Saturday, December 13, 2014

'മനനം ചെയ്യാത്ത മനുഷ്യൻ...!(?)'




നിലയ്ക്കാത്ത താളത്തിൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ ഘടികാര സൂചിയുടെ ചലനത്തെ കുറിച്ചോർക്കുമ്പോൾ 'ലാമ'യുടെ വാക്കുകൾ എത്ര ശരിയെന്നു തോന്നിപ്പോവുന്നു..!!!

മനുഷ്യ വർഗത്തെപ്പറ്റിയുള്ള ഏതു കാര്യമാണ് അങ്ങയെ വിസ്മയിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു..:
"മനുഷ്യൻ തന്നെ...!
എന്തെന്നാൽ, മനുഷ്യൻ പണമുണ്ടാക്കാനായി ആരോഗ്യം ത്യജിക്കുന്നു...

എന്നിട്ട് ആരോഗ്യം വീണ്ടെടുക്കാനായി പണം ത്യജിക്കുന്നു...!

ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ട മൂലം ഇന്നത്തെ ജീവിതം ആസ്വദിക്കുന്നില്ല...ഇത് കാരണം ഇന്നിലും,ഭാവിയിലും അവൻ ജീവിക്കുന്നില്ല...!
ഒരിക്കലും മരിക്കെല്ലെന്നു വിചാരിച്ചു ജീവിക്കുന്നു...
എന്നിട്ട് ഒരിക്കലും ജീവിക്കാതെ മരിച്ചു പോകുന്നു...! "

എത്ര സത്യമായ വാക്കുകൾ...!

തിരക്കുകൾക്കിടയിലും  തിരക്കുകൾ കണ്ടെത്താനും ശ്രമിക്കുന്ന 
നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നാം ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടോ...?


ജീവിതം എന്നത് വല്ലാത്തൊരു സമസ്യ തന്നെയാണ്.. അല്ലേ..?

Monday, December 8, 2014

'ഐ-ഫോണ്‍' സ്വപ്നങ്ങളും വാഴകൃഷിയും






ഒരു ‘ ആപ്പിൾ ഐ ഫോണ്‍-6 ’ സ്വന്തമാക്കാനുള്ള  തന്റെ  ദീർഘനാളത്തെ  ശ്രമങ്ങൾക്കും പ്രതീക്ഷകൾക്കും  മുന്നിൽ പതിയെ  കരിനിഴൽ  വീണു  തുടങ്ങിയപ്പോൾ  അവൻ - ‘എന്റെ  പ്രിയ  സുഹൃത്ത്’ - എന്നോട്  ചോദിച്ചു :

“അല്ലാ...നമുക്ക്  വാഴകൃഷി  തുടങ്ങിയാലോ..?”

ആദ്യം എനിക്ക്  ചിരി   വന്നെങ്കിലും  സംഭവം  സീരിയസ്സാണെന്ന്  മനസ്സിലായതോടെ  ഞാനും  സീരിയസ്സായി …

ഒരു  വലിയ  വാഴക്കുലയ്ക്ക്   ആയിരം  രൂപയോളം  വിലവെരുമെന്നു  അവൻ  എവിടെ  നിന്നോ  കേട്ടിരിക്കുന്നു…
വീട്ടിലും  പറമ്പിലും  62 വാഴ  നട്ടാൽ  കയ്യിൽ  ഒരു  ഐ-ഫോണ്‍ ..!

പക്ഷെ  എത്ര  ചിന്തിച്ചിട്ടും    ആയിരം  രൂപയുടെ  വാഴക്കുലയുടെ  വലിപ്പം   എനിക്ക്  ഊഹിക്കാൻ  പോലും  ആയില്ല. വാഴപ്പഴത്തിന്റെ  മൊത്തവില  കിലോ  30 രൂപ  വച്ച്  കൂട്ടിയാലും  മാക്സിമം അഞ്ഞൂറ്  രൂപയിൽ  കൂടുതൽ  കിട്ടില്ല...
എന്നിരുന്നാലും  ഇങ്ങനെയെങ്കിലും  എന്റെ  സുഹൃത്തിന്റെ  ദീർഘനാളത്തെ   അഭിലാഷം  പൂവണിയുമല്ലോ  എന്ന  ചിന്ത  എന്നെ  പുളകം  കൊള്ളിച്ചു…!

കണ്ണും   പൂട്ടി  ഞാൻ  പറഞ്ഞു ..
“യെസ് … റെഡി...! ”

തന്ത്രപരമായ പല കൂടിയാലോചനകൾക്കും പ്ലാനിങ്ങുകൾക്കും ഒടുവിൽ ഞങ്ങൾ പദ്ധതി രൂപീകരിച്ചു...

അങ്ങനെ  ഇക്കഴിഞ്ഞ ശനിയാഴ്ച വാഴക്കന്ന് വാങ്ങാനുള്ള മുൻ തീരുമാനത്തിന്റെ ഭാഗമായി ഞാൻ അവന്റെ വീട്ടിൽ  പോയി...

ഒരാഴ്ചക്ക് ശേഷം വീട്ടിലെത്തിയതിനാൽ എന്റെ അഭിവന്ദ്യ പിതാവ് നേരത്തെ  ഏൽപിച്ചിരുന്ന ചില ജോലികൾ ഉണ്ടായിരുന്നു...
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോഴിക്കോട് പോയി ഉമ്മയ്ക്കുള്ള മരുന്ന് വാങ്ങുക എന്നതായിരുന്നു...

അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി ഞാൻ വീട് വിട്ടിറങ്ങി... അവന്റെ വീട് വരെ കാറിലും അവിടുന്നങ്ങോട്ട് ബസ്സിലും...
രണ്ടാഴ്ച്ചത്തെക്കുള്ള മരുന്നിനു ‘ഇരുപത്തി രണ്ടായിരത്തി ഒരുനൂറ്റി അമ്പതു രൂപാ’ എണ്ണിവാങ്ങിയ ഫാർമാസിസ്റ്റിനോട് ചിരിക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് മരുന്നു പെട്ടികളുമായി  ഞാൻ കോഴിക്കോട്ടു നിന്നും തിരിച്ചു...

ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ വീണ്ടും അവന്റെ വീട്ടിൽ എത്തിച്ചേർന്നു...

ഒരു മണിക്കൂറോളം നീണ്ടുനിന്ന അവസാനഘട്ട വിലയിരുത്തലുകൾ എനിക്കേറെ പ്രിയപ്പെട്ട അവന്റെ കുഞ്ഞനിയത്തി ‘മോളൂട്ടി’-യുടെ കളിക്കൊഞ്ചലുകൾക്കും കിന്നാരം പറച്ചിലിനുമിടയിൽ നഷ്ടപ്പെട്ടെങ്കിലും ഞങ്ങൾ പദ്ധതിയുമായി മുന്നോട്ടു പോവാൻ തന്നെ തീരുമാനിച്ചു...
 അങ്ങനെ എടവണ്ണപ്പാറയിലെ ‘മുക്കം അഗ്രി-നഴ്സറിയിൽ’ നിന്നും വാഴക്കന്നുകളുമായി ഞാൻ വീട്ടിലേക്കു തിരിച്ചു...

ഞായറാഴ്ച രാവിലെ കർഷക കുലപതിയായിരുന്നു പിതാമഹനെ മനസ്സിൽ ധ്യാനിച്ച്‌, സർവ്വശക്തനായ ദൈവത്തിന്റെ നാമധേയത്തിൽ ഞാൻ വാഴക്കന്നുകൾ മണ്ണിൽ വെച്ചു...

ഇനിയുള്ളത് ആറ് മാസത്തെ കാത്തിരിപ്പാണ്...
കാറും കോളും തണ്ട്തുരപ്പൻ പുഴുവും  ചതിച്ചില്ലെങ്കിൽ ആറു മാസത്തിനകം ഞങ്ങളുടെ വാഴയും കുലയ്ക്കും...!

അതുവരെ പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു...
കണ്‍കുളിർക്കെ കുലച്ചു നിൽക്കുന്ന അറുപത്തിരണ്ടു  വാഴകൾക്കും ഒരു ആപ്പിൾ ഐ ഫോണിനുമായ്...

പ്രിയരേ, 
ഞങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രാർഥിക്കുമെന്നു  വിശ്വസിച്ചു കൊണ്ട്,

പ്രിയമോടെ,

മുഹമ്മദ്‌ റഈസും 'പ്രിയ കൂട്ടുകാരനും' ...


NB : ചില പ്രത്യേക കാരണങ്ങളാൽ കൂട്ടുകാരന്റെ പേര് ഇവിടെ പരസ്യപ്പെടുത്തുന്നില്ല... ക്ഷമിക്കുക..പ്രാർഥിക്കുക.

Sunday, November 23, 2014

ജീവിതമാണോ പണമാണോ വലുത്..?

ഇന്നത്തെ കൂടിക്കാഴ്ചയിൽ 
അയാൾ എന്നോട് ചോദിച്ചു..:
"പണമാണോ ജീവിതമാണോ വലുത്..?"
ഒന്നും പറയാതെ ഞാൻ പുഞ്ചിരിച്ചു... :-)
അയാൾ തുടർന്നു :

"എന്റെ അമ്മ എന്റെ സാന്നിധ്യം ആഗ്രഹിച്ചു -

ഞാൻ അമ്മയുടെ സഹായിക്കായി പണമയച്ചു..
എന്റെ നല്ലപാതി  എന്റെ സ്നേഹം കൊതിച്ചു...
ഞാനവൾക്ക് ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമുള്ള പണമയച്ചു...
എന്റെ കുഞ്ഞുമോൾ  എന്റെ കൂടെ കളിക്കാൻ കൊതിച്ചു...
ഞാനവൾക്കൊരു കളിപ്പാട്ടം വാങ്ങാൻ പണമയച്ചു...
ഞാനയച്ചതും  അതിൽകൂടുതലും ഇന്നുമെന്റെ കയ്യിൽ ബാക്കിയുണ്ട്...
പക്ഷെ-
അമ്മയും അമ്മയുടെ വാത്സല്യവും
അവളുടെ  ഇണക്കവും പിണക്കവും കണ്ണുകളുടെ നീലിമയും
കുഞ്ഞുമോളുടെ കൊഞ്ചലും ചിണുങ്ങലും
എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു... "

എന്റെ മുഖത്തെ പുഞ്ചിരി മറച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു...


"എന്നോട് പരിഭവം തോന്നില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ..? "


"തീർച്ചയായും...പറയൂ.."


"എന്റെ അമ്മ എന്നോടൊരിക്കൽ പറഞ്ഞു...

എനിക്ക് വേണ്ടത് നിന്നെയാണ്...നിന്റെ പണമല്ല...
ജീവിക്കാൻ പണം വേണം...പക്ഷെ, പണത്തിനു വേണ്ടി ജീവിക്കുന്നവനായി നീ മാറരുത്...സ്വർണനാണയങ്ങൾ വാരിക്കൂട്ടുന്നതിനിടയിൽ അമൂല്യമായ ജീവിതരത്നങ്ങൾ വിസ്മരിക്കപ്പെടാതിരിക്കട്ടെ... ! "

ഇനി നിങ്ങൾ പറയൂ....

ജീവിതമാണോ പണമാണോ വലുത്..?

Saturday, November 22, 2014

ആഴങ്ങളിൽ...!




















മരം കോച്ചുന്ന തണുപ്പുള്ള രാത്രി...
വന്യമായ നിശബ്ദതയും നിലാവെളിച്ചത്തിൽ രൂപപ്പെടുന്ന ഭീകരമായ നിഴലുകളും അവനെ കൂടുതൽ ഭയപ്പെടുത്തുന്നതായിരുന്നു. നഗ്നമായ പാദങ്ങളിൽ കൽമുനകൾ കൊള്ളുമ്പോഴുള്ള വേദനപോലും സോനുവിന്റെ നടത്തത്തിന്റെ വേഗത കുറച്ചില്ല. വിയർപ്പു തുള്ളികളുടെയും കണ്ണുനീരിന്റെയും ഉപ്പുരസം അവന്റെ മനസ്സിനെ കൂടുതൽ ശക്തിപ്പെടുത്തി.
സമയം പാതിരാ കഴിഞ്ഞുകാണും. കിതപ്പ് കാരണം അവനു ശ്വാസം മുട്ടുന്നതു പോലെ തോന്നി .വിയർപ്പു തുള്ളികൾ പച്ചമുറിവുകളെ ഉമ്മ വെക്കുമ്പോഴുള്ള ‘സുഖം’ അവനെ കീഴ്പ്പെടുത്തുന്നതായിരുന്നു. വരണ്ടുണങ്ങിയ തൊണ്ടയിലേക്ക്‌ ഒരിത്തിരി ദാഹനീരിനായി സോനു കൊതിച്ചു .

എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോഴാണ് വീടുവിട്ടിറങ്ങിയത്.ഇന്നത്തെ രാത്രി വല്ലാത്ത ഒന്നായിരുന്നു. അത് ഓർക്കാൻ പോലും സോനു ഭയന്നു. മരണക്കിടക്കയിൽ വച്ച് അമ്മ തന്ന വെള്ളിമോതിരം മാത്രമായിരുന്നു അവന്റെതായി കയ്യിൽ. അതായിരുന്നു ഇത്രയും കാലം ജീവിക്കാൻ അവനെ പ്രേരിപ്പിച്ചതും അതിനു ശക്തിപകർന്നതും.

വീടും പറമ്പും സുലൈമാനിക്കയുടെ ചായപ്പീടികയും കടന്ന് ഓട്ടമായിരുന്നു . അങ്ങാടിയിലെ തെരുവ് വിളക്കുകൾ തന്നെ ആർക്കെങ്കിലും കാട്ടിക്കൊടുക്കുമോയെന്ന് സോനു ഭയന്നു. രാഘവേട്ടന്റെ പോതിക്കടയ്ക്കു പുറകിലൂടെ, കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ ഓരത്തു കൂടെ, പള്ളിപ്പറമ്പിലെ ചീനിമരത്തിന്റെ അരികിലൂടെ, അവൻ കുതിച്ചു . അന്തമായ , അജ്ഞാതമായ ഏതോ സ്വപ്നത്തെ തേടിയായിരുന്നില്ല, ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു രക്ഷപ്പെടലായിരുന്നു ആ യാത്ര .!

അമ്പലത്തിന്റെ മതിൽക്കെട്ടിനടുത്തെത്തിയപ്പോഴേക്കും അവൻ ആകെ തളർന്നിരുന്നു. ഒരിറ്റു ദാഹനീരിയായ് അവൻ വല്ലാതെ കൊതിച്ചു . അമ്പലക്കുളത്തിലെ നിറഞ്ഞു തെളിഞ്ഞ വെള്ളത്തെ കുറിച്ചുള്ള ഓർമ അവന്റെ മനസ്സിന് അല്പം ആശ്വാസം നൽകി .
ദീർഖമായ ഒരു നിശ്വാസത്തിനു ശേഷം സോനു പതുക്കെ അമ്പലക്കുളത്തിന്റെ കൽപടവുകളിറങ്ങി. 
അവസാനത്തെ കൽപടവിലിരുന്ന് അവൻ പതിയെ കാൽപാദങ്ങൾ വെള്ളത്തിൽ മുക്കി. കൈക്കുമ്പിളിൽ വെള്ളമെടുത്ത് തൊണ്ട നനച്ചു . രാത്രിയുടെ കുളിരും വെള്ളത്തിന്റെ തണുപ്പും മുറിവുകളുടെ നീറ്റലും അവന്റെ മനസ്സിനെ ഇന്നലെകളുടെ ഓർമകളിലേക്ക് നയിച്ചു.

എത്ര സുന്ദരമായിരുന്നു ആ നാളുകൾ...
അമ്മയുടെ മടിത്തട്ടെന്ന തന്റെ സ്വർഗലോകത്തെ നീറുന്ന മനസ്സോടെ അവനോര്ത്തു. അമ്മയ്ക്ക് അസുഖമാവുന്നത് വരെ എല്ലാം നന്നായി പോയിരുന്നു. അച്ഛന്റെ ചുവന്ന കണ്ണുകളും കൊമ്പൻ മീശയും അന്നും ഇന്നും അവനു പേടിയായിരുന്നു. അയലത്തെ സെട്ടു സാഹിബിന്റെയും മറ്റും വീടുകളിൽ പണിയെടുത്താണ് അമ്മ അവനെയും അനിയത്തി മിന്നുവിനെയും നോക്കിയിരുന്നത്. നാലാം ക്ലാസ്സിൽ സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തിയ ദിവസം.. അവന്റെ കുഞ്ഞിളം കവിളിൽ അമ്മ നൽകിയ ചുംബനങ്ങൾ നിറഞ്ഞ മിഴികളോടെ സോനു ഓർത്തു ..

എല്ലാ സന്തോഷങ്ങൾക്കും മുന്നിൽ തിരശീല തീർത്തുകൊണ്ട് അമ്മയ്ക്ക് അസുഖമായതും അമ്മ കിടപ്പിലായതും വളരെ പെട്ടെന്നായിരുന്നു ..
അതോടെ അമ്മയുടെയും കുഞ്ഞനുജത്തി മിന്നുമോളുടെയും പരിചരണം അവന്റെ കൊച്ചുമനസ്സിലെ വെല്ലുവിളികളായി. ജീവിക്കാനും പ്രതിസന്ധികളോട് പോരുതാനുമുള്ള പ്രേരണയും ഊർജവും അത് അവനു നൽകി .ആ പാവം സ്ത്രീ തന്റെ ജീവിതത്തിന്റെ നല്ലദിനങ്ങളിലെ ഓർമ്മകൾ അവനു ജീവിക്കാനുള്ള ദാഹനീരായി നൽകി. പക്ഷെ, എല്ലാം അവസാനിച്ചത്‌ പെട്ടെന്നായിരുന്നു.

ഒറ്റ രാത്രി കൊണ്ട്, അവന്റെ എല്ലാ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും മേൽ കരിനിഴൽ വീഴ്ത്തി കൊണ്ട് അമ്മ വിടപറഞ്ഞു.. സോനുവിന്റെ ജീവിതത്തിൽ ഇന്നലെകൾ മാത്രമായി. അവന്റെ നാളെയുടെ പ്രതീക്ഷകൾ കൂടി അമ്മയുടെ ചിതയ്ക്കൊപ്പം എരിഞ്ഞടങ്ങി…
അച്ഛന്റെ ശരീരത്തിലും മനസ്സിലും ലഹരിയായിരുന്നു. അമ്മയെ തല്ലി നോവിക്കുന്നത് എത്രയോ തവണ സോനു നിസ്സഹായനായി നോക്കി നിന്നിട്ടുണ്ട്. പ്രതിഷേധിക്കെണ്ടതും പ്രതികരിക്കെണ്ടതും എങ്ങനെയെന്നുപോലും അറിയാതെ സോനു അനിയത്തിയെ ചേർത്തു പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

ഇന്നത്തെ രാത്രി… 
അത് ജീവിതത്തിലെ ഏറ്റവും ഭീകരമായ രാവായിരുന്നു...
അച്ഛന്റെ കണ്ണുകളിലെ കോപവും മനസ്സിലെ ക്രൂരതയും നഷ്ടപ്പെടുത്തിയത് അവന്റെ ഒരേയൊരു ആശ്രയവും ആശയും പ്രതീക്ഷയുമായിരുന്ന കുഞ്ഞനിയത്തി മിന്നുവിനെയായിരുന്നു… അച്ഛന്റെ ബലിഷ്ട്ടമായ കരങ്ങൾ ഉയർന്നു താഴുമ്പോൾ… അവൻ ചീകിമിനുക്കിയിരുന്ന തലമുടിയിൽ പിടിച്ചു ശക്തമായി ചുമരിൽ ഇടിക്കുമ്പോൾ… ചോരയിൽ കുതിർന്ന കുപ്പിവളപ്പൊട്ടുകൾ നിലത്തു പൂക്കളം തീർക്കുമ്പോൾ… അവിടുന്നങ്ങോട്ട് ഓർക്കാൻ പോലും അവനു കഴിഞ്ഞില്ല…

ദേഹത്തും മനസ്സിലും വീണ ശക്തമായ മുറിപ്പാടുകളും രക്തത്തുള്ളികളും അവനെ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും ഓടിയൊളിക്കാൻ പ്രേരിപ്പിച്ചു.
കാലുകളിൽ നിന്നും വെള്ളത്തിന്റെ തണുപ്പും കണ്ണുകളിൽ നിന്നും ഉതിർന്നുവീഴുന്ന നീർത്തുള്ളികളുടെ ചൂടും സോനുവിന്റെ മനസ്സിൽ ഒരു ചടുല നൃത്തം തീർത്തു. വേദനകൾ കടിച്ചമർത്തിക്കൊണ്ട് അവൻ എഴുന്നേറ്റു നിന്നു.

താഴേക്കുള്ള കൽപടവുകൾ ഓരോന്നായി അവനിറങ്ങി… പാദങ്ങളിലെ വെള്ളം മുട്ട് വരെയെത്തി. കാൽമുട്ടുകൾ അവയെ മുകളിലേക്ക് നയിച്ചു...
ഒടുവിൽ, കഴുത്തോളം വെള്ളത്തിൽ നിന്നു കൊണ്ട് സോനു മുകളിലേക്ക് നോക്കി. ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ അവന്റെ മനസ്സിന് വല്ലാത്ത ശാന്തത നൽകി. അമ്മയുടെ കൈകൾ തലോടുന്ന പോലെ ഒരു കുഞ്ഞിളം കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി.
നിറഞ്ഞ കണ്ണുകളെ സാക്ഷി നിർത്തി സോനു പുഞ്ചിരിക്കാൻ ശ്രമിച്ചു. കണ്ണുകളടച്ചുകൊണ്ട് അവൻ പതിയെ ദൈവത്തെ കുറിച്ചോർത്തു. ജീവിതത്തിൽ അവനുണ്ടായ നഷ്ടങ്ങളെ കുറിച്ചോർത്തു. നഷ്ടപ്പെട്ടതിനെക്കാലും വലിയ ഒരു ലോകം, ശാശ്വതമായ, സുന്ദരമായ ഒരു സ്വർഗലോകം തന്നെ കാത്തിരിക്കുന്നതായി അവനു തോന്നി. ദൈവത്തിന്റെ വിളിക്കുത്തരം നൽകാനായി സോനു കണ്ണും കാതും മനസ്സും തുറന്നു വച്ചു .

അമ്പലക്കുളത്തിലെ തണുത്ത വെള്ളം അവനെ അതിന്റെ നീലിമയിലേക്ക്‌, ആഴങ്ങളിലേക്ക് സ്വാഗതം ചെയ്തു. പരൽമീനുകൾ അവനു ചുറ്റിലും നൃത്തം ചെയ്തു. സോനുവിന് തെല്ലും ഭയം തോന്നിയില്ല. അവന്റെ മനസ്സിലും ശരീരത്തിലും നിറഞ്ഞ ചോരപൊടിയുന്ന എല്ലാ മുറിവുകളും മാഞ്ഞു പോകുന്നതായി അവനു തോന്നി . അമ്മയുടെ മടിത്തട്ടിൽ അവനനുഭവിച്ച സുഖവും അമ്മയുടെ ചുംബനങ്ങളിൽ അവനറിഞ്ഞ സായൂജ്യവും മിന്നുമോളുടെ കളി-ചിരികളിൽ ആസ്വദിച്ച സന്തോഷവും അമ്പലക്കുളത്തിന്റെ ആഴങ്ങളിലേക്ക് നിർഗമിക്കുമ്പോൾ സോനു അനുഭവിച്ചു .

ജീവിതമെന്ന ഉത്തരം കിട്ടാത്ത സമസ്യയിലെ എല്ലാ പ്രതിസന്ധികളും പ്രയാസങ്ങളും അമ്മയുടെ ഗർഭാശയത്തിനും പള്ളിപ്പറമ്പിലെ ശവകുടീരങ്ങൾക്കും ഇടയിലെ ചില നിമിഷങ്ങൾ, ചില അനുഭൂതികൾ മാത്രമാണെന്ന് അവനു തോന്നി.
നശ്വരമായ ഈ ലോകത്തെ എല്ലാ ഓർമകളും മറന്നു കൊണ്ട് , എല്ലാ ബന്ധങ്ങൾക്കും വെടിഞ്ഞുകൊണ്ട് ,
ശാശ്വതമായ, സുന്ദരമായ മറ്റൊരു ലോകത്തിലേക്ക് സോനു സഞ്ചരിച്ചു . മിഥ്യയായ ലോകത്തിൽ നിന്നും യാധാർത്യത്തിന്റെ സുഗന്ധം അവൻ വേർതിരിച്ചറിഞ്ഞു.

ഒടുവിൽ, അവന്റെ കൊച്ചു ജീവിതത്തിലെ എല്ലാ പ്രതീക്ഷകളുടെയും പ്രതിസന്ധികളുടെയും ബാക്കിപത്രമായി അമ്പലക്കുളത്തിന്റെ ആഴങ്ങളിൽ നിന്നും ഏതാനും നീർക്കുമിളകൾ പ്രവഹിച്ചു.
ജീവിതത്തിനും മരണത്തിനുമിടയിൽ ബാക്കിയാവുന്നത് ഒരിത്തിരി മനുഷ്യായുസ്സു മാത്രമാണെന്ന് അന്വർഥമാക്കിക്കൊണ്ട് ആ നീർക്കുമിളകൾ പൊട്ടിത്തെറിച്ചു…
ഒരുപാടൊരുപാട് പ്രതീക്ഷകളെയും പ്രതിസന്ധികളെയും നിഷ്പ്രഭമാക്കിക്കൊണ്ട്…!

"എന്റെ കണ്ണുകൾ"



















കണ്ണുകളെ ,
കുങ്കുമം ചാലിച്ച വിഹായസ്സിനു കീഴെ -
കരയോടു കിന്നാരം ചൊല്ലുന്ന തിരമാലകൾ കാണുമ്പോൾ
കടൽക്കാറ്റിന്റെ ഈണത്തിന്നു കാതോർക്കുമ്പോൾ
കാലത്തിന്റെ കിനാവുകൾ കാത്തിരിക്കുമ്പോൾ

ഞാനീ ജീവിതമാം അജ്ഞാത സാഗരത്തിന്റെ
തീരത്തു വിറകൊള്ളുമ്പോൾ
ഓർത്തുപോകുന്നു - നിങ്ങളെ കുറിച്,
എന്റെ പ്രിയപ്പെട്ട കണ്ണുകളെ കുറിച്.

നിങ്ങളാണാദ്യമായ് സ്നേഹ-വിശുദ്ധയാം എന്നമ്മയെ കണ്ടത് ,
അമ്മതൻ അമ്മിഞ്ഞപ്പാലു കാണിച്ചത് ,
ഗൗരവമാർന്നൊരാ മന്ദഹാസം തുളുമ്പുന്നൊരെൻ
അച്ഛനെന്ന സത്യത്തെ കാണിച്ചത്;

കുഞ്ഞു പൂവിതളിന്റെ മാസ്മര്യവും പിന്നെ,
കുഞ്ഞിളം കാറ്റിന്റെ നൈർമല്യവും
പാതിരാ വാനിലെ വർണങ്ങളും
പൂർണ ചന്ദ്രൻ തീർത്ത വെണ്‍ നിലാവും
പൂമ്പാറ്റതൻ ചിത്ര വൈവിധ്യവും പിന്നെ ,
പൂങ്കാവനത്തിലെ പൂത്തുമ്പിയും

കാഴ്ച്ചകൾ തൻ വിസ്മയത്തിൻ കൂടെ-
എൻ ജീവിതത്തിന്റെ കയ്പ്പുനീരും
പിന്നെയെൻ നോവറിഞ്ഞോരാ കണ്ണുനീരും
"അവളുടെ " ചെറു-നീല-മിഴികളും
പിന്നെയാ 'കസവുതട്ടത്തിന്റെ' ചെഞ്ചായവും

നിങ്ങൾ തീർത്തൊരീ വിസ്മയങ്ങൾക്കു മുന്നിൽ
കേവലം പരിഭവമില്ല ഒട്ടും , ഒന്നിനോടും ,
പക്ഷെ ,
ഒത്തിരിയേറെ കിനാവും കുട്ടിക്കുറുമ്പുമായ്
ഞാനുമീ യാത്ര തുടരട്ടെയിങ്ങനെ,...

Wednesday, October 29, 2014

IIT Madras



യാത്രകൾ എന്നും എനിക്കേറെ ഇഷ്ടമായിരുന്നു...
നിശബ്ദമായ മനസ്സിന്റെ താഴ്വാരങ്ങളെ തഴുകിയുണർത്തുന്നതായിരുന്നു ഓരോ സഞ്ചാരവും...
രണ്ടു ദിവസത്തെ ചെന്നൈ പര്യടനവും - പതിവു പോലെ - നവ്യമായ അനുഭൂതികളുടെ മണിമുത്തുകൾ മനസ്സിലെ മുത്തുമാലയിൽ കൊർത്തുവെക്കുന്നതായിരുന്നു...


യാത്രകളിലെ ഏറ്റവും നല്ല കൂട്ടുകാരൻ പുസ്തകങ്ങൾ തന്നെയാണെന്ന് തോന്നുന്നു. പ്രത്യേകിച്ച് ദീർഖയാത്രകൾ തീർക്കുന്ന വിരസതയിൽ...

IPH പുറത്തിറക്കിയ 'സ്വഹാബി വനിതകൾ' എന്ന ചരിത്ര പുസ്തകമാണ് ഇന്നത്തെ സഹയാത്രികൻ…....

ആധുനിക ലോകം സ്ത്രീക്കു നൽകിയ ഏറ്റവും വലിയ ‘സ്ഥാനം’ പരസ്യപ്പലകയിലാണെന്നു വായിച്ചതോർക്കുന്നു … ‘സ്ത്രീ ’ എന്നത് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും ഏറ്റവും വലിയ പ്രതീകമാവുമ്പോഴും ലോകം ഇന്ന് സ്ത്രീത്വത്തെ പോലും കച്ചവടക്കണ്ണോടുകൂടി കാണാൻ ശ്രമിക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നിപ്പോവുന്നു...

ഒരു ദർശനവും പ്രയോഗവും എന്ന നിലയിൽ - വിവിധങ്ങളായ ഭാവങ്ങളുള്ള മനുഷ്യ മനസ്സുകളെ സംഘർഷരഹിതവും താളാത്മകവുമാക്കുന്ന - 
ദിവ്യമായ അതിരുകളിൽ നിന്നുകൊണ്ട് സർഗാത്മകതയെയും സ്വാതന്ത്ര്യത്തേയും  ആവിഷ്കരിക്കുന്ന ഇസ്ലാമിക ചരിത്രത്തിലെ നക്ഷത്രത്തിളക്കമുള്ള ഒരുകൂട്ടം സ്ത്രീകളുടെ ജീവിത കഥയാണീ പുസ്തകം..
ഇസ്ലാമിന്റെ അതിരിലും ആത്മാവിലും നിന്ന് കൊണ്ട് സ്ത്രീ എങ്ങനെയാണ് സ്വയം ആവിഷ്കരിക്കുന്നത് എന്നതിന്റെ ചരിത്ര രേഖ. 

സ്ത്രീ  ഇവിടെ ദൈവത്തോട് ഏറ്റവും അടുത്തു നിന്നുകൊണ്ട് തന്റെ അസ്തിത്വത്തെ ഏറ്റവും ഭാവദീപ്തമായി അറിയുകയും ആവിഷ്കരിക്കുകയുമാണ്.
സ്ത്രീ സ്വത്വത്തിന്റെ ശരിയായ രുചിയനുഭവിച്ച , പ്രവാചക സതീർഥ്യകളായിത്തീർന്ന ഏതാനും മഹതികളുടെ ജീവിത രേഖ...ലളിതമായ ഒരു ആധികാരിക പഠനഗ്രന്ഥം..

അക്ഷരക്കൂട്ടത്തിൽ നിന്നും പുറത്തേക്കു വരുമ്പോൾ ട്രെയിൻ തമിഴ്നാടിന്റെ ചൂടുകാറ്റിനെ ഭേദിച്ചുകൊണ്ടുള്ള കുതിപ്പിലായിരുന്നു. 
പച്ചവിരിച്ച കേരളീയ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രാസുഖം പരുക്കനായ തരിശു നിലങ്ങൾ നിറഞ്ഞ ഈ വഴിക്കില്ല …

രണ്ടു ദിവസത്തെ ചെന്നൈ യാത്രയുടെ പ്രധാന ലക്‌ഷ്യം IIT മദ്രാസ്സാണ്… Corrosion Prevention & Control -ൽ ഒരു ട്രെയിനിംഗ് കോഴ്സ്…
IIT madras…ഇതു നാലാമത്തെ തവണയാണ് മനോഹരമായ, ഹരിതാഭമായ ഈ ക്യാമ്പസിൽ...
കിട്ടാത്ത മുന്തിരിയുടെ പുളിയാണോ എന്നറിയില്ല , ഈ ലോകം എന്നെ വല്ലാതെ വശീകരിക്കുന്നു.....ഇതുപോലൊരു ക്യാമ്പസിൽ പഠിക്കാൻ ഒരുപാട് കൊതിച്ചതാണ് ....
പക്ഷേ.., "Man Desire..,God Decide" - എന്നാ പ്രപഞ്ച തത്വത്തെ ഞാൻ ബഹുമാനിക്കുന്നു…
അടിസ്ഥാന സൗകര്യങ്ങളെക്കാളുപരി എന്നെ സ്വാധീനിക്കുന്നത് പഠനത്തിലും ഗവേഷണത്തിലും അധിഷ്ടിതമായ ഒരു academic- സിസ്റ്റം ആണ് .. 
ഒരു ദിവസം, ദൈവം സഹായിച്ചാൽ ഞാനും …!


IIT മദ്രാസ് ക്യാമ്പസ്
മനുഷ്യ മനസ്സുകൾക്ക് ഏറ്റവും ഭാരം നൽകുന്നത് അവന്റെ ആശകളും അഭിലാഷങ്ങളുമാണെന്നു തോന്നുന്നു ..
പക്ഷെ , ആ ആശാഭിലാഷങ്ങൾ തന്നെയാണ് അവനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്ത അത്ഭുതം തോന്നുന്നു ..
ജീവിതം എന്നും ഒരു പിടികിട്ടാത്ത സമസ്യ തന്നെയാണ് ..
ഓരോ മനുഷ്യനും അവനു നിക്ഷിപ്തമായ പാതയിൽ,
കാലയളവിൽ ചലിക്കുന്നു … 
എത്രമാത്രം കൃത്യമാണ് സൃഷ്ടാവായ ദൈവത്തിന്റെ കണക്കുകൾ ..
എത്രമാത്രം അത്ഭുതകരമാണ് ഓരോ ജന്മങ്ങളും ..

സ്നേഹത്തിലും വിശ്വാസത്തിലും പൊതിഞ്ഞ ഒരു മഞ്ഞുതുള്ളി മാത്രമാണ് ഓരോ ജന്മവുമെന്നെനിക്കു തോന്നുന്നു.
പ്രപഞ്ചത്തിന്റെ ആകെ ആയുസ്സിനെ ഒരു മണിക്കൂറായി കണക്കാക്കിയാൽ 59.57 മിനിട്ടിലാണത്രെ മനുഷ്യൻ അവതരിച്ചത്. അവന്റെ എല്ലാ ജീവിതാഭിലാഷങ്ങളും കാമ -ക്രോധ -ലോഭ -വിചാര -വികാരങ്ങളും ഈ മൂന്നു സെക്കണ്ട് സമയത്തേക്ക് മാത്രമുള്ളതാണ് എന്നതോർക്കുമ്പോൾ …വല്ലാതെ ആശ്ചര്യപ്പെട്ടു പോവുന്നു ..
സമുദ്രത്തിന്റെ അഗാധങ്ങളിലെ ഒരു ചിപ്പിക്കുള്ളിലെ മുത്തായ്‌ മാത്രം അവതരിച്ചിരുന്നുവെങ്കിൽ …!
നദീതീരത്തെ വെറുമൊരു പുൽക്കൊടിയായി മാത്രം ജനിച്ചിരുന്നുവെങ്കിൽ …!


ബസന്ത് നഗർ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം...
 [നിജു, അനുരാഗ്, ആന്റണി, പിന്നെ ഞാനും]

ചിന്തകൾ മനസ്സിൽ വല്ലാത്ത ഭാരം തീർക്കുന്നു …
നിജു ,ആന്റണി ,അനുരാഗ് ,ആഖിൽ എന്നീ 
സുഹൃത്തുക്കൾക്കിടയിൽ നടക്കുമ്പോഴും .., 
IIT-മദ്രാസ്സിന്റെ കുളിർമയിലൂടെ സൈക്കിളോടിക്കുമ്പോഴും..
അതിരാവിലെ ബസന്ത് നഗർ ബീച്ചിൽ കടലിന്റെ കുഞ്ഞോളങ്ങൾ  പാദങ്ങളെ തൊട്ടുരുമ്മുമ്പോഴും എന്റെ മനസ്സ് അലയുകയായിരുന്നു.



എത്രയും പെട്ടെന്ന് വീട്ടിലെത്താനും അമ്മയുടെ മടിത്തട്ടാകുന്ന എന്റെ സ്വർഗീയാരാമത്തിൽ ആശ്വാസം  തേടാനും മനസ്സ് കൊതിച്ചു.
അസ്വസ്ഥമായ മനസ്സോടെയാണ് ഞാൻ എഗ്മോർ സ്റ്റേഷനിൽ നിന്നും തിരിച്ചു കോഴിക്കോട്ടേക്ക് വണ്ടി കയറിയത് .. 

രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ എന്തെന്നില്ലാതെ ഞാൻ പരിഭ്രമിക്കുന്നുണ്ടായിരുന്നു ..
പക്ഷെ , അമ്മയുടെ വാത്സല്യം തുളുമ്പുന്ന പുഞ്ചിരിയും തലോടലും "എന്റെ മോനെ"-യെന്ന വിളിയും കവിളിൽ നൽകിയ നറുചുംബനങ്ങളും എന്നെ ശാന്തനാക്കി ..
മനുഷ്യ മനസ്സുകളിലെ നിഗൂഡതകളറിയുന്ന പ്രപഞ്ച നാഥനായ സർവേശ്വരന് സ്തുതി ..!
നല്ല ഒരു നാളെയെ പ്രതീക്ഷിച്ചു കൊണ്ട് ..ഇനി ഞാനുറങ്ങട്ടെ ..

ശുഭരാത്രി ..

Monday, October 20, 2014

സുലൈമാനിക്കയുടെ കൂടെ...



നല്ല സുഖമുള്ള തണുത്ത കാറ്റ്...
ഉദയ സൂര്യന്റെ തങ്കകിരണങ്ങൾ
സുപ്രഭാതം ആശംസിക്കുന്നു...
ചാലിയാറിന് സമാന്തരമായി മനോഹരമായ റോഡിലൂടെ
എന്റെ പുതിയ തൂവെള്ള സ്വിഫ്റ്റ്കാർ
അതിവേഗം കുതിച്ചു... ദൂരെ മലഞ്ചെരുവുകൾക്കിടയിലൂടെ അരിച്ചെത്തുന്ന പൊൻകിരണങ്ങൾ ചാലിയാറിനെ ഒരു മണവാട്ടിയെപ്പോലെ ചമയിക്കുന്നതായി എനിക്ക് തോന്നി...

കോഴിക്കോടാണ് ലക്‌ഷ്യം...
"ഒരവധി ദിവസമായിട്ടും നിനക്കൊന്നു വീട്ടിൽ വെറുതെയിരുന്നുകൂടെടാ"  എന്ന വീട്ടുകാരുടെ ചോദ്യത്തിന് ഒരു പുഞ്ചിരി കൊണ്ട് മറുപടി കൊടുത്താണ് ഇറങ്ങിയത്...

വീട്ടിൽ നിന്നും കോഴിക്കോട്ടേക്ക് നാല് വഴികളുണ്ട്... 
അവയിൽ കൊണ്ടോട്ടി-രാമനാട്ടുകര ,കൂളിമാട് -മാവൂർ, മുക്കം-കുന്നമംഗലം എന്നീ മൂന്നു വഴികളും വിട്ട് 
എടവണ്ണപ്പാറ-വാഴക്കാട് റൂട്ട് തിരഞ്ഞെടുത്തത് 
'ചാലിയാർ' - എന്ന മൊഞ്ചത്തിയെ കാണാനും 
ഒരു കൊച്ചു കുഞ്ഞിന്റെ കൊലുസ്സിന്റെ താളത്തിൽ 
അവൾ തീർക്കുന്ന ഓളങ്ങൾ ആസ്വദിക്കാനുമായിരുന്നു...

കോഴിക്കോട്ടെ 'മാതൃഭൂമി'-യുടെ പുതിയ ബുക്ക്‌സ്റ്റാൾ
ഇതുവരെ കണ്ടിട്ടില്ല... ഒരുപാട് പുതിയ പുസ്തകങ്ങളുടെ കളക്ഷൻ അവിടെയുണ്ടെന്ന് 'നിജു'-വാണ് പറഞ്ഞത്...
ടാഗോറിന്റെ 'ഗീതാഞ്ചലിയും' മുഹമ്മദ്‌ അസദിന്റെ 'മക്കയിലേക്കുള്ള പാത'-യും വാങ്ങണം...കൂട്ടത്തിൽ 'അഷിതയുടെ കഥകളും'...

"ഒന്ന് പതുക്കെ പോടാ...
എന്തിനാ ഇത്ര സ്പീഡ്..? 
നമ്മക്ക് തെരക്കൊന്നൂല്ലാല്ലോ..."
-സുലൈമാനിക്കയാണ്.

നല്ല സൂപ്പർ റബ്ബറൈസ്ഡ് റോഡ്‌... റോഡിലാണെങ്കിൽ കാര്യമായിട്ട് വാഹനങ്ങളുടെ തിരക്കുമില്ല...എന്നാപിന്നെ ഇത്തിരി സ്പീഡു കൂടിയാലെന്താ എന്നാണു എന്റെ പക്ഷം...

സുലൈമാനിക്കയെ പരിചയപ്പെടുത്താൻ മറന്നു.
മൂപ്പർ എന്റെ നാട്ടുകാരനാണ്..
എന്നെക്കാളും ഒരു മുപ്പതു വയസ്സ് പ്രായം...
സദാ വൈറ്റ് & വൈറ്റ് ആണ് വേഷം...
ഒരു കറുത്ത തൊപ്പിയും കൂടി ഉണ്ടെങ്കിൽ ഇങ്ങളെ കാണാൻ 'ശിഹാബ് തങ്ങളെ പൊലെയിരിക്കുമെന്നു ഞാൻ കളിയാക്കും...
ഞാൻ പരിചയപ്പെട്ട, മനസ്സിലാക്കിയ ആളുകളിൽ നിന്നും തീർത്തും വ്യത്യസ്തനായ ഒരാളായിരുന്നു സുലൈമാനിക്ക.

അയാൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെയും സമ്പത്തിന്റെയും ധാരാളിത്തം അവകാശപ്പെടാൻ ഇല്ലായിരുന്നു... തൊഴിൽ കൊണ്ട് അയാളൊരു ഡ്രൈവറായിരുന്നു... വെറും ഡ്രൈവറല്ല...ഒരു ആംബുലൻസ് ഡ്രൈവർ...

ഒരു പക്ഷെ ജീവിതത്തിനും മരണത്തിനുമിടയിൽ താൻ കണ്ട യാഥാർത്യങ്ങളാവാം ആ മനുഷ്യനെ ഇത്രയേറെ മാറ്റിയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്... ഓരോ യാത്രയിലും അയാൾ ആസ്വദിച്ചത് ദൈവത്തിന്റെ അപാരമായ പരീക്ഷണങ്ങളെയായിരുന്നു...

അയാളുടെ വാഹനത്തിലെ സംഗീതം ഭയപ്പെടുത്തുന്ന സൈറണും നിലവിളികളുമായിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അയാളുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റുകൾ തെളിഞ്ഞു നിന്നു...
നിമിഷങ്ങൾ അയാൾക്കും അയാളുടെ വാഹനത്തിലുള്ളവർക്കും ഏറെ വിലമതിക്കുന്നതായിരുന്നു...

ജീവിതത്തിന്റെ നൈമിഷികതയെ എനിക്കു ബോധ്യപ്പെടുത്തി തന്നത് അയാളാണ്... ശവകുടീരങ്ങളിലേക്കുള്ള യാത്രയാണ് ഓരോ മനുഷ്യ ജീവിതവുമെന്ന പാഠം എന്നെ പഠിപ്പിച്ചത് അയാളായിരുന്നു...

ആ സുലൈമാനിക്കയാണ് ഇന്നെന്റെ കൂടെ...

രാവിലെ അങ്ങാടിയിൽ വെച്ചാണ് സുലൈമാനിക്കയെ കണ്ടത്...
കാർ നിർത്തി സംസാരിച്ചപ്പോഴാണറിഞ്ഞത്.. മൂപ്പരും കോഴിക്കോട്ടേക്കാണ് പോലും... 
അങ്ങനെ എന്റെ ഒപ്പം കൂടിയതാണ്...

വശ്യമായ പുഞ്ചിരിയോടെ ഞാൻ അയാളോട് ചോദിച്ചു...


"അല്ല സുലൈമാനിക്കാ... നിങ്ങളുടെ വണ്ടി റോഡിൽ കൂടി പറത്താം...
ഞാനിപ്പോ ഇത്തിരി സ്പീഡ് കൂട്ടിയപ്പോ വല്യ പ്രശ്നായി, ല്ലേ...?"

അതിനയാൾ പറഞ്ഞ മറുപടി എന്നെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു...


"ന്റെ കുട്ട്യേ,, നെന്നെപ്പോലോള്ളോരൊക്കെ ഇങ്ങനെ നിലം വിട്ടു പോകുന്നോണ്ടാ എനിക്ക് പണി കിട്ടുന്നത്..., അത് വേണോ മോനെ..?"

അൽപനേരത്തെ മൗനത്തിനു ശേഷം സുലൈമാനിക്ക ചോദിച്ചു..
"ഞാനിപ്പോൾ എങ്ങോട്ടാ പോകണതെന്ന് നെനക്കറിയോ? "

"അറിയാല്ലോ... കോഴിക്കോട്ടേക്കല്ലേ..."

"അല്ല...കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്...
ഇന്നലെ വൈകുന്നേരം നടന്ന സംഭവം നീ അറിഞ്ഞിട്ടില്ലേ....?
ഞാനാ ആ കുഞ്ഞിനെ ക്യാഷ്വാലിറ്റിയിലാക്കിയത്...എന്റെ വണ്ടിയിലാ..."

സുലൈമാനിക്കയുടെ സ്വരം ഇടറി...
നിർവ്വികാരതയോടെ അയാൾ പിന്നീട് പറഞ്ഞ വാക്കുകൾ ഞാൻ കേട്ടിരിന്നു..

"ഒരു നേരത്തെ അശ്രദ്ധ മതി... ഒരായുസ്സിന്റെ കണ്ണുനീരാവാൻ... ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴാൻ... സ്വപ്നങ്ങളുടെ കണ്ണാടിവീടുകൾ തരിപ്പണമാവാൻ...
അത് കൊണ്ട്...വേണ്ട മോനേ..വേഗത നിന്നെപ്പോലുള്ളവർക്ക് ഒരു ഹരമാണ്...അത് വരും വരായ്കകളെ കുറിച്ച് മനസ്സിലാക്കാൻ കഴിയാത്ത നിന്റെ പ്രായത്തിന്റെ വികൃതിയാണ്... പക്ഷെ, അത് പലപ്പോഴും നഷ്ടപ്പെടുത്തുന്നത് ഒരുപാടൊരുപാട് പ്രതീക്ഷകളെയാവാം...ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയെയാവാം...
നീയും എന്റെ കൂടെ ഇന്നു വാ... നിസ്സാരമെന്നു നമ്മൾ കരുതുന്ന ഓരോ വാക്കും നോക്കും പ്രവർത്തിയും മറ്റൊരാളുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്നു നിനക്ക് ഞാൻ കാണിച്ചു തരാം...".

ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ അയാളുടെ വാക്കുകൾ കേട്ടിരുന്നു... മറുപടി പറയാൻ പോലും എനിക്കു ശക്തിയുണ്ടായിരുന്നില്ല...
ജീവിതം മനസ്സിലാക്കാൻ പുസ്തകങ്ങൾ പരതുന്ന ഞാൻ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കണ്ടു വന്ന അയാളുടെ മുന്നില് അമ്പരപ്പോടെ ഇരുന്നു പോയി... ഒരു ഗുരുവിനു മുന്നിൽ നിൽക്കുന്ന ശിഷ്യന്റെ കൗതുകത്തോടെ ഞാൻ അയാൾ പറഞ്ഞ ഓരോ വാക്കുകളും എന്റെ മനസ്സിൽ കോറിയിട്ടു..
ഒരു പുസ്തകവും സമ്മാനിക്കാത്ത, ഒരു മഹാ ഇതിഹാസവും പങ്കുവെക്കാത്ത, നഗ്നമായ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ, നശ്വരതയെ, നൈമിഷികതയെ, അയാൾ എനിക്കു മുമ്പിൽ തുറന്നു കാട്ടി...

അജ്ഞാതമായ ഏതോ അതൃശ്യ കരങ്ങളാൽ തിരിയുന്ന കാലചക്രം ഇനിയും നമ്മെ മുന്നോട്ടു നയിക്കുന്നു.
എന്റെ കണ്ണുകളിൽ കറുത്ത റോഡിലെ വെളുത്ത വരകൾ മാറിമാറി വന്നു... എന്റെ കാറിന്റെ വേഗം 
പതിയെ കുറഞ്ഞു വന്നു... 

സൈഡ് വിൻഡോകളിലൂടെ കടന്നു വരുന്ന തണുത്ത കാറ്റിലും ഞാൻ വിയർക്കുകയായിരുന്നു. ഒരായിരം ചിന്തകൾ എന്റെ മനസ്സിൽ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു. ശാന്തത തേടി ഞാൻ അറിയാതെ സർവേശ്വരനെ വിളിച്ചു.

ചാലിയാർ പുഴ അപ്പോഴും ഒഴുകുകയായിരുന്നു...
ഒരു മണവാട്ടിയുടെ നാണത്തോടെയും കൊലുസ്സിന്റെ താളത്തോടെയും കുഞ്ഞോളങ്ങൾ തീർത്തു കൊണ്ട്...
ആ കുഞ്ഞോളങ്ങൾ എന്റെ മനസ്സിൽ സ്നേഹത്തിന്റെ വളകിലുക്കം തീർത്തു. ആശ്വാസത്തോടെ, സമാധാനത്തോടെ, ഇനി ഞാൻ ഈ യാത്ര തുടരട്ടെ...
-Muhammed Raees PC