Thursday, June 11, 2015

സരോവർ



കുസാറ്റ് ഹോസ്റ്റൽ  നമ്പർ-IV – ‘സരോവർ
റൂം നമ്പർ 50. 

തിരക്കിട്ട് ട്യൂഷൻ നോട്ടുകൾ തയ്യാറാക്കുകയായിരുന്നു ഞാൻ.
പിന്നിൽ നിന്നെന്തോ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്.
തുറന്നിട്ട ജാലകങ്ങളെ കാറ്റ് അടക്കാൻ ശ്രമിക്കുകയാണ്.

സെന്റ്‌ ജെമ്മാസ് സ്കൂളിനു മുന്നിലെ ചീനി മരത്തിൽ നോക്കിയാലറിയാം കാറ്റിന്റെ ശക്തി.
സൂര്യനെ മറയ്ക്കാൻ കറുത്തിരുണ്ട മേഘക്കൂട്ടം കഷ്ടപ്പെടുകയാണ്.
ഒരു മഴയ്ക്കുള്ള പുറപ്പാടാണെന്നു തോന്നുന്നു.

സമയം അടയാളപ്പെടുത്തി മുറിയിലെ ക്ലോക്ക് ആറ് വട്ടം മുഴങ്ങി.
ഇനിയും ലേറ്റ് ആയാൽ അക്തറിന്റെ ക്ഷമ നശിക്കും.
അവന്റെ മിസ്ഡ് കോളുകൾ നാലായി.
പോകുന്ന വഴി ലൈബ്രറിയിൽ കയറി ബുക്ക് റിട്ടേണ്‍ ചെയ്യുകയും വേണം.

നിജുവും ഷഹീമും മൂടിപ്പുതച്ച് ഉറങ്ങുകയാണ്.
വൈകുന്നേരം ക്ലാസ് കഴിഞ്ഞ് റൂമിലെത്തിയാൽ പിന്നെ കുറച്ചു സമയം ഉറങ്ങുന്നത് ഞങ്ങളുടെ ഹോബിയാണ്.
ഏതാനും ആഴ്ചകളായി അതും എനിക്ക് നഷ്ടമാവുന്നു.

നോട്സും ഗൈഡുമെടുത്ത് ഞാനിറങ്ങി.
ആകാശമാകെ ഇരുണ്ടു കൂടിയിട്ടുണ്ട്.
മഴ പെയ്യുന്നതിനു മുമ്പേ അങ്ങെത്തിയാൽ മതിയായിരുന്നു.

ഹോസ്റ്റലിനു മുന്നിൽ ഇഷ്ടംപോലെ ബൈക്കുകളുണ്ട്.
ഒരത്യാവശ്യ നേരത്ത് ഒരുത്തനെയും നോക്കിയാൽ കാണില്ല.
മെയിൻഗേറ്റ് വരെ നടക്കുകയല്ലാതെ ഇനി രക്ഷയില്ല.

യൂണിവേഴ്സിറ്റി ലൈബ്രറിയിൽ കയറി ബുക്ക്‌ റിട്ടേണ്‍ ചെയ്തു.
സുന്ദരിയായ പുതിയ ലൈബ്രേറിയനോട്‌ അനുഭാവപൂർവ്വം ഒന്ന് ചിരിച്ചെങ്കിലും പതിനെട്ടു ദിവസത്തെ ഫൈൻ ഒമ്പത് രൂപാ കണക്കുപറഞ്ഞു വാങ്ങാൻ അവൾ മറന്നില്ല.

തിരിച്ചിറങ്ങുമ്പോഴാണ്‌ സെക്യൂരിറ്റി ഓഫിസർ കുമാരേട്ടനെ കണ്ടത്.
"കുറച്ചു ദിവസമായിട്ടു കുമാരേട്ടനെ കണ്ടില്ലല്ലോ..."
ഞാൻ കുശലം ചോദിച്ചു.

"നാട്ടിൽ പോയതായിരുന്നു മോനെ."
"എന്തെ, പെട്ടെന്ന്..? വീട്ടില് എല്ലാവർക്കും സുഖമല്ലേ.? "
"സുഖം...മക്കളെ ഒക്കെ ഒന്ന് കാണാൻ പോയതാ...അവർക്ക് നമ്മളെ കാണാതെയും ജീവിക്കാൻ കഴിയും... എനിക്കങ്ങനെ പറ്റില്ലല്ലോ...
അച്ഛനായിപ്പോയില്ലേ..."
"ഒക്കെ ശരിയാവും കുമാരേട്ടാ ഞാൻ പോട്ടെ.  ഇപ്പൊ തന്നെ ലേറ്റ് ആയി. ട്യൂഷനുണ്ട്"
"എഞ്ചിനീയറിങ്ങിനു പഠിക്കണ കുട്ട്യോളും ട്യൂഷന് പോവെ..? മോശാട്ടോ..."
"അതിനു ഞാൻ ട്യൂഷനെടുക്കാനാ പോണത്...അപ്പോഴോ..?"
"എന്നാൽ ശരി. നടക്കട്ടെ..."

കുമാരേട്ടനോട് യാത്ര പറഞ്ഞു ഞാനിറങ്ങി.
ഈ ട്യൂഷൻ പരിപാടി തുടങ്ങിയിട്ട് ഒരു മാസത്തോളമായി.
സൂരജിന്റെ കെയറോഫിൽ കിട്ടിയതാണ്.
പ്ലസ്ടുവിന് പഠിക്കുന്ന ഒരു കുട്ടി.
പേര് അക്തർ.
രാവിലെ ഒരു ട്യൂഷൻ സെന്ററിലെ  ക്ലാസ്സ്‌ കഴിഞ്ഞാണവൻ സ്കൂളിൽ പോവുന്നത്. അതിനു ശേഷമാണ് സൂരജിന്റെ ഫിസിക്സ് -കെമിസ്ട്രി-ബയോളജി ക്ലാസ്സ്‌. പുറമേ ഹോളിഡേയ്സിലെ എൻട്രൻസ്‌ ക്ലാസ്സും.

അതിനും പുറമെയാണ് ഗണിതശാസ്ത്രത്തിൽ സ്പെഷ്യൽ ക്ലാസ്സിനു വേണ്ടി ഞാൻ. ആ കുട്ടിയുടെ ഒരു ഗതി എന്തെന്നാവും ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്.

മണിക്കൂറിനു 250 രൂപാ നിരക്കിലാണ് ഞങ്ങളുടെ ക്ലാസ്. എന്തായാലും എനിക്കറിയാത്ത  ചോദ്യങ്ങൾ സംശയ-ശരങ്ങളായി  വരാത്തത് കൊണ്ടോ അതോ മറ്റു മൂന്നു ക്ലാസ്സുകളുടെ മെച്ചം കൊണ്ടോ എന്നറിയില്ല, എന്റെ ട്യൂഷനും മണിക്കൂറുകൾ കടന്നു പോയി.

മെയിൻ ഗേറ്റ് കടന്ന് ബസ്റ്റോപ്പിലെത്തി.
അരമണിക്കൂറോളം യാത്രയുണ്ട്.
വൈകുന്നേരം നല്ല  തിരക്കാണ്. ബസ്സിലും റോഡിലും.
മെട്രോയുടെ ഭാഗമായി റോഡുപകുതിയെ ഉള്ളൂ. പിന്നെ ട്രാഫിക്കും. പറയണോ പിന്നെ...

നല്ല തണുത്ത കാറ്റ്.
ദൂരെയെങ്ങോ മഴ പെയ്യുന്നുണ്ടെന്നു തോന്നുന്നു.
സമയം ആറര കഴിഞ്ഞിരിക്കുന്നു.
തെരുവ് വിളക്കുകൾ പതുക്കെ മിഴി തുറന്നു.

ബസ്സ് വരുന്നു.
നല്ല തിരക്കാണ്.
ഇന്നും സീറ്റുകിട്ടുമെന്നു തോന്നുന്നില്ല.
ബസ്സിൽ ഏറെയും തൊഴിലാളികളാണ്. മിക്കവരും ഹിന്ദിക്കാർ.
നമ്മൾ പുതിയ ജോലി തേടിപ്പോകുന്നു. അവർ നമ്മുടെ നാട്ടിൽ വന്ന് ജോലി ചെയ്യുന്നു.

ഓരോരുത്തരും എവിടെയ്ക്കോ പൊയ്ക്കൊണ്ടിരിക്കുന്നു.
ഞാനും.
സത്യത്തിൽ ജീവിതം തന്നെ ഒരു യാത്രയല്ലേ..?
ഈ കണ്ടക്ടർക്കും ഡ്രൈവർക്കും മടുപ്പ് തോന്നാറില്ലേ ആവോ. എന്നും ഒരേ വഴി...എന്നും കുറെ മുഷിഞ്ഞ നോട്ടുകൾ...

കുമാരേട്ടനെ പോലെ എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാതെ ജീവിക്കുന്നവരാണേറെയും.

ഒരിക്കലയാൾ ആ കഥ എന്നോട് പറഞ്ഞിട്ടുണ്ട്.
കുമാരെട്ടൻ ആർമിയിലായിരുന്നു.
ഭാര്യയും മൂന്ന് ആണ്‍മക്കളുമടങ്ങിയ കുടുംബം.
എല്ലാ മനുഷ്യരേയും പോലെ അയാളും കുടുംബത്തിനു വേണ്ടി ജീവിച്ചു.
പെൻഷനായി തിരിച്ചു വരുമ്പോൾ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു  അയാൾക്ക്. ഇനിയുള്ള കാലം ഭാര്യയോടും മക്കളോടും ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കുക.

പക്ഷെ, മൂന്നു മക്കളും അവരുടെ ജീവിതം തേടി, അവരുടെ ഭാര്യമാരെയും  കൊണ്ട് പോയപ്പോൾ കുമാരേട്ടനും ഭാര്യയും വീട്ടിൽ തനിച്ചായി.
ഏതാനും വർഷങ്ങൾക്കു മുമ്പ് ഭാര്യയും വിടപറഞ്ഞതോടെ അയാൾ ജീവിതത്തിൽ വീണ്ടും തനിച്ചായി.

സമ്പാദ്യമെല്ലാം മക്കൾക്ക്‌ വീതിച്ചു കൊടുത്ത് അയാൾ കാത്തിരുന്നു. ഇനി തന്നെകൂടെ കൊണ്ടുപോകാൻ മക്കളിൽ ആര് വരുമെന്നറിയാൻ.
തന്റെ കാത്തിരിപ്പിന് അർത്ഥമില്ലന്ന തിരിച്ചറിവ് കുമാരേട്ടനെ തളർത്തിയില്ല. അങ്ങനെയാണയാൽ സെക്യൂരിറ്റി ജോലി ഏറ്റെടുത്തതും ഇവിടെയെത്തിയതും.

ടോൾ ജംക്ഷനിൽ ബസ്സിറങ്ങി ഞാൻ നടന്നു.
ഏഴേ കാലായി.
അക്തർ വീട്ടിൽ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.
ഇന്റെഗ്രേഷൻ ഇന്ന് തീർക്കാമെന്നു പറഞ്ഞതാണ്.
അവനു ചെയ്യാനുള്ള പ്രോബ്ലെംസ് കൊടുത്ത് ഞാനിരുന്നു.

അക്തറിന്റെ പിതാവ് ഒരു കോന്റ്രാക്ടറാണ്. മകനെ കുറിച്ച് ഒട്ടേറെ പ്രതീക്ഷകളുള്ള നല്ലൊരു മനുഷ്യൻ.
മൂന്ന് സ്ഥലങ്ങളിലെ മൂന്നു അധ്യാപകരുടെ ക്ലാസ് അവനെ കുഴപ്പിക്കുന്നുണ്ടെന്നു പറയാൻ പലതവണ ഞാൻ ഒരുങ്ങിയതാണ്.
അവനാകെ കണ്‍ഫ്യൂഷനിലാണ്. സ്കൂളിൽ ഒന്ന്, ട്യൂഷൻ സെന്ടറിലൊന്ന്, എന്ട്രൻസ് ക്ലാസിലൊന്ന്, പിന്നെ ഞാനും...!
പാവം കുട്ടി. ഇതൊക്കെ  അവൻ എങ്ങനെ താങ്ങുന്നോ ആവോ..

പുതിയ ചാപ്റ്റർ പകുതിയാക്കി രാത്രി ഒമ്പതരയോടെ ഞാൻ പോകാനൊരുങ്ങി.
അക്തറിന്റെ ഉപ്പ ഈയാഴ്ചത്തെ പൈസ തന്നു.
ആറു ദിവസം...പതിനാറ് മണിക്കൂർ...നാലായിരം രൂപ.!
കാശും വാങ്ങി പോക്കറ്റിലിട്ട് ഇനി നാളെ കാണാമെന്നു പറഞ്ഞു ഞാനിറങ്ങി.

ബസ്റ്റോപ്പിൽ അധികമാരും ഇല്ല.
താമസിയാതെ ബസ്സ് വന്നു.
വലിയ തിരക്കില്ല.
മെയിൽഗേറ്റിൽ എത്തിയപ്പോഴേക്കും മണി പത്തു കഴിഞ്ഞിരുന്നു.

ഹോസ്റ്റൽ വരെ ഇനി ഒന്നര കിലോമീറ്റർ.
ഈ സമയത്ത് ഇതുവഴി നടക്കാൻ നല്ല രസമാണ്.
മൂന്നോ നാലോ ആളുകൾ മാത്രമേ നടക്കുന്നവരായുള്ളൂ.
വല്ലപ്പോഴും ഓരോ മോട്ടോർ ബൈക്കുകളും.

ശാന്തമായ രാത്രി.
റോഡിൽ നിയോണ്‍ ലാമ്പുകൾ ചൊരിയുന്ന പ്രകാശം.
വൈകുന്നേരത്തെ മഴക്കോളൊക്കെ പോയിരിക്കുന്നു.

മനസ്സിന് വല്ലാത്ത ആശ്വാസം തോന്നുന്നു.
ഒരു നാലായിരം രൂപ കൂടി കയ്യിൽ.
ഹൊസ്റ്റൽ ഫീസും മെസ്സ് ബില്ലും അങ്ങനെ തീരും.
അതിനി ഉപ്പയോട് ചോദിക്കേണ്ട.
അത്രയും ആശ്വാസമാവുമല്ലോ.

ഒന്നും അറിയിക്കാറില്ലെങ്കിലും ഓരോ മാസവും തള്ളി നീക്കാൻ ഉപ്പ ഏറെ പ്രയാസപ്പെടുന്നത് ഞാൻ അറിയുന്നുണ്ട്.
ഉമ്മയുടെ മരുന്നും വീട്ടുചിലവുകളും. രണ്ടും ഉപേക്ഷിക്കാൻ    പറ്റുന്നതല്ലല്ലോ. അതിനിനിടയിൽ എന്റെ കാര്യങ്ങൾക്കുള്ളത് ഇങ്ങനെ കഴിഞ്ഞാൽ അത് വലിയൊരു ആശ്വാസമാവും.

പലപ്പോഴും രണ്ടാഴ്ചത്തെ ഇടവേളകളിൽ കോഴിക്കോട് പോയി മരുന്ന് വാങ്ങുന്നത് ഞാനാണ്. ആറെണ്ണം വീതമുള്ള പത്തു സ്ട്രിപ്പ് ടാബ്ലറ്റുകൾക്ക് 22,650 രൂപ. ഒരു ദിവസത്തേക്ക് 1,510 രൂപ. ഒരു മാസം 45,300 രൂപ.

മരുന്ന് പെട്ടികളെടുത്തു തരുന്ന ഫാർമസിസ്റ്റിനോടൊന്നു പുഞ്ചിരിക്കാൻ മനസ്സ് പറയാറുണ്ടെങ്കിലും അതിനു കഴിയാറില്ല. ഉപ്പയുടെ വിയർപ്പുതുള്ളികളുടെയും ഉമ്മയുടെ കണ്ണുനീരിന്റെയും നനവ്‌ അതിനനുവദിക്കാറില്ല.

പലപ്പോഴും ഉപ്പ പറയുന്ന വാക്കുകൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്.
" ദൈവം നമുക്ക് ഇത്രയല്ലേ തന്നുള്ളൂ… ഇതിനേക്കാൾ കഷ്ടതയനുഭവിക്കുന്ന എത്ര പേരുണ്ട് ഈ ഭൂമിയിൽ..? ഒന്നുമില്ലെങ്കിൽ ചികിത്സയ്ക്കുള്ള സാമ്പത്തിക ഭദ്രതയെങ്കിലും നമുക്കില്ലേ... അതുമില്ലാത്ത എത്ര പേര്.. പരമകാരുണികനായ സർവേശ്വരൻ നമ്മെ കൈവെടിയില്ല. "

ഓരോ പിതാവും മക്കളോട് പറയാതെ ഉള്ളിലൊതുക്കുന്ന ഒരുപാട് സ്വപ്നങ്ങളുണ്ടാവും. 'എന്റെ മോൻ' എന്ന് മനസ്സിൽ കൊത്തിവെച്ച ചില   മുഹൂർത്തങ്ങൾ.
കുമാരേട്ടനും അങ്ങനെ  ആഗ്രഹിച്ചിരുന്നില്ലേ...?
അക്തറിന്റെ പിതാവും അത് തന്നെയല്ലേ ആഗ്രഹിക്കുന്നത്.
എന്റെ പിതാവും...?

ഒരുപാടൊരുപാട് സ്നേഹവും വാത്സല്യവും നൽകി എല്ലാം മക്കൾക്കുവേണ്ടി  എന്ന് പറഞ്ഞു ജീവിക്കുന്ന മാതാപിതാക്കൾ. അവരുടെ മനസ്സ് വായിക്കാൻ കഴിയാത്ത മക്കൾ ഈ ലോകത്തിന്റെ ശാപമാണ്.

കുമാരേട്ടന്റെ മക്കൾക്ക് വൈകിയെങ്കിലും , അവരുടെ മക്കളെ കണ്ടെങ്കിലും   ഒരു തിരിച്ചറിവുണ്ടാവട്ടെ.
എന്റെ അക്തർ നാളെ അങ്ങനെ ആവാതിരിക്കട്ടെ.
ഞാൻ...  സ്നേഹനിധികളായ മാതാപിതാക്കളുടെ തൃപ്തിയില്ലാത്ത ചിന്തകൾപോലും എന്റെ മനസ്സിനെ തീണ്ടാതിരിക്കട്ടെ .
സർവേശ്വരൻ അവർക്കും എല്ലാ അച്ഛനമ്മമാർക്കും ശാന്തിയും സമാധാനവും  തങ്ങളുടെ മക്കളിൽ കണ്‍കുളിർമ്മയും പ്രദാനംചെയ്യട്ടെ.

പത്തര കഴിഞ്ഞു.
ആകാശത്തു നക്ഷത്രങ്ങളും അമ്പിളിക്കലയും ഹോസ്റ്റൽ റോഡിൽ ഞാനും  മാത്രം.
മെസ്സിലിനി ഫുഡ് ബാക്കിയുണ്ടാവുമോ.
ബി.ടെക് ഹോസ്റ്റലും സെന്റ്‌ ജെമ്മസ് സ്കൂളും കഴിഞ്ഞു 'സരോവറിന്റെ' വെളിച്ചം കണ്ടു.

അവിടെ ഗേറ്റിനരികിൽ സിഗരട്ട് പുകയ്ക്കുന്ന പ്രായം ചെന്നൊരു സെക്യൂരിറ്റിക്കാരൻ.

അയാളും മറ്റൊരു കുമാരേട്ടനാവുമോ.?