട്ടില്ലാത്ത 
ആ ഓർമ്മകൾ - കൊടിഞ്ഞിയിലെ ബാല്യകാലത്തിന്റെ സ്മരണകൾ - ഉപ്പയുടെ കൂടെ സ്കൂളിൽ പോയിരുന്ന ദിനങ്ങൾ - അങ്ങാടിയിലെ അബൂബക്കർക്കയുടെ ബലൂണും കോലുമുട്ടായിയും നിറഞ്ഞ ചെറിയ പീടിക- എല്ലാം ഒരു ചിത്രത്തിലെന്ന പോലെ കടന്നു വന്നു...
ഏറെ ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു...

"അബൂബക്കർക്കാ…
എത്ര കാലമായി നിങ്ങളെയൊക്കെ കണ്ടിട്ട്... എന്താ ഇവിടെ...?
ഉമ്രക്കു വന്നതാണോ...?"

"അല്ല മോനെ...എനിക്കിവിടെയാ ജിദ്ദയിലാണ് പണി... ഇവന്റെ  കൂടെ  വന്നതാണിവിടേക്ക്ഇവനെ കൊണ്ട് ഉമ്ര ചെയ്യിക്കണം... ഇവന്റെ ഉമ്മ- എന്റെ പെങ്ങൾ- കഴിഞ്ഞ മാസം മരിച്ചു... നിനക്കോർമയുണ്ടോ അവളെ..? എന്റെ സൈനബയെ..? സൈനുതാത്താ എന്ന് വിളിച്ച് നീ കുറെ അവളുടെ കൂടെ നടന്നിട്ടുണ്ട്..."

വല്ലാത്ത ഞെട്ടലാണ് സൈനുതാത്തയുടെ മരണ വാർത്ത എന്നിലുണ്ടാക്കിയത്.
അപ്പോഴാണ്‌ അബൂബക്കർക്കയുടെ കൂടെയുള്ള ബാലനെ ഞാൻ ശ്രദ്ധിച്ചത്...  സൈനുതാത്തയുടെ അതേ മുഖം...
ഏകദേശം  പതിനാറ്-പതിനേഴു  വയസ്സ്  പ്രായം  കാണും

സൈനുതാത്ത - അവരെക്കുറിച്ചോർക്കുമ്പോൾ  മനസ്സിൽ വല്ലാത്ത  വേദനയുണ്ടാവുന്നു

പണ്ട്  ക്വാർട്ടേഴ്സ്   മുറിയുടെ  ഇടുങ്ങിയ  ചുവരുകൾക്കിടയിൽ  നിന്ന്  പുറത്തെ  പച്ച  വിരിച്ച  നെൽവയലുകളിലേക്കുള്ള  സായാഹ്നസവാരികൾഎന്റെ  വലതുകൈ   മുറുകെ  പിടിച്ചു  കൂടെ  നടന്ന സൈനു  താത്ത.. ഫുട്ബാൾ  ഗ്രൗണ്ടിന്റെ  ഓരത്തെ  കനാലും  കൊയ്ത്തുകഴിഞ്ഞ പാടത്തെ പൊടിപറത്തിക്കൊണ്ടുള്ള  കളികളും… 

ക്വാർട്ടേഴ്സ്മുറിയുടെ  പുറത്തുള്ള  ലോകവും അതിന്റെ വിശാലതയും  ഒരു  കൊച്ചു  കുഞ്ഞിന്റെ  കണ്ണുകളിൽ  തീർത്ത  വിസ്മയങ്ങളും... എല്ലാം  കാണിച്ചുതന്നത്  സൈനുതാത്ത  തന്നെയായുരുന്നു….


അബൂബക്കർക്കാ...നിങ്ങൾ എവിടെയാ താമസം…?
 എനിക്ക്  സംസാരിക്കാനുണ്ട്…  
സൈനുതാത്താക്ക് എന്താ പറ്റിയത്...?  ”

എന്റെ  കുട്ടീ , എനിക്ക്  ഇന്ന്  തന്നെ  പോണംസമയത്തിനു  പണിയിൽ  കേറിയില്ലെങ്കിൽ  അറബിയുടെ  മുഖം മാറുംഎന്റെ  ഒരു  ചങ്ങായി  ഇവിടടുത്തുണ്ട്അവന്റെ  കൂടെ  ഇവനെ  നിർത്തണം… എന്നിട്ട്  വേണം  പോവാൻ… ”

എനിക്കിനിയും  അറിയാൻ  ഒരുപാട്  കാര്യങ്ങളുണ്ടായിരുന്നു.
ഞാൻ  അബൂബക്കർക്കയോട്  ചോദിച്ചു.

എന്നാൽ  മോനെ  എന്റെ  കൂടെ  നിർത്തിക്കൂടെ..?
ഞാനേതായാലും  ഒരു  മാസത്തോളം  ഇവിടെ ഉണ്ടാകും. പോവാനാകുമ്പോൾ  ഇങ്ങൾ  വന്നാൽ  മതി …”

ന്റെ കുട്ട്യേഅതൊക്കെ  വല്യ  പ്രയാസമാവില്ലെ..? ”

എനിക്കൊരു  പ്രയാസവുമില്ല നിങ്ങൾക്ക് സമ്മതമാണെങ്കിൽ… ”

ആബൂബക്കർക്ക  എന്റെ  ആവശ്യം  പുഞ്ചിരിയോടെ  അംഗീകരിചപ്പൊഴും  സൈനുതാത്തയുടെ മകനെയും കൂട്ടി ഹോട്ടൽ മുറിയിലേക്ക്  നടക്കുമ്പോഴും  എന്റെ  മനസ്സിൽ  ഒരു  തേങ്ങൽ  ബാക്കിയായിരുന്നു.
സൈനുതാത്ത - അവരെ  ഞാൻ  അത്രയേറെ  ഇഷ്ടപ്പെട്ടിരുന്നു.

" മോനെ... നീ വിശ്രമിക്കൂ... നമുക്ക് നാളെ സംസാരിക്കാം...രാത്രി ഏറെ വൈകിയിരിക്കുന്നു..."

അവൻ ഒന്നും പറയാതെ കട്ടിലിനരികിലേക്ക് നടന്നു.
ഞാൻ വീണ്ടും ചോദിച്ചു.

"അല്ല... അബൂബക്കര്ക്ക പോയതിൽ നിനക്ക് പ്രയാസമുണ്ടോ..? വിഷമമൊന്നും വേണ്ടാ, ട്ടോ... എല്ലാം എന്നോട് പറയാം.
ഞാനാരാണെന്ന് മോനറിയോ...നിന്റെ ഉമ്മാക്ക് എന്നെ ഒരുപാടൊരുപാട് ഇഷ്ടായിരുന്നു."

മൃദുവായ സ്വരത്തിൽ അവൻ പറഞ്ഞു:

" എനിക്കു  മനസ്സിലായി. ഞാൻ  കണ്ടിട്ടില്ലെന്നേ  ഉള്ളൂഉമ്മ  പറഞ്ഞിട്ടുണ്ട് , ഒരുപാട്... പിന്നെ മാമൻ പോയതിൽ എനിക്കൊന്നും ഇല്ലാ... അവരൊക്കെ ഇപ്പോഴല്ലേ ഉണ്ടായത്... ഇത്രയും കാലം ഞാനും ഉമ്മയും അനുഭവിച്ചത് കാണാനും കേൾക്കാനും അല്ലാഹുവല്ലാതെ ആരും  ഇല്ലായിരുന്നു...  ഇപ്പോഴത്തെ ഈ അടുപ്പവും എന്തിനാണെന്ന് എനിക്ക് നന്നായറിയാം..."

അവന്റെ വാക്കുകൾ എന്റെ മനസ്സിൽ ഒരുപാടൊരുപാട് ചോദ്യങ്ങൾ തീത്തു. എന്റെ ആകാംക്ഷ ഉള്ളിലോതുക്കിക്കൊണ്ട് ഞാൻ പറഞ്ഞു :


" നമുക്കെല്ലാം നാളെ പറയാം... എനിക്കെല്ലാം അറിയണം… ഇന്ന് നീ സമാധാനമായി ഉറങ്ങൂ..."


ഉറക്കം എന്നെയും മാടി വിളിക്കുന്നുണ്ടായിരുന്നു.

ബെഡ്ഡിൽ  കിടന്നു കൊണ്ട് വലിയ ഗ്ലാസ്‌ വിൻഡോയിലൂടെ ഞാൻ പുറത്തേക്ക് നോക്കി... 

നിലാവുള്ള ആ രാത്രിയിൽ മസ്ജിദുൽ ഹറാമിന്റെ മിനാരങ്ങളെ മേഘങ്ങൾ തലോടുന്ന കാഴ്ച ഏറെ മനോഹരമായിരുന്നു... കണ്ണുകളിൽ നിന്നും ആ കാഴ്ച മായാതിരിക്കാൻ ഞാൻ പതിയെ കണ്ണുകളടച്ചു.


DAY 2.

ഹറമിൽ നിന്നുള്ള സുബഹി നമസ്കാരം വേറിട്ട  ഒരനുഭവമായിരുന്നു.
അസ്വസ്ഥമായ മനസ്സുകളിൽ സൃഷ്ടാവിനെ കുറിച്ചോർക്കുമ്പോൾ ലഭിക്കുന്ന ശാന്തത - അത് പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയാണ്.

ഹബീബ് - സൈനുതാത്തയുടെ മകൻ. പതിനാറു വർഷത്തെ  അവന്റെ, അവന്റെ പ്രിയപ്പെട്ട ഉമ്മയുടെ ജീവിതത്തിന്റെ കഥാപുസ്തകം എനിക്ക് മുമ്പിൽ തുറന്നു വച്ചു..

മസ്ജിദിന്റെ മിനാരങ്ങളിലിരിക്കുന്ന വെള്ളരിപ്രാവുകൾ ദൈവത്തിന്റെ  ഭവനത്തിലിരുന്നു കൊണ്ട് അവന്റെ വാക്കുകൾക്കു കാതോർത്തു.

സൈനുതാത്തയുടെ കഥയുടെ ആദ്യഭാഗം എനിക്കും പരിചിതമായിരുന്നു.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ കൊടിഞ്ഞിയോടു വിടപറയുന്നത്. പതിനഞ്ചു വർഷത്തെ കൊടിഞ്ഞിയിലെ   അധ്യാപക   ജീവിതം മതിയാക്കി  ഉപ്പ  നാട്ടിലേക്ക്  ട്രാൻസ്ഫർ  കൊടുത്തു.. അങ്ങനെ  എന്റെ  ബാല്യകാലം  ഒരു  പറിച്ചുനടൽ പൊലായിത്തീർന്നു…  

അന്ന്  ഞങ്ങളുടെ  ക്വാട്ടെഴ്സിന്റെ   അടുത്ത  വീടായിരുന്നു   സൈനുതാത്തയുടെത്‌.
ഉമ്മയും  ഉപ്പയും  അധ്യാപകരായിരുന്നു. 
കുഞ്ഞായിരിക്കുമ്പോൾ  എന്നെ  അവരുടെ  വീട്ടിൽ  നോക്കാനേൽപിച്ച്  ഉമ്മ  സ്ക്കൂളിൽ  പോവും. അന്ന്  മുതലേ  സൈനുതാത്ത  എനിക്ക്  പ്രിയപ്പെട്ടവരായിരുന്നു.  പിന്നീട്  സ്കൂൾ  പഠനകാലത്തെ  സായാഹ്നങ്ങളിൽ  കളിക്കൂട്ടുകാരിയായതും  സൈനുതാത്ത  തന്നെയായിരുന്നു.

കനാലിന്റെ  കൽപടവുകളിലിരുന്നു കൊണ്ട്  ദൂരെ  ചക്രവാളത്തിൽ  മറയുന്ന  ചെഞ്ചായങ്ങളെ  നോക്കിയിരുന്നതും ആകാശത്തിന്റെ  വിശാലതയിലൂടെ കൂട്ടിലേക്ക്  പറന്നകലുന്ന  പക്ഷിക്കൂട്ടങ്ങളെ  കണ്ടതും  അതിനിടയിൽ  ഒരുപാടൊരുപാട്  കഥകളും വിശേഷങ്ങളും കൊണ്ടെന്റെ മനസ്സുനിറച്ചതും ഇന്നലെക്കഴിഞ്ഞത് പോലെ തോന്നുന്നു.

കാര്യമായിട്ട്  വരുമാനമൊന്നുമില്ലാത്ത   ഒരു   കടയാണ്  സൈനുതാത്തയുടെ   പിതാവിനുണ്ടായിരുന്നത്. വലിയ  കുടുംബത്തിന്റെ  ഭാരവും  തുച്ഛമായ വരുമാനവും  അയാളെ  വല്ലാതെ  ബുദ്ധിമുട്ടിച്ചിരുന്നു.

പലപ്പോഴും  ഉപ്പ  നൽകിയിരുന്ന  ഏതാനും   നോട്ടുകൾ  ഇരുകയ്യും  നീട്ടി  സ്വീകരിക്കുമ്പോൾ  വിതുമ്പിയതും  കണ്ണുനിറച്ചതും  എന്തിനായിരുന്നുവെന്ന്  വൈകിയാണ്   ഞാൻ  തിരിച്ചറിഞ്ഞത്.

വിശപ്പിനു  മുന്നിൽ   വിദ്യാഭ്യാസത്തിനും  മക്കളുടെ  സ്വപ്നങ്ങൾക്കും  രണ്ടാം  സ്ഥാനം  മാത്രമായിരുന്നു  അവരുടെ  വീട്ടിൽ…  സൈനുതാത്തയ്ക്ക്   മുതിർന്ന  രണ്ടു  സഹോദരിമാരും  ഒരു  സഹോദരനും (അബൂബക്കർക്ക) ആണുണ്ടായിരുന്നത്.
മൂത്ത  പെണ്‍കുട്ടികൾ രണ്ടുപേരെയും  ഉള്ള  എല്ലാ  സമ്പാദ്യവും  കൊണ്ട്  ആ  പിതാവ്  വിവാഹം  കഴിച്ചയച്ചു. വേണ്ടത്ര  വിദ്യാഭ്യാസം  ഇല്ലാത്ത   സഹോദരൻ  പിതാവിനോടൊപ്പം  കടയിൽ  സഹായിയായി.

സൈനുതാത്ത  വീട്ടിലെ  ചെറിയ  കുട്ടിയായിരുന്നു. അതു കൊണ്ട്  തന്നെ  പിതാവിന്റെ  ഓമനമോളും.   മറ്റു  കുട്ടികളെക്കാൾ  സ്നേഹവും  വാത്സല്യവും അവരോടുണ്ടായിരുന്നു. തന്റെ  ഇളയ  മകളുടെ  വിവാഹമെങ്കിലും  കേമമായി  നടത്തണമെന്ന്  അയാൾ ഉപ്പയോട്‌  പറയുന്നത് കേട്ടിട്ടുണ്ട്.

പക്ഷെ  തികച്ചും  അപ്രതീക്ഷിതമായി ഒരു  പ്രഭാതം   ഞങ്ങളെ വിളിച്ചുണർത്തിയത് ആ  മനുഷ്യന്റെ  മരണ വാർത്തയുമായായിരുന്നു. ഖബറിൽ  കുഴിച്ചു  മൂടപ്പെട്ടത്‌  അയാളുടെ  ശരീരവും മകളെ  കുറിച്ചുള്ള  ഒട്ടേറെ  സ്വപ്നങ്ങളും ആയിരുന്നു.

കൊടിഞ്ഞിയിൽ  നിന്നും  തിരികെ  മടങ്ങുന്നതിന്റെ ഏതാനും  മാസങ്ങൾക്ക് മുമ്പാണ്  സൈനുതാത്തയുടെ  വിവാഹം  കഴിയുന്നത്
പിതാവിന്റെ  അസാന്നിധ്യത്തിൽ  അടുത്ത  ബന്ധുക്കളും  നാട്ടുകാരും  ചേർന്ന്  അവരുടെ വിവാഹം നടത്തി. എന്റെ  ബാല്യമനസ്സിന്  ഉൾക്കൊള്ളാൻ ആവാത്തത്ര ദൂരത്തേക്കു  സൈനുതാത്തയെയും  കൊണ്ട്  വിവാഹസംഘം   കടന്നുപോയി.

പിന്നീടുള്ള അവരുടെ ജീവിതത്തെ കുറിച്ച് പൊടിപ്പും തൊങ്ങലും നിറഞ്ഞ ചില വാർത്തകളല്ലാതെ വ്യക്തമായൊരു ചിത്രം എനിക്ക് ലഭിച്ചിരുന്നില്ല.

ആകാശത്തിന്റെ നീല വിഹായസ്സിൽ 
ഒഴുകി നടക്കുന്ന പക്ഷിക്കൂട്ടം സായാഹ്നങ്ങളിൽ ചിറകു പൂട്ടി 
കൂട്ടിലേക്ക് മടങ്ങുന്നപോലെ , ഞങ്ങളും സ്വന്തം നാട്ടിലേക്ക്
ഞങ്ങളുടെ സ്വന്തം വീട്ടിലേക്കു മടങ്ങി.

മനസ്സിൽ താലോലോക്കാൻ ഒരുപാടൊരുപാട് ഓർമകളുണ്ടായിരുന്നു എല്ലാവർക്കും. ഉപ്പയുടെയും ഉമ്മയുടെയും അധ്യാപക സുഹൃത്തുക്കൾ… കൊടിഞ്ഞി നിവാസികൾ... സഹോദരിയുടെ കൂട്ടുകാർ... അങ്ങനെയങ്ങനെ ഒരു പാട് ഓർമ്മകൾ...

പക്ഷെ, എന്റെ മനസ്സിൽ നിറഞ്ഞു നിന്നത് സൈനുതാത്തയും അവരുടെ കൈപിടിച്ച് നടന്ന സായാഹ്നങ്ങളും മാത്രമായിരുന്നു...

വർഷത്തിലെപ്പോഴെങ്കിലും കൊടിഞ്ഞിയിലേക്ക് വരുമ്പോൾ ഞാൻ സൈനുതാത്തയെ കുറിച്ച്  അന്വേഷിച്ചെങ്കിലും നിരാശമാത്രമായിരുന്നു ഫലം...

പിന്നീടെപ്പോഴോ അവർ ഗൂഡല്ലൂരാണെന്നും  മകനോടും ഭർത്താവിനോടുമോപ്പം ജീവിക്കുന്നുവെന്നും ആരോ പറഞ്ഞറിഞ്ഞു. എവിടെയാണെങ്കിലും എല്ലാ ഐശ്വര്യങ്ങളും അവർക്കും കുടുംബത്തിനും ഉണ്ടാവട്ടെ എന്നു ഞാൻ പ്രാർഥിച്ചു.

അതിനുശേഷം അവരുടെ ഒരു വിവരവും അറിഞ്ഞില്ല.
നിലയ്ക്കാത്ത താളത്തിൽ ചലിച്ചു കൊണ്ടിരുന്ന കാലചക്രം തീർത്ത ഓളങ്ങളിൽ ഞാനും എന്റെ മാത്രം ലോകത്ത് ഒഴുകി. തിരക്കുകൾക്കുവേണ്ടിയുള്ള ജീവിതത്തിൽ മാറ്റിവെച്ച ഒരുപാട് ഓർമ്മകളിൽ അവരും മറഞ്ഞു....

ഇന്നലത്തെ കൂടിക്കാഴ്ച എന്നെ വീണ്ടും ആ കാലത്തേക്ക് നയിച്ചു. സൈനുതാത്തയുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് എന്തെന്നറിയാൻ ഞാൻ അവരുടെ മകന്റെ വാക്കുകൾക്കു കാതോർത്തു.

ഹബീബിന്റെ വാക്കുകൾ അതുപോലെ പങ്കുവെക്കാൻ എന്റെ പുസ്തക താളുകൾക്കും ഈ തൂലികയ്ക്കും കഴിയുമോ എന്നു ഞാൻ സംശയിക്കുന്നു.

കാരണം, പതിനാറു വർഷത്തെ ജീവിതം അത്രമാത്രം അവനെ പഠിപ്പിച്ചിരിക്കുന്നു.!


DAY 3.

ഗൂഡല്ലൂരിലെ  ഒരുൾനാടൻ  ഗ്രാമത്തിൽ ഒരു വലിയകുടുംബത്തിലെ അംഗമായിരുന്നു അവന്റെ പിതാവ്... കഷ്ടപ്പാടിൽ നിന്നും അങ്ങേയറ്റത്തെ ദാരിദ്ര്യത്തിലേക്കുള്ള ഒരു കൂപ്പുകുത്തലായിരുന്നിരിക്കാം അത് സൈനുതാത്തയ്ക്ക്. 

പിതാവ് മരണപ്പെട്ടതോടെ ബാധ്യത ഒഴിവാക്കുക എന്നാ ഒറ്റ ചിന്തയാണ് ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ടായിരുന്നത്.

ഒന്നിനും വകയില്ലാത്തവൻ പോലും ലക്ഷങ്ങൾ പണവും സ്വർണവും സ്ത്രീധനം വാങ്ങിയിരുന്ന നാട്ടിൽ തമ്മിൽ ഭേദപ്പെട്ട പൊന്നും പണവും ചോദിച്ചവന് ഒപ്പം ബന്ധുക്കൾ അവരെ പറഞ്ഞയച്ചു.

സ്ത്രീയാണ്  ഏറ്റവും വലിയ നിധിയും ധനവും എന്നു  പഠിപ്പിച്ച വിശ്വാസങ്ങൾക്കു  മേൽ അതിന്റെ അനുയായികൾ തീർത്ത ഏറ്റവും വലിയ കറ..!

അന്യ നാട്ടിൽ ആരോരും  തുണയില്ലാതെ  സൈനുതാത്ത  ജീവിച്ചുകദനങ്ങളില്ലാത്ത നല്ലൊരു ദിനം ആഗതമാവുമെന്ന അവരുടെ  പ്രതീക്ഷ  കാലചക്രത്തോടൊപ്പം  മുന്നോട്ടു  പോയിക്കൊണ്ടിരുന്നു.

മണവാട്ടിയായി  കയറി  വരുന്ന  പെണ്ണിന്  ഒരു  വേലക്കാരിയുടെ  പരിഗണന പോലും നൽകാത്ത കുടുംബം. വറുതിയുടെ   നാളുകളെക്കാളും വിശന്നു  പൊരിയുന്ന  വയറിനെക്കാളും   അവരെ  പ്രയാസപ്പെടുത്തിയത്  വാക്കുകൾ കൊണ്ടുള്ള  മുറിവുകളായിരുന്നു….

എല്ലാത്തിനുമിടയിൽ  ആലംബവും  ഒരത്താണിയും ആയിത്തീരുമെന്നു  പ്രതീക്ഷിച്ച  പ്രിയതമനും   തന്നെ  ഒരു  ഉപകരണം  മാത്രമായി  കാണുന്നു   എന്ന്  തിരിച്ചറിഞ്ഞപ്പോൾ  അവരാകെ തളർന്നു  പോയി.

അതിരാവിലെ ഏക്കറോളം വരുന്ന വാഴത്തോട്ടം നനക്കാൻ വെള്ളം  ചുമന്നു കൊണ്ട്  വരികകാലിത്തൊഴുത്തിലെ  ചാണകം  നീക്കുകകാലികളെ  വെള്ളം  കുടിപ്പിക്കുകകുളിപ്പിക്കുകവീട്ടിലെ  എല്ലാ    ജോലികളും  ചെയ്തു  തീർക്കുക
അന്നം നൽകുന്ന  ആ  കാലികളെങ്കിലും  തന്നോടൊരിത്തിരി  കരുണയോടെ  നോക്കിയിരുന്നെങ്കിൽ എന്ന് ഉമ്മ  പറയാറുണ്ടായിരുന്നെന്നു  ഹബീബ്  പറഞ്ഞപ്പോഴും   സമാശ്വസിപ്പിക്കാൻ  വാക്കുകളില്ലാതെ  തലതാഴ്ത്തി കേട്ടിരിക്കാനെ എനിക്കായുള്ളൂ.


ഹബീബിനെ നാലു  മാസം  ഗർഭത്തിലിരുന്നപ്പോഴാണ് അവന്റെ  പിതാവ്  നാടുവിട്ടത്മറ്റെവിടെയോ അയാളെ  കാത്തിരിക്കാൻ  ഒരു  കുടുംബം  കൂടിയുണ്ടായിരുന്നു എന്ന് സൈനുതാത്ത വേദനയോടെ  തിരിച്ചറിഞ്ഞു

മാസങ്ങളുടെ  കാത്തിരിപ്പിനൊടുവിൽ  കല്ലും മുള്ളും  നിറഞ്ഞ  തന്റെ ജീവിതത്തിൽ  ഐശ്വര്യത്തിന്റെ, ആനന്ദത്തിന്റെ  നിഴലാട്ടമായി  അവർക്കൊരു  മകൻ  പിറന്നു… ‘പ്രിയപ്പെട്ടവൻ എന്നർത്ഥം  വരുന്ന  ഹബീബ്   എന്ന  അറബിവാക്ക്   കൊണ്ട്  അവനെ  നാമകരണം  ചെയ്തു.

മകനെ  ഏറ്റുവാങ്ങാനോ  ചെവിയിൽ ബാങ്ക് വിളിക്കാനോ  നാവിൽ  മധുനുകരാനോ   ആരുമില്ലായിരുന്നു.
എല്ലാ  പ്രയാസങ്ങൾക്കും   മുന്നിൽ  തനിക്കൊരത്താണിയായി   അവനുണ്ടാവുമെന്ന് അവർ  പ്രതീക്ഷിച്ചു. എല്ലാം സഹിച്ചും    ക്ഷമിച്ചും അവർ  മകനെ വളർത്തി
ജീവിതത്തിൽ  എല്ലാ  കണ്ണുനീരിനും ശേഷം  ഒരു  പുഞ്ചിരിയും , കയറ്റത്തിനൊടുവിൽ  ഒരിറക്കവും  ഉണ്ടെന്നു  അവർ  മകനെ  പഠിപ്പിച്ചു.

മണ്ണായിപ്പിറന്നാലും പെണ്ണായിപ്പിറന്നിരുന്നില്ലെങ്കിൽ  എന്ന  അഗ്നിപുതിയിലെ   വരികൾ  ഓർമവരുന്നു.

സൈനുതാത്ത - എങ്ങനെ  അവരിതിക്കെ  സഹിച്ചു ?
എവിടുന്നീ  സഹനശക്തി  അവർക്കു  കിട്ടി

ഹബീബവന്റെ  ഉമ്മയുടെ  കഥ  തുടരുമ്പോഴും  അവരെയൊർത്തു ഞാൻ  കൂടുതൽ  അസ്വസ്ഥനായിക്കൊണ്ടിരുന്നു… 


വീട്ടുകാരെ  അവർ  ഒന്നും  അറിയിച്ചില്ല. അതുകൊണ്ട് ഒരു പ്രയോജനവും തനിക്കില്ലെന്നു അവർക്കു തോന്നിയിരിക്കാം. പിതാവില്ലാത്ത  കുടുംബത്തിൽ താൻ മറ്റൊരു   ഭാരമായിത്തീരുമെന്നു അവർ കരുതിയിരുന്നിരിക്കാം.

പക്ഷെ , ഒരിക്കൽ  പോലും  സഹോദരൻ  അബൂബക്കർക്കയൊ മറ്റു  ബന്ധുക്കളോ   അവരുടെ  കാര്യം  അന്വേഷിക്കുക  പോലും  ചെയ്തിരുന്നില്ല  എന്നത് എന്നെ  വല്ലാതെ  വേദനിപ്പിച്ചു.

വിശ്രമമില്ലാത്ത ജോലിയും മാനസികമായ  പ്രയാസങ്ങളുമാവാം അവരെ  പെട്ടെന്ന്  രോഗിയാക്കിയത്. തളർന്ന മനസ്സ്  കുടിയിരിക്കുന്ന  ശരീരത്തെ വളരെ പെട്ടെന്ന് തളർത്താമെന്ന്  രോഗവും മനസ്സിലാക്കി.
ആരോഗ്യം ക്ഷയിച്ചതോടെ  ഭർതൃഗൃഹത്തിലും  അവർ  ഒരു  അധികപ്പറ്റായി  മാറി.  

മൂന്നു  നേരത്തെ  തനിക്കും  മകനുമുള്ള  ഭക്ഷണത്തിനു  പോലും   കണക്കു  പറയുന്ന  അവസ്ഥ വന്നതോടെ  അവർ  മകനോട്‌   അതുവരെ  പറയാത്തെ  തന്റെ  നാട്ടിലെ  ബന്ധുക്കളെ  കുറിച്ച്  പറഞ്ഞു.  നാട്ടിലേക്ക്  വിവരമറിയിച്ചയച്ച എഴുത്തുകൾക്കെല്ലാം  മറുപടിയില്ലാതെ  കണ്ടപ്പോൾ  അവർ  മകനെയും  കൂട്ടി  സ്വയം  മടങ്ങി.

ഗൂഡല്ലൂരിൽ അവർ ശാരീരികമായി നേരിട്ട പ്രയാസങ്ങളേക്കാൾ വലുതായിരുന്നു നാട്ടിൽ - സ്വന്തം കുടുംബത്തിൽ - മാനസികമായി  അവർ നേരിട്ടത്. ചികിത്സക്കും മരുന്നിനും പോലും ആരും    ആശ്രയിക്കാനില്ലാതെ വന്നപ്പോൾ അസുഖം അവരെ ശക്തമായി  കടന്നാക്രമിച്ചു.

സൈനുതാത്തയുടെ അവസാന നാളുകൾ കണ്ണീരോടെയാണ് ഹബീബ്  പറഞ്ഞത്.

ആയിരത്തൊന്നു രാവുകൾ ഷഹർസാദിന്റെ കഥകൾക്ക് കാതോർത്ത  ഷഹരിയാർ രാജാവിനെ പോലെ ഒരു സ്ത്രീ ജന്മത്തിന്റെ മനസ്സു  നോവിക്കുന്ന കഥ ഞാൻ കേട്ടിരുന്നു 

വെറും കഥയല്ല -  സ്വപ്നങ്ങൾക്കും  പ്രതീക്ഷകൾക്കും മുന്നിൽ യാഥാർത്യത്തിന്റെ , തിക്തമായ അനുഭവങ്ങളുടെ മുറിവുകൾ  ഉണ്ടാവുമ്പോൾ   പതറിപ്പോകുന്ന  മനുഷ്യമനസ്സിന്റെ  ജീവസ്സുറ്റ കഥ…!

അവന്റെ കണ്ണുകളിൽ നിന്നും ചാലിട്ടൊഴുകിയ കണ്ണുനീർ  ഒപ്പിയെടുക്കാനല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല.

സൈനുത്താതയുടെ പിതാവ് ജീവിച്ചിരുന്നപ്പോൾ മകളുടെ പേരിൽ  എഴുതിവെച്ച ഏതാനും തുണ്ട് ഭൂമിയിൽ തന്റെ മാമൻ കണ്ണുവെക്കുന്നു   എന്നുകൂടി തിരിച്ചറിഞ്ഞപ്പോൾ ആ  ബാലൻ തകർന്നു പോയി.

അങ്ങനെ നിവൃത്തിയില്ലാതെ അമ്മാവന്റെ നിർബന്ധത്തിനു വഴങ്ങി ഉമ്മയുടെ ഭൂമി വീറ്റു.
സൈനുത്താത്തയുടെ അവസാന 
ആഗ്രഹമായിരുന്നു പുണ്യ  നഗരിയിൽ വന്ന് ഒരു ഹജ്ജും ഉമ്രയും നിർവഹിക്കുകയെന്നത്പകുതി പണം അമ്മാവന് നൽകിയിട്ടാണെങ്കിൽ കൂടി അവൻ തന്റെ  മാതാവിന്റെ ആഗ്രഹം സഫലീകരിക്കാൻ ഒരുങ്ങി.  

സഹോദരീ പുത്രനെ കൊണ്ട് ഉമ്ര ചെയ്യിക്കാൻ വേണ്ടി  സഹോദരിയുടെ ഭൂമി വിറ്റു എന്ന ഭാവമായിരുന്നു  അബൂബക്കർക്കക്ക് ഉണ്ടായിരുന്നത്. വിശ്വാസത്തിലും സ്നേഹത്തിലും  പോലും മനുഷ്യൻ ഇത്രയേറെ കപട ഭാവങ്ങൾ സ്വീകരിക്കുന്നുവല്ലോ  എന്നതോർക്കുമ്പോൾ വല്ലാത്ത നീറ്റലാണ്‌ 
അനുഭവപ്പെടുന്നത്.


എന്റെ കുഞ്ഞേ എങ്ങനെ നീയിതൊക്കെ ഉള്ളിലൊതുക്കുന്നു… ”

അവന്റെ   കുഞ്ഞിളം മനസ്സു വേദനിക്കും എന്ന്  അറിയാമായിരുന്നിട്ടും  ഞാൻ ചോദിച്ചു പോയി.

എല്ലാം അല്ലാഹുവിന്റെ  വിധിയാണെന്ന്  എന്റെ  ഉമ്മ  പറഞ്ഞിട്ടുണ്ട്.  ദൈവം ഭൂമിയിൽ  ചിലർക്ക് നല്ലത്  വരുത്തും. അത്  മനുഷ്യൻ അഹങ്കാരിയാവുന്നുവോ അതോ നന്ദി കാണിക്കുന്നുവോ  എന്നറിയാൻ വേണ്ടിയാണ്. മറ്റു ചിലർക്ക് പ്രയാസങ്ങൾ നൽകും. അത്  മനുഷ്യൻ ക്ഷമയും സഹനവും വിശ്വാസവും ഉള്ളവനാണോ  എന്ന് പരീക്ഷിക്കാനാണ്… ”

വല്ലാത്ത അത്ഭുതത്തോടെ ഞാൻ  അവന്റെ വാക്കുകൾ ശ്രവിച്ചു.

ഒരു  പതിനാറുകാരനെ ഇങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിക്കുന്നത്  അവന്റെ  അനുഭവങ്ങളോ അതോ വിശ്വാസമോ…?

അവൻ തുടർന്നു

എന്റെ ഉമ്മ മരണപ്പെടുന്നതിന്റെ മുമ്പുള്ള മൂന്നു ദിവസങ്ങൾ... അതാണ്‌ ഇന്നോളം ഞാൻ ജീവിച്ചതിൽ ഏറ്റം വിലപ്പെട്ടതെന്നു  എനിക്ക് തോന്നുന്നു

ഉമ്മ എന്നെ അരികെ ചേർത്തു  പിടിച്ചുസംസാരിക്കാൻ ഏറെ ബുദ്ധിമുട്ടി  , ഇടയ്ക്കിടെ കിതച്ചു കൊണ്ട്  , ചുമച്ചു കൊണ്ട് ഉമ്മ  പറഞ്ഞു

എന്റെ മോനെ.., ഉമ്മാക്കിനി  അധികനാളില്ലഎന്റെ മോൻ   സങ്കടപ്പെടരുത്സർവശക്തൻ ദാനമായി നൽകിയ ഈ ജീവിതത്തെ  ഒരിക്കലും മോശമായി കാണരുത്എല്ലാവരോടും നന്നായി  പെരുമാറണംനമ്മെ  ഇഷ്ടപ്പെടാത്തവർക്കും കഷ്ടപ്പെടുത്തിയവർക്ക്  പോലും നന്മ ചെയ്യാതിരിക്കരുത്
ഒരിക്കലും സ്ത്രീകളോട്  മാന്യമായിട്ടല്ലാതെ   പെരുമാറരുത്‌

നാളെ നീയും ഒരു ഭർത്താവും പിതാവും ഒക്കെയാവുംഅപ്പോഴും  ഇതൊന്നും മറക്കരുത്നിങ്ങളിൽ  ഏറ്റവും  ഉത്തമർ  സ്ത്രീകളോട്   മാന്യമായി  പെരുമാറുന്നവരാണെന്നാണ് അല്ലാന്റെ റസൂൽ  പറഞ്ഞിട്ടുള്ളത്…  

ഒരു പെണ്‍കുട്ടി കുഞ്ഞായിരിക്കുമ്പോൾ അവളുടെ  പിതാവിന് സ്വർഗവാതിൽ തുറന്നു കൊടുക്കുന്നുഅവൾ  വിവാഹിതയായാൽ തന്റെ ഭർത്താവിന്റെ വിശ്വാസത്തിന്റെ പകുതി ഭാഗം പൂർത്തിയാക്കുന്നുഅവൾ മാതാവായാൽ അവളുടെ  കാൽച്ചുവട്ടിലാണ് സ്വർഗമെന്ന് അല്ലാന്റെ ദൂതർ അരുൾ ചെയ്തിരിക്കുന്നു…  

അത് കൊണ്ട് മോനെ…  നാടും നാട്ടുകാരും  സമൂഹവും എന്തൊക്കെ പറഞ്ഞാലും പ്രവർത്തിച്ചാലും  എന്തിനൊക്കെ കൂട്ട്നിന്നാലും പ്രോത്സാഹനം നൽകിയാലും തെറ്റാണെന്നുറപ്പുള്ള ഒരു കാര്യത്തിൽ, അതുപോലെ സ്ത്രീയുടെ  കാര്യത്തിൽ നീ ദൈവത്തെ സൂക്ഷിക്കുക…   

ഉമ്മയ്ക്ക് സംഭവിച്ചപോലെ  ഒരു  പെണ്ണിനും  ഇനി സംഭവിക്കാതിരിക്കട്ടെ… 

ആയിഷയും  ഫാത്തിമയും  ഖദീജയും  സ്ത്രീയുടെ  വിഷയത്തിൽ  നിനക്ക്മുന്നിൽ  വഴിവിളക്കുകളാവട്ടെ…”

ഇത്   പറഞ്ഞവസാനിപ്പിക്കുമ്പോൾ ഹബീബിന്റെ കണ്ണുകളിൽനിന്നും  ഒരിറ്റു കണ്ണുനീർ പോലും വന്നില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി.

സൈനുത്താത്തയുടെ അവസാന വാക്കുകൾ എന്റെ മനസ്സിനെ കോരിത്തരിപ്പിച്ചുഇത്  ഒരു  ഉമ്മയ്ക്ക്  മകനോടുള്ള  ഉപദേശം   മാത്ത്രമല്ലഎല്ലാ മനുഷ്യരോടും ഈ വാക്കുകൾ വിളംബരം  ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന്ഞാൻ വല്ലാതെ ആശിച്ചു  പോവുന്നു


DAY 4.


ഹബീബ് ഉമ്ര നിർവഹിക്കാൻ പോയിരിക്കുന്നു

അവന്റെ ഉമ്മയ്ക്ക് , എന്റെ സൈനുതാത്തയ്ക്ക് സർവേശ്വരൻ  ശാന്തി പ്രദാനം ചെയ്യട്ടെ.
സകല ചരാചരങ്ങൾക്കും നന്മ വരുത്തട്ടെ.

സൈനുത്താത്തയുടെ ജീവിതവും നുജൂദ് എന്ന പത്തുവയസ്സുകാരി  ഇറാനിയൻ ബാലികയുടെ കഥയും തമ്മിൽ വല്ലാത്ത സാമ്യം  തോന്നുന്നു… 

എന്താണ് മനുഷ്യൻ സ്ത്രീയുടെ വിഷയത്തിൽ ഇത്രയേറെ  നീചമായ മനോഭാവം പിന്തുടരുന്നത്… 
പൗരാണികരായ ചിലർ പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടിയത് ചരിത്രത്തിലുണ്ട്പക്ഷെ ,  വിവരവും വിദ്യാഭ്യാസവും ഉള്ള  ആധുനികർ ഫീമൈൽ foeticide  മുതൽ കാമഭ്രാന്തിൽ വരെ എത്തി നിൽക്കുമ്പോൾ എന്ത്  ചെയ്യണമെന്നറിയാതെ പോവുന്നു.

സ്ത്രീയെയും അവളുടെ അവകാശത്തെയും കുറിച്ച് എന്ത്കൊണ്ടാണ്  സമൂഹം ഇന്നും  വേണ്ടത്ര ബോധവാന്മാരാകാത്തത്…?

ആധുനിക  ലോകം സ്ത്രീ സ്വാതന്ത്ര്യം എന്നത്കൊണ്ട് ഉദ്ദേശിച്ചതെന്താണ്..
സ്ത്രീയെ മാർക്കറ്റിങ്ങിനുള്ള ഏറ്റവും വലിയ  ഉപാധിയായി , പരസ്യപ്പലകയിൽ അനിഷേധ്യമായ സ്ഥാനം   നൽകിയതോ..? അതോ ആന്തരികമായ ശൂന്യതതോ..?

അതിനപ്പുറം സ്ത്രീത്വത്തിനു വിശുദ്ധിയുടെ , ദൈവത്തോട് ഏറ്റവും  അടുത്തു നിൽക്കുന്ന , സർഗാത്മകതയുടെ , സാഹിത്യത്തിന്റെ , പാണ്ഡിത്യത്തിന്റെ ഒട്ടേറെ ഭാവങ്ങളുണ്ടെന്നറിയുന്നവർ എത്രയുണ്ട്

മതം സ്ത്രീയുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു എന്ന്പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
ലോകത്ത് ഇസ്ലാമിനോളം സ്ത്രീയും അവളുടെ അവകാശങ്ങളും  എന്ന വിഷയത്തിൽ വിമർശിക്കപ്പെട്ട ഒരു വിശ്വാസ സംഹിതയുണ്ടോ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു… 

പക്ഷെ ദൈവീക വിശ്വാസത്തിന്റെ  ഉന്നതമായ അർത്ഥ തലങ്ങളിൽ സ്ത്രീ എത്രമാത്രം ആദരിക്കപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞവർ ഇസ്ലാമിന്റെ  പ്രയോക്താക്കളിൽ പോലും വിരളമായിരിക്കും.

Even Angels Ask – ‘മാലാഖമാർ പോലും ചോദിക്കുന്നു എന്ന പുസ്തകത്തിൽ വിഖ്യാതനായ ആംഗലേയ സാഹിത്യകാരൻ ജെഫ്രി  ലാംഗ് രേഖപ്പെടുത്തിയപോലെ,  

‘…സ്ത്രീ , ജിഹാദ് എന്നീ വിഷയങ്ങളിൽ  ഇസ്ലാമിനോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു മതവും  ലോകത്തുണ്ടായിട്ടില്ല.  അത് സ്വന്തത്തിലും മറ്റുള്ളവരിലും   ബോധ്യപ്പെടുത്തുന്നതിൽ പണ്ഡിതർ അൽപം കൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു...’

സൈനുത്താത്തയുടെ ആ വാക്കുകൾ...

“… ആയിഷയും ഫാത്തിമയും ഖദീജയും സ്ത്രീയുടെ വിഷയത്തിൽ നിനക്ക് മുന്നിൽ വഴി വിളക്കുകളാവട്ടെ
ഒരുപാടൊരുപാട് ചിന്തിപ്പിക്കുന്ന വാക്കുകൾ…!

ഇസ്ലാമികമായ അധ്യാപനങ്ങളിൽ ഒരു സ്ത്രീ എന്തായിരിക്കണം , എങ്ങിനെയായിരിക്കണം എന്നതിന്റെ ഏറ്റവും ഉത്തമമായ ഉദാഹരണങ്ങളായി  മാറിയ സ്ത്രീരത്നങ്ങൾഎന്നാൽ വിമർശനാത്മകമായ സമീപനങ്ങൾ സ്വീകരിക്കുന്നതിനു മുമ്പ് , ഒരേ  വിശ്വാസത്തിൽ പെട്ടവർപോലും പരസ്പരം വാഗ്വാദങ്ങളിൽ  ഏർപ്പെടുന്നതിനു മുമ്പ് , ഒരുവേള  ആധികാരികമായ ഒരു പഠനത്തിനു  ശേഷം സംസാരിക്കുന്നവർ എത്ര പേരുണ്ടാവും

സൈനുതാത്തയുടെ ജീവിതം  ഇന്നൊരു നിമിത്തമായിത്തീരുന്നു... അതെന്നെ കൂടുതൽ ചിന്തിക്കാൻ - അന്വേഷിക്കാൻ - സ്വത്വത്തെ   തിരിച്ചറിയാൻ പ്രേരിപ്പിക്കുന്നു.

ആദ്യമായി ഇസ്ലാമിക വിശ്വാസം സ്വീകരിച്ചത് ഒരു സ്ത്രീയായിരുന്നു (ഖദീജ)…  
ഇസ്ലാമിന് വേണ്ടി ആദ്യമായി രക്തസാക്ഷിത്വം വരിച്ചത്‌ ഒരു സ്ത്രീയായിരുന്നു (സുമയ്യ)
ഇസ്ലാമിക ചരിത്രത്തിൽ പ്രവാചക സന്ദേശം ഏറ്റവുമധികം   ഉദ്ധരിച്ചത് , ഏറ്റവും വലിയ പന്ധിത - ഒരു സ്ത്രീയായിരുന്നു (ആയിഷ)
പരിശുദ്ധ പ്രവാചകനെ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ഒരു സ്ത്രീയായിരുന്നു (ഫാത്തിമ)
ഇസ്ലാമിലെ ശക്തമായ പോരാളികളിൽ ഒരാൾ ഒരു സ്ത്രീയായിരുന്നു (ഖൗല)

എന്നിട്ടും ഇസ്ലാം സ്ത്രീകളെ അടിച്ചമർത്തുന്നു എന്ന് ലോകം പറയുന്നതെന്തു കൊണ്ടായിരിക്കും…?

ഖദീജ, ആയിഷ ,ഫാത്തിമ എന്നീ പേരുകൾ പ്രവാചക പത്നി, പ്രവാചക പുത്രി  എന്നതിൽ കവിഞ്ഞ്,  അചഞ്ചലമായ വിശ്വാസത്തിന്റെ ഉന്നത സീമകൾ അലങ്കരിച്ച ഈ സ്ത്രീ രത്നങ്ങളുടെ  ജീവിതത്തെ കുറിച്ച് നമുക്കെന്തറിയാം

ആയിരത്തിനാന്നൂറ് വർഷങ്ങൾക്കു മുമ്പ് മർദിക്കപ്പെട്ട , പ്രയാസപ്പെടുന്ന ഒരു ജനതയ്ക്ക് മുമ്പിൽ,  സത്യവും  സമത്വവും  വിളംബരം ചെയ്ത  പ്രവാചകൻസ്ത്രീവർഗത്തിന്റെ വിമോചകനായി , പെണ്ണിന്റെ കണ്ണുനീർ തുടച്ച ലോകനായകൻസ്ത്രീക്ക് ആദ്യമായി സ്വത്തവകാശം  നൽകിയത് ഈ പ്രവാചകനാണെന്ന് എത്ര സ്ത്രീകൾക്കറിയാം..?

സത്യത്തിനു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ, സമത്വം വേണമെന്ന് പറഞ്ഞതിന്റെ പേരിൽ , വെളുത്തവനും കറുത്തവനും ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ  നടക്കുന്ന ഈ മർദനങ്ങൽ എന്നാണവസാനിക്കുക നബിയെ…? ” - എന്നൊരാൾ ചോദിച്ചപ്പോൾ, "അങ്ങയുടെ അനുയായികളല്ലയോ ചുട്ടുപഴുത്ത  മണലാരണ്യത്തിലൂടെ വലിച്ചിഴക്കപ്പെടുന്നതെന്ന് പറഞ്ഞപ്പോൾ ", അദ്ദേഹം  പറഞ്ഞ മറുപടി - ഈ ലോകം മുഴുവൻ  കാതോർത്തിരുന്നുവെങ്കിൽ എന്ന്ഞാൻ ആശിച്ചുപോവുന്നു

മർദനം ഇന്നദിവസം അവസാനിക്കുമെന്ന് പറയുന്നതിന് പകരം, നിങ്ങളെല്ലാം നാളെ സ്വതന്ത്രരാവുമെന്നു പറയുന്നതിന് പകരം, ലോകഗുരു നൽകിയ മറുപടി വിചിത്രമായിരുന്നു. അത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്  അതിനേക്കാൾ വിചിത്രമായി തോന്നിയേക്കാം…!

അവിടുന്ന് മൊഴിഞ്ഞു : 

എല്ലാം അവസാനിക്കുംഎല്ലാം അവസാനിച്ചശേഷം ഈ അറേബ്യാ മരുഭൂമിയിലൂടെ ഒരാണ്‍തുണയില്ലാതെ ഒറ്റയ്ക്കൊരു പെണ്‍കുട്ടിയ്ക്ക് സ്വയ്.രസഞ്ചാരം നടത്താൻ കഴിയുന്ന ഒരു സുപ്രഭാതം ഇവിടെ ആഗതമാവും…”

സംസ്കാരത്തെ അളന്നു നോക്കാനുള്ള മാനദന്ധം പെണ്ണിന്റെ വ്യക്തിത്വവും ഒരു നാഗരികത നാഗരികതയാവുന്നത് അവിടെ സ്ത്രീ ബഹുമാനിക്കപ്പെടുമ്പോഴാണെന്നുമുള്ള തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്. 
അത് തിരിച്ചറിയപ്പെടാതെ പോകുന്നതാണത്രേ ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണമാവുന്നത്.

സ്ത്രീയുടെ വിമോചനത്തിനായി പോരാടിയ ആചാര്യന്മാരുടെ, പ്രാവാചകന്മാരുടെ , ഗുരുവര്യന്മാരുടെ , ലോകനേതാക്കന്മാരുടെ , വാക്കുകൾ ഓർത്തു കൊണ്ടെങ്കിലും ഒരു തിരിച്ചറിവ് നമ്മുടെ  സമൂഹത്തിനുണ്ടായിരുന്നെങ്കിൽ...?

ലണ്ടൻ നഗരത്തിലെ വിശ്വപ്രസിദ്ധമായ നിയമ വിദ്യാകേന്ദ്രമായ ലിങ്കണ്‍സ് ഇന്നിനെ കുറിച്ച് കേൾക്കാത്തവർ വിരളമായിരിക്കും. അതിന്റെ കവാടങ്ങളിൽ  രേഖപ്പെടുത്തപ്പെട്ടിട്ടുള്ള -“the great lawgivers of the World”. ലോകത്ത് നീതിക്ക് വേണ്ടി , ന്യായത്തിന് വേണ്ടി പോരാടിയ , നിയമത്തിനുവേണ്ടി അമൂല്യ സംഭാവനകളർപ്പിച്ച മഹത്തുക്കളായ ലോകനായകരുടെ പേരുകളും ചിത്രങ്ങളും കൊത്തിവെക്കപ്പെട്ട ചുവരുകൾക്ക് മുന്നിൽ കൗതുകത്തോടെ നോക്കി നിന്നതോർമ്മ വരുന്നു.

Lincoln's inn, London

അതിന്റെ ചുവരുകളിൽ ചിത്രമില്ലാത്ത ഒരു ലോകനായകൻറെ പേര് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു… 

മുഹമ്മദ്‌  മുസ്തഫ(സർവേശ്വരൻ അദേഹത്തിനു മേൽ ശാന്തി വർഷിക്കട്ടെ).  

അവിടെ ആലേഖനം ചെയ്യപ്പെട്ട വാക്കുകൾ, 

ഈ പ്രവാചകന്റെ നിയമങ്ങളിൽ സ്ത്രീ ഏറെ ആദരിക്കപ്പെടുകയാണ്‌…!”

സ്ത്രീയുടെ വിഷയത്തിൽ ഇസ്ലാമിനെ പഴിക്കുന്നവർ, ഇസ്ലാമിക അധ്യാപനങ്ങളുടെ അർത്ഥവും വ്യാപ്തിയും ഉൾക്കൊള്ളാത്തവർ  ഈ വാക്കുകളൊന്നു കണ്ടിരുന്നുവെങ്കിലെന്നുഞാൻ അതിയായി ആശിച്ചു പോവുന്നു.  

സ്ത്രീയുടെ അവകാശങ്ങളുടെ സുരക്ഷിതത്വമാണ് പ്രവാചകൻ ലോകത്തിനു നൽകിയ ഏറ്റവും വലിയ സന്ദേശങ്ങളിലൊന്ന്.
ധർമ ബോധത്തിലൂടെ, സംസ്കാരത്തിലൂടെ സ്വന്തം വ്യക്തിത്വവും പെണ്ണിന്റെ സ്ഥാനവും തിരിച്ചറിയാൻ നമുക്ക് കഴിയട്ടെ.

പ്രവാചക പുത്രി ഫാത്തിമയുടെ വിവാഹം ആഗതമായ സന്ദർഭം ഓർമവരുന്നു. വിവാഹത്തിന്റെ തലേ ദിവസം പ്രവാചകൻ തന്റെ  മകൾക്ക് പതിനാല് ഉപദേശങ്ങൾ നൽകിഎത്ര വിവാഹിതകളായ , വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികൾക്കതറിയാം ശിഥിലമായിക്കൊണ്ടിരിക്കുന്ന ദാമ്പത്യബന്ധങ്ങളും എഗ്രിമെന്റ് വിവാഹങ്ങളും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ദാമ്പത്യത്തിന്റെ  അരക്കിട്ടുറപ്പിക്കാൻ നൽകപ്പെട്ട പ്രസക്തമായ നിർദേശങ്ങൾ…!

വിവാഹത്തിന്റെ ആദ്യരാത്രി മുഴുവൻ സർവശക്തനായ ദൈവത്തിനു മുമ്പിൽ സാഷ്ടാംഗപ്രണാമങ്ങളർപ്പിച്ച പ്രവാചക പുത്രി ഫാത്തിമയുടെയും അവരുടെ ഭർത്താവ് അലിയുടെയും ജീവിതം.

ആയിഷ - ഇസ്ലാമിക ചരിത്രത്തിലെ അദ്വിദീയ വ്യക്തിത്വം, വിശ്വാസികളുടെ മാതാവ്, ഇസ്ലാമിക വിജ്ഞാനീയത്തിൽ അവഗാഹം നേടിയ വിദുഷി , വിശുദ്ധ ഖുറാൻ വ്യാഖ്യാദാവ്,ഹദീസ് നിരൂപക, കർമശാസ്ത്ര ഗവേഷക, കവിയത്രി , പ്രഭാഷക,  പ്രസ്ഥാന നായിക, അധ്യാപിക , എന്നീ മേഖലകളിലെല്ലാം ശോഭിച്ച, സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്ന പ്രവാചക പത്നി

സ്ത്രീക്ക്  ഇസ്ലാം   നൽകുന്ന സ്വാതന്ത്രത്തിന്റെയും  അവകാശങ്ങളുടെയും  തലങ്ങളും  അതിന്റെ  വ്യാപ്തിയും  തിരിച്ചറിയാൻ  ആയിഷയുടെ  ചരിത്രത്തോളം  വലിയ  ഒരു  ഉദാഹരണമില്ല.
ഇസ്ലാമിലെ ഏറ്റവും വലിയ പന്ധിത , കവിയത്രി  എന്നീ നിലകളിൽ ആയിഷയുടെ  അവഗാഹം  തിരിച്ചറിഞ്ഞവർ  ഒരിക്കലും ഇസ്ലാം  സ്ത്രീയുടെ വിദ്യാഭ്യാസത്തിനും സർഗാത്മകതയ്ക്കും എതിരാണെന്ന്  പറയുകയില്ല.

സ്ത്രീയുടെ അവകാശങ്ങളും  അവളോടുള്ള  ബാധ്യതകളും  പറയുന്നതോടൊപ്പം അതെങ്ങനെ  ജീവിതത്തിൽ  പ്രാവർത്തികമാക്കാമെന്നു  കൂടി   ഇസ്ലാം  വിഭാവനം  ചെയ്യുന്നുപക്ഷെ , പലപ്പോഴും  നാം  പരാജയപെടുന്നത്  ഇവിടെയാണ്‌… 

ദിവ്യമായ  അതിരുകളിൽ  നിന്ന്കൊണ്ട്  സ്ത്രീ  തന്റെ വ്യക്തിത്വം  ആവിഷ്കരിക്കുമ്പോൾ  ആ  അതിരുകൾ  തിരിച്ചറിയാനുള്ള  ശേഷിയും അതിന്റെ പവിത്രതയും പ്രാധാന്യവും  നമുക്ക് നഷ്ടപ്പെടുന്നു.

മതം, ധർമം, ഭാവശുദ്ധി , എന്നിവയോടൊപ്പം  വൈക്ഞാനികവും  ബൗധികവും ഗവേഷണവും അധ്യാപനവും വൈദ്യശാസ്ത്രവും   സർഗാത്മകവും  മറ്റുമായ  എല്ലാ  മണ്ഡലങ്ങളിലും  ശോഭിക്കാൻ  അവൾക്കു  സാധിക്കുമെന്ന്  ആയിഷയുടെ  ചരിത്രം  നമ്മെ   ബോധ്യപ്പെടുത്തുന്നു… 
നിരന്തരമായ  കർമങ്ങളിലൂടെ  ദൈവ  ഭക്തിയിലൂടെ  ഉന്നതമായ   ആത്മീയ  പ്രഭാവം  വഴി വിശ്വാസത്തിന്റെ  ഉത്തമ  തലങ്ങളിൽ  വിരാചിക്കുന്ന , ലോകത്തെ  എല്ലാ  വനിതകൾക്കും  വൈജ്ഞാനികമായ  മാതൃകയായ  സ്ത്രീ  രത്നങ്ങളെ  നമുക്കെങ്ങനെ  അവഗണിക്കാനാവും …?

അടിച്ചമർത്തുന്നതിനും  കുറ്റപ്പെടുത്തുന്നതിനും  മാനസികവും ശാരീരികവുമായി  തളർത്തുന്നത്തിനും  തകർക്കുന്നതിനും പകരം -അവളുടെ  കൈപിടിച്ചുയർത്താനും   ദൈവീകമായ  വിശ്വാസത്തിന്റെ  ഉയരങ്ങളിലേക്ക് , പരസ്പരം  നന്മയിലേക്ക്  ക്ഷണിക്കുന്നവരായി   പരിണമിക്കാൻ  നമുക്ക്  കഴിയട്ടെ

സൈനുത്താത്തയുടെ  ജീവിതം  ഒറ്റപ്പെട്ട  ഒന്നല്ല… 

നമ്മുടെ  ചുറ്റുപാടും  വിധിയെ പഴിച്ചു കഴിയുന്ന  ഒരുപാടൊരുപാട്  ജന്മങ്ങൾ വേറെയുമുണ്ട്… 

തന്റെ  അന്ത്യപ്രഭാഷണത്തിൽ പോലും  സ്ത്രീയുടെ  കാര്യത്തിൽ  നിങ്ങൾ  ദൈവീക  നിയമം   സൂക്ഷിക്കുകഅവർക്ക്  നിങ്ങളോടുള്ളത്  പോലെ  നിങ്ങൾക്ക് അവരോടും  ബാധ്യതകളുണ്ട്‌…” എന്ന  അധ്യാപനം നൽകിയ  മാനവവിമോചകനായ  പ്രവാചകഗുരുവിന്റെ  സമുദായം  പോലും  അത്  പാലിക്കുന്നതിൽ  പരാജയപ്പെട്ടു   പോയെന്നതിൽ  വല്ലാത്ത  സങ്കടം  തോന്നുന്നു.

സൈനുത്താത്തയുടെ  ആത്മാവിനു  സർവേശ്വരൻ  നന്മ  വരുത്തട്ടെ

സ്ത്രീയെ  ആദരിക്കുന്ന, അവളുടെ  സുരക്ഷിതത്വത്തിന്  സ്ഥാനം  നൽകുന്ന , അവളുടെ  കണ്ണുനീർ  തുടക്കുന്ന , അവളുടെ  കൈ  പിടിച്ചുയർത്തുന്ന  ഒരു  നല്ല  കാലം  ആഗതമാവട്ടെ

വിജ്ഞാനം  കൊണ്ടും  വിശുദ്ധി  കൊണ്ടും  വിശ്വാസ  പ്രഭാവം  കൊണ്ടും  വിസ്മയം  തീർക്കുന്ന ഒരു  സ്ത്രീ  സമൂഹം  ഉയർന്നു വരട്ടെ…!

മസ്ജിദുൽ ഹറാമിന്റെ മിനാരങ്ങളിലിരുന്ന വെള്ളരിപ്രാവുകൾ പറന്നു പൊങ്ങി.
സൂര്യൻ മരുഭൂമിയുടെ മണൽക്കാടുകളിലേക്ക് യാത്രയായി.
പടിഞ്ഞാറൻ ചക്രവാളത്തിൽ പൊന്നമ്പിളി വരവായി.
ഇരുണ്ടുവരുന്ന  ആകാശത്തിന്റെ ഏതോ കൊണുകളിലിരുന്നു നക്ഷത്രങ്ങൾ ഭൂമിയെ നോക്കി കണ്ണിറുക്കി.













സൂര്യനെയും ചന്ദ്രനേയും താരാഗണങ്ങളേയും അതിനുമപ്പുറത്തുള്ള ഒട്ടേറെ വിസ്മയങ്ങളേയും ജീവനുള്ളതും ഇല്ലാത്തതുമായ സകല ചരാചരങ്ങളെയും സൃഷ്ടിച്ചുപരിപാലിക്കുന്ന ഏകനായ ദൈവത്തെ ഓർത്ത്‌ കൊണ്ട് ഞാനിരുന്നു.

കുളിരൂറുന്നൊരു മന്ദമാരുതൻ മുടിയിഴകളെ തലോടിക്കൊണ്ട് കടന്നു പോയി.
മനസ്സിലേക്കപ്പോൾ കടന്നുവന്നത് ഒരു ഹിന്ദുസ്ഥാനി കവിതയുടെ  ഈരടികളാണ്

 ഖുദി കൊ കർ ബുലാന്ദ് ഇതനാ,
കെ ഹർ തക്ദീർ സെ പെഹലെ,
ഖുദാ ബന്ദെ സെ യെ പൂച്ഛെ  ,
ബതാ തേരി റാസാ ക്യാഹേ..?

“Make yourself so strong and fit,
That before writing your destiny,
God himself asks you,
Tell me, what is your opinion on this..?”