Saturday, November 22, 2014

ആഴങ്ങളിൽ...!




















മരം കോച്ചുന്ന തണുപ്പുള്ള രാത്രി...
വന്യമായ നിശബ്ദതയും നിലാവെളിച്ചത്തിൽ രൂപപ്പെടുന്ന ഭീകരമായ നിഴലുകളും അവനെ കൂടുതൽ ഭയപ്പെടുത്തുന്നതായിരുന്നു. നഗ്നമായ പാദങ്ങളിൽ കൽമുനകൾ കൊള്ളുമ്പോഴുള്ള വേദനപോലും സോനുവിന്റെ നടത്തത്തിന്റെ വേഗത കുറച്ചില്ല. വിയർപ്പു തുള്ളികളുടെയും കണ്ണുനീരിന്റെയും ഉപ്പുരസം അവന്റെ മനസ്സിനെ കൂടുതൽ ശക്തിപ്പെടുത്തി.
സമയം പാതിരാ കഴിഞ്ഞുകാണും. കിതപ്പ് കാരണം അവനു ശ്വാസം മുട്ടുന്നതു പോലെ തോന്നി .വിയർപ്പു തുള്ളികൾ പച്ചമുറിവുകളെ ഉമ്മ വെക്കുമ്പോഴുള്ള ‘സുഖം’ അവനെ കീഴ്പ്പെടുത്തുന്നതായിരുന്നു. വരണ്ടുണങ്ങിയ തൊണ്ടയിലേക്ക്‌ ഒരിത്തിരി ദാഹനീരിനായി സോനു കൊതിച്ചു .

എല്ലാവരും ഉറങ്ങിയെന്നു ഉറപ്പായപ്പോഴാണ് വീടുവിട്ടിറങ്ങിയത്.ഇന്നത്തെ രാത്രി വല്ലാത്ത ഒന്നായിരുന്നു. അത് ഓർക്കാൻ പോലും സോനു ഭയന്നു. മരണക്കിടക്കയിൽ വച്ച് അമ്മ തന്ന വെള്ളിമോതിരം മാത്രമായിരുന്നു അവന്റെതായി കയ്യിൽ. അതായിരുന്നു ഇത്രയും കാലം ജീവിക്കാൻ അവനെ പ്രേരിപ്പിച്ചതും അതിനു ശക്തിപകർന്നതും.

വീടും പറമ്പും സുലൈമാനിക്കയുടെ ചായപ്പീടികയും കടന്ന് ഓട്ടമായിരുന്നു . അങ്ങാടിയിലെ തെരുവ് വിളക്കുകൾ തന്നെ ആർക്കെങ്കിലും കാട്ടിക്കൊടുക്കുമോയെന്ന് സോനു ഭയന്നു. രാഘവേട്ടന്റെ പോതിക്കടയ്ക്കു പുറകിലൂടെ, കൊയ്ത്തു കഴിഞ്ഞ പാടത്തിന്റെ ഓരത്തു കൂടെ, പള്ളിപ്പറമ്പിലെ ചീനിമരത്തിന്റെ അരികിലൂടെ, അവൻ കുതിച്ചു . അന്തമായ , അജ്ഞാതമായ ഏതോ സ്വപ്നത്തെ തേടിയായിരുന്നില്ല, ജീവിതത്തിനും മരണത്തിനുമിടയിലെ ഒരു രക്ഷപ്പെടലായിരുന്നു ആ യാത്ര .!

അമ്പലത്തിന്റെ മതിൽക്കെട്ടിനടുത്തെത്തിയപ്പോഴേക്കും അവൻ ആകെ തളർന്നിരുന്നു. ഒരിറ്റു ദാഹനീരിയായ് അവൻ വല്ലാതെ കൊതിച്ചു . അമ്പലക്കുളത്തിലെ നിറഞ്ഞു തെളിഞ്ഞ വെള്ളത്തെ കുറിച്ചുള്ള ഓർമ അവന്റെ മനസ്സിന് അല്പം ആശ്വാസം നൽകി .
ദീർഖമായ ഒരു നിശ്വാസത്തിനു ശേഷം സോനു പതുക്കെ അമ്പലക്കുളത്തിന്റെ കൽപടവുകളിറങ്ങി. 
അവസാനത്തെ കൽപടവിലിരുന്ന് അവൻ പതിയെ കാൽപാദങ്ങൾ വെള്ളത്തിൽ മുക്കി. കൈക്കുമ്പിളിൽ വെള്ളമെടുത്ത് തൊണ്ട നനച്ചു . രാത്രിയുടെ കുളിരും വെള്ളത്തിന്റെ തണുപ്പും മുറിവുകളുടെ നീറ്റലും അവന്റെ മനസ്സിനെ ഇന്നലെകളുടെ ഓർമകളിലേക്ക് നയിച്ചു.

എത്ര സുന്ദരമായിരുന്നു ആ നാളുകൾ...
അമ്മയുടെ മടിത്തട്ടെന്ന തന്റെ സ്വർഗലോകത്തെ നീറുന്ന മനസ്സോടെ അവനോര്ത്തു. അമ്മയ്ക്ക് അസുഖമാവുന്നത് വരെ എല്ലാം നന്നായി പോയിരുന്നു. അച്ഛന്റെ ചുവന്ന കണ്ണുകളും കൊമ്പൻ മീശയും അന്നും ഇന്നും അവനു പേടിയായിരുന്നു. അയലത്തെ സെട്ടു സാഹിബിന്റെയും മറ്റും വീടുകളിൽ പണിയെടുത്താണ് അമ്മ അവനെയും അനിയത്തി മിന്നുവിനെയും നോക്കിയിരുന്നത്. നാലാം ക്ലാസ്സിൽ സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തിയ ദിവസം.. അവന്റെ കുഞ്ഞിളം കവിളിൽ അമ്മ നൽകിയ ചുംബനങ്ങൾ നിറഞ്ഞ മിഴികളോടെ സോനു ഓർത്തു ..

എല്ലാ സന്തോഷങ്ങൾക്കും മുന്നിൽ തിരശീല തീർത്തുകൊണ്ട് അമ്മയ്ക്ക് അസുഖമായതും അമ്മ കിടപ്പിലായതും വളരെ പെട്ടെന്നായിരുന്നു ..
അതോടെ അമ്മയുടെയും കുഞ്ഞനുജത്തി മിന്നുമോളുടെയും പരിചരണം അവന്റെ കൊച്ചുമനസ്സിലെ വെല്ലുവിളികളായി. ജീവിക്കാനും പ്രതിസന്ധികളോട് പോരുതാനുമുള്ള പ്രേരണയും ഊർജവും അത് അവനു നൽകി .ആ പാവം സ്ത്രീ തന്റെ ജീവിതത്തിന്റെ നല്ലദിനങ്ങളിലെ ഓർമ്മകൾ അവനു ജീവിക്കാനുള്ള ദാഹനീരായി നൽകി. പക്ഷെ, എല്ലാം അവസാനിച്ചത്‌ പെട്ടെന്നായിരുന്നു.

ഒറ്റ രാത്രി കൊണ്ട്, അവന്റെ എല്ലാ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും മേൽ കരിനിഴൽ വീഴ്ത്തി കൊണ്ട് അമ്മ വിടപറഞ്ഞു.. സോനുവിന്റെ ജീവിതത്തിൽ ഇന്നലെകൾ മാത്രമായി. അവന്റെ നാളെയുടെ പ്രതീക്ഷകൾ കൂടി അമ്മയുടെ ചിതയ്ക്കൊപ്പം എരിഞ്ഞടങ്ങി…
അച്ഛന്റെ ശരീരത്തിലും മനസ്സിലും ലഹരിയായിരുന്നു. അമ്മയെ തല്ലി നോവിക്കുന്നത് എത്രയോ തവണ സോനു നിസ്സഹായനായി നോക്കി നിന്നിട്ടുണ്ട്. പ്രതിഷേധിക്കെണ്ടതും പ്രതികരിക്കെണ്ടതും എങ്ങനെയെന്നുപോലും അറിയാതെ സോനു അനിയത്തിയെ ചേർത്തു പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു.

ഇന്നത്തെ രാത്രി… 
അത് ജീവിതത്തിലെ ഏറ്റവും ഭീകരമായ രാവായിരുന്നു...
അച്ഛന്റെ കണ്ണുകളിലെ കോപവും മനസ്സിലെ ക്രൂരതയും നഷ്ടപ്പെടുത്തിയത് അവന്റെ ഒരേയൊരു ആശ്രയവും ആശയും പ്രതീക്ഷയുമായിരുന്ന കുഞ്ഞനിയത്തി മിന്നുവിനെയായിരുന്നു… അച്ഛന്റെ ബലിഷ്ട്ടമായ കരങ്ങൾ ഉയർന്നു താഴുമ്പോൾ… അവൻ ചീകിമിനുക്കിയിരുന്ന തലമുടിയിൽ പിടിച്ചു ശക്തമായി ചുമരിൽ ഇടിക്കുമ്പോൾ… ചോരയിൽ കുതിർന്ന കുപ്പിവളപ്പൊട്ടുകൾ നിലത്തു പൂക്കളം തീർക്കുമ്പോൾ… അവിടുന്നങ്ങോട്ട് ഓർക്കാൻ പോലും അവനു കഴിഞ്ഞില്ല…

ദേഹത്തും മനസ്സിലും വീണ ശക്തമായ മുറിപ്പാടുകളും രക്തത്തുള്ളികളും അവനെ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും ഓടിയൊളിക്കാൻ പ്രേരിപ്പിച്ചു.
കാലുകളിൽ നിന്നും വെള്ളത്തിന്റെ തണുപ്പും കണ്ണുകളിൽ നിന്നും ഉതിർന്നുവീഴുന്ന നീർത്തുള്ളികളുടെ ചൂടും സോനുവിന്റെ മനസ്സിൽ ഒരു ചടുല നൃത്തം തീർത്തു. വേദനകൾ കടിച്ചമർത്തിക്കൊണ്ട് അവൻ എഴുന്നേറ്റു നിന്നു.

താഴേക്കുള്ള കൽപടവുകൾ ഓരോന്നായി അവനിറങ്ങി… പാദങ്ങളിലെ വെള്ളം മുട്ട് വരെയെത്തി. കാൽമുട്ടുകൾ അവയെ മുകളിലേക്ക് നയിച്ചു...
ഒടുവിൽ, കഴുത്തോളം വെള്ളത്തിൽ നിന്നു കൊണ്ട് സോനു മുകളിലേക്ക് നോക്കി. ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ അവന്റെ മനസ്സിന് വല്ലാത്ത ശാന്തത നൽകി. അമ്മയുടെ കൈകൾ തലോടുന്ന പോലെ ഒരു കുഞ്ഞിളം കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി.
നിറഞ്ഞ കണ്ണുകളെ സാക്ഷി നിർത്തി സോനു പുഞ്ചിരിക്കാൻ ശ്രമിച്ചു. കണ്ണുകളടച്ചുകൊണ്ട് അവൻ പതിയെ ദൈവത്തെ കുറിച്ചോർത്തു. ജീവിതത്തിൽ അവനുണ്ടായ നഷ്ടങ്ങളെ കുറിച്ചോർത്തു. നഷ്ടപ്പെട്ടതിനെക്കാലും വലിയ ഒരു ലോകം, ശാശ്വതമായ, സുന്ദരമായ ഒരു സ്വർഗലോകം തന്നെ കാത്തിരിക്കുന്നതായി അവനു തോന്നി. ദൈവത്തിന്റെ വിളിക്കുത്തരം നൽകാനായി സോനു കണ്ണും കാതും മനസ്സും തുറന്നു വച്ചു .

അമ്പലക്കുളത്തിലെ തണുത്ത വെള്ളം അവനെ അതിന്റെ നീലിമയിലേക്ക്‌, ആഴങ്ങളിലേക്ക് സ്വാഗതം ചെയ്തു. പരൽമീനുകൾ അവനു ചുറ്റിലും നൃത്തം ചെയ്തു. സോനുവിന് തെല്ലും ഭയം തോന്നിയില്ല. അവന്റെ മനസ്സിലും ശരീരത്തിലും നിറഞ്ഞ ചോരപൊടിയുന്ന എല്ലാ മുറിവുകളും മാഞ്ഞു പോകുന്നതായി അവനു തോന്നി . അമ്മയുടെ മടിത്തട്ടിൽ അവനനുഭവിച്ച സുഖവും അമ്മയുടെ ചുംബനങ്ങളിൽ അവനറിഞ്ഞ സായൂജ്യവും മിന്നുമോളുടെ കളി-ചിരികളിൽ ആസ്വദിച്ച സന്തോഷവും അമ്പലക്കുളത്തിന്റെ ആഴങ്ങളിലേക്ക് നിർഗമിക്കുമ്പോൾ സോനു അനുഭവിച്ചു .

ജീവിതമെന്ന ഉത്തരം കിട്ടാത്ത സമസ്യയിലെ എല്ലാ പ്രതിസന്ധികളും പ്രയാസങ്ങളും അമ്മയുടെ ഗർഭാശയത്തിനും പള്ളിപ്പറമ്പിലെ ശവകുടീരങ്ങൾക്കും ഇടയിലെ ചില നിമിഷങ്ങൾ, ചില അനുഭൂതികൾ മാത്രമാണെന്ന് അവനു തോന്നി.
നശ്വരമായ ഈ ലോകത്തെ എല്ലാ ഓർമകളും മറന്നു കൊണ്ട് , എല്ലാ ബന്ധങ്ങൾക്കും വെടിഞ്ഞുകൊണ്ട് ,
ശാശ്വതമായ, സുന്ദരമായ മറ്റൊരു ലോകത്തിലേക്ക് സോനു സഞ്ചരിച്ചു . മിഥ്യയായ ലോകത്തിൽ നിന്നും യാധാർത്യത്തിന്റെ സുഗന്ധം അവൻ വേർതിരിച്ചറിഞ്ഞു.

ഒടുവിൽ, അവന്റെ കൊച്ചു ജീവിതത്തിലെ എല്ലാ പ്രതീക്ഷകളുടെയും പ്രതിസന്ധികളുടെയും ബാക്കിപത്രമായി അമ്പലക്കുളത്തിന്റെ ആഴങ്ങളിൽ നിന്നും ഏതാനും നീർക്കുമിളകൾ പ്രവഹിച്ചു.
ജീവിതത്തിനും മരണത്തിനുമിടയിൽ ബാക്കിയാവുന്നത് ഒരിത്തിരി മനുഷ്യായുസ്സു മാത്രമാണെന്ന് അന്വർഥമാക്കിക്കൊണ്ട് ആ നീർക്കുമിളകൾ പൊട്ടിത്തെറിച്ചു…
ഒരുപാടൊരുപാട് പ്രതീക്ഷകളെയും പ്രതിസന്ധികളെയും നിഷ്പ്രഭമാക്കിക്കൊണ്ട്…!

8 comments:

  1. ചില ജീവിതങ്ങള്‍ നീര്‍ക്കുമിളകള്‍ പോലെയാണ്.....
    കുറച്ചുകൂടി നന്നാക്കാമായിരുന്നു.
    ആശംസകള്‍.

    ReplyDelete
    Replies
    1. ഞാൻ ശ്രമിക്കാം...
      വിലപ്പെട്ട നിർദേശങ്ങൾക്ക് നന്ദി...

      Delete
  2. കഥ വായിച്ചു.
    ഇനിയും എഴുതുക, ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി...
      സസ്നേഹം...
      -മുഹമ്മദ്‌ റഈസ്

      Delete

  3. കഥ നന്നായിട്ടുണ്ട്. ഇനിയും എഴുതൂ. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി...
      സസ്നേഹം...
      -മുഹമ്മദ്‌ റഈസ്

      Delete
  4. ജീവിതത്തിനും മരണത്തിനുമിടയിൽ ബാക്കിയാവുന്നത്
    ഒരിത്തിരി മനുഷ്യായുസ്സു മാത്രമാണെന്ന് അന്വർഥമാക്കിക്കൊണ്ട്
    ആ നീർക്കുമിളകൾ പൊട്ടിത്തെറിച്ചു…
    ഒരുപാടൊരുപാട് പ്രതീക്ഷകളെയും പ്രതിസന്ധികളെയും നിഷ്പ്രഭമാക്കിക്കൊണ്ട്…!

    ReplyDelete
    Replies
    1. വളരെയേറെ നന്ദി..മുരളിയേട്ടാ...

      Delete