Monday, June 6, 2016

ഒരു നഗരവാസിയുടെ വിലാപങ്ങൾ



പോയ കാലത്തിന്റെ പ്രതാപം പേറി നിൽക്കുന്ന കെട്ടിടങ്ങൾ.
പുതിയ ലോകത്തെ പടുത്തുയർത്തുന്ന, പുഞ്ചിരിക്കാൻ  മടിക്കുന്ന, എപ്പോഴും തിരക്കിട്ടോടുന്ന ഒട്ടേറെ മനുഷ്യർ. കറുപ്പും മഞ്ഞയും നിറമുള്ള ടാക്സി കാറുകളും ജഡ്ക്കകളും നിറഞ്ഞു നിൽക്കുന്ന തെരുവു വീഥികൾ.
ശിവജി മഹാരാജാവിന്റെ പ്രതാപത്തിന്റെ ശേഷിപ്പുകൾ.
ആ മഹാ നഗരത്തിന്റെ വിശാലതയിൽ താൻ ഒന്നുമല്ലെന്ന് അയാൾക്ക്‌ തോന്നി.

മറ്റനേകമായിരങ്ങളെ പോലെ  പ്രതീക്ഷകളുടെയും എണ്ണിയാലൊടുങ്ങാത്ത പ്രാരാബ്ധ ങ്ങളുടെയും ജീവിതഭാരം താങ്ങാൻ വയ്യാതെയാണ് അയാളും ആ മഹാ നഗരത്തിൽ അഭയം  തേടിയത്. ഇനി  എന്തെന്ന് ചോദ്യം അയാളെ വല്ലാതെ വീർപ്പുമുട്ടിച്ചു.

ഒരു സുഹൃത്തിന്റെ മേൽവിലാസം മാത്രമാണ് കയ്യിലൊരു അത്താണിയായുള്ളത്.
കരുണയുള്ള   ആരെങ്കിലും ഒരു ജോലി തന്ന് സഹായിക്കില്ലേ.?
നീയായിട്ട് ഉണ്ടാക്കി വച്ച കടങ്ങളൊക്കെ നീയായിട്ട് തന്നെ തീർത്തിട്ടിനി ഇങ്ങോട്ട് വന്നാൽമതി എന്നു പറഞ്ഞാണ് ഉമ്മ പോലും യാത്രയാക്കിയത്.

പരിചിതമല്ലാത്ത സ്ഥലം, ഭാഷ, ആളുകൾ, ചുറ്റുപാട്... എല്ലാം അകാരണമായ ഒരു ഭയം  അയാളുടെ ഉള്ളിൽ തീർത്തു.
'കൈയിലെ മേൽവിലാസവും കൊണ്ട് എങ്ങനെയൊക്കെയോ അയാൾ സുഹൃത്തിനെ തേടിപ്പിടിച്ചു.

"ഇവിടെ, ഈ നഗരത്തിൽ ഒരാൾക്കും ഒരാളേയും സഹായിക്കാനുള്ള മനസുണ്ടാവില്ല. പ്രത്യേകിച്ച് നാട്ടുകാരെ .സഹായിക്കാൻ നിന്നാൽ തലയലാവും എന്നറിയാം." കണ്ടമാത്രയിൽ തന്നെ സുഹൃത്ത് പറഞ്ഞ വാക്കുകൾ കേട്ട് അയാൾക്ക് നിരസം തോന്നി. 

മറ്റൊരു വഴിയും കൺമുന്നിലില്ലാത്തതു കൊണ്ട് അയാൾ ഒന്നും മിണ്ടാതെ നിന്നു.
നിനക്കൊരു ജോലി കണ്ടെത്തിത്തരാനോ എന്റെ കൂടെ നിർത്താനോ എനിക്ക് കഴിയില്ല. ഞാനുൾപ്പെടെ പന്ത്രണ്ടാളുകളുള്ള മുറിയിൽ മറ്റൊരാൾക്കുകൂടി സ്ഥലമുണ്ടാവില്ല.
ഇവിടെ അടുത്ത് മലയാളികൾ മാത്രം തൽക്കാലത്തേക്ക് താമസിക്കുന്ന ഒരിടമുണ്ട്. ഒരുദിവസത്തേക്ക് നൂറു രൂപയാണ് വാടക. ഒരാഴ്ച അവിടെ താമസിക്കാം. അതിനുള്ളിൽ മറ്റൊരു സ്ഥലവും ജോലിയും നീ തന്നെ കണ്ടെത്തണം."

ഇതാണ് എന്റെ മുറിയെന്ന് പറഞ്ഞ് സുഹൃത്ത് കാണിച്ചപ്പോൾ അയാൾ അങ്ങേയറ്റം അത്ഭുതപ്പെട്ടു. ഒരു കൊച്ചുമുറിയിൽ ഇത്രയേറെ ആളുകൾ പരാതിയും പരിഭവവും മറച്ചുവെച്ച് ജീവിക്കുന്നുവോ.?

തന്നെ പുതിയ താമസസ്ഥലത്തേക്ക് കൊണ്ടു പോകാനും ഒരു കട്ടിലും കൊച്ചു ഫാനുള്ള ആ കുടുസുമുറിയിൽ കൊണ്ടാക്കാനും സുഹൃത്ത് കാണിച്ച സന്മനസിന് അയാൾ നന്ദി പറഞ്ഞു.

ആ കൊച്ചുമുറിയുടെ നാലു ചുവരുകൾക്കിടയിൽ നിന്ന് അയാളുടെ മനസ് ഭൂതകാലത്തിന്റെ ഇരുട്ടിലും ഭാവിയുടെ പ്രതീക്ഷകൾ തീർക്കുന്ന ചെറിയ പ്രകാശത്തിലും വിരാചിച്ചു. 



ഉപ്പയുടെ മരണം തീർത്ത ശൂന്യതയും സഹോദരിമാരുടെ വിവാഹങ്ങൾ തീർത്ത ഭീമമായ കടബാധ്യതകളും കഷ്ടപ്പാടിന്റെ ഭൂമികയിൽ  ഒരുപോലെ വേട്ടയാടിയപ്പോഴും,  അതിനിടയിലെപ്പോഴോ ജീവിതത്തിലേക്ക് കടന്നു വന്ന പെൺകുട്ടിയും മൈലാഞ്ചിയിട്ട കൈകൾ  കൊണ്ട് കണ്ണുനീർ തുടക്കുന്നത് കണ്ടപ്പോഴാണയാൾ ഒരു പിടി മോഹങ്ങളുടെ ഭാണ്ഡവും പേറി ഈ നഗരത്തിലേക്ക് വന്നത്.

വിശ്രമിക്കാനും ക്ഷീണമകറ്റാനും അയാൾക്ക് സമയമില്ലായിരുന്നു.
സ്ഥിരമായ ഒരു ജോലി ഈ നഗരത്തിൽ അത്ര പെട്ടെന്ന് കണ്ടെത്താനാവില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു തുടങ്ങി. കൈയിൽ കരുതിയ ഏതാനും നോട്ടുകൾ ഓരോ ചന്ദ്രോദയം കഴിയുന്തോറും കുറഞ്ഞു വന്നു.

രാവിലെയും രാത്രിയും ഭക്ഷണം കഴിക്കാൻ പോവുന്ന ഹോട്ടലുടമ അയാൾക്കൊരു ജോലി നൽകാൻ തയാറായി. ഈ പണി ചെയ്യാനാണോ ഞാനിവിടെ വന്നത് എന്ന ചോദ്യം അയാളിൽ ഉയർന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതു തന്നെ വലിയ ആശ്വാസമാണെന്ന് അയാൾക്കറിയാമായിരുന്നു.
താമസിക്കാൻ ഒരിടവും മൂന്നു നേരത്തെ ഭക്ഷണവും ഒരു ദിവസം 250 രൂപ കൂലിയും ലഭിക്കും.

ആദ്യമായി ഈ നഗരത്തിൽ കടന്നു വരുന്ന ആരെയും ഇത് ഒട്ടേറെ കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കും. പക്ഷേ, അതിന്റെ ഭാഗമായിക്കഴിഞ്ഞാൽ നഗരം തന്റെ തീവ്രഭാവം കാണിച്ചു തുടങ്ങും.

രാവിലെ അളന്ന് മുറിച്ച് കിട്ടുന്ന മുനിസിപ്പാലിറ്റിയുടെ പൈപ്പു  വെള്ളവും ഓരോ തെരുവു വീഥികളും പ്രഭാതമാവുമ്പോഴേക്കും നിറയുന്ന മാലിന്യങ്ങളും വൃത്തിഹീനമായ ദുർഗന്ധം വമിക്കുന്ന ഓടകളും മഴ പെയ്താൽ ഒന്നായിത്തീരുന്ന റോഡും അഴുക്കു ചാലും അയാളൊരു 'സാധാരണക്കാരനായ' നഗരവാസിയാണെന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു.

ഹോട്ടലിനു മുകളിലെ പുതിയ താമസ സ്ഥലം അയാളുടെ സുഹൃത്തിന്റെ മുറിയേക്കാൾ ദയനീയമായിരുന്നു. അടുത്തടുത്തു വിരിച്ച കനം കുറഞ്ഞ കോസടികളിൽ ഞാനും നഗരവാസിയാണെന്ന ഭാവത്തിൽ അയാൾ കിടന്നു. തന്റെ വീട്ടിലെ കിടപ്പുമുറിയും പഞ്ഞി മെത്തയും അയാൾ വെറുതെ ഓർത്തു.

തൊട്ടടുത്തുള്ള സയ്യിദ് ഹാജി അബ്ദുറഹ്മാൻ ഷാ എന്ന സുഫീവര്യന്റെ ദർഗയും നഗരത്തിലെ ഏറ്റവും വലിയ ജുമാ മസ്ജിദുകളിലൊന്നായ സകരിയ മസ്ജിദിൽ നിന്നുയരുന്ന ദൈവീക വചനങ്ങളും അയാളുടെ മനസ്സിൽ വല്ലാത്ത ആശ്വാസം തീർത്തു.
ആ വിശുദ്ധാത്മാവിന്റെ സാമീപ്യം തന്റെ മനസിനൊരാശ്വാസമായി മാറുന്നതായി അയാൾക്കു തോന്നി.

നഗരത്തിന്റെ വൈവിധ്യം ആ മുറിയിലും നിഴലിച്ചു. മലയാളികളും ബംഗാളിയും തമിഴനും മറാത്തിയും ഭാഷപോലും തിരിച്ചറിയാത്തവരുമായ പതിനാറ് മനുഷ്യർ കൂടി അയാളെ പോലെ ആ മുറിയിൽ സ്വപനങ്ങളുടെ കൊട്ടാരം പണിയാൻ ഉണ്ടായിരുന്നു.

മുറിയിലെ പഴഞ്ചൻ ഘടികാരസൂചിക്കൊപ്പം കാലവും കടന്നു പോയ്ക്കൊണ്ടിരുന്നു.

ഹോട്ടലും താമസമുറിയും മസ്ജിദും മാത്രം കയറിയിറങ്ങുന്ന അയാളെ മറ്റുള്ളവർ കളിയാക്കിക്കൊണ്ടിരുന്നു.
നഗരത്തിന്റെ 'സുഖങ്ങൾ' അനുഭവിക്കാൻ ഭാഗ്യമില്ലാത്തവൻ എന്നവർ അയാളെ നോക്കി പറഞ്ഞുകൊണ്ടിരുന്നു.
മസ്ജിദിനും ഒരു പണ്ഡിത വര്യന്റെ ദർഗയ്ക്കുമിടയിലെ മനോഹരമായ ആത്മീയ സുഗന്ധം ആ മുറിയിലെ കഞ്ചാവും പുകയിലയും നിറച്ച ബീഡി യിലും ഛൈനിയിലും വൃത്തികെട്ട സംസാരങ്ങളിലും നഷ്ടപ്പെടുന്നത് അയാളറിഞ്ഞു.

എങ്കിലും അന്ന് ഒരേ മുറിയിൽ താമസിക്കുന്ന അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അയാൾ നഗരം അനുഭവിച്ചറിയാൻ പോയത്. കണ്ണുകൊണ്ട് ആളുകളെ വശീകരിക്കുന്ന സ്ത്രീകളെ കണ്ട്  കണ്ണടച്ചപ്പോൾ കൂട്ടുകാർ അയാളെ നോക്കി പൊട്ടിച്ചിരിച്ചു. അൽപ വസ്ത്രധാരികളായ സ്ത്രീകളും പുരുഷന്മാരും നിറഞ്ഞ ആ കാഴ്ചസ്ഥലങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് മടങ്ങാൻ അയാൾ ആഗ്രഹിച്ചു. പക്ഷേ, പിന്നെയും അരുതാത്ത കാഴ്ചകൾ കാണാൻ അയാൾ നിർബന്ധിതനായി തീർന്നു.

യാന്ത്രികമായ ഏതോ നിമിഷങ്ങളിലാണ് അയാൾ അവരുടെ കൂടെ ആ ഇടുങ്ങിയ നഗര വീഥിയിലെ
മൂന്നുനില കെട്ടിടത്തിലേക്കും കടന്നു ചെന്നത്. എല്ലാം പറഞ്ഞുറപ്പിച്ചിരുന്ന പോലെ കൂടെയുള്ള ഓരോരുത്തരും ഓരോ മുറികളിലേക്ക് കയറി. അതാണ് നിങ്ങളുടെ മുറിയെന്ന് കൂട്ടത്തിൽ പ്രായം കുറഞ്ഞവൻ ഒരു കണ്ണടച്ച് പറഞ്ഞപ്പോഴും അയാൾക്ക് ഒന്നും വ്യക്തമായില്ല.

കൂടുതലൊന്നും ആലോചിക്കാതെ അയാളാ മുറിയിലേക്ക് കടന്നു. അവിടെ തന്റെ മൂത്ത സഹോദരിയുടെ മകളുടെ പ്രായമുള്ള പെൺകുട്ടിയെ കണ്ടപ്പോഴാണ് താൻ എത്തിച്ചേർന്ന സ്ഥലത്തെ കുറിച്ച് അയാൾക്ക് ബോധ്യപ്പെട്ടത്.

ഈ നഗരത്തെക്കുറിച്ച് പറഞ്ഞവരൊക്കെ അവസാനം മുന്നറിയിപ്പു തന്നത് കൺമുന്നിൽ വന്നെത്തിയിരിക്കുന്നു.
സ്വയം നശിക്കാൻ താൻ ഒരുക്കമല്ലെന്ന ഉറപ്പ്  മനസിന് കൈമോശം വന്നു പോയില്ലെന്നതിൽ അയാൾ ദൈവത്തെ സ്തുതിച്ചു.

ആ ചുവപ്പുമുറിയിൽ നിന്ന് പുറത്ത് കടക്കും മുമ്പ് അയാൾ ആ പെൺകുട്ടിയെ നോക്കി പറഞ്ഞു.
''എന്തിനാണ് കുട്ടീ, സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും ഇങ്ങനെ നശിപ്പിക്കുന്നത്.?"

തെല്ലുനേരം അത്ഭുതത്തോടെ അയാളെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

"ഓ, മലയാളിയാണോ.
സാധാരണ മലയാളികൾ ഇത്ര പേടിത്തൊണ്ടന്മാർ ആവാറില്ല.
പിന്നെ, ഇതും ജീവിതമാണ്. മാസം തോറും ഞാനയക്കുന്ന കാശിനായി കാത്തു നിൽക്കുന്ന ഒരു പാട് വയറുകൾ അങ്ങുണ്ട്, നാട്ടിൽ."

അതിന് മറുപടി പറയാൻ കാത്തു നിൽക്കാതെ അയാൾ അവിടെ നിന്നിറങ്ങി.
തിരിച്ച് തന്റെ ഹോട്ടലിനു മുകളിലെ മുറിയിൽ ചെന്ന് വിലപിടിച്ച ഒട്ടേറെ കിനാവുകളൊളിപ്പിച്ചു വെച്ച ആ ബാഗുമെടുത്ത് പുറത്തിറങ്ങി.

ഞാൻ പോവാണ്;
ഇനി തിരിച്ചിങ്ങോട്ടില്ല എന്ന് ഹോട്ടലുടമയോട് പറഞ്ഞ് നടന്നു.

സയ്യിദോരുടെ ദർഗയിൽ നിന്നും ഉയരുന്ന കർപ്പൂരവും സുഗന്ധവും അസ്വസ്ഥമായ അയാളുടെ മനസിനെ ശാന്തമാക്കി.
സകരിയ മസ്ജിദിന്റെ ആകാശം മുട്ടുന്ന മിനാരങ്ങളെ നോക്കി അയാൾ പറഞ്ഞു.

" ദൈവമേ, നീയാണ് എന്നെ ഈ നഗരത്തിൽ എത്തിച്ചത്.
നിന്നോട് സമ്മതം ചോദിച്ചു കൊണ്ട് ഞാൻ മടങ്ങുകയാണ്.

ഈ വലിയ നഗരത്തിന്റെ കാഴ്ചയും ഗന്ധവും  ഇവിടെയുള്ള മനുഷ്യരെ യും ഉൾക്കൊള്ളാൻ നിന്നിലുള്ള വിശ്വാസവും നിന്റെ നരകാഗ്നി ഓർത്തുള്ള ഭയവും എന്നെ അനുവദിക്കുന്നില്ല.
അതു കൊണ്ട് നിന്റെ തൃപ്തിയിൽ ജീവിക്കാൻ ഞാൻ മടങ്ങുന്നു.

ഒരു പക്ഷേ, കഴിവുകെട്ടവനായോ ഒരു ഭീരുവായോ പ്രതിസന്ധികൾക്കു മുന്നിൽ ഒളിച്ചോടുന്നവനായോ മറ്റുള്ളവർ എന്നെ കണ്ടേക്കാം.
എങ്കിലും, ആത്മാവും വിശ്വാസവും പണയപ്പെടുത്തിക്കൊണ്ട് എനിക്കൊന്നും നേടാനില്ല, ഇനി എത്ര കാലം ഒരു കടക്കാരനായി ഈ ഭൂമിയിൽ കഴിയേണ്ടി വന്നാലും...

നിന്റെ കാരുണ്യവും കടാക്ഷവും മാത്രം പ്രതീക്ഷിച്ചു കൊണ്ട്,
പ്രതീക്ഷകളുടെ ഭാണ്ഡവും പേറി ഒട്ടേറെ പേരുടെ പരിഭവങ്ങൾ കേൾക്കാൻ ഞാനിതാ യാത്ര തിരിക്കുന്നു...

സർവശക്തനായ ദൈവമേ, നീയെന്നെ അനുഗ്രഹിച്ചാലും..."


***
ശുഭം