Thursday, July 30, 2015

റസൂൽബാദിൽ നിന്നുവന്ന കത്ത്.
ദിവസങ്ങൾ കടന്നു പോകുന്നത് എത്ര പെട്ടെന്നാണ്.
ഇവിടെ വന്നിട്ട് ഒരു മാസം പിന്നിടുന്നു.
കാൺപൂർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ബാനർജിയ്ക്കും സൗത്ത് ഇന്ത്യൻ മെസിലെ മുനിയാണ്ടിക്കും പകരം പുതിയ സഹൃത്തുക്കളായി Dr. രവിയും ബഷീറും.

ഇന്ന് രാവിലെ മുതൽ വിദ്യാർഥികളുടെ സ്ട്രൈക്കാണ്.
സർവകലാശാലാ ഫീസ് വർധനവാണത്രേ വിഷയം.
ഇങ്ങനെ ഒരു സമരം ഞാനിതുവരെ അവിടെ കണ്ടിട്ടില്ല.

'ഇത് Dr. മോഹൻ.
EC ഡിപാർട്ട്മെന്റിലെ പുതിയ പ്രഫസറാണ്. '
ആദ്യ ദിവസം പ്രിൻസിപ്പൾ അങ്ങനെയാണ് മറ്റുള്ളവർക്കെന്നെ പരിചയപ്പെടുത്തിയത്.

പുതിയ കോളേജ്, പുതിയ സഹപ്രവർത്തകൻ, പുതിയ വിദ്യാർഥികൾ.

പതിനാല് വർഷത്തെ ഉത്തരേന്ത്യയിലെ ജീവിതം മതിയാക്കി ഞാൻ നാട്ടിലേക്ക് വന്നിരിക്കുന്നു.
ഇനി സ്വന്തം നാട്ടിലെ കുട്ടികളെ പഠിപ്പിക്കാമെന്ന സന്തോഷമാണ് മനസ് നിറയെ.

കാൺപൂർ എന്ന മഹാനഗരത്തിലെ, പ്രസിദ്ധമായ  'ഛത്രപതി ഷാഹുജി മഹാരാജ് യൂണിവേഴ്സിറ്റി ' - അഥവാ കാൺപൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വിട പറയുമ്പോൾ ജന്മനിടിൻ്റെ മണ്ണിലും മഴയിലും ആത്മാവിലും അലിഞ്ഞു ചേരാനുള്ള ആവേശമായിരുന്നു മനസു നിറയെ.

പുതിയ വിദ്യാർഥികളും സഹപ്രവർത്തകരുമായി പെട്ടെന്ന് തന്നെ ഞാനിണങ്ങി.
സ്വന്തം നാടിനെ സ്വീകരിക്കാൻ അൽപം വൈകിപ്പോയോ എന്നൊരു ചിന്ത മാത്രം ഇന്നും ശേഷിക്കുന്നു.
ഒരു പക്ഷേ ഒന്നുകൂടി നല്ല മകനാവാനും, കുറച്ചു കൂടി പരസ്പരം മനസിലാക്കുന്ന ഭർത്താവാവാനും കുട്ടികൾക്ക് കൂടുതൽ പ്രിയപ്പെട്ട അച്ഛനാവാനും സാധിക്കുമായിരുന്നില്ലേ.?

ഉച്ച കഴിഞ്ഞ്‌ അഞ്ചാം സെമസ്റ്ററിൻ്റെ ഇൻ്റേണൽ എക്സാം പേപ്പർ നോക്കുമ്പോഴാണ് പ്യൂൺ ദിനേശൻ കടന്നു വന്നത്‌.
'മോഹൻ സാറിന് ഒരു ലെറ്ററുണ്ട്. '

കത്തുകൾ എന്നും വല്ലാത്ത പ്രതീക്ഷകളാണ് നൽകുന്നത്.
ഫെയ്സ്ബുക്കിനും വാട്സാപ്പിനുമൊക്കെ കീഴ്‌പ്പെടുന്നതിനു മുമ്പ്, ഹൃദയങ്ങൾ ഹൃദയങ്ങളുമായി പങ്കുവച്ച, ജീവിതത്തിൻ്റെ ചവർപ്പും മധുരവും കാറും കോളും വളകിലുക്കങ്ങളും ഉള്ളിലൊളിപ്പിച്ച കത്തുകൾ.

പ്രവാസത്തിൻ്റെ നൊമ്പരങ്ങളിൽ തപിച്ചു നിൽക്കുന്ന മനസ്സിൽ മരുഭൂവിൽ  വല്ലപ്പോഴും വിരുന്ന വരുന്ന മഴതുള്ളികൾ പോലെയായിരുന്നു ആ കുറിപ്പുകൾ.

ഓരോ കത്തും കൈയിൽ കിട്ടിയതു മുതൽ തുറന്നു വായിക്കുന്നതു വരെ എൻ്റെ മനസ്സൊരു മഴവില്ലു പോലെ ആവാറുണ്ട്.
ആനന്ദത്തിൻ്റെ നീലിമയും ശോകത്തിൻ്റെ ചെഞ്ചായവും അവയ്ക്കിടയിലെ പറഞ്ഞറിയിക്കാനാവാത്ത ഒട്ടേറെ വികാരങ്ങളും തീർക്കുന്ന വർണ്ണ വിസ്മയങ്ങൾ.

കയ്യിലിരുന ഉത്തരക്കടലാസ് മാറ്റി വെച്ച് ഞാനാ കത്തുകളിലേക്ക് കണ്ണ് പായിച്ചു.
ഫ്രം അഡ്രസ് - 
   Saira Khan, 
   Rasoolbad, 
   Kanpur, 
   Uthar Pradesh
 - എന്നു വായിച്ചപ്പോൾ ചുണ്ടുകളിൽ പുഞ്ചിരിയും കാലം തീർത്ത അനുഭൂതികളിൽ ഒരിക്കലും ചിതലരിക്കാൻ പാടില്ലാത്ത അവളുടെ മുഖം മനസിലും വിരിഞ്ഞു.

ഇവിടെ, ഒരു നിമിഷമെങ്കിലും സൈറയും റസൂൽബാദെന്ന ഉത്തരേന്ത്യൻ ഗ്രാമവും അതുമായി എനിക്കുള്ള ബന്ധവും നിങ്ങൾ സംശയിച്ചേക്കാം.
എന്നാൽ, വർണിക്കാനോ വരച്ചു കാണിക്കാനോ സാധ്യമല്ലാത്ത  നിസ്വാർഥമായ, ഹൃദയബന്ധങ്ങളെ, അവ സമ്മാനിക്കുന്ന അത്യപൂർവമായ വികാരങ്ങളെ ഞാനെങ്ങനെ പങ്കുവെക്കും...?

വിളക്കുകൾ പ്രകാശിക്കാത്ത ഒരു ഗ്രാമത്തിൽ, മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഒരു കുടിലിൽ, ഒരു ദിവസത്തെ വിശപ്പകറ്റാനുള്ള വഴി കണ്ടെത്താൻ പ്രയാസപ്പെടുന്ന ഒരു പെൺകുട്ടിയെ നിങ്ങൾക്ക് സങ്കൽപിക്കാനാവുമോ...?

ഒരു പാട് വർഷങ്ങൾക്കു മുമ്പാണ്. കാൺപൂരിൽ പഠനാനന്തരം ഗവേഷണം നടത്തുന്ന കാലം.
ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കായി സർവകലാശാല പദ്ധതി തയാറാക്കുന്ന സമയം.

അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന സംഘങ്ങളെ ഓരോ പ്രദേശങ്ങളിലേക്കും അയച്ചു.
അങ്ങനെ, ഞാനും സുഹൃത്തുക്കളും അന്നത്തെ സീനിയർ പ്രൊഫസർ തിവാരിയും കടന്നു ചെന്നത് റസൂൽബാദിൻ്റെ ഉള്ളറകളിലേക്കാണ്.

നഗരത്തിൽ നിന്നും ഒന്നര മണിക്കൂർ സ്റ്റേറ്റ് ഹൈവേ 68 ലൂടെയുള്ള യാത്ര.
ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കുറിച്ച് വായിച്ചറിഞ്ഞതും മനസിലുണ്ടായിരുന്നതും തിരുത്തുന്ന ചിത്രങ്ങളായിരുന്നു പിന്നീട് കൺമുന്നിൽ തെളിഞ്ഞത്.

മനോഹരങ്ങളായ വിദ്യാലയങ്ങളും സുരക്ഷിതമായ വീടും വൃത്തിയുള്ള ചുറ്റുപാടും അഞ്ചക്ക ശമ്പളം വാങ്ങുന്ന മനുഷ്യരും നിറഞ്ഞ നമ്മുടെ നാട് ഒരു സ്വർഗം തന്നെയാണെന്ന് തിരിച്ചറിഞ്ഞത് അന്നാണ്.

മഴക്കാലത്ത് മേൽക്കൂരക്കു താഴെ പാത്രങ്ങൾ നിരത്താത്ത വീടുകൾ വിരളം.
രാത്രി പുസ്തകങ്ങൾ വായിക്കാൻ നിലാവുള്ള രാവുകൾക്കു വേണ്ടി കാത്തിരിക്കുന്ന കുട്ടികളെ നിങ്ങൾക്ക് സങ്കൽപിക്കാനാവുമോ?

വിശപ്പകറ്റാനുള്ള തത്രപ്പാടിൽ, മക്കളുടെ വിദ്യാഭ്യാസം മാറ്റിവെക്കേണ്ടി വരുന്ന ഒരച്ഛനെ,
മക്കൾ ഒരിക്കലെങ്കിലും പുതുവസ്ത്രങ്ങൾ ധരിച്ചു കാണാൻ വിധിക്കപ്പെടാത്ത അമ്മമാരെ,
നാണം മറക്കാനുള്ളതാണ് വസ്ത്രങ്ങളെന്നും വിശപ്പകറ്റാൻ മാത്രമാണ് ആഹാരമെന്നും തിരിച്ചറിഞ്ഞ ബാല്യങ്ങളെ, അതാണ് ഞങ്ങളവിടെ കണ്ടത്.

ഓരോ വിശേഷങ്ങൾക്കും ആഘോഷങ്ങൾക്കും ഹിതത്തെ മറന്ന് സുഖവും ആർഭാടവും ദുർവ്യയവും ശീലമാക്കിയ എന്നെപ്പോലുള്ളവർക്ക് ജീവിതത്തിൻ്റെ അർഥവും ആവശ്യവും ബോധ്യപ്പെടുത്തുന്നതായിരുന്നു ആ കാഴ്ചകൾ.

വിശപ്പും വസ്ത്രവും വൃത്തിയും അടിസ്ഥാന ആവശ്യങ്ങളായി മുന്നിലുള്ള ഒരു സമൂഹത്തോട് വിദ്യാഭ്യാസത്തെ കുറിച്ച് എന്തു പറയാനാണ്.

എങ്കിലും, ഈ കുടിലുകളിൽ നിന്നും നാളെയുടെ നായകന്മാർ  ഉയർന്നു വരട്ടെയെന്ന് ഞാൻ പ്രാർഥിച്ചു.

വർഷങ്ങൾ നീണ്ട ശ്രമങ്ങൾ പാഴായില്ല.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം  പാഠപുസ്തങ്ങളും വിദ്യാലയവും കണ്ടിട്ടില്ലാത്ത കുരുന്നുകൾക്കു മുന്നിൽ ഞങ്ങൾ തെളിയിച്ച അക്ഷരവിളക്കുകൾ അവരുടെ നിഷ്കളങ്കമായ മുഖത്ത് പ്രതിഫലിച്ചു.

അക്കൂട്ടത്തിൽ സമർഥയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ജഡ്ക്ക വലിച്ച് കിട്ടുന്ന തുച്ഛമായ നാണയങ്ങൾ കൊണ്ട് കുടുംബം പുലർത്തുന്ന യഹ് യ അലി ഖാൻ്റെ മകൾ.

അവളോടെനിക്ക് വല്ലാത്തൊരു പ്രിയം തോന്നിയിരുന്നു.
പാറിപ്പറക്കുന്ന തലമുടിയും തുന്നിക്കൂട്ടിയ മുഷിഞ്ഞ ഖമീസും സമ്പാദ്യമായ പെൺകുട്ടി.
ആദ്യമായി ഞാൻ പുസ്തകങ്ങൾ വാങ്ങിക്കൊടുത്തതും പുത്തനുടുപ്പുകൾ സമ്മാനിച്ചതും അവൾക്കായിരുന്നു.

അന്നവളുടെ നിറഞ്ഞ കണ്ണുകളിൽ പുഞ്ചിരിക്കുന്ന എൻ്റെ പ്രതിബിംബം ഞാൻ കണ്ടു.
എൻ്റെ ഇരു കരങ്ങളും ചേർത്തു പിടിച്ചു കൊണ്ട് അവൾ ചോദിച്ചു:
"മോഹൻ ബാബൂ (മോഹൻ സർ ),
എങ്ങനെയാണ് ഞാനങ്ങയോട് നന്ദി പറയുക ?"

വലതുകൈ കൊണ്ട്  പൊടി പുരണ്ട ആ മുടിയിഴകളിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.
"  നാളെ എൻ്റെ സ്ഥാനത്ത് നീയും നിൻ്റെ സ്ഥാനത്ത് മറ്റൊരാളും കടന്നു വരുന്ന ഒരു ദിവസം വരും. അന്ന് ഈ ചോദ്യത്തിൻ്റെ ഉത്തരം നിൻ്റെ മുന്നിൽ തെളിയും."

പിന്നീട് സർവകലാശാലയിൽ അധ്യാപക ജോലി സ്ഥിരപ്പെട്ടപ്പോൾ എൻ്റെ ലോകം കൂടുതൽ വിശാലമായി.

റസൂൽ ബാദിൽ വേറെയും ഒരു പാട് ബാല്യങ്ങളുണ്ടായിരുന്നു. ചിറകുമുളക്കാത്ത സ്വപ്നങ്ങളുമായി ജീവിക്കുന്ന കുട്ടികൾ.
എല്ലാവരെയും സഹായിക്കാൻ ഞാൻ അശക്തനായിരുന്നു.
അവർക്കിടയിൽ നിന്ന് ഒരാളെങ്കിലും രക്ഷപ്പെട്ടാൽ ബാക്കിയുള്ളവർക്ക് വഴി കാണിക്കാൻ ഒരാളായല്ലോ എന്നു ഞാൻ പ്രത്യാശിച്ചു.

കാലത്തിൻ്റെ ഘടികാരസൂചികളോടൊപ്പം അവളും ഞാനും ലോകവും ചലിച്ചു. വർഷങ്ങൾക്കു മുമ്പ് ഞാൻ പഠിച്ച, ഞാൻ അധ്യാപകനായ അതേ സർവകലാശാലയിൽ അവൾ വന്നു.
എൻ്റെ വിദ്യാർഥിയായി, എൻ്റെ പ്രിയപ്പെട്ടവളായി.

ഞാൻതുടങ്ങി വെച്ച ദൗത്യം, എൻ്റെ സ്വപ്നം അവൾ പിന്തുടർന്നു. റസൂൽ ബാദിൽ പിന്നീട് പുതിയ വിദ്യാലയങ്ങൾ വന്നു.
അവിടെയുണ്ടായിരുന്ന കുരുന്നുകൾ സ്വപ്നങ്ങളുടെ ചിറകിലേറി.
ഇന്നലെകൾക്കിപ്പുറം റസൂൽബാദും മാറി.
എന്നിട്ടും അവളിന്നും ഗുരുനാഥനു നൽകിയ വാക്കുപാലിക്കുന്നു.

ഇനിയും ജ്ഞാനത്തിൻ്റെ പ്രകാശം കടന്നു ചെന്നിട്ടില്ലാത്ത ഉത്തർപ്രദേശിലെ ഉൾനാടൻ ഗ്രാമങ്ങളിലെ ഇരുളുകൾ തേടി ,
അവിടെ സ്വപ്നങ്ങളില്ലാത്ത ബാല്യങ്ങളെ തേടി,
അവരുടെയുള്ളിൽ പ്രതീക്ഷയുടെ അരുണോദയത്തിനായി അവൾ നടന്നു.

കാൺപൂർ എന്ന മഹാനഗരത്തോടും സർവകലാശാലയിലെ എൻ്റെ മുന്നൂറ്റിപതിനെട്ടാം നമ്പർ മുറിയോടും സഹപ്രവർത്തകരോടും യാത്ര പറയുമ്പോഴും എനിക്ക് പുഞ്ചിരിക്കാൻ കഴിഞ്ഞിരുന്നു.

എന്നാൽ, അവളുടെ മുന്നിൽ യാത്ര പറയാനായി നിൽക്കുമ്പോൾ അക്ഷരാർഥത്തിൽ എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

സമർഥനായ ഒരധ്യാപകൻ നന്മകൾ ശിഷ്യർക്ക് പകർന്നു നൽകുന്നവനല്ല; നന്മ നിറഞ്ഞ ശിഷ്യഗണങ്ങളെ ലോകത്തിന് സമ്മാനിക്കുന്നയാളാണെന്ന് വായിച്ചതോർക്കുന്നു. 

തൻ്റെ ശിഷ്യയ്ക്കു മുന്നിൽ കണ്ണു നിറയ്ക്കുന്ന ഒരധ്യാപകനെ സങ്കൽപിക്കാൻ പോലും നിങ്ങൾക്കൊരുപക്ഷേ പ്രയാസമായിരിക്കും.

ഇടറുന്ന സ്വരത്തോടെ ഞാൻ പറഞ്ഞു :
'അവർണനീയമായ  ഒരു ഗുരു -ശിഷ്യബന്ധത്തിൻ്റെ അനുഭൂതികൾ എനിക്കു സമ്മാനിച്ച എൻ്റെ പ്രിയപ്പെട്ടവളേ,
ജീവിതത്തിൽ ഇനിയും നീ അറിഞ്ഞിട്ടില്ലാത്ത ഒട്ടേറെ പാoങ്ങൾ ബാക്കിയാക്കി ഞാനിതാ യാത്ര പറയുന്നു.
പരമകാരുണികനായ ദൈവം നിനക്ക് എന്നെന്നും നന്മ ചൊരിയട്ടെ.'

ഒരു വാക്ക് അവളിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും
ഒരക്ഷരം പോലും ഉരിയാടാതെ അവൾ നിന്നു.
വർഷങ്ങളുടെ സമ്പാദ്യമായ പുസ്തകങ്ങളും മറ്റു സാധനങ്ങളുമെടുത്ത്, കാറിൽ കയറുന്നതിനു മുമ്പായി ഒരിക്കൽ കൂടി ഞാൻ അവളുടെ മുഖത്തു നോക്കി.

ഭാവഭേദങ്ങളൊന്നുമില്ലാത്ത ആ നിൽപ് എന്നെ അത്ഭുതപ്പെടുത്തി.
പക്ഷേ, കാറിൻ്റെ ഡോർ തുറക്കുന്നതിനിടയിൽ ആ  കണ്ണുകളിൽ മണിമുത്തുകൾ ഉരുണ്ടുകൂടുന്നതും
അവളുടെ മനസ്സ് മുഖത്ത് പ്രതിഫലിക്കുന്നതും ഞാൻ കണ്ടു.
* * *   * * *   * * *    * * *    * * * 
അവളാണ് സൈറ ;
സൈറ ഖാൻ.
അവളുടെ കത്താണീ കൈയിലുള്ളത്.

എൻ്റെ ഹൃദയത്തിൻ്റെ അന്തരാളങ്ങളിൽ ഇടം പിടിച്ച പ്രിയപ്പെട്ട പെൺകുട്ടീ,
ഗുൽമോഹർ തണലിട്ട എൻ്റെയീ പുതിയ കലാലയത്തിൽ എന്തേ നിന്നെപ്പോലെ ഒരാൾ ഇല്ലാതിരുന്നത്.?
എന്താണ് നിനക്കെന്നോട് പങ്കുവെക്കാനുള്ളത് ?

ഇളങ്കാറ്റിൻ്റെ താളത്തിൽ നൃത്തം വെക്കുന്ന ഗുൽമോഹർ പൂക്കളെ സാക്ഷി നിർത്തി ഇനി ഞാനീ കത്തു തുറക്കട്ടെ...

29 comments:

 1. മനോഹരമായി കഥ.... കഥയുടെ ഉള്ളിലേക്ക് കൈപിടിച്ച് നടത്തിക്കുന്നതായി തോന്നി..... മഴവില്ല് വിരിയിച്ച എഴുത്തിന് ആശംസകൾ.....

  ReplyDelete
  Replies
  1. മനസ്സില് സ്നേഹത്തിന്റെ മഴവില്ല് വിരിയിക്കാൻ നമുക്ക് കഴിയട്ടെ..

   Delete
 2. അവതരണം ഇഷ്ടപ്പെട്ടു.

  ReplyDelete
 3. സുന്ദരമായ വരികൾ. മനോഹരമായ അവതരണം. ആശംസകൾ റയീസ്.

  ReplyDelete
  Replies
  1. വായനയ്ക്കും വാക്കുകൾക്കും നന്ദി ഗീതേച്ചീ...

   Delete
 4. Replies
  1. ജീവിതവും വാക്കുകളും എന്നും മനോഹരമാവട്ടെ...

   Delete
 5. കണ്ണുകള്‍ നനയിച്ചു കളഞ്ഞു.... വല്ലാത്ത എഴുത്ത്..!!!
  ഒരുപാടൊരുപാട് കാര്യങ്ങളെ അതിന്‍റെ അതേ തീവ്രതയോടെ ഉള്‍ക്കൊണ്ടിരിക്കുന്ന കഥ. ഒത്തിരി ഇഷ്ടമായി..

  ReplyDelete
  Replies
  1. വളരെയേറെ നന്ദി...
   വായനയ്ക്കും വാക്കുകൾക്കും...

   Delete
 6. നന്മയുടെ, സ്നേഹത്തിന്റെ മഴവില്ല് വിരിഞ്ഞു നിൽക്കുന്ന എഴുത്ത് ഏറെ ഇഷ്ടമായി...!
  ഗുരു-ശിഷ്യ ബന്ധം മറ്റു തലങ്ങളിലേക്ക് ചുവടു മാറിയ ഇന്നത്തെ സമൂഹത്തിൽ വായിക്കപ്പെടേണ്ട കഥ....

  ReplyDelete
  Replies
  1. എല്ലാ നല്ല ബന്ധങ്ങളും അതിന്റെ പവിത്രതയോടെ സർവേശ്വരൻ നിലനിർത്തട്ടെ... നന്ദി കുഞ്ഞേച്ചീ..

   Delete
 7. വളരെ സുന്ദരമായ ഒരു കഥ..അനുഭവം പോലെ തോന്നുന്നത് എഴുത്തിന്റെ സൂക്ഷമത കൊണ്ടാണ്. ഉത്തരേന്ത്യൻ ദാരിദ്ര്യത്തിന്റെ ഉഷ്ണത്തിൽ എത്രയെത്ര ചെന്താമരകൾ വാടിക്കരിഞ്ഞു പോകുന്നുണ്ടാവും. സൈറമാർ വളരെ വളരെ വിരളം. കഥ ആ രാഷ്ട്രീയം കൂടി ചർച്ച ചെയ്യുന്നു എന്നതിനാൽ ഒരു മികച്ച കഥ എന്ന് തന്നെ ഞാൻ പറയുന്നു. അഭിനന്ദനങ്ങൾ.

  ReplyDelete
  Replies
  1. നന്ദി വായനയ്ക്കും വിലയേറിയ വാക്കുകൾക്കും...

   Delete
 8. റസൂലാബാദും സൈറയും കണ്മുന്നില്‍ എത്തിച്ച എഴുത്ത്...അഭിനന്ദനങ്ങള്‍ റയീസ്.

  ReplyDelete
  Replies
  1. വളരെയേറെ നന്ദി മാഷ്‌..

   Delete
 9. ചില വേര്‍പിരിയലിന്‍റെ ദുഃഖം നമ്മോടൊപ്പം എപ്പോഴുമുണ്ടായിരിക്കും ഒരുപക്ഷെ ആ ഓര്‍മ്മകള്‍ മനസ്സിലൊരു നോവായി ജീവിതാവസാനംവരെ നിലക്കൊള്ളുകയും ചെയ്യും .ആശംസകള്‍

  ReplyDelete
  Replies
  1. ആ നോവുകളാണ് പലപ്പോഴും പിന്നീടുള്ള ജീവിതത്തിൽ പലതും നേരിടാൻ നമ്മെ പാകപ്പെടുത്തുന്നത്...നന്ദി

   Delete
 10. വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്തൊരു നൊമ്പരം... കഥ അത്ര മനോഹരമായിരിക്കുന്നുവെന്നതിന്റെ തെളിവ്...

  അഭിനന്ദനങ്ങൾ റ‌ഈസ്...

  ReplyDelete
  Replies
  1. വളരെയേറെ നന്ദി വിനുവേട്ടാ...
   വായനയ്ക്കും അഭിപ്രായങ്ങൾക്കും...

   Delete
 11. മനോഹരമായ അവതരണം. അധ്യാപനത്തെപ്പറ്റിയുള്ള ഉദാത്തമായ കാഴ്ചപ്പാട്‌. വായനയും അന്വേഷണവും നിറഞ്ഞ ഹൊംവർക്കിന്റെ പെർഫെക്ഷൻ. വളരെ നന്നായിരിക്കുന്നു. ആശംസകൾ

  ReplyDelete
 12. ശിഷ്യയ്ക്കു മുന്നിൽ കണ്ണു നിറയ്ക്കുന്ന ഒരധ്യാപകനെ ഞാൻ ആദ്യമായി ഇവിടെ കണ്ടത് പോലെ , വളരെ വ്യത്യസ്തമായ വളരെ നല്ല എഴുത്ത് ... ഈ നല്ല കഥയ്ക്ക്‌ എന്റെ എല്ലാ ആശംസകളും.

  ReplyDelete
 13. സമർഥനായ ഒരധ്യാപകൻ നന്മകൾ ശിഷ്യർക്ക് പകർന്നു നൽകുന്നവനല്ല; നന്മ നിറഞ്ഞ ശിഷ്യഗണങ്ങളെ ലോകത്തിന് സമ്മാനിക്കുന്നയാളാണെന്ന് വായിച്ചതോർക്കുന്നു.
  നല്ല കഥ. ആ കത്തിന്റെ ഉള്ളടക്കവും കൂടി അറിഞ്ഞാൽ ........

  ReplyDelete
 14. വായിച്ചു കഴിയുമ്പോൾ നമ്മൾക്ക് ഒരു തൃപ്തി തോന്നുന്ന കഥകൾ അപൂർവ്വമാണ്. അതിലൊന്നായി ഈ കഥയും.
  ആശംസകൾ.....

  ReplyDelete
 15. വായിച്ചു കഴിയുമ്പോൾ നമ്മൾക്ക് ഒരു തൃപ്തി തോന്നുന്ന കഥകൾ അപൂർവ്വമാണ്. അതിലൊന്നായി ഈ കഥയും.
  ആശംസകൾ.....

  ReplyDelete
 16. വീണ്ടും കണ്ണ് നനയിച്‌ചു

  ReplyDelete
 17. നൊമ്പരമായി.....
  നന്നായി ആശംസകള്‍

  ReplyDelete