Tuesday, March 5, 2019

മഴത്തുള്ളി.





"ചൂടാറും മുമ്പ് അത് കുടിക്കാൻ നോക്ക്."

ദീർഘ നേരത്തെ നിശ്ശബ്ദതക്ക് വിരാമമിട്ടു കൊണ്ട് ഞാനവളോട് പറഞ്ഞു. അതുവരെ മുന്നിലെ ചായക്കപ്പിലേക്ക് നോക്കി തലതാഴ്ത്തിയിരുന്ന അവൾ പതുക്കെ തലയുയർത്തി. കഫെറ്റീരിയയുടെ സീലിങ്ങിലെ നിയോൺ വിളക്കുകളുടെ പ്രകാശം അവളുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ നീർത്തുള്ളികളിൽ തട്ടി പ്രതിഫലിച്ചു.


"എന്നാലും നിങ്ങൾക്കെങ്ങനെ ഇങ്ങനെയൊക്കെ ആവാൻ കഴിയുന്നു ?

എനിക്ക് മനസ്സിലാവുന്നില്ല. സത്യം പറഞ്ഞാൽ, എനിക്ക് നിങ്ങളെ ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല.!"

നിശബ്ദതയുടെ ചങ്ങല പൊട്ടിച്ചു കൊണ്ട് അവൾ പറഞ്ഞ വാക്കുകൾ കാതുകളിൽ  മുഴങ്ങുന്ന പോലെ  തോന്നി. 


"എല്ലാം നിനക്ക് മനസ്സിലാക്കിത്തരാം. അതിനു നീ തയാറാണെങ്കിൽ. 

ഒരു യാത്രക്ക് ഒരുങ്ങണം, നാളെ തന്നെ ? എന്താ റെഡി ആണോ ?"

"ഇത്രയൊക്കെ കേട്ടിട്ടും പറഞ്ഞിട്ടും നിങ്ങൾക്ക്  ഒരു ഭാവ വ്യത്യാസവും ഇല്ലാലോ... എങ്ങനെ ഇങ്ങനെ ജീവിക്കാൻ കഴിയുന്നു.?"


പരാതികളുടെയും പരിഭവങ്ങളുടെയും  ഭാണ്ഡക്കെട്ടുകൾ അവൾ വീണ്ടും അഴിക്കാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ  പറഞ്ഞു:


"ശരികളാണ് നമ്മെ നയിക്കേണ്ടത്. ശരിയിലുള്ള വിശ്വാസമാണ് നമ്മെ നയിക്കേണ്ടത്. അല്ലാതെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയല്ല". 


"നിങ്ങളുടെ ഈ ഫിലോസഫി എനിക്ക് കേൾക്കേണ്ട. ഇത്രയൊക്കെ കേട്ടിട്ടും ഇനിയും പഠിക്കാൻ ഭാവമില്ലെങ്കിൽ ഇങ്ങനെ മുന്നോട്ടുപോവാൻ എനിക്ക് ബുദ്ധിമുട്ടാണ്. ആളുകളുടെ മുന്നിൽ തല ഉയർത്തിപ്പിടിച്ചു കൊണ്ട് എനിക്കെങ്കിലും ജീവിക്കണം."


അവളുടെ പരാതികളുടെ സ്വരം ഒരു വെല്ലുവിളിയായി  മാറുന്നത് കണ്ട് ഞാൻ പറഞ്ഞു: 


"നാളെ ഒരു ദിവസം കൂടി നിനക്ക് കാത്തു നിന്നൂടെ.? എല്ലാ അവ്യക്തതകളും നാളെ നിനക്ക് ബോധ്യപ്പെടും.


രാവിലെ ഞാൻ വീട്ടിലേക്ക് വരാം. റെഡിയായി നിൽക്കണം. 

പക്ഷെ, യാത്രക്കിടയിൽ ഈ വിഷയത്തെ കുറിച്ച് ഒന്നും സംസാരിക്കരുത്. ഓക്കേ ആണോ ?"

എങ്ങനെയെങ്കിലും രഹസ്യങ്ങളുടെ ചുരുളുകൾ അഴിയണം എന്നുള്ളത് കൊണ്ടാകും അവൾ മറുത്തൊന്നും പറയാതെ സമ്മതം മൂളി.


നാളെ ഒരു യാത്ര കൂടി.

അതിന്റെ പര്യവസാനം എങ്ങനെയാകുമെന്ന് ഒരു ധാരണയുമില്ല.
അല്ലെങ്കിലും കഴിഞ്ഞുപോയ എല്ലാ യാത്രകളും അങ്ങനെ തന്നെ ആയിരുന്നല്ലോ.  അനിശ്ചിതത്വം നിറഞ്ഞ ഈ യാത്ര തന്നെയല്ലേ ജീവിതം.? പ്രിയപ്പെട്ടതെന്ന് കരുതിയവർക്ക് മുമ്പിലാണ് തെറ്റും ശരിയുമടങ്ങിയ  ഓരോ ധാരണകളും കൂടുതൽ വലിയ തെറ്റും വലിയ ശരിയുമായി മാറുന്നത്.  മനസ്സു കാണാൻ കഴിയുന്ന കണ്ണുകളുണ്ടായിരുന്നെങ്കിൽ ?

കഫെറ്റീരിയയിൽ നിന്ന് പുറത്തിറങ്ങി കാറിൽ കയറിയിട്ടും അവളൊന്നും പറഞ്ഞില്ല. ഇത്ര ദീർഘമായ നിശബ്ദതയെ പ്രണയിക്കാൻ എപ്പോഴാണ് അവൾ ശീലിച്ചത് ? അറിയില്ല. ഇനിയുമെത്ര അറിയാനിരിക്കുന്നു.!


"ഹൃദയങ്ങളൊന്നാകും മധുമാസ രാവിൽ

ഹൃദയേശ്വരിക്കെന്തേ പരിഭവമോ ?"
കാറിലെ ഓഡിയോ സിസ്റ്റം റാസയും ബീഗവും കീഴടക്കിയിരിക്കുന്നു. 
പരിഭവം നിറഞ്ഞ മുഖവുമായി തന്നെ അവൾ വീടെത്തുംവരെ ഇരുന്നു.
നാളെ കാണാം എന്ന് പറഞ്ഞപ്പോഴും നിഴൽ മായാത്ത പാതി മറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ച് കൊണ്ട് അവൾ ഗേറ്റ് തുറന്ന് വീട്ടിലേക്ക് നടന്നു.

രാവിലെ തന്നെ ബാബു സാറെ വിളിച്ചു ഞങ്ങൾ വരുന്ന കാര്യം പറഞ്ഞു. ഏഴുമണിയോടെ അവളുടെ വീടെത്തി. കൂടുതൽ ക്ഷേമാന്വേഷ
ങ്ങൾക്ക് നിൽക്കാതെ വീട്ടുകാരോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി. രണ്ടാഴ്ച മുമ്പ് ഞാൻ വാങ്ങിക്കൊടുത്ത നീല നിറമുള്ള പുതിയ ചുരിദാറിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. ഇന്നലത്തെ ഗൗരവം അൽപ്പം കുറഞ്ഞിരിക്കുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്കു മാത്രം ഒന്നോ രണ്ടോ വാക്കിൽ ഉത്തരം പറഞ്ഞു കൊണ്ട് അവൾ ഒഴിഞ്ഞുമാറി. 


അടിവാരം കഴിഞ്ഞു ചുരം കയറിത്തുടങ്ങിയപ്പോഴേക്ക് വെയിൽ ചൂടുപിടിച്ചിരുന്നു. എസിയുടെ തണുപ്പിലും മനസ്സ് പൊള്ളിക്കൊണ്ടിരുന്നു. എത്ര മറക്കാൻ ശ്രമിച്ചാലും  ഇന്നലെകൾ, പറഞ്ഞ വാക്കുകൾ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരിക്കും. ഗസ്റ്റ് ലക്ച്ചററായി കോളേജിൽ ആദ്യമായി ജോയിൻ  ചെയ്ത ദിവസം മുതൽ കഴിഞ്ഞ ആഴ്ച കയ്യിൽ കിട്ടിയ സസ്പെ
ഷൻ ഓർഡർ വരെ മനസ്സിൽ ഒന്നൊന്നായി ചിത്രം വരച്ചു. 


തേർഡ് സെമസ്റ്ററിലെ ഡിജിറ്റൽ ഇലക്ട്രോണിക്സ്  ക്ലാസ്സിന്റെ ആദ്യ ദിവസം തന്നെ കുട്ടികളെ കയ്യിലെടുക്കാനായത്, ജിഷ്ണുവും, ഫാസിലും, അപർണ്ണയും, സൈറയുമൊക്കെ പ്രിയപ്പെട്ട വിദ്യാർത്ഥികളായത്, അവരുടെ പ്രൊജക്റ്റ് ഗൈഡ് ആയത്, DSP ലാബിൽ നിന്ന് പുറത്താക്കിയതിന് കുട്ടികൾ 'പണി' തന്നത്.. അങ്ങനെയങ്ങനെ നിറമുള്ള ഒട്ടേറെ ഓർമ്മകൾ.  


ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്കും കുട്ടികളാണെന്ന ബോധ്യത്തോടെ അനുവദിക്കുന്ന ചില്ലറ 'കുട്ടിക്കളികൾക്കും' കൂട്ട് നിൽക്കുന്നതുകൊണ്ട് തന്നെ കുട്ടികൾക്ക് ഒരുപാട് ഇഷ്ടവും മറ്റ് അധ്യാപകർക്കും മാനേജ്‌മെന്റിനും അത്രത്തോളം ഇഷ്ടക്കേടും ഉണ്ടായിരുന്നു. പിള്ളേരുടെ കൂടെയുള്ള ഈ കളിക്ക് നിൽക്കേണ്ടെന്ന് പലപ്പോഴും ഉപദേശിക്കുന്നവർ സസ്‌പെൻഷൻ ഓർഡർ കയ്യിൽ കിട്ടിയപ്പോൾ 'ഇപ്പൊ എന്തായി ഞങ്ങൾ പറഞ്ഞത്' എന്ന് ചോദിച്ചു. 

'എന്നാലും ഇതൊരല്പം  കൂടിപ്പോയില്ലേ' എന്ന് ചിലർ അടക്കം പറഞ്ഞു.

ചെയ്ത കാര്യത്തിൽ ഒരു ശെരികേടും തോന്നാത്തിടത്തോളം നിങ്ങളുടെ ശരികളെ അന്ധമായി വിശ്വസിക്കാൻ എനിക്ക് കഴിയില്ല എന്ന് പറഞ്ഞാണ് അവസാന ദിവസം കോളേജിൽ നിന്ന് ഇറങ്ങിയത്.


അവർ നാല് കുട്ടികൾക്കും  ബാബു സാറിനും എനിക്കും മാത്രമായിരുന്നു ഇതൊക്കെ ശരികൾ. മറ്റുള്ളവർക്ക് മുന്നിൽ, 'അവളുൾപ്പെടെ', എല്ലാവർക്കും അതൊരു മഹാ അപരാധം തന്നെയായിരുന്നു. മനസ്സിൽ ശെരിയെന്നുറപ്പുള്ള ഒരു കാര്യം  ചെയ്യാതിരിക്കുന്നതാണ് തെറ്റെന്ന വിശ്വാസം തന്നെയാണ് ഇതിനൊക്കെ ധൈര്യം തന്നതും.


അല്ലെങ്കിലും അവരുടെ ഭാഷയിൽ അവിവാഹിതയായ, തന്റെ വിദ്യാർത്ഥിയായ  ഒരു 'പെൺകുട്ടിയെ'യും കൊണ്ട് 'ഒന്നിനും മാത്രം പോന്ന' ആണൊരുത്തൻ, അതായത് ഈ ഞാൻ, അസമയത്ത് ഒറ്റക്ക് കാറിൽ ദീർഘയാത്ര ചെയ്തു എന്നത് മഹാ അപരാധം തന്നെയാണ്.! കഥയുടെ ചുരുളുകൾ ഞങ്ങൾ ആറുപേരല്ലാതെ ഏഴാമതായി അവളൊരാൾ കൂടി അറിയാൻ പോകുന്നു എന്നത് മാത്രമാണ് പ്രയാസം.


DSP ലാബിൽ വെച്ചു ജിഷ്ണുവാണ് ആദ്യമായി അപർണയെ കുറിച്ച് പറഞ്ഞത്. അടുത്ത പേരന്റ്സ് മീറ്റിംഗിന് അപർണ്ണയുടെ ഫാദറെ കാണണമെന്ന് ഞാൻ പറഞ്ഞിരുന്നു. അതുവരെ ക്ലാസ്സിൽ നന്നായി പെർഫോം ചെയ്തിരുന്ന അവൾ കുറച്ചു ഉഴപ്പുന്നതായി തോന്നിയപ്പോൾ ഒന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞതാണ്. ഒരധ്യാപകന്റെ  ഓരോ വാക്കും നോക്കും ഓരോ കുട്ടിയിലും ഉണ്ടാക്കുന്ന ചലനങ്ങൾ എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞത് അന്നായിരുന്നു. 


"സാർ, അപർണയുടെ അച്ഛനെ കാണണം എന്ന് പറഞ്ഞിരുന്നുല്ലെ.? 

മറ്റാരോടും പറയില്ലെങ്കിൽ എനിക്ക് സാറിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്." 

പതിവില്ലാത്ത ഗൗരവം നിറഞ്ഞ ആമുഖത്തോടെയാണ് ജിഷ്ണു അന്നത് പറഞ്ഞത്. ലാബ് വർക്ക് കഴിഞ്ഞു എല്ലാവരും പോയ ശേഷം ഞാൻ അവനോട് സംസാരിച്ചു. അപർണ എന്ന 
എന്റെ ക്ലാസിലെ സമർത്ഥയായ വിദ്യാർത്ഥിനി - വളനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെ പുസ്തകം അവൻ എനിക്ക് മുന്നിൽ തുറന്നു വെച്ചു. 


അമ്മയുടെയും അച്ഛന്റെയും കൂടെ വളരെ സ്നേഹത്തോടെ തന്നെയാണ് അവൾ കഴിയുന്നത്. പക്ഷെ, അത് അവളുടെ സ്വന്തം അച്ഛനല്ല.!  അമ്മയുടെ ആദ്യ വിവാഹത്തിലെ മകളാണ് അപർണ്ണ. ബന്ധം വേർപ്പെടുത്തിയ ശേഷം അമ്മ വീണ്ടും വിവാഹിതയായി. ഒരു അനിയനും അനിയത്തിയും കൂടി പിറന്നു. രണ്ടാനച്ഛന്റെ പതിവ് ക്രൂരതകളുടെ കഥയല്ല ഇവിടെ. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന, തന്റെ സ്വന്തം രക്തത്തിൽ പിറന്ന മക്കളെ പോലെ തന്നെ, ഒരു പക്ഷെ അതിലും നന്നായി അവളെ പരിപാലിക്കുന്ന അച്ഛൻ. 


പക്ഷെ, അമ്മയുമായി പിരിയാനുണ്ടായ കാരണം എന്ത് തന്നെയായാലും തന്റെ സ്വന്തം അച്ഛനെ കാണാനും സംസാരിക്കാനും സ്നേഹിക്കാനും ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി. എന്നാൽ അയാളുമായി ഒരു സ്നേഹബന്ധം തുടരുന്നത് അമ്മയോ രണ്ടാം അച്ഛനോ അറിയാനും പാടില്ല. കാരണം, അതവരെ വേദനിപ്പിക്കും. അവരെ വേദനിപ്പിക്കാതെ, അവർ അറിയുകപോലും ചെയ്യാതെ, തന്റെ അച്ചനെ ഒന്ന് കാണണം. ആ അച്ഛന്റെ മകളായി അല്പസമയമെങ്കിലും കഴിയണം.!


"സാർ, സാറിനു മാത്രമേ അവളെ സഹായിക്കാനാകൂ. ഞങ്ങളുടെ ടീമിന്റെ മുഴുവൻ എനർജിയും അവളാണ്. അവൾക്കൊരു പ്രശനം ഉണ്ടാകുമ്പോൾ ഞങ്ങൾക്കത് പരിഹരിക്കാൻ കഴിയണം. സാറൊന്ന് ഹെൽപ് ചെയ്യണം. ഞങ്ങൾ മൂന്നു പേരല്ലാതെ, പിന്നെ ഇതറിയുന്ന നാലാമതൊരാൾ സാറാണ്. ഒരു കാരണവശാലും മറ്റാരും ഇതറിയരുത്. അവളുടെ അമ്മയും അച്ഛനും അത്രയേറെ അവളെ സ്നേഹിക്കുന്നുണ്ട്. എന്നിട്ടും സ്വന്തം അച്ഛനെ തേടി അവൾ പോയി എന്നറിഞ്ഞാൽ അവർക്കത് സഹിക്കാൻ കഴിയില്ല."


ജിഷ്ണുവിനോട് എന്ത് പറയണം എന്നറിയാതെ ഞാനിരുന്നു. ഒരു അധ്യാപകൻ എന്നതിനേക്കാൾ വലിയ സ്വാതന്ത്ര്യത്തോടെ, ഒരു സുഹൃത്തിനെപ്പോലെ അവൻ എന്നോട് പറഞ്ഞതാണ്. 


"അപർണയുടെ ആഗ്രഹം നമുക്ക് സാധിപ്പിക്കാം. നമുക്ക്  അദ്ദേഹത്തോട് ഇങ്ങോട്ട് വരാൻ പറയാം. ഇവിടെ കോളേജിൽ വെച്ചു കാണാമല്ലോ..."


ഒരു താൽക്കാലിക ആശ്വാസം എന്ന പോലെ ഞാൻ പറഞ്ഞു. 


"പക്ഷെ സർ, അത് പറ്റില്ല. അദ്ദേഹത്തിന് ഇങ്ങോട്ട് വരാൻ കഴിയില്ല. രണ്ടു കാലുകളും തളർന്ന് ഇപ്പോൾ വീൽചെയറിലാണ്. യാത്രചെയ്യാനും  പ്രയാസമാണ്. നമുക്ക് അങ്ങോട്ട് പോകാം സാർ."


വീണ്ടും ഞാൻ കുഴങ്ങി. നമുക്ക് ആലോചിച്ചിട്ട് വേണ്ട പോലെ ചെയ്യാം എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പ്രതീക്ഷയോടെ എന്നെ നോക്കികൊണ്ട് റെക്കോർഡ് ബുക്കുമെടുത്ത് അവനും നടന്നു. 


പിന്നീടുള്ള ദിവസങ്ങൾ അക്ഷരാർത്ഥത്തിൽ ഒരു സമസ്യ തന്നെയായിരുന്നു. അപർണ്ണ നന്നായി പഠിക്കുന്ന കുട്ടിയാണ്. . കോളേജിന്റെ യൂണിവേഴ്സിറ്റി റാങ്ക് പ്രതീക്ഷയാണ്. അതേക്കാളുമൊക്കെ ഉപരി എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ്. 

ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ തികട്ടി വന്നു. എന്ത്, എങ്ങനെ, എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പ്രത്യാഖാതങ്ങൾ.?

അതിനിടയിൽ അപർണ്ണയുടെ അച്ഛനും അമ്മയും കോളേജിൽ വന്നു. മകളെ കുറിച്ചുള്ള അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വാനോളമായിരുന്നു. തന്റെ സ്വന്തം മകളായല്ലാതെ ഒരിക്കൽ പോലും ആ മനുഷ്യൻ അവളെ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കും തലോടലും പ്രകടമാക്കി.  പക്ഷെ, എന്നിട്ടും "എന്റെ കുട്ടീ, നിന്റെ ഈ  ആഗ്രഹം അരുതെന്നു" പറയാൻ എനിക്ക് കഴിഞ്ഞില്ല. 


ഒരു ദിവസം അപർണ്ണ തന്നെയാണ് തന്റെ സ്വന്തം അച്ഛന്റെ മൊബൈൽ നമ്പറുമായി എന്നെ നേരിട്ട് കാണാൻ വന്നത്. "സാർ, എന്നെ സഹായിക്കില്ലേ? ആരും കാണാതെ, ആരും അറിയാതെ അച്ഛനെ ഞാൻ വിളിക്കാറുണ്ട്, സംസാരിക്കാറുണ്ട്. ഇപ്പൊ തീരെ വയ്യാ എന്ന് പറയുന്നു. എന്നെ കാണാൻ ആഗ്രഹമുണ്ട് എന്നും പറഞ്ഞു. എനിക്ക് ഒന്ന് കാണണം. പക്ഷെ, ഒരിക്കലും അമ്മയും അച്ഛനും ഇതറിയരുത്. അവരെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല.സാറൊന്ന് വിളിച്ചു സംസാരിക്കുമോ? ഒന്ന് എന്നെ കൊണ്ടുപോകുമോ ? "


നനഞ്ഞു കുതിർന്ന ആ കണ്ണുകളെ നോക്കി ഇല്ല, എനിക്ക് കഴിയില്ല എന്ന് പറയാൻ ഞാൻ അശക്തനായിരുന്നു. സ്നേഹത്തിന്റെ രണ്ടു ധ്രുവങ്ങൾക്കിടയിൽ വീർപ്പു മുട്ടുന്ന ആ പെൺകുട്ടിയെ നോക്കി നിശബ്ദമായി ഞാൻ തലകുലുക്കി.


പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അടുത്ത വീക്കെൻഡിൽ, ജിഷ്ണു, ഫാസിൽ , അപർണ, സൈറ എന്ന നാൽവർ സംഘത്തെയും കൂട്ടി അപർണ്ണയുടെ അച്ഛനെ കാണാൻ പോകാൻ ഞങ്ങൾ തീരുമാനിച്ചു. 

കാര്യങ്ങൾ ഉറപ്പുവരുത്താനായി അപർണ്ണ തന്ന നമ്പറിൽ വിളിച്ചപ്പോഴാണ് മുമ്പ് കേട്ടുമറന്നൊരു ശബ്ദം കാതുകളിൽ അലയടിച്ചത്. ബാബു സാർ. വർഷങ്ങൾക്കു മുമ്പ് സ്‌കൂളിൽ, ആറാം ക്ലാസിൽ മലയാളം പഠിപ്പിച്ച, കാതിൽ മുഴങ്ങിയ അതെ ശബ്ദം.!

അപ്പോൾ ബാബു സാറുടെ മകളായിരുന്നോ അപർണ്ണ ?

വല്ലാത്ത ശൂന്യത മനസ്സിൽ നിറഞ്ഞു. 
അപർണ്ണയുടെ അധ്യാപകൻ എന്ന അധികാരത്തിൽ  നിന്ന് പത്തു പതിനഞ്ചു വർഷങ്ങൾക്കു മുമ്പുള്ള വിദ്യാർത്ഥിയുടെ വിനയത്തിലേക്കും വിധേയത്വത്തിലേക്കും ഞാൻ അറിയാതെ മാറിപ്പോയി. 

"മോനെ, ദൈവമാണ് നിന്നെ അയച്ചത്. എന്റെ മകളെ ഒന്ന് കാണാൻ, ഒരു നോക്ക് കാണാൻ നീയൊരു നിമിത്തമായിരിക്കുന്നു."


പിന്നീട് എനിക്ക് മറ്റൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. വൈലോപ്പിള്ളിയുടെ മാമ്പഴമെന്ന കവിത ആലാപനത്തിന്റെ മാധുര്യത്തിൽ നിന്ന് കണ്ണുനീരിന്റെ ഉപ്പുരസം രുചിച്ചു പാടാൻ പഠിപ്പിച്ച ബാബു മാഷിന് വേണ്ടി, ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞല്ലോ എന്ന ചിന്തയായിരുന്നു. ഒരു കൊച്ചു കുട്ടിയുടെ ആവേശമായി പിന്നെയെനിക്ക്. 


അടുത്ത വീക്കെൻഡ് വീട്ടിൽ വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവർ നാലുപേരും പിന്നെ ഞാനും യാത്രക്ക് തയ്യാറായി. പക്ഷെ, അപ്രതീക്ഷിതമായി വീട്ടിൽ ഒരു ഫംക്ഷനു വേണ്ടി ജിഷ്ണുവിനും അടുത്ത ബന്ധുവിന്റെ മരണവുമായി ഫാസിലിനും മറ്റെന്തോ കാരണം കൊണ്ട് സൈറക്കും വരാൻ കഴിഞ്ഞില്ല. അപർണ്ണയെ മാത്രം കൊണ്ട് അത്രയും ദൂരം ഞാനൊറ്റക്ക് ഡ്രൈവ് ചെയ്യുന്നതിലെ സാഹസം ഞാൻ ആലോചിച്ചതേയില്ല.  ഞാനവളുടെ പ്രിയപ്പെട്ട അധ്യാപകനും അവളെന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയും അതിലേറെ എന്റെ ഗുരുനാഥന്റെ മകളുമല്ലേ, പിന്നെയെന്തിനു ഞാൻ ഭയക്കണം.?


ദീർഘമായ യാത്രക്കൊടുവിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയുടെ വസന്തമായരുന്നു എന്റെ കണ്ണുകൾക്ക് കാലം കാത്തുവച്ചത്. നാലാം വയസ്സിനു ശേഷം, 16 വർഷങ്ങൾക്ക് ശേഷം പരസ്പരം കാണുന്ന ഒരച്ഛനും മകളും. സ്നേഹത്തിന്റെ അമൂല്യവും വൈകാരികവുമായ ആ നിമിഷങ്ങളെ കണ്ടു തീർക്കാനാവാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.  നാല് വയസ്സിൽ ഒരു അമ്മയെയും ഈ മകളെയും എന്തിനുപേക്ഷിച്ചുവെന്നോ ഇത്രയും കാലം എവിടെയായിരുന്നുവെന്നോ ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ, സകല ചോദ്യശരങ്ങളുടെയും മുനയൊടിക്കുന്ന നിമിഷങ്ങളായിരുന്നു അത്. അവർ രണ്ടു പേരും ഒരുപാട് നേരം പരസ്പരം നോക്കി ഇരുന്നു കരഞ്ഞു. പിന്നെ, ചുളിവുകൾ വീണ കൈകൾ അവളുടെ മുടിയിഴകളെ തലോടി. നിസ്വാർത്ഥമായ സ്നേഹത്തിന്റെ സുഗന്ധം ആ മുറിയിലെ രൂക്ഷമായ മരുന്നുഗന്ധത്തെ അതിജയിച്ചു. 


ബാബു മാഷോട് യാത്ര പറഞ്ഞു  ഇനിയും വരാമെന്ന് പറഞ്ഞു അവിടെ നിന്നിറങ്ങുമ്പോൾ  ഒരു യുദ്ധം ജയിച്ച യോദ്ധാവിന്റെ മനസ്സായിരുന്നു എനിക്ക്. എന്നാൽ ആ മാനസികാവസ്ഥക്ക് അൽപായുസ്സായിരുന്നു. തത്വവും പ്രയോഗവും തമ്മിലെ യുദ്ധം ഒരിക്കൽ കൂടി ഞാൻ അനുഭവിച്ചു. അവിവാഹിതനായ കോളേജിലെ അദ്ധ്യാപകൻ, തന്റെ ക്ലാസിലെ പെൺകുട്ടിയുമായി ഹോസ്റ്റലിൽ നിന്ന് എങ്ങോട്ടോ  പ്ലഷർ ട്രിപ്പിന് പോയി എന്ന വാർത്തയുമായി എനിക്ക് കോളെത്തി. 


പിന്നീട് നടന്നതൊക്കെ രസകരമായിരുന്നു. സഹപ്രവർത്തകരും വിദ്യാർത്ഥികളുമടക്കം സർവ്വരും അവരുടെ ഭാവനക്കനുസരിച്ചുള്ള കഥകൾ വികസിപ്പിച്ചു. ഒരുപാട് കണ്ണുകൾ കണ്ട 'മഹാപാപത്തെ' കഴുകിക്കളയുന്ന വലിയൊരു രഹസ്യമുള്ള 'ശരി'ക്കു വേണ്ടി ഞാൻ നിശബ്ദനായി നിന്നു. എന്നെ നന്നായി അറിയുന്ന രക്ഷിതാക്കളായതു കൊണ്ട് അപർണ്ണയുടെ അമ്മയും വളർത്തച്ഛനും കൂടുതലൊന്നും പറഞ്ഞില്ല.


സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആത്മാവുള്ള ഒരു വലിയ രഹസ്യത്തിൽ പൊതിഞ്ഞ സത്യത്തെ ഞാൻ മൂടിവെച്ചു. ആയിര
ത്തോളം  കുട്ടികൾ പഠിക്കുന്ന ആ കോളേജിലും 60 കുട്ടികളുള്ള ഏറെ ക്ലാസിലുമുൾപ്പെടെ  ഒരുപക്ഷെ ഞാൻ മോശക്കാരനായേക്കാം, പക്ഷെ, എന്നെ വിശ്വസിച്ച, എന്നെ സ്നേഹിച്ച, ആ നാല് പേർക്കും ഞാനൊരു നല്ല ഗുരുനാഥൻ തന്നെയായിരിക്കും എന്ന് സമാശ്വസിച്ചു കൊണ്ട് ഞാൻ അന്വേഷണ വിധേയമായ ആ സസ്‌പെൻഷൻ ഓർഡർ സ്വീകരിച്ചു.


* * *


കാറിന്റെ ഗ്ലാസ്സിൽ ചാറ്റൽ മഴ ചിത്രം വരക്കുന്നു.

നാഷണൽ ഹൈവേയിൽ നിന്ന്  ബാബു സാറിന്റെ വീട്ടിലേക്ക് തിരിയുന്ന പോക്കറ്റ്  റോഡിലേക്ക് പ്രവേശിച്ചു. 
വിൻഡോ ഗ്ലാസ്സ് താഴ്ത്തി മഴത്തുള്ളികളെ ലാളിക്കുകയാണവൾ.!
അവളുടെ മുഖത്ത് ഒരു മന്ദഹാഹം വിടരുന്നുവോ ?
അറിയില്ല.
ഹൃദയ മിടിപ്പുകൾ കൂടുന്നു. !

ആരോപണങ്ങളുടെയും അപവാദങ്ങളുടെയും തീക്കനലുകളേറ്റ്  അവൾക്കും പൊള്ളിത്തുടങ്ങി എന്ന് തോന്നിയപ്പോഴാണ് ഒരിക്കൽ കൂടി ഇതേ വഴി സഞ്ചരിക്കാൻ ഒരുങ്ങിയത്. 

ബാബു സാറെ അവൾക്ക് കാണിച്ചു കൊടുക്കണം. 
അപർണ്ണ എന്റെ പ്രിയപ്പെട്ട ഗുരുനാഥന്റെ മകളും എന്റെ പ്രിയപ്പെട്ട ശിഷ്യയും മാത്രമാണെന്ന് അവളെ ബോധ്യപ്പെടുത്തണം. 
ഒരു നിമിഷത്തെ സംശയവും തെറ്റിധാരണയും അതേ തുടർന്നുന്ന വർത്തമാനങ്ങളും മാത്രം മതി, ഒരായുഷ്കാലം കണ്ണീരിൽ കുതിർന്നു ജീവിക്കാൻ എന്ന തന്റെ ജീവിത പാഠം ബാബു സാറിൽ നിന്നും തന്നെ അവളെ പഠിപ്പിക്കണം.

മഴത്തുള്ളിപോലെയാണ് ഓരോ അറിവുമെന്ന്  ആദ്യമായി പഠിപ്പിച്ചത് പണ്ട് ബാബു  സാറാണ്.  ശുദ്ധമായ മഴത്തുള്ളി കൈക്കുമ്പിളിലെടുത്താൽ ദാഹം മാറ്റാം. നിലത്തു മണ്ണിൽ വീണാൽ അത് ഉപയോഗശൂന്യമാവും. അതേ, മഴത്തുള്ളി തന്നെയാണ് ആഴക്കടലിൽ ചിപ്പിക്കുള്ളിൽ ഒരു വിലമതിക്കാനാവാത്ത മുത്തായി മാറുന്നതും. അറിവല്ല പ്രധാനം; ആ അറിവ് കടന്നു ചെല്ലുന്ന മനുഷ്യ മനസ്സാണ് പ്രധാനം. മനസ്സിന്റെ വിശാലതയാണ് അറിവിനെ വിലയില്ലാത്തതും വിലമതിക്കാനാവാത്തതാ ക്കി മാറ്റുന്നതും.


പ്രിയപ്പെട്ടവളെ, വിലമതിക്കാനാവാത്ത ജീവിത പാഠങ്ങളാണ് ഈ മനുഷ്യന്റെ ജീവിതം നമുക്ക് മുന്നിൽ തുറന്നു വെച്ചിട്ടുള്ളത്. എന്റെ കുട്ടികളും ഞാനും ഈ മനുഷ്യനും മാത്രമറിയുന്ന ഒരു സ്വകാര്യത്തെയാണ് ഞാൻ നിനക്ക് കൂടി അറിയിച്ചു തരുന്നത്. തിരിച്ചറിവിന്റെ ഈ മുത്തുകൾ നീ സ്വീകരിച്ചാലും.

നാളെ കണ്ണീർപൊഴിക്കാതെ, ഇന്ന് തന്നെ പരസ്പരം അറിഞ്ഞു കൊണ്ട് ജീവിക്കാനും  എന്റെ എല്ലാ രഹസ്യങ്ങളും ഒരു ചിപ്പിക്കുള്ളിലൊളിപ്പിച്ചു കൊണ്ട്, സ്നേഹത്തിന്റെ  മണിമുത്തുകളുമായി ഞാൻ കാത്തിരിക്കുന്നു.

ചുറ്റുപാടും പച്ചപ്പ്‌ നിറഞ്ഞ  മരങ്ങൾക്കു നടുവിലെ ഓടിട്ട ആ ഇരുനില വീടിനു മുന്നിലേക്ക് കാർ തിരിക്കുമ്പോഴും ഓഡിയോ സിസ്റ്റത്തിൽ  പതിഞ്ഞ ശബ്ദത്തിൽ  റാസയും ബീഗവും പാടുകയായിരുന്നു.


"ഓമലാളേ നിന്നെയോർത്ത്, 

കാത്തിരിപ്പിൻ  സൂചിമുനയിൽ,
മമ-കിനാക്കൾ കോർത്തു കോർത്ത്, 
ഞാൻ നിനക്കൊരു മാല തീർക്കാം...
ഞാൻ നിനക്കൊരു മാല തീർക്കാം.!"


ശുഭം !

Tuesday, September 20, 2016

ജൂൺ ഒന്ന്.




ജൂൺ ഒന്ന്.
ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നം ഇന്ന് പൂവണിയുകയാണ്.  
അയ്ന മോളെ ഇന്ന് സ്‌കൂളിൽ ചേർക്കുകയാണ്.
കഴിഞ്ഞ അഞ്ചാറു വർഷങ്ങൾ ഒരുപാട് ചോദ്യങ്ങൾ കേട്ടതാണ്.
അവയിൽ പലതും ഇന്നും, ഇനിയും കേൾക്കാനുള്ളതാണ്.
പല ചോദ്യങ്ങളും അവഗണിക്കാനും മറുപാടി പറയാനും പോയ വർഷങ്ങൾ എന്നെ പ്രാപ്തനാക്കിയിരിക്കുന്നു.

അയ്ന മോളുടെ കണ്ണുകൾക്കിന്നു വല്ലാത്തൊരു  പ്രകാശമുണ്ട്.
അയ്ന...! 'മഹോഹരമായ കണ്ണുകളുള്ളവൾ' എന്നർത്ഥമുള്ള ആ പേര് ഞാനാണ് അവൾക്കിട്ടത്. സ്വർഗീയ ഹൂറിമാരിൽ ഒരുവളുടെ പേരാണത്രെ അത്. 

ഒന്നാം ക്ലാസ്സിലേക്ക്, പുതിയ ഒരുപാട് കൂട്ടുകാരുടെ ഇടയിലേക്ക്, പുതിയ ഒരുപാട് ജീവിത പാഠങ്ങളുടെ മുന്നിലേക്ക് അവളിന്ന് പോവുകയാണ്.
സന്തോഷം കൊണ്ട് മനസ്സ് നിറയേണ്ട ഈ നിമിഷത്തിലും എന്തിനെന്നറിയാതെ ഞാൻ അസ്വസ്ഥനാണ്. 
കുഞ്ഞേ, നീയും നാളെ...?

കുഞ്ഞു കവിളുകളിൽ പൗഡർ പുരട്ടി, ഇന്നലെ എന്നെകൊണ്ട് പുതുതായി വാങ്ങിപ്പിച്ച കണ്മഷി കൊണ്ട് കണ്ണെഴുതി, ഇരു വശങ്ങളിലേക്കും മുടി ചീകിയൊതുക്കി ഒരമ്മയെപ്പോലെ അയ്നമോളെ ഒരുക്കുകയാണ് 'അവൾ'. എന്റെ നേരെ ഉയർന്ന ഒരുപാട് ചോദ്യ ശരങ്ങളെ തടഞ്ഞു നിർത്തിയത് 'അവളാണ്'. 'അവളുടെ' നല്ല മനസ്സാണ്. അതും കൂടി ഇല്ലെങ്കിൽ ഇങ്ങനെ ഒരു ദിവസം എന്റെ അയ്നമോളുടെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നോ..? അറിയില്ല.
ഈ ഒരു ദിവസം അവളെ യഥാർത്ഥത്തിൽ ഒരുക്കേണ്ട ആൾ ഏഴാകാശങ്ങൾക്കപ്പുറത്തു നിന്ന് ഇതൊക്കെ കാണുന്നുണ്ടാവുമോ..? 

ഒരിക്കൽ കൂടി പഴയ ആ  ഓർമ്മകളെ  തിരഞ്ഞു കൊണ്ട് മനസ്സ്  യാത്ര തുടങ്ങുകയാണ്. 

അലമാരയ്ക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചു വെച്ച, പഴയ ഒട്ടേറെ ഓർമ്മകളുടെ 'നിധികൾ' ഒളിച്ചിരിക്കുന്ന പുസ്തകങ്ങൾക്കും ഡയറികൾക്കും  ഇടയിൽ നിന്ന് എട്ടു വർഷം പഴക്കമുള്ള, നീല നിറമുള്ള ആ ഡയറി പുറത്തെടുത്തു. 

ഈ പുസ്തകത്തിൽ ശാന്തമായി ഉറങ്ങിക്കിടക്കുന്നത് ഒരു പെൺകുട്ടിയുടെ ജീവിതമാണ്. എന്റെ പ്രിയപ്പെട്ട ഒരു വിദ്യാർത്ഥിനിയുടെ കഥയാണ്. അയ്ന  മോളുടെ അമ്മയുടെ കഥയാണ്.

കോളേജിൽ അധ്യാപകനായി ജോലി ചെയ്യാൻ തുടങ്ങിയ ആദ്യ കാലം.
ഫൈനൽ ഇയർ ബിടെക് EC ബാച്ചിന്റെ ക്ലാസ്സ് ചാർജ് ഏറെ 
പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. ഒരദ്ധ്യാപകന്റെ ജീവിതത്തിൽ  ഏറ്റവും സ്വാധീനം ചെലുത്തുന്നത് അയാളുടെ ഫസ്റ്റ് ബാച്ചാണെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ, അധ്യാപന ജീവിതത്തെയും  കടന്ന്, കുടുംബ-സൗഹാർദ ബന്ധങ്ങളിൽ പോലും ആ കാലം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

എല്ലാതരം  വിദ്യാർഥികളുമുള്ള ഒരു സാധാരണ ക്ലാസ് തന്നെയായിരുന്നു അത്. ഒരു അധ്യാപകന് ചില കുട്ടികളോട് മാത്രം പ്രത്യേകമായ താല്പര്യമോ പരിഗണനയോ പാടില്ലെന്നാണ്. പക്ഷെ, പലപ്പോഴും നമ്മെ വല്ലാതെ സ്വാധീനിക്കുന്ന ചില കുട്ടികളുണ്ടാവും. ഒരു ക്ലാസ്സിനെ ആക്റ്റീവ് ആയി നിലനിർത്തുന്ന, ആ ക്ലാസ്സിന്റെ എല്ലാമായ ചില കുട്ടികൾ. 
വർഷങ്ങൾ കടന്നു പോയാലും, പുതിയ ഒരുപാട് ബാച്ചുകൾ കടന്നു വന്നാലും, ചുരുക്കം ചില കുട്ടികൾ നമ്മുടെ മനസ്സിൽ നിലനിൽക്കും.
അവരെക്കുറിച്ച വല്ലപ്പോഴും  അന്വേഷിച്ചു പോവും.

അന്ന് ആ ബാച്ചിൽ സമർത്ഥയായ ഒരു കുട്ടി ഉണ്ടായിരുന്നു. എല്ലാ അധ്യാപകർക്കും പ്രിയപ്പെട്ട, ക്ലാസ്സിലെ ഏറ്റവും ആക്റ്റീവ് ആയ ഒരു പെൺകുട്ടി. 

വിദ്യയും വിനയവും കൊണ്ട് അനുഗ്രഹിച്ച വിദ്യാർത്ഥികൾ ഏതൊരു അധ്യാപകന്റെയും ഏറ്റവും വലിയ സ്വത്താണ്. അവരെ കുറിച്ച് നമുക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടാവും. ഇതെന്റെ സ്റ്റുഡൻറ് ആണെന്ന് അഭിമാന പൂർവം നമ്മൾ പറയും. ഏതാനും മാസങ്ങൾ കൊണ്ട് തന്നെ ആ ബാച്ചും അവളും എനിക്ക് ഏറെ പ്രിയപ്പെട്ടതായി മാറി.

പക്ഷെ, ശരി-തെറ്റുകൾ നിർ.വചിക്കുന്നതിൽ അവൾക്കു പറ്റിയ പിഴവോ അതോ ദൈവത്തിന്റെ അലംഘനീയമായ വിധിയോ അറിയില്ല അരുതാത്ത പലതും സംഭവിച്ചു പോവാൻ ഇടയായത്.

അന്നൊരു  രാത്രിയിലാണ്, അവൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നു ഫോണിൽ ആരോ വിളിച്ചു പറഞ്ഞത്.
രാവിലെ പോയാൽ മതിയെന്ന് ഉമ്മ പറഞ്ഞിട്ടും ഞാൻ രാത്രി തന്നെ അവളെ കാണാൻ പോയി. 

വീട്ടുകാരും ബന്ധുക്കളും ഒക്കെ ഉണ്ട്. കോളേജിൽ നിന്ന് ഞാൻ മാത്രമേ ഉള്ളൂ. രക്ഷിതാക്കളോട് വിവരം അന്വേഷിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. അവൾ ആത്മഹത്യക്കു ശ്രമിച്ചിരിക്കുന്നു. പക്ഷെ, സമയത്തിന്  ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടിരിക്കുന്നു. ബോധം തെളിഞ്ഞിട്ടും ആരോടും സംസാരിക്കാൻ തയാറാവുന്നില്ല. ഇത്തരം  ഒരു അവിവേകം കാണിക്കാൻ മാത്രം എന്താണ് അവൾക്കു സംഭവിച്ചതെന്ന് അറിയാതെ ഞാൻ പകച്ചു നിന്നു.

"ഞാനൊന്ന് കാണട്ടെ. ഒരു പക്ഷെ എന്നോടവൾ എന്തെങ്കിലും പറഞ്ഞേക്കും." 
ഞാൻ അവളുടെ പിതാവിനോട് ചോദിച്ചു. ദീർഘമായ ഒരിടവേളയ്ക്കു ശേഷം അയാൾ തലകുലുക്കി.

എന്ത് പറഞ്ഞു തുടങ്ങണമെന്ന ആകുലതയോടെ ഞാനാ ആശുപത്രി മുറിയിലേക്ക് കടന്നു. കൈത്തണ്ടയിലെ വെള്ളത്തുണികൊണ്ട് കെട്ടിയ മുറിവ് ഞാൻ കാണാതിരിക്കാനായി അവൾ മറക്കാൻ ശ്രമിച്ചെങ്കിലും മുകളിലെ ചുവന്ന രക്തക്കുപ്പിയിലേക്ക് ഞാൻ നോക്കുന്നത് കണ്ട് അവൾ മുഖം തിരിച്ചു.

ഞാനവളുടെ പേര് വിളിച്ചു.
അടുത്തുള്ള കസേരയിലിരുന്നു.
ഒരു മാലാഖയെപ്പോലെ വിശുദ്ധമായ ആ മുഖത്തുകൂടി  കണ്ണുനീർ തുള്ളികൾ ഒഴുകുന്നത് കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. 
ഒരുപാട് പ്രതീക്ഷകളോടെ ഞാൻ വളർത്തിയ എന്റെ ശിഷ്യയാണ്. എവിടെയാണ് കുഞ്ഞേ നിനക്ക് തെറ്റ് പറ്റിയത്..?

അവൾ പറഞ്ഞു തുടങ്ങി. മറ്റൊരാളോടും, അവളുടെ രക്ഷിതാക്കളോട് പോലും ഞാനിത് പറയില്ലെന്ന ഉറപ്പു വാങ്ങിച്ചു കൊണ്ട് അവൾ പറഞ്ഞു തുടങ്ങി. ഈ കേട്ടതെല്ലാം സത്യമാവരുതേയെന്ന് പ്രാർത്ഥിക്കാൻ പോലും എനിക്കായില്ല. എങ്ങനെ നീയീ ചതിയിൽ അകപ്പെട്ടു കുട്ടീ എന്നവളോട് ചോദിക്കാൻ എന്റെ ശബ്ദം പൊങ്ങിയില്ല. പ്രിയപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സിനുണ്ടാവുന്ന ഒരു വിങ്ങലുണ്ട്. കണ്ണുകളിൽ ഇരുട്ട് കയറുന്ന, ഹൃദയത്തിൽ തീ ആളിക്കത്തുന്ന ഒരു  പ്രതീതി.

എപ്പോഴോ ഫോണിൽ വന്ന ഒരു മിസ്സ്‌ഡ് കോളിന്റെ മറുവശം അന്വേഷിച്ചുള്ള യാത്ര, ഓൺലൈൻ സൗഹാർദങ്ങൾ കടന്ന്, പ്രണയത്തിനും പങ്കുവെക്കലുകൾക്കും അപ്പുറത്തെത്തുമ്പോൾ, ഒടുവിൽ താൻ ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോൾ, വിലപ്പെട്ടതെല്ലാം തനിക്ക് നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോൾ, ഒരു നിമിഷത്തെ ബുദ്ധിമോശം ഒരു കുഞ്ഞു ജീവന്റെ സ്പന്ദനം ഉദരത്തിൽ സമ്മാനിച്ചിരുന്നു എന്ന് തിരിച്ചറിയുമ്പോൾ, പിന്നെ അവളുടെ മനസ്സ് ഇതല്ലാതെ മറ്റെന്തു ചെയ്യാൻ..?

ആരാണ് നിന്നെ ചതിച്ചതെന്ന് എനിക്ക് ചോദിക്കാൻ തോന്നി. പക്ഷെ, സ്വന്തം രക്ഷിതാക്കളോട് പോലും മറച്ചു വെച്ച സത്യങ്ങൾ എന്റെ മുന്നിൽ ഏറ്റു പറഞ്ഞ അവളോട് ആ ചോദ്യം കൂടുതൽ വേദനിപ്പിക്കുന്നതാവുമോ എന്ന് ഞാൻ ഭയന്നു. പക്ഷെ, അവൾ തുടർന്നു. 
"എന്റെ സ്വപ്നങ്ങൾ തകർത്ത മനുഷ്യൻ ആരാണെന്നാവും സാർ ആലോചിക്കുന്നത്. പക്ഷെ, ഞാൻ അത് പറയില്ല. എന്റെ പ്രണയം സത്യമായിരുന്നു. എന്റെ വിശ്വാസം സത്യമായിരുന്നു. എന്നെ വഞ്ചിച്ചത് പോലെ തിരിച്ചു കാണിക്കുമ്പോൾ അവിടെ നഷ്ടപ്പെടുന്നത് എന്നെ സ്നേഹത്തിലുള്ള സത്യത്തെയാണ്.  

ഇന്ന് ഞാൻ പലതും തീരുമാനിച്ചു കഴിഞ്ഞു.
ഇനി ഒരിക്കൽ കൂടി ജീവിതത്തിൽ ഞാൻ തോൽക്കില്ല. എല്ലാം അവസാനിപ്പിക്കാനും ശ്രമിക്കില്ല. 
നാളെ ഒരുപക്ഷെ എല്ലാം എല്ലാവരും അറിഞ്ഞേക്കാം. ജീവിതത്തിൽ തെറ്റുപറ്റിപ്പോയവളെന്നു ആരൊക്കെ പറഞ്ഞാലും, ഞാൻ ജീവിക്കും. എനിക്ക് ജീവിക്കണം. വിശ്വസിക്കുന്നവരെ ചതിക്കരുതെന്ന പാഠം എന്റെ ഉള്ളിൽ വളർന്നു കൊണ്ടിരിക്കുന്ന ഒരു  ജീവനെ പഠിപ്പിക്കാൻ വേണ്ടിയെങ്കിലും എനിക്ക് ജീവിക്കണം."

അവളുടെ മുഖത്തേക്ക് എല്ലാം കേട്ടുകൊണ്ട് നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു... തിരിച് ഒരു വാക്കു പോലും പറയാനാവാതെ, നിശബ്ദമായിപ്പോയ മനസ്സുമായി ഞാൻ അവിടെ നിന്ന് എഴുന്നേറ്റു. എന്നിലവളർപ്പിച്ച വിശ്വാസത്തിനു പകരമായി, ഒരു ഗുരുനാഥന് ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷവും ദുഖവും ഒരുമിച്ച് അനുഭവിച്ച ഞാൻ 'ദൈവം നിന്നെ അനുഗ്രഹിക്കട്ടെ' എന്ന പ്രാർത്ഥനാ വാക്യം മാത്രം പറഞ്ഞു  അവിടെനിന്നിറങ്ങി.

പുറത്ത്, ദീർഘനേരത്തെ ഞങ്ങളുടെ സംസാരത്തിന്റെ ഉള്ളടക്കം കാത്തിരിക്കുന്ന ഒട്ടേറെ പേരുണ്ടായിരുന്നു. 
എന്താണവൾ നിങ്ങളോട് പറഞ്ഞതെന്നു ചോദ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നുവന്നു. ഒന്നും പറയാതെ വേഗം ഞാൻ അവിടെനിന്ന് നടന്നകന്നു..

കാലത്തിന്റെ ഘടികാരം ആരെയും കാത്തു നിന്നില്ല. അദൃശ്യമായ കരങ്ങളിൽ കൃത്യതയോടെ അത് മുന്നോട്ട് കറങ്ങിക്കൊണ്ടിരുന്നു.
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി.
ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങൾ അവൾക്കു നേരെയും എനിക്ക് നേരെയും ഉയർന്നു വന്നു. അവളുടെ മൗനം എന്നെയും മൗനം പാലിക്കാൻ നിർബന്ധിതനാക്കി. ഉദാത്തമായ ഒരു ഗുരു-ശിഷ്യ ബന്ധത്തെ പോലും സംശയത്തോടെ നോക്കുന്ന കണ്ണുകൾ കണ്ടിട്ടും ഞാൻ നിശബ്ദനായി നിന്നു; അവൾക്കു വേണ്ടി.

സ്വന്തം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ പോലും നോവുന്നതായി തോന്നിയിട്ടിട്ടാവണം അവൾ എന്നോട് ചോദിച്ചത്. എനിക്ക് താമസിക്കാൻ ഒരു വീട് കിട്ടുമോ..?
സുരക്ഷിതമായി അവളെ താമസിപ്പിക്കാൻ പറ്റുന്ന, എന്നെപ്പോലെ അവളെയും സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സുള്ള ഹൃദയം വീട്ടിൽ ഉള്ളത് കൊണ്ട് ധൈര്യപൂർവ്വം ഞാനവളെ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നു. സംശയത്തോടെ നോക്കാത്ത, ചോദ്യ ശരങ്ങൾ കൊണ്ട് മുറിവേൽപ്പിക്കാത്ത പ്രിയപ്പെട്ട ഉമ്മയുടെ കയ്യിൽ അവളെ ഏൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു. 'സ്വന്തം മോളെ പോലെ നോക്കണം.'

ബാധ്യതയും അപമാനവും  ഒഴിവായി എന്ന് തോന്നിയിട്ടാവണം അവളുടെ വീട്ടുകാരും പിന്നെ തിരിഞ്ഞു നോക്കിട്ടില്ല. 

അഞ്ചര വർഷങ്ങൾക്കു മുമ്പുള്ള ഒരു രാത്രി, ഒരു കുഞ്ഞു മാലാഖയെ സമ്മാനിച്ചു കൊണ്ട്, എല്ലാ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട്, കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളുമില്ലാത്ത, ചതിയും വഞ്ചനയുമില്ലാത്ത ഒരു ലോകത്തേക്ക് അവൾ  യാത്ര പറഞ്ഞു. അവൾക്കു വേണ്ടി ഒരു തുള്ളി കണ്ണ് നീർ പൊഴിക്കാൻ ഞാനും  ഉമ്മയും പിന്നെ ഒന്നുമറിയാതെ നിലവിളിക്കുന്ന ഒരു  ചോരക്കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്ന് അഞ്ചര വർഷങ്ങൾക്കിപ്പുറം, കാലം , വിധി ഞങ്ങളെ ഇവിടെ എത്തിച്ചിരിക്കുന്നു. അമ്മയില്ലാത്ത ഒരു പൈതലിൽ നിന്നു അഞ്ചു വയസ്സുകാരിയിലേക്കുള്ള ദൂരം ഒരുപാടായിരുന്നു. ഇടയ്ക്കെപ്പോഴോ ജീവിതത്തിലേക്ക് കൂട്ടായി 'അവൾ' കടന്നു വന്നപ്പോഴും പേടി, എന്റെ അയ്ന മോൾക്ക് അവളൊരു അമ്മയാവുമോ എന്നുള്ളതായിരുന്നു. ആ സ്ഥാനം 'അവൾ' ഭംഗിയായി നിർവഹിക്കുന്നത് ഞാൻ കണ്മുന്നിൽ ഇവിടെ, ഈ കണ്ണാടിക്കു മുന്നിൽ കണ്ടുകൊണ്ടിരിക്കുകയാണ്. 

രണ്ടുതുള്ളി ചുടുകണ്ണുനീർ വീണ ആ ഡയറി അടച്ചു വെച്ച് ഞാൻ എഴുന്നേറ്റു. ജീവിതത്തിലെ പുതിയ പാഠങ്ങൾ അഭ്യസിക്കാനായി എന്റെ അയ്ന മോളിന്ന് പോവുകയാണ്. 

"കുഞ്ഞേ, അറിവ് നേടാനായുള്ള ഈ വിദ്യാലയ യാത്രയിൽ ജീവിതത്തെ കുറിച്ചുള്ള തിരിച്ചറിവ് നിനക്ക് നഷ്ടപ്പെടാതിരിക്കട്ടെ. ചുറ്റുപാടുമുള്ള ചതിക്കുഴികൾ തിരിച്ചറിയാൻ നിന്റെ കണ്ണുകൾക്ക് കഴിയട്ടെ. അരുതാത്തതിൽ നിന്നു പിന്തിരിയാൻ നിന്റെ മനസ്സിന് കരുത്തുണ്ടാവട്ടെ. ഏതു ജീവിത സാഹചര്യത്തിലും സത്യവും വിശ്വാസവും കാത്തു സൂക്ഷിക്കാൻ  നിനക്ക് കഴിയട്ടെ." 

ഞാനും നിന്റെ അമ്മയും നേരിട്ട ചോദ്യങ്ങൾ നാളെ മുതൽ നിന്നിലേക്കും നീളും. അത് നിന്നെ തളർത്താതിരിക്കട്ടെ. 

നിന്റെ 'അമ്മ എന്നും എന്റെ പ്രിയപ്പെട്ട ശിഷ്യയും ഞാനവളുടെ പ്രിയപ്പെട്ട ഗുരുവും മാത്രമായിരുന്നു. ഉദാത്തമായ ആ ഗുരു-ശിഷ്യ  ബന്ധത്തെ കുറിച്ച നാളെ നിന്റെ  കാതുകളിൽ അരുതാത്തതൊന്നും കേൾക്കാതിരിക്കട്ടെ.

നിന്റെ അമ്മയ്ക്ക് ഞാൻ ഗുരുവായിരുന്നു.
നിന്നിൽ നിന്നും  ചോദ്യങ്ങളുയരുന്ന നാൾ വരെയെങ്കിലും ഞാൻ ശാന്തമായ മനസ്സോടെ ജീവിക്കട്ടെ.!

ശുഭം.

Monday, June 6, 2016

ഒരു നഗരവാസിയുടെ വിലാപങ്ങൾ



പോയ കാലത്തിന്റെ പ്രതാപം പേറി നിൽക്കുന്ന കെട്ടിടങ്ങൾ.
പുതിയ ലോകത്തെ പടുത്തുയർത്തുന്ന, പുഞ്ചിരിക്കാൻ  മടിക്കുന്ന, എപ്പോഴും തിരക്കിട്ടോടുന്ന ഒട്ടേറെ മനുഷ്യർ. കറുപ്പും മഞ്ഞയും നിറമുള്ള ടാക്സി കാറുകളും ജഡ്ക്കകളും നിറഞ്ഞു നിൽക്കുന്ന തെരുവു വീഥികൾ.
ശിവജി മഹാരാജാവിന്റെ പ്രതാപത്തിന്റെ ശേഷിപ്പുകൾ.
ആ മഹാ നഗരത്തിന്റെ വിശാലതയിൽ താൻ ഒന്നുമല്ലെന്ന് അയാൾക്ക്‌ തോന്നി.

മറ്റനേകമായിരങ്ങളെ പോലെ  പ്രതീക്ഷകളുടെയും എണ്ണിയാലൊടുങ്ങാത്ത പ്രാരാബ്ധ ങ്ങളുടെയും ജീവിതഭാരം താങ്ങാൻ വയ്യാതെയാണ് അയാളും ആ മഹാ നഗരത്തിൽ അഭയം  തേടിയത്. ഇനി  എന്തെന്ന് ചോദ്യം അയാളെ വല്ലാതെ വീർപ്പുമുട്ടിച്ചു.

ഒരു സുഹൃത്തിന്റെ മേൽവിലാസം മാത്രമാണ് കയ്യിലൊരു അത്താണിയായുള്ളത്.
കരുണയുള്ള   ആരെങ്കിലും ഒരു ജോലി തന്ന് സഹായിക്കില്ലേ.?
നീയായിട്ട് ഉണ്ടാക്കി വച്ച കടങ്ങളൊക്കെ നീയായിട്ട് തന്നെ തീർത്തിട്ടിനി ഇങ്ങോട്ട് വന്നാൽമതി എന്നു പറഞ്ഞാണ് ഉമ്മ പോലും യാത്രയാക്കിയത്.

പരിചിതമല്ലാത്ത സ്ഥലം, ഭാഷ, ആളുകൾ, ചുറ്റുപാട്... എല്ലാം അകാരണമായ ഒരു ഭയം  അയാളുടെ ഉള്ളിൽ തീർത്തു.
'കൈയിലെ മേൽവിലാസവും കൊണ്ട് എങ്ങനെയൊക്കെയോ അയാൾ സുഹൃത്തിനെ തേടിപ്പിടിച്ചു.

"ഇവിടെ, ഈ നഗരത്തിൽ ഒരാൾക്കും ഒരാളേയും സഹായിക്കാനുള്ള മനസുണ്ടാവില്ല. പ്രത്യേകിച്ച് നാട്ടുകാരെ .സഹായിക്കാൻ നിന്നാൽ തലയലാവും എന്നറിയാം." കണ്ടമാത്രയിൽ തന്നെ സുഹൃത്ത് പറഞ്ഞ വാക്കുകൾ കേട്ട് അയാൾക്ക് നിരസം തോന്നി. 

മറ്റൊരു വഴിയും കൺമുന്നിലില്ലാത്തതു കൊണ്ട് അയാൾ ഒന്നും മിണ്ടാതെ നിന്നു.
നിനക്കൊരു ജോലി കണ്ടെത്തിത്തരാനോ എന്റെ കൂടെ നിർത്താനോ എനിക്ക് കഴിയില്ല. ഞാനുൾപ്പെടെ പന്ത്രണ്ടാളുകളുള്ള മുറിയിൽ മറ്റൊരാൾക്കുകൂടി സ്ഥലമുണ്ടാവില്ല.
ഇവിടെ അടുത്ത് മലയാളികൾ മാത്രം തൽക്കാലത്തേക്ക് താമസിക്കുന്ന ഒരിടമുണ്ട്. ഒരുദിവസത്തേക്ക് നൂറു രൂപയാണ് വാടക. ഒരാഴ്ച അവിടെ താമസിക്കാം. അതിനുള്ളിൽ മറ്റൊരു സ്ഥലവും ജോലിയും നീ തന്നെ കണ്ടെത്തണം."

ഇതാണ് എന്റെ മുറിയെന്ന് പറഞ്ഞ് സുഹൃത്ത് കാണിച്ചപ്പോൾ അയാൾ അങ്ങേയറ്റം അത്ഭുതപ്പെട്ടു. ഒരു കൊച്ചുമുറിയിൽ ഇത്രയേറെ ആളുകൾ പരാതിയും പരിഭവവും മറച്ചുവെച്ച് ജീവിക്കുന്നുവോ.?

തന്നെ പുതിയ താമസസ്ഥലത്തേക്ക് കൊണ്ടു പോകാനും ഒരു കട്ടിലും കൊച്ചു ഫാനുള്ള ആ കുടുസുമുറിയിൽ കൊണ്ടാക്കാനും സുഹൃത്ത് കാണിച്ച സന്മനസിന് അയാൾ നന്ദി പറഞ്ഞു.

ആ കൊച്ചുമുറിയുടെ നാലു ചുവരുകൾക്കിടയിൽ നിന്ന് അയാളുടെ മനസ് ഭൂതകാലത്തിന്റെ ഇരുട്ടിലും ഭാവിയുടെ പ്രതീക്ഷകൾ തീർക്കുന്ന ചെറിയ പ്രകാശത്തിലും വിരാചിച്ചു. 



ഉപ്പയുടെ മരണം തീർത്ത ശൂന്യതയും സഹോദരിമാരുടെ വിവാഹങ്ങൾ തീർത്ത ഭീമമായ കടബാധ്യതകളും കഷ്ടപ്പാടിന്റെ ഭൂമികയിൽ  ഒരുപോലെ വേട്ടയാടിയപ്പോഴും,  അതിനിടയിലെപ്പോഴോ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടിയും മൈലാഞ്ചിയിട്ട കൈകൾ  കൊണ്ട് കണ്ണുനീർ തുടക്കുന്നത് കണ്ടപ്പോഴാണയാൾ ഒരു പിടി മോഹങ്ങളുടെ ഭാണ്ഡവും പേറി ഈ നഗരത്തിലേക്ക് വന്നത്.

വിശ്രമിക്കാനും ക്ഷീണമകറ്റാനും അയാൾക്ക് സമയമില്ലായിരുന്നു.
സ്ഥിരമായ ഒരു ജോലി ഈ നഗരത്തിൽ അത്ര പെട്ടെന്ന് കണ്ടെത്താനാവില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു തുടങ്ങി. കൈയിൽ കരുതിയ ഏതാനും നോട്ടുകൾ ഓരോ ചന്ദ്രോദയം കഴിയുന്തോറും കുറഞ്ഞു വന്നു.

രാവിലെയും രാത്രിയും ഭക്ഷണം കഴിക്കാൻ പോവുന്ന ഹോട്ടലുടമ അയാൾക്കൊരു ജോലി നൽകാൻ തയാറായി. ഈ പണി ചെയ്യാനാണോ ഞാനിവിടെ വന്നത് എന്ന ചോദ്യം അയാളിൽ ഉയർന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതു തന്നെ വലിയ ആശ്വാസമാണെന്ന് അയാൾക്കറിയാമായിരുന്നു.
താമസിക്കാൻ ഒരിടവും മൂന്നു നേരത്തെ ഭക്ഷണവും ഒരു ദിവസം 250 രൂപ കൂലിയും ലഭിക്കും.

ആദ്യമായി ഈ നഗരത്തിൽ കടന്നു വരുന്ന ആരെയും ഇത് ഒട്ടേറെ കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കും. പക്ഷേ, അതിന്റെ ഭാഗമായിക്കഴിഞ്ഞാൽ നഗരം തന്റെ തീവ്രഭാവം കാണിച്ചു തുടങ്ങും.

രാവിലെ അളന്ന് മുറിച്ച് കിട്ടുന്ന മുനിസിപ്പാലിറ്റിയുടെ പൈപ്പു  വെള്ളവും ഓരോ തെരുവു വീഥികളും പ്രഭാതമാവുമ്പോഴേക്കും നിറയുന്ന മാലിന്യങ്ങളും വൃത്തിഹീനമായ ദുർഗന്ധം വമിക്കുന്ന ഓടകളും മഴ പെയ്താൽ ഒന്നായിത്തീരുന്ന റോഡും അഴുക്കു ചാലും അയാളൊരു 'സാധാരണക്കാരനായ' നഗരവാസിയാണെന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ഹോട്ടലിനു മുകളിലെ പുതിയ താമസ സ്ഥലം അയാളുടെ സുഹൃത്തിന്റെ മുറിയേക്കാൾ ദയനീയമായിരുന്നു. അടുത്തടുത്തു വിരിച്ച കനം കുറഞ്ഞ കോസടികളിൽ ഞാനും നഗരവാസിയാണെന്ന ഭാവത്തിൽ അയാൾ കിടന്നു. തന്റെ വീട്ടിലെ കിടപ്പുമുറിയും പഞ്ഞി മെത്തയും അയാൾ വെറുതെ ഓർത്തു.

തൊട്ടടുത്തുള്ള സയ്യിദ് ഹാജി അബ്ദുറഹ്മാൻ ഷാ എന്ന സുഫീവര്യന്റെ ദർഗയും നഗരത്തിലെ ഏറ്റവും വലിയ ജുമാ മസ്ജിദുകളിലൊന്നായ സകരിയ മസ്ജിദിൽ നിന്നുയരുന്ന ദൈവീക വചനങ്ങളും അയാളുടെ മനസ്സിൽ വല്ലാത്ത ആശ്വാസം തീർത്തു.
ആ വിശുദ്ധാത്മാവിന്റെ സാമീപ്യം തന്റെ മനസിനൊരാശ്വാസമായി മാറുന്നതായി അയാൾക്കു തോന്നി.

നഗരത്തിന്റെ വൈവിധ്യം ആ മുറിയിലും നിഴലിച്ചു. മലയാളികളും ബംഗാളിയും തമിഴനും മറാത്തിയും ഭാഷപോലും തിരിച്ചറിയാത്തവരുമായ പതിനാറ് മനുഷ്യർ കൂടി അയാളെ പോലെ ആ മുറിയിൽ സ്വപനങ്ങളുടെ കൊട്ടാരം പണിയാൻ ഉണ്ടായിരുന്നു.

മുറിയിലെ പഴഞ്ചൻ ഘടികാരസൂചിക്കൊപ്പം കാലവും കടന്നു പോയ്ക്കൊണ്ടിരുന്നു.

ഹോട്ടലും താമസമുറിയും മസ്ജിദും മാത്രം കയറിയിറങ്ങുന്ന അയാളെ മറ്റുള്ളവർ കളിയാക്കിക്കൊണ്ടിരുന്നു.
നഗരത്തിന്റെ 'സുഖങ്ങൾ' അനുഭവിക്കാൻ ഭാഗ്യമില്ലാത്തവൻ എന്നവർ അയാളെ നോക്കി പറഞ്ഞുകൊണ്ടിരുന്നു.
മസ്ജിദിനും ഒരു പണ്ഡിത വര്യന്റെ ദർഗയ്ക്കുമിടയിലെ മനോഹരമായ ആത്മീയ സുഗന്ധം ആ മുറിയിലെ കഞ്ചാവും പുകയിലയും നിറച്ച ബീഡി യിലും ഛൈനിയിലും വൃത്തികെട്ട സംസാരങ്ങളിലും നഷ്ടപ്പെടുന്നത് അയാളറിഞ്ഞു.

എങ്കിലും അന്ന് ഒരേ മുറിയിൽ താമസിക്കുന്ന അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അയാൾ നഗരം അനുഭവിച്ചറിയാൻ പോയത്. കണ്ണുകൊണ്ട് ആളുകളെ വശീകരിക്കുന്ന സ്ത്രീകളെ കണ്ട്  കണ്ണടച്ചപ്പോൾ കൂട്ടുകാർ അയാളെ നോക്കി പൊട്ടിച്ചിരിച്ചു. അൽപ വസ്ത്രധാരികളായ സ്ത്രീകളും പുരുഷന്മാരും നിറഞ്ഞ ആ കാഴ്ചസ്ഥലങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാൻ അയാൾ ആഗ്രഹിച്ചു. പക്ഷേ, പിന്നെയും അരുതാത്ത കാഴ്ചകൾ കാണാൻ അയാൾ നിർബന്ധിതനായി തീർന്നു.

യാന്ത്രികമായ ഏതോ നിമിഷങ്ങളിലാണ് അയാൾ അവരുടെ കൂടെ ആ ഇടുങ്ങിയ നഗര വീഥിയിലെ
മൂന്നുനില കെട്ടിടത്തിലേക്കും കടന്നു ചെന്നത്. എല്ലാം പറഞ്ഞുറപ്പിച്ചിരുന്ന പോലെ കൂടെയുള്ള ഓരോരുത്തരും ഓരോ മുറികളിലേക്ക് കയറി. അതാണ് നിങ്ങളുടെ മുറിയെന്ന് കൂട്ടത്തിൽ പ്രായം കുറഞ്ഞവൻ ഒരു കണ്ണടച്ച് പറഞ്ഞപ്പോഴും അയാൾക്ക് ഒന്നും വ്യക്തമായില്ല.

കൂടുതലൊന്നും ആലോചിക്കാതെ അയാളാ മുറിയിലേക്ക് കടന്നു. അവിടെ തന്റെ മൂത്ത സഹോദരിയുടെ മകളുടെ പ്രായമുള്ള പെൺകുട്ടിയെ കണ്ടപ്പോഴാണ് താൻ എത്തിച്ചേർന്ന സ്ഥലത്തെ കുറിച്ച് അയാൾക്ക് ബോധ്യപ്പെട്ടത്.

ഈ നഗരത്തെക്കുറിച്ച് പറഞ്ഞവരൊക്കെ അവസാനം മുന്നറിയിപ്പു തന്നത് കൺമുന്നിൽ വന്നെത്തിയിരിക്കുന്നു.
സ്വയം നശിക്കാൻ താൻ ഒരുക്കമല്ലെന്ന ഉറപ്പ്  മനസിന് കൈമോശം വന്നു പോയില്ലെന്നതിൽ അയാൾ ദൈവത്തെ സ്തുതിച്ചു.

ആ ചുവപ്പുമുറിയിൽ നിന്ന് പുറത്ത് കടക്കും മുമ്പ് അയാൾ ആ പെൺകുട്ടിയെ നോക്കി പറഞ്ഞു.
''എന്തിനാണ് കുട്ടീ, സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും ഇങ്ങനെ നശിപ്പിക്കുന്നത്.?"

തെല്ലുനേരം അത്ഭുതത്തോടെ അയാളെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

"ഓ, മലയാളിയാണോ.
സാധാരണ മലയാളികൾ ഇത്ര പേടിത്തൊണ്ടന്മാർ ആവാറില്ല.
പിന്നെ, ഇതും ജീവിതമാണ്. മാസം തോറും ഞാനയക്കുന്ന കാശിനായി കാത്തു നിൽക്കുന്ന ഒരു പാട് വയറുകൾ അങ്ങുണ്ട്, നാട്ടിൽ."

അതിന് മറുപടി പറയാൻ കാത്തു നിൽക്കാതെ അയാൾ അവിടെ നിന്നിറങ്ങി.
തിരിച്ച് തന്റെ ഹോട്ടലിനു മുകളിലെ മുറിയിൽ ചെന്ന് വിലപിടിച്ച ഒട്ടേറെ കിനാവുകളൊളിപ്പിച്ചു വെച്ച ആ ബാഗുമെടുത്ത് പുറത്തിറങ്ങി.

ഞാൻ പോവാണ്;
ഇനി തിരിച്ചിങ്ങോട്ടില്ല എന്ന് ഹോട്ടലുടമയോട് പറഞ്ഞ് നടന്നു.

സയ്യിദോരുടെ ദർഗയിൽ നിന്നും ഉയരുന്ന കർപ്പൂരവും സുഗന്ധവും അസ്വസ്ഥമായ അയാളുടെ മനസിനെ ശാന്തമാക്കി.
സകരിയ മസ്ജിദിന്റെ ആകാശം മുട്ടുന്ന മിനാരങ്ങളെ നോക്കി അയാൾ പറഞ്ഞു.

" ദൈവമേ, നീയാണ് എന്നെ ഈ നഗരത്തിൽ എത്തിച്ചത്.
നിന്നോട് സമ്മതം ചോദിച്ചു കൊണ്ട് ഞാൻ മടങ്ങുകയാണ്.

ഈ വലിയ നഗരത്തിന്റെ കാഴ്ചയും ഗന്ധവും  ഇവിടെയുള്ള മനുഷ്യരെ യും ഉൾക്കൊള്ളാൻ നിന്നിലുള്ള വിശ്വാസവും നിന്റെ നരകാഗ്നി ഓർത്തുള്ള ഭയവും എന്നെ അനുവദിക്കുന്നില്ല.
അതു കൊണ്ട് നിന്റെ തൃപ്തിയിൽ ജീവിക്കാൻ ഞാൻ മടങ്ങുന്നു.

ഒരു പക്ഷേ, കഴിവുകെട്ടവനായോ ഒരു ഭീരുവായോ പ്രതിസന്ധികൾക്കു മുന്നിൽ ഒളിച്ചോടുന്നവനായോ മറ്റുള്ളവർ എന്നെ കണ്ടേക്കാം.
എങ്കിലും, ആത്മാവും വിശ്വാസവും പണയപ്പെടുത്തിക്കൊണ്ട് എനിക്കൊന്നും നേടാനില്ല, ഇനി എത്ര കാലം ഒരു കടക്കാരനായി ഈ ഭൂമിയിൽ കഴിയേണ്ടി വന്നാലും...

നിന്റെ കാരുണ്യവും കടാക്ഷവും മാത്രം പ്രതീക്ഷിച്ചു കൊണ്ട്,
പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒട്ടേറെ പേരുടെ പരിഭവങ്ങൾ കേൾക്കാൻ ഞാനിതാ യാത്ര തിരിക്കുന്നു...

സർവശക്തനായ ദൈവമേ, നീയെന്നെ അനുഗ്രഹിച്ചാലും..."


***
ശുഭം

Saturday, March 19, 2016

ചില മർമ്മരങ്ങൾ


ഇന്ന് വീണ്ടും അവളെ കണ്ടു;
ഒരു വർഷത്തിനു ശേഷം.
കൃത്യമായി പറഞ്ഞാൽ പതിമൂന്നു മാസങ്ങൾക്കും പത്തൊമ്പത് ദിവസങ്ങൾക്കും ശേഷം.

ഇത്ര കൃത്യമായി ഓർത്തുവെക്കാൻ മാത്രം ആരാണീ 'അവൾ' എന്നാവും നിങ്ങളിപ്പോൾ ചിന്തിക്കുന്നത്.

ചില മുഖങ്ങൾ അങ്ങനെയാണ്.
ഹൃദയത്തിന്റെ ആഴങ്ങളിൽ വേരിറങ്ങിയ ചിലർ.
ഋതുഭേദങ്ങൾക്കതീതമായി ഉള്ളിന്റെയുള്ളിൽ എന്നെന്നും പൂത്തു  തളിർത്ത്‌ ഓർമകളുടെ സുഗന്ധം പരത്തിക്കൊണ്ടിരിക്കും.
മറ്റു ചിലത്, വാടിക്കരിഞ്ഞും ഇതളുകൾ പലതും കൊഴിഞ്ഞു വീണും ശൂന്യതയിലേക്ക് മറയും.

ബാംഗ്ലൂരിലെ പ്രോഗ്രാം കഴിഞ്ഞ്  വൈകീട്ട് 4.50ന്റെ  ജെറ്റ്  എയർവേയ്സ് ഫ്ലെയ്റ്റിനാണ് കൊച്ചിക്ക്‌ ടിക്കറ്റ്‌ കിട്ടിയത്. എയർപോർട്ടിലെ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞ് ഉള്ളിലേക്ക് നടന്നു തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം.

" Excuse me Sir..? "

ആരാണെന്ന ആകാംക്ഷയോടെ തിരിഞ്ഞു നോക്കിയപ്പോൾ അടുത്ത ചോദ്യം.
" Do You remember Me..? "

CISF യൂണിഫോമിൽ, അപ്രതീക്ഷിതമായി വീണ്ടും അവളെ  കണ്ടപ്പോൾ അറിയാതെ ചോദിച്ചു പോയി.
" Yes...  How can i forget you...? "

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് VSSC യിലായിരുന്നു  പ്രൊജക്റ്റ്‌.
ISRO യുടെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ കേന്ദ്രങ്ങളിൽ ഒന്ന്.
അവിടെയും സെക്യൂരിറ്റി CISF-നു  തന്നെയാണ്. ഞങ്ങളുടെ ലാബ് ഉൾക്കൊള്ളുന്ന 70 Acre  ഏരിയയിൽ എന്ട്രൻസ് ഗെയ്റ്റിലെ സെക്യൂരിറ്റി ഒഫിസർമാരിൽ ഒരാളായിരുന്നു അവൾ.

ആഴ്ചയിൽ രണ്ടു ദിവസം, ബുധനും വെള്ളിയും മാത്രം കാണുന്ന ഒരാൾ. ഗെയ്റ്റ് പാസും ID കാർഡും ബാഗും പരിശോധിക്കുന്ന ഏതാനും നിമിഷങ്ങൾ. അതിനിടയിലെ നിശബ്ദമായ പുഞ്ചിരികൾ.

ഇന്നും അവളുടെ പേരെന്തെന്നോ വീടും നാടും എവിടെയാണെന്നോ എനിക്കറിയില്ല. പക്ഷെ, എനിക്കവളെ ഇഷ്ടമായിരുന്നു.
എന്ത്, ഏത് എന്നൊക്കെ നിർവചിക്കാനാവാത്ത വെറുമൊരിഷ്ടം. സ്റ്റേഷൻ  കടവിലെ തട്ടുകടയിലെ കഞ്ഞിക്കാരി ചേച്ചിയോടും ഉച്ചയൂണിനു ഞങ്ങൾക്ക് മാത്രം സ്പെഷ്യൽ ഡിസ്കൗണ്ട് തരുന്ന ക്യാന്റീനിലെ ഷേർളി ചേച്ചിയോടും ലാബിലെ റെജിയേട്ടനോടുമൊക്കെ തോന്നുന്ന പോലെ ഒന്നല്ല. പറഞ്ഞറിയിക്കാനാവാത്ത എന്തോ  ഒരടുപ്പം.

അതിനു വേണ്ടാത്ത അർഥങ്ങൾ കണ്ടെത്താനും കളിയാക്കാനും കൂട്ടുകാർ ശ്രമിക്കുമ്പോഴെല്ലാം തെറ്റായ ഒന്നും എന്നിൽനിന്നുണ്ടാവില്ലെന്നു മനസ്സ്  പറയാറുണ്ട്. ഒരാൾ മറ്റൊരാൾക്ക് 'ആര്' എന്ന് തൂലിക കൊണ്ടും അക്ഷരങ്ങൾ കൊണ്ടും വർണ്ണിക്കാനോ, വിവരിക്കാനോ, വരച്ചു കാണിക്കാനോ പറ്റാത്ത ചില  മരീചിക പോലുള്ള വിസ്മയങ്ങളുണ്ട്  ജീവിതത്തിൽ.

പ്രണയത്തിനും  കാമത്തിനും  വാത്സല്യത്തിനും അനുകമ്പയ്ക്കും കാരുണ്യത്തിനും സ്നേഹത്തിന്റെ മറ്റെല്ലാ രൂപഭാവഭേദങ്ങൾക്കും അപ്പുറം ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ദൈവീകമായ ചില അനുഭൂതികൾ.

അവിടെ വികാരങ്ങളില്ലാത്ത, നിറങ്ങളില്ലാത്ത, വാദ്യ മേളങ്ങളില്ലാത്ത അത്യുന്നതങ്ങളിൽ നിന്നും കടന്നു വരുന്ന നിഷ്കളങ്കവും നിസ്വാർതവുമായ എന്തോ ഒന്ന്.
എന്തിനെന്നറിയാതെ, ആരെന്നറിയാതെ, കാര്യ കാരണങ്ങളില്ലാതെ  ഒരാളെ ഇഷ്ടപ്പെടുന്നതിലെ ആ ആനന്ദം അനുഭവിച്ചറിയേണ്ട ഒന്നാണ്.

പ്രൊജക്റ്റ്‌ കഴിഞ്ഞു തിരുവനന്തപുരത്തു നിന്നും മടങ്ങിയതിൽ പിന്നെ അവളെ കണ്ടിട്ടില്ല. കാണാൻ ശ്രമിച്ചിട്ടില്ല. കാണണം എന്ന് തോന്നിയിട്ടില്ല.
പിന്നീട് പല മുഖങ്ങളും അതുപോലെ മനസ്സിൽ തന്റെ സ്ഥാനം വിട്ടുകൊടുക്കാൻ തയാറാവാതെ കടന്നു കൂടിയിട്ടുണ്ട്.

രണ്ടു മാസം മുമ്പാണ് ബാംഗ്ലൂരിലേക്ക് ട്രാൻസ്ഫർ ആയതത്രേ .
എവിടെയായാലും സുഖം ഭവിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഞാൻ നടന്നു. പേരും നാടും ചോദിക്കാൻ തോന്നിയെങ്കിലും അത് വേണ്ടെന്നു മനസ്സ് പറഞ്ഞു. ആ മുഖം എന്നും, എപ്പോഴും അജ്ഞാതമായി തന്നെയിരിക്കട്ടെ. കാരണങ്ങളില്ലാതെ ഒരു മനുഷ്യാത്മാവിന് മറ്റൊരാത്മാവിനെ ഇഷ്ടപ്പെടാൻ സാധിക്കട്ടെ.

4.50 നു ബാംഗ്ലൂരിൽ നിന്ന് പറന്നുയർന്ന് എന്റെ Jet Airways 2655 വിമാനം  6.15 നു കൊച്ചിയുടെ ആകാശത്ത് വട്ടമിട്ടു.

ഭൂമിയെ തൊടാൻ കൊതിക്കുന്ന ഈ യന്ത്രപ്പറവയും ഭൂമിയോട് വിടപറയാൻ തുടങ്ങിയ അസ്തമയ സൂര്യനും എന്റെ മനസ്സിൽ മറ്റൊരു സ്നേഹ ബന്ധത്തിന്റെ കഥ പറഞ്ഞു തുടങ്ങി.

*** *** ***

ശുഭം..! 

Wednesday, February 10, 2016

അ സ് ല



പ്രാക്ടിക്കൽ റെക്കോഡ് സൈൻ ചെയ്യിക്കാൻ കൊണ്ടു വന്ന കുട്ടികളോട് നാളെ രാവിലെ വരാൻ പറഞ്ഞ് വേഗം കോളേജിൽ നിന്ന് ഇറങ്ങി.
അടുത്ത ആഴ്ച മുതൽ പ്രാക്ടിക്കൽ എക്സാം തുടങ്ങുകയാണ്.

ഇത് വരെ ലാബ്‌ റെക്കോഡ് തുറന്നിട്ടില്ലാത്തവരും പകുതിയാക്കിയവരും  മുഴുവനും എഴുതി തീർത്തവരും ക്ലാസ്സിലുണ്ട്. ഇനി ഒരാഴ്ച എന്റെ പിന്നാലെ ഒപ്പ് വാങ്ങാനുള്ള ഒട്ടത്തിലായിരിക്കും എല്ലാം.


കുറച്ച് അഹങ്കാരം ഉള്ളവരെ ഒന്ന് പൊരിക്കാനും ഒന്ന്കണ്ണുരുട്ടിയാൽ  പിന്നെ ശബ്ദം പൊങ്ങാത്ത, കണ്ണ് നിറയ്ക്കുന്ന പാവം പെൺകുട്ടികളെ വിരട്ടാനും പറ്റിയ സമയമാണ്. എന്നാലും വല്ലാതെ കഷ്ടപ്പെടുത്താതെ എല്ലാത്തിനെയും പാസാക്കാറുണ്ട്.


ക്യാന്റീനിൽ നിന്ന് ചോറും ഇന്നത്തെ സ്പെഷ്യൽ പോടിമീൻ ഫ്രൈയും കഴിച്ച് പാർക്കിംഗ് ബേയിലേക്ക് നടന്നു. രാവിലെ മുതൽ ഇന്നേരം വരെയുള്ള വെയില് മുഴുവൻ ഏറ്റു വാങ്ങിയ കാറ് യാതൊരു ദയയുമില്ലാതെ ആ ചൂട് മുഴുവൻ എനിക്ക് പകർന്നു നൽകി. ഇങ്ങനെയൊക്കെ കത്തിയാൽ അധിക കാലം ബാക്കിയുണ്ടാവില്ലെന്നു സൂര്യനോട് പറയാൻ തോന്നി.


സമയം ഒന്നര കഴിഞ്ഞിരിക്കുന്നു.
രണ്ടു മണിയാവുമ്പോഴേക്കും അവളുടെ OP ടൈം കഴിയും.
അവളെയും കൂട്ടി ചില്ലറ ഷോപ്പിങ്ങും കഴിഞ്ഞു വേണം വീട്ടിൽ പോവാൻ.


ഹൊസ്പിറ്റലിലെത്തി അര മണിക്കൂർ കഴിഞ്ഞിട്ടും കാണാത്തത് കൊണ്ടാണ് മുകളിലെ പുതിയ OP  ബ്ലോക്കിലേക്ക് കയറിച്ചെന്നത്.
ജില്ലാശുപത്രി മെഡിക്കൽ കോളേജായി ഉയർന്നെങ്കിലും  കോളേജാ ക്കാൻ  കാണിച്ച  ആവേശം കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിൽ എവിടെയും കണ്ടില്ല.

ഒപിക്കു മുന്നിൽ എട്ടു-പത്താളുകൾ ഇനിയും ബാക്കിയുണ്ട്. വെറുതെയല്ല വിളിച്ചിട്ട് ഫോണെടുക്കാതിരുന്നതും.
പിൻനിരയിലെ ചാരുകസേരകളിലൊന്നിൽ അവരിലൊരാളായ ഞാനും ഇരുന്നു.

പത്തിൽ മൂന്നുപേർ കുട്ടികളാണ്. അവരുടെ അച്ചനോ അമ്മയോ ആവും കൂടെ. എന്നാലും ഇനി അഞ്ചാറു പേര് കഴിയണം. 

അവളിന്ന് ഉച്ചയ്ക്ക് വല്ലതും കഴിച്ചിട്ടുണ്ടോ ആവോ?
സമയത്തിനു എന്തെങ്കിലും കഴിക്കാൻ എത്ര പറഞ്ഞാലും കേൾക്കില്ല.

ഇത് സർക്കാർ ആശുപത്രിയാണ്. ഇവിടെ വരുന്ന സാധാരക്കാര് നമ്മളെ പ്രതീക്ഷിച്ചു കൊണ്ടാണ് വളരെ ദൂരത്തൂന്ന് പോലും വരുന്നത്. വെറുതെ അവരെ വിഷമിപ്പിക്കേണ്ടല്ലോ എന്നാണു അവളുടെ ന്യായം.


കൺസൽട്ടെഷൻ  റൂമിന്റെ വാതിലിനു കുറുകെ വിരിച്ച പച്ച കർട്ടൺ പലതവണ ഇരു വശത്തേക്കും നീങ്ങി. അവസാനം ഒരു സ്ത്രീയും നാലു വയസ്സ് തോന്നിക്കുന്ന അവരുടെ കുഞ്ഞും മാത്രം ശേഷിച്ചു.
തൊട്ടടുത്ത കസേരയിലിരുത്തി കുഞ്ഞിനെ  തന്റെ തോളിലേക്ക് ചേർത്തു വച്ച് അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

അകത്തു നിന്ന് അറുപതു കഴിഞ്ഞ ഒരാൾ ചുമച്ചു ചുമച്ചു കടന്നു വന്നപ്പോൾ, അവരാ കുഞ്ഞിനെ വിളിച്ച് അകത്തേക്ക് കയറി.

വാച്ച് നോക്കിയപ്പോൾ മൂന്ന് മണി.
ഇവരും കൂടി പോയാലിനി വീട്ടിൽ പോകാമല്ലോ എന്നാ ആശ്വാസത്തോടെ ഞാനിരുന്നു.

ഏകദേശം പത്തു മിനിട്ട് കഴിഞ്ഞു വാതിൽക്കലെ വിരി നീക്കി ആ കുഞ്ഞും അവരുടെ പുറകിൽ അവരും കടന്നു വന്നു.
എവിടെയോ കണ്ടുമറന്ന മുഖം.
വളരെ അടുത്ത പരിചയമുള്ളതു പോലെ.

സംശയം നിറഞ്ഞ കണ്ണുകളോടെ ഞാനവരെ നോക്കി പുഞ്ചിരിച്ചു.
പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ അരികിൽ വന്നു ചോദിച്ചു.

എന്നെ മനസ്സിലായോ?”

മനസ്സിൽ അടയാളങ്ങൾ തീർത്ത ഒട്ടേറെ മുഖങ്ങളിൽ ആ മുഖം എവിടെയെന്നു ഞാൻ പരതി. കൂടുതൽ ആലോചിക്കാൻ വിടാതെ അവർ പറഞ്ഞു:

"നമ്മൾ ഒന്നിച്ചു പഠിച്ചിട്ടുണ്ട്. പ്ലസ്റ്റുവിൽ... ഒരേ ക്ലാസ്സിൽ..."

പ്ലസ്റ്റുവിൽ എന്റെ കൂടെ ഇങ്ങനെയൊരാൾ പഠിച്ചിട്ടുണ്ടെന്നോ...?
വീണ്ടും സംശയം മാറാതെ ഞാൻ അവരെ നോക്കി.

"ഇനിയും എന്നെ മനസ്സിലായില്ലേ..? അസ്.ല."

അസ്.ലയോ..? എനിക്കൊരിക്കലും വിശ്വസിക്കാനായില്ല.
എന്റെ ക്ലാസ്സിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്.
അതിലുപരി എന്തൊക്കെയോ ആയിരുന്ന, ആവുമെന്നു പ്രതീക്ഷിച്ചിരുന്നവൾ.
അവളുടെ വെളുത്തു സുന്ദരമായ  മുഖം ആകെ കറുത്തിരുണ്ടു പോയിരിക്കുന്നു. പേരമരത്തിന്റെ തോല് പൊഴിഞ്ഞു പോവുന്നപോലെ അവളുടെ കയ്യിലും മുഖത്തും...
ഒരാൾക്കും പറയാനാവില്ല ഇതവളാണെന്ന്.


വല്ലാത്തൊരു മാനസികാവസ്ഥയിലായി ഞാൻ. യാഥാർത്യങ്ങൾ ഉൾക്കൊള്ളാനാവാതെ ഒരു കൊച്ചുകുട്ടിയെ പോലെ അവളെ നോക്കി ഞാൻ നിന്നു.

"അസ്.ല., നിനക്കെന്താണ് പറ്റിയത്..?
എനിക്ക് കണ്ടിട്ട് മനസ്സിലായില്ല..."

"ഒരു ചെറിയ അസുഖമൊക്കെ ഉണ്ടായിരുന്നു... ഇപ്പൊ എല്ലാം സുഖമായി. ഇനി മരുന്നൊന്നും അധികം വേണ്ടെന്നാ പറഞ്ഞത്... ഈ ഡോക്ടറാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോവാൻ പറഞ്ഞത്.
മരുന്നൊക്കെ നിത്താൻ പറഞ്ഞപ്പോൾ എനിക്കും സമാധാനമായി.അത് ഡോക്ടറോട് കൂടി പറയാൻ വേണ്ടി വന്നതാണ്."

വളരെ നിസ്സാരമായി അവൾ പറഞ്ഞു.

കൂടുതലൊന്നും അവളോട്‌ ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല.
അറിയാൻ ഞാൻ ആഗ്രഹിച്ചില്ല.
അവളുടെ പഴയ രൂപവും ഭാവവും മനസ്സിന്റെ ഉള്ളറകളിലൂടെ കടന്നു പോവുമ്പോൾ വല്ലാത്ത ഒരു നീറ്റലാണ് അനുഭവപ്പെടുന്നത്.


"എന്താ ഇവിടെ? ഡോക്ടറെ കാണാനാണോ?  നല്ല ഡോക്ടറാണ്..."

"അല്ല... ഇത്... എന്റെ ഭാര്യയാണ്..."

"ആഹാ...ശരി... ഞാൻ പോട്ടെ... കാണാം ട്ടോ...”

യാത്ര പറഞ്ഞ് അവളും കുഞ്ഞും നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു.
ഉള്ളിലെ വിങ്ങലുകൾ ദീർഘനിശ്വാസമായി പുറത്തേക്കൊഴുകി.

മനസ്സ് പതിനഞ്ചു വർഷം പിന്നിലേക്ക് സഞ്ചരിക്കുന്നു.
ഇന്നലകളിലെ പ്രിയപ്പെട്ട പലതും ഇന്ന് മറ്റെവിടെയോ, മറ്റാരുടേതോ    ആയി മാറിയിരിക്കുന്നു.
ഇന്നത്തെ പ്രിയപ്പെട്ടതെല്ലാം നാളെ നഷ്ടപ്പെടാൻ പോവുന്നതാണോ..?


"കാത്തിരുന്നു മടുത്തോ?"

പിന്നിൽ നിന്നും അവളുടെ ചോദ്യം ഭൂതകാലത്തിലെ മേച്ചിൽ പുറങ്ങളിൽ മനസ്സിനെ അലയാൻ വിടാതെ തിരിച്ചു വിളിച്ചു.
ഒന്നും മിണ്ടാതെ അവളെ നോക്കി.

"എന്താ മുഖം വല്ലാതായിരിക്കുന്നത്..?"

"ഇന്ന് അവസാനം നിന്നെ കണ്ടു പോയത് ആരാണെന്ന് അറിയോ?
എന്റെ പഴയ ക്ലാസ്സ്മേറ്റാണ് "

"ആര്...അസ്.ല..?"

"അതെ...ഞാൻ ഇപ്പൊ ഇവിടന്നു കണ്ടു...എന്താ അവൾക്ക്?
അവളുടെ രൂപം  തന്നെ മാറിപ്പോയല്ലോ..?"

"അത്... കുറച്ചു പറയാനുണ്ട്... നമുക്ക് നടന്നാലോ... ഇവിടെന്നു പറയണ്ട."

ഇവിടെ വച്ച് പറയാതിരിക്കാനും മാത്രം എന്താണാവോ എന്ന് മനസ്സിൽ കരുതി ഞാൻ നടന്നു.

"നീ എന്തെങ്കിലും കഴിച്ചോ ഇന്ന്..?"

ചിരിച്ചു കൊണ്ട് ഇല്ലെന്ന് അവൾ തലയാട്ടിയപ്പോഴും എനിക്ക് തിരിച്ചൊന്നു പുഞ്ചിരിക്കാൻ പോലും തോന്നിയില്ല.

ഹോസ്പിറ്റലിൽ നിന്നിറങ്ങി കോളേജ് റോഡിലൂടെ കാറിനടുത്തേക്ക്  നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു തുടങ്ങി.

മൂന്നു മാസം മുമ്പാണ് ആദ്യമായി അവരെന്ടടുത്തു വരുന്നത്. ശരീരത്തിൽ പല ഭാഗത്തും വേദന എന്ന് പറഞ്ഞ്.
എന്തോ സംശയം തോന്നിയത് കൊണ്ട് മാമ്മോഗ്രഫിയും ബാക്കി ടെസ്റ്റും കഴിഞ്ഞു വരാൻ പറഞ്ഞു. എന്ത് പറയാനാ… തേർഡ് സ്റ്റേജില് എത്തിയിരുന്നു. ഇവിടെ സൗകര്യം ഇല്ലാത്തതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലെ ന്റെ പ്രൊഫസർക്ക് റെഫർ ചെയ്തു.

പക്ഷെ, സാർ അന്ന് തന്നെ എന്നെ വിളിച്ചിരുന്നു. സർജറിയും  റേഡിയേഷനും കീമോയുമൊക്കെ ചെയ്താലും അൻപത് ശതമാനത്തി താഴെ പ്രതീക്ഷ ഉള്ളൂ എന്ന് പറഞ്ഞു.
ബാക്കി ട്രീറ്റ്മെന്റ് ഒക്കെ അവിടെ തന്നെ ആയിരുന്നു.

ഇന്നിപ്പോ അവര് വന്നത് ഇനി ട്രീറ്റ്മെന്റിന്റെ ആവശ്യമൊന്നും ഇല്ലാ എന്ന് ഡോക്ടർ പറഞ്ഞു എന്ന് പറഞ്ഞാ... ഇനി എന്തൊക്കെ ചെയ്തിട്ടും കാര്യം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അവരോടെനിക്ക് പറയാൻ പറ്റോ..?
ഞാൻ റിപ്പോർട്ട്‌ കണ്ടു... ആകെ സ്പ്രെഡ് ആയിട്ടുണ്ട്... ഇനി ഒരു മാസം കൂടി മരുന്ന് കഴിച്ചാൽ മതിയെന്ന് സാർ പറഞ്ഞത്രേ.

അതിനർഥം,
ഇനി ഒരു മാസത്തിൽ കൂടുതൽ... സാധ്യതയില്ല.
പെയിൻ കില്ലെർ കൊടുക്കും... അത് കൊണ്ട് വേദന വല്ലാതെ അറിയില്ല...

പലപ്പോഴും ഞങ്ങൾ ഡോക്ടർമാർ നിസ്സഹായരായിപ്പോവുന്ന ചില സമയങ്ങളാണിതൊക്കെ...
ആ കുഞ്ഞിന്റെ കാര്യാണ് ഇനി കഷ്ടം..."


ഫർസ ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തി, ഒരു നെടുവീർപ്പോടെ ഞാൻ ചോദിച്ചു.

"എന്തെങ്കിലും കഴിക്കേണ്ടെ നിനക്ക്..:? വിശക്കണില്ലേ..? "

കാറിൽ നിന്നിറങ്ങി ഹോട്ടലിലേക്ക് കയറുമ്പോൾ അറിയാതെ ചോദിച്ചു പോയി.

"എന്തെ നീയിതോക്കെ എന്നോട് മുന്നേ പറഞ്ഞില്ല..?”

"ഓരോ ദിവസവും ഹോസ്പിറ്റലിൽ വരുന്ന ഒരുപാട് ആളുകളുണ്ട്. അവരുടെതായ ഒട്ടേറെ പ്രയാസങ്ങളുമായി വരുന്നവർ.
ഓരോരോ മനുഷ്യരും ഒരുപാട് രഹസ്യങ്ങളടങ്ങിയ പുസ്തകങ്ങളാണ്.

ആ രഹസ്യങ്ങൾ അവര് പലപ്പോഴും പങ്കു വെക്കുന്നത് അവരുടെ വിശ്വസ്തരായ ഡോക്ടർമാർക്ക് മുന്നിലാണ്. അല്ലെങ്കിൽ ഡോക്ടർമാരെ വിശ്വസിച്ചാണ്. നിങ്ങളുടെ കൂട്ടുകാരിയായിരുന്നിട്ടും അവരുടെ അസുഖം എന്തെന്ന് പോലും അവർ പറഞ്ഞില്ലല്ലോ... അതാണ്‌."


'അപ്പോൾ പലരുടെയും പല രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരി നീയാണല്ലേ' -  എന്നു  ചോദിച്ച് അവളെ കളിയാക്കുമ്പോഴും ആ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയെ എന്റെ കരങ്ങളിൽ ഏൽപ്പിച്ച സർവരഹസ്യങ്ങളുടെയും ഉടമസ്ഥനായ പ്രപഞ്ച നാഥനെ ഞാൻ സ്തുതിച്ചു.


***


ശുഭം