ജീവിതത്തിൽ ഓരോ യാത്രകൾക്കും ഒരു ലക്ഷ്യസ്ഥാനവും ഒരു ഉദ്ദേശവുമുണ്ട്.പക്ഷെ, ഈ യാത്രയുടെ പര്യവസാനത്തെ കുറിച്ച് ഞാൻ സംശയാലുവാണ്.റോഡിൽ വാഹനങ്ങളുടെ നല്ല തിരക്കുണ്ട്. അവയ്ക്കിടയിലൂടെ എങ്ങിനെയൊക്കെയോ തിരക്കിട്ട് ഞാൻ കാറോടിച്ചു.ഫ്രണ്ട് സീറ്റിൽ നിശബ്ദനായി ഇരിക്കുന്ന അൻവറിനെ ഞാൻ നോക്കി.അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.പുറത്തെ വാഹനങ്ങളുടെ ബഹളം അവന്റെ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കുന്നതായി എനിക്ക് തോന്നി.
അൻവർ. അവനെന്റെ ഏറ്റവുമടുത്ത സുഹൃത്താണ്.ജീവിതത്തിൽ മനുഷ്യന് നേരിടേണ്ടി വരുന്ന ഓരോ അനുഭവങ്ങളെയും കുറിച്ചോർക്കുമ്പോൾ എനിക്കേറെ അത്ഭുതം തോന്നിപ്പോയിട്ടുണ്ട്.
അൻവർ വീട്ടിൽ ഒറ്റ മകനായിരുന്നു. ആണായിട്ടും പെണ്ണായിട്ടുമുള്ള ഒരേയൊരു മകനെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും അവന്റെ ഉമ്മയുമുപ്പയും പൊതിയുന്നത് അസൂയയോടെ പലപ്പോഴും ഞാൻ നോക്കി നിന്നിട്ടുണ്ട്. എഞ്ചിനീയറിംഗ് കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിനുള്ളിൽ തന്നെ ഞങ്ങൾക്കെല്ലാം മോശമല്ലാത്ത ജോലി ലഭിച്ചു. പക്ഷെ വളരെ നല്ല ഓഫറുകൾ വന്നിട്ടും അൻവർ അതിനൊന്നും പോയില്ല. ദൂരെ ഏതോ നാട്ടിൽ, അല്ലെങ്കിൽ ഞങ്ങളെയൊക്കെ പോലെ ഗൾഫിലെ എണ്ണപ്പാടങ്ങളിലെ, അല്ലെങ്കിൽ ഓഫ്‌ഷോർ റിഗ്ഗുകളിലെ, നല്ല ശമ്പളമുള്ള ജോലിയൊന്നും അവന്റെ കണ്ണിൽ പിടിച്ചില്ല. 'അൻവറിനു വട്ടാണ്..., അല്ലെങ്കിൽ എൻജിനീയറിംഗ് നല്ല മാർക്കോടെ പാസായിട്ട്, നല്ല നല്ല ഓഫറുകൾ വന്നിട്ട് ആരെങ്കിലും പോവാതിരിക്കുമോ' എന്ന് സുഹൃത്തുക്കൾ പലരും പറഞ്ഞു തുടങ്ങി. ആയിടയ്ക്കൊരു ദിവസം ഞങ്ങളുടെ പതിവ് സംഭാഷണങ്ങൾക്കിടയിൽ ഞാൻ അവനോട് തുറന്നു ചോദിച്ചു.
"അല്ലാ എന്താ നിന്റെ പ്ലാൻ...?
ഞങ്ങളുടെ കമ്പനിയിൽ ഒരു വേകൻസി ഉണ്ട്.
മാസം ഏഴായിരം സൗദി റിയാൽ ശമ്പളം.താമസവും ഫുഡും ഫ്രീ.
നീ ഒരു ഓക്കേ പറഞ്ഞാൽ ഇവിടെത്തെ എല്ലാ കാര്യങ്ങളും ഞാൻ ശരിയാക്കാം."
ഏറെ പ്രതീക്ഷയോടെ ഞാൻ അവനെ ഗൾഫിലേക്ക് ക്ഷണിച്ചുവെങ്കിലും അവൻ പറഞ്ഞ മറുപടി എന്നെയും വിഷമിപ്പിക്കുന്നതായിരുന്നു.
"എല്ലാം അറിയുന്ന നീയും എന്നോടിങ്ങനെ പറയരുത്.
ഞാൻ ഇവിടന്നു പോന്നാൽ പിന്നെ വീട്ടിൽ ഉമ്മാക്കും ഉപ്പാക്കും പിന്നെ ആരാ ഉള്ളത്. അവർക്ക് വയസായിത്തുടങ്ങി. ഉപ്പാക്ക് ഇപ്പൊ തന്നെ ഷുഗറും പ്രഷറും നോർമലല്ല. ഉമ്മയെ മൂന്നു മാസം കൂടുമ്പോൾ ചെക്കപ്പിനു കൊണ്ട് പോവുകയും വേണം.ആരെ കണ്ടാ ഞാൻ അവരെ ഇവിടെ വിട്ട് വരുന്നത്.
എഴായിരമല്ല, എഴുപതിനായിരം റിയാൽ കിട്ടിയാലും ഞാനില്ല.
നിനക്കൊന്നും അതൊരു പ്രശ്നമാവില്ലായിരിക്കാം. പക്ഷെ, എനിക്ക് അതിനേക്കാൾ വലുതായി ഒന്നുമില്ല. "
എന്റെ ചോദ്യത്തെ അപ്രസക്തമാക്കാനും ജോലിക്ക് വേണ്ടിയാണെങ്കിൽ കൂടി, നാട്ടിൽ തനിച്ചാക്കി പോരേണ്ടി വന്ന എന്റെ മാതാപിതാക്കളെ കുറിച്ചോർമ്മിപ്പിക്കാനും അവന്റെ ഉത്തരത്തിനു കഴിഞ്ഞു. ഒരു എൻജിനീയർ ജോലിമാത്രം ചെയ്യാൻ തയ്യാറായിരുന്ന ഞങ്ങളിൽ പലരെയും അമ്പരപ്പിച്ചു കൊണ്ട് കോഴിക്കോട്ടെ ഒരു എൻട്രൻസ് കോച്ചിംഗ് സെന്ററിൽ അധ്യാപകനായി അൻവർ തന്റെ ജീവിതം തുടങ്ങി.
അവിടെ മണിക്കൂറടിസ്ഥാനത്തിൽ ലഭിക്കുന്ന വേതനത്തിൽ അവൻ തൃപ്തനായി. ശമ്പളത്തിലെ അക്കങ്ങളുടെ വലിപ്പമോ കോട്ടും സ്യൂട്ടുമിട്ട എക്സിക്യുട്ടിവ് ലുക്കോ പദവിയും പത്രാസുമോ ഒന്നുമല്ല, മനസ്സിന്റെ സംതൃപ്തിയും സമാധാനവുമാണ് ഏറ്റവും വലുതെന്ന് അൻവർ ഞങ്ങളെ ബോധ്യപ്പെടുത്തി. പക്ഷെ, ഞങ്ങളേക്കാളെല്ലാം സമർത്ഥനായിരുന്ന, കഴിവുള്ള അവനെ വെറുമൊരു ട്യൂഷൻ മാസ്റ്ററായി വിടാൻ ഞങ്ങൾ സുഹൃത്തുക്കൾ തയാറായിരുന്നില്ല. അവനറിയാതെ അവന്റെ മാതാപിതാക്കൾ എന്നെ വിളിക്കുമായിരുന്നു. ഞങ്ങളുടെ പേരിലാണ് അവൻ ജീവിതം നശിപ്പിക്കുന്നത്. എങ്ങനെയെങ്കിലും മോനവന്റെ മനസ്സൊന്നു മാറ്റിയെടുക്കണമെന്ന് അവരെന്നോട് പറയുമായിരുന്നു.
ഒടുവിൽ ഏറെ നാളത്തെ കൂട്ടായ ശ്രമത്തിനൊടുവിൽ ഞങ്ങൾ അൻവറിന്റെ മനസ്സ് മാറ്റിയെടുത്തു. ഞങ്ങളെല്ലാം സ്വപ്നം കണ്ടിരുന്ന പോലെ, ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മിടുക്കനായിരുന്ന അവനെ, അവന്റെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദി ഞങ്ങൾ ഒരുക്കിക്കൊടുത്തു.പഴയ സീനിയേഴ്സിന്റെ സഹായത്തോടെ പൂനയിലെ നല്ലൊരു കമ്പനിയിൽ അവൻ ജൂനിയർ എഞ്ചിനീയറായി കയറി. ആഴ്ചയിൽ വീട്ടിൽ പോയി വരണമെന്നതിനാൽ സൗത്ത് ഇന്ത്യക്കപ്പുറം എവിടെയും പോവാൻ അവൻ ഇഷ്ടപ്പെട്ടില്ല. അവന്റെ ഉമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞുവെന്നത് എന്നെയും സന്തോഷിപ്പിച്ചു.
ഏകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് അൻവറിന്റെ വിവാഹം കഴിഞ്ഞു. ഉമ്മയും ഉപ്പയും മാത്രമുള്ള തന്റെ ജീവിതത്തിലേക്ക് കൈനിറയെ സ്വർണ വളകളും കസവുതട്ടവും അണിഞ്ഞെത്തിയ 'അവൾ' ഇനിയുള്ള ജീവിതത്തിന്റെ താളവും തണലും ആയിത്തീരുമെന്ന് അവൻ പ്രതീക്ഷിച്ചു. വർഷങ്ങളായി ഗൾഫിൽ ജോലിചെയ്യുന്നയാളായിരുന്നു അൻവറിന്റെ ഭാര്യാ പിതാവ്.മകളെയും മരുമകനെയും അയാൾ ഗൾഫിലേക്ക് ക്ഷണിച്ചെങ്കിലും അൻവർ അതിനോട് മുഖം തിരിച്ചു - പഴയ കാരണം തന്നെയായിരുന്നു അതിനു പിന്നിൽ. വിവാഹ ശേഷം ഒരു മാസത്തെ ലീവിന് ശേഷം അവൻ പൂനയിലേക്ക് തിരിച്ചു പോയി.ആഴ്ചതോറുമുള്ള വീട്ടിൽ പോക്കും തുടർന്നു. പക്ഷെ, തന്റെ സ്നേഹവും സമയവും മാതാപിതാക്കൾക്കും നല്ലപാതിക്കും പങ്കുവെക്കാൻ അൻവർ നന്നായി പ്രയാസപ്പെട്ടു. മാതാപിതാക്കളോടും ഭാര്യയോടുമുള്ള കടമകളും ബാധ്യതകളും സ്നേഹവും സമയവും തുല്യമായി പങ്കുവെക്കാൻ അൻവർ പരമാവധി ശ്രമിച്ചു.
അങ്ങിനെയിരിക്കെ കമ്പനിയിലെ പുതിയ പ്രോജക്ടിന്റെ തിരക്കുകൾ മൂലം ഏതാനും ആഴ്ചകൾ നാട്ടിൽ പോവാൻ അവനു കഴിഞ്ഞില്ല.
അതിനിടയിലാണ് എല്ലാം സംഭവിച്ചത്.
വീട്ടിലേക്ക് വിളിച്ചപ്പോൾ ഭാര്യയെ അവളുടെ വീട്ടുകാർ വന്നു കൂട്ടിക്കൊണ്ടു പോയതായി ഉമ്മ പറഞ്ഞു.
അവനറിയാതെ പലതും മൂന്നാഴ്ചയ്ക്കുള്ളിൽ തന്റെ വീട്ടിൽ നടന്നുവെന്ന് അൻവർ മനസ്സിലാക്കി. കമ്പനിയിൽ നിന്നും എമർജൻസി ലീവെടുത്ത് അവൻ വീട്ടിലേക്ക് തിരിച്ചു. ഉമ്മയും ഉപ്പയും ഒന്നും തുറന്നു സംസാരിക്കുന്നില്ല.
അടുത്ത പ്രാവശ്യം നീ പോകുമ്പോൾ അവളെകൂടി കൊണ്ട് പൊയ്ക്കോ എന്ന് മാത്രം പറഞ്ഞു. അൻവർ ഭാര്യവീട്ടിൽ പോയി. എന്നാൽ ഭാര്യാപിതാവും സഹോദരന്മാരും അത്ര നല്ല നിലയിലല്ല അവനോട് പ്രതികരിച്ചത്. അവളെ ഒന്ന് കാണാൻ പോലും അവർ അനുവദിച്ചില്ല. മുഖത്തടിച്ചപോലെ അവർ പറഞ്ഞു:
"നിനക്ക് നിന്റെ ഭാര്യയോടൊപ്പം കഴിയണമെങ്കിൽ നിന്റെ ഉമ്മാനേം ഉപ്പാനേം എവിടെയെങ്കിലും കൊണ്ടാക്ക്. അവരവിടെ ഉള്ളടത്തോളം കാലം എന്റെ മോളെ ഞാൻ ആ വീട്ടിലേക്ക് പറഞ്ഞയക്കില്ല. ഓൾഡ് എയ്ജ് ഹോമിന്റെ നമ്പർ വേണമെങ്കിൽ ഞാൻ തരാം. ഇതിലൊരു തീരുമാനമുണ്ടാക്കാതെ അവളെ ഇനി കാണേണ്ട."
തികഞ്ഞ ആത്മസംയമനത്തോടെ അൻവർ എല്ലാം കേട്ടുനിന്നു.
അവസാനം അവൻ പറഞ്ഞു:
"ഉപ്പാ… നിങ്ങൾ ഒന്ന് മറക്കരുത്...നിങ്ങൾക്കും വയസാവുന്നുണ്ട്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്റെ ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും, എന്തൊക്കെ നേടാനുണ്ടായാലും എന്റെ ഉമ്മാനേം ഉപ്പാനേം ഞാൻ ഒഴിവാക്കൂല.
ഇന്നലെ കടന്നു വന്ന എന്റെ ഭാര്യയെക്കാളും എനിക്ക് വലുത് അവർ തന്നെയാണ്"
കഴിഞ്ഞയാഴ്ചയാണ് ഞാൻ ഗൾഫിൽ നിന്നും നാലുമാസത്തെ അവധിക്കു വന്നത്. ഇന്നലെ അൻവർ എന്നെ കാണാൻ വന്നു. കൂട്ടത്തിൽ ഒരു കത്തും അവന്റെ കയ്യിലുണ്ടായിരുന്നു. ഒന്നും പറയാതെ അത് എന്റെ നേരെ നീട്ടി. ഞാൻ തുറന്നു വായിച്ചു. വക്കീൽ നോട്ടീസാണ്. ഭാര്യ വീട്ടുകാർ ഗാർഹിക പീഡനത്തിനു അൻവറിനും മാതാപിതാക്കൾക്കും എതിരിൽ കേസ് കൊടുത്തിരിക്കുന്നു. കൂട്ടത്തിൽ വിവാഹ മോചനവും.
അൻവറിന്റെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.
അവൻ എന്റെ സഹായം തേടി വന്നതാണ്. ഒരക്ഷരം പോലും സംസാരിചില്ലെങ്കിലും അവന്റെ മനസ്സ് വായിക്കാൻ എനിക്ക് കഴിഞ്ഞു.ഇന്ന് രാവിലെ അൻവർ എന്നെ ഫോണിൽ വിളിച്ചു. എന്നോട് അവന്റെ കൂടെ ഭാര്യവീടുവരെ വരുമോ എന്ന് ചോദിച്ചു.
"എനിക്കവളെ ഒന്ന് കാണണം. ഞങ്ങൾ രണ്ടു പേരും നേരിട്ടൊന്നു സംസാരിച്ചാൽ തീരാത്ത ഒരു പ്രശ്നവും ഇല്ല...
എനിക്ക് എല്ലാവരെയും വേണം.
ഒന്നും ഒന്നിനും പകരമാവില്ല."
അങ്ങനെ കാറുമെടുത്ത് ഞാൻ അൻവറിനെയും കൂട്ടി തിരിച്ചു. ഒരുപാടൊരുപാട് അവൻ സ്നേഹിക്കുന്ന അവന്റെ പ്രിയപ്പെട്ടവരെ ആരെയും അവനു നഷ്ടപ്പെടാതിരിക്കട്ടെ എന്ന പ്രാർഥനയോടെ.
അതിവേഗം കുതിക്കുന്ന കാറിന്റെ സൈഡ് വിൻഡോയിലൂടെ കടന്നു വരുന്ന തണുത്ത കാറ്റ് മുടിയിഴകളെ തഴുകുന്നു.
അൻവർ അപ്പോഴും വിദൂരതയിൽ കണ്ണും നട്ടിരിക്കുകയായിരുന്നു.
എന്റെ മനസ്സിലേക്കപ്പോൾ കടന്നു വന്നത് അല്ലാമാ ഇഖ്ബാലിന്റെ 'Walida Marhooma Ki Yaad Mein '(In Memory Of My Late Mother ) എന്ന കവിതയിലെ വരികളാണ്...
" Ilm Ki Sanjeeda Guftari, Barhape Ka Shaur
Dunyavi Izaz Ki Shoukat, Jawani Ka Gharoor;
Zindagi Ki Auj-Gahon Se Uter Ate Hain Hum
Sohbat-e-Madir Mein Tifl-e-Sada Reh Jate Hain Hum;
Be Takaluf Khandazan Hain, Fikr Se Azad Hain
Phir Ussi Khoye Huwe Firdous Mein Abad Hain "
(The serious discourse of wisdom, the awareness of old‐age,
The grandeur of worldly honours, the pride of youth—
We come down from the pinnacles of life’s towers
And in the company of our mother remain a simple child.
We observe no formality, we laugh, we are free from care:
Once more we abide in this paradise which we had lost...)
മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കഥ
ReplyDeleteആശംസകള്‍
വളരെയേറെ നന്ദി...
Deleteസസ്നേഹം,
മുഹമ്മദ് റഈസ്.
അൻവറിന് പ്രിയപ്പെട്ടവരെ ആരെയും നഷ്ടമാവാതിരിക്കട്ടെ. നല്ല കഥ മുഹമ്മദ് റ ഈസ് . ആശംസകൾ
ReplyDeleteനമ്മുടെ പ്രിയപ്പെട്ടവരെ ആരെയും നമുക്കും നഷ്ടപ്പെടാതിരിക്കട്ടെ...
Deleteവളരെയേറെ നന്ദി ഗീതേച്ചീ...
വായനവസാനം , അൻവറിന് പ്രിയപ്പെട്ടവരെ നഷ്ടപ്പെടാതിരിക്കട്ടെ എന്നൊരു പ്രാർത്ഥന മാത്രം മനസ്സിൽ ....!
ReplyDeleteകഥാന്ത്യം സുഖപര്യവസായി ആയി അവസാനിക്കട്ടെ..ഇനിയും ധാരാളം എഴുതുക..എഴുതിന്നിടത്തോളം തിളക്കം കൂടിക്കൊണ്ടേയിരിക്കും.
ReplyDeleteഅൻവറിന്റെ നൊമ്പരം കമ്പനം ചെയ്യുന്ന കഥ
ReplyDeleteമൊത്തം നൊമ്പര കഥകൾ ആണല്ലേ മാഷേ...
ReplyDeleteജീവിതത്തിന്റെ സ്ഥായീ ഭാവം ഇപ്പോഴും നൊമ്പരം തന്നെയല്ലേ മാഷെ.?
Delete