Sunday, March 15, 2015

‘ദാസേട്ടൻ’



കോഴിക്കോട് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലം.
അന്നൊരുനാൾപതിവിലും വൈകി വീട്ടിൽ എത്തിയതു കൊണ്ടാവുംഅവൾ ചോദിച്ചു.
"കോളേജ്  വിട്ടാൽ പിന്നെ നേരെ വീട്ടിലേക്കു വന്നൂടെ..
ഈയിടെയായി കറക്കം ഇത്തിരി കൂടുതലാണ്ട്ടോ.
ആരെക്കാണാൻ പോയതാണാവൊ…? "

അവളുടെ പരിഭവത്തെ മനോഹരമായ ഒരു പുഞ്ചിരിയും തലോടലും കൊണ്ട് മായ്ച്ചു കളഞ്ഞ് ഞാൻ കാര്യം പറഞ്ഞു.
"ഞാനിന്നൊരാളെ കാണാൻ പോയതു തന്നെയാ.
മുഴുവൻ കേട്ടിട്ട് ഇനി എന്ത് വേണമെന്ന് നീതന്നെ പറഞ്ഞുതരണം.
 ദാസേട്ടനെ കുറിച്ച് പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക്…?"

ഓർമയുടെ ചുരുളുകൾ നിവർത്താൻ അവൾ തലപുകയ്ക്കുന്നത്  കണ്ടപ്പോൾ ഞാൻ തുടർന്നു.

ഞാൻ സ്ഥിരമായിട്ട് പോവുന്ന ബസ്സിലെ കണ്ടക്ടറാണ് പുള്ളി. ഓരോ  മനുഷ്യനും എത്രയേറെ രഹസ്യങ്ങൾ ഉള്ളിലൊതുക്കിയാണ് നടക്കുന്നത്.
നമ്മൾ കാണുന്നത് ആളുകളുടെ മറ്റൊരു മുഖമാണ്.

ബസ്സിലെ കണ്ടക്ടർമാരൊക്കെ മോശക്കാരാണെന്ന ഒരു മുൻവിധിയുണ്ടായിരുന്നു എനിക്ക്.
അത് തിരുത്താൻ ഒരു നിമിത്തമായത് ദാസേട്ടനാണ്.
തിരക്കുള്ള രാവിലത്തെയും വൈകുന്നെരത്തെയും ട്രിപ്പുകളിൽ കണ്ടക്ടർമാരുടെ സ്വഭാവം പലപ്പോഴും എന്നെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട് . പ്രത്യേകിച്ചും സ്കൂൾ കുട്ടികളോടും വല്ലപ്പോഴും സ്ത്രീകളോടും ഉള്ള അവരുടെ പെരുമാറ്റം. അങ്ങനെയൊരു മുൻവിധി വച്ചു പുലർത്തിയിരുന്നത് കൊണ്ടാവാം ദാസേട്ടനെ ആദ്യം  കണ്ടപ്പോൾ ഞാൻ അവഗണിച്ചത്.
പക്ഷെമാന്യമായ അയാളുടെ പെരുമാറ്റവും വിദ്യാർഥികളെ സ്വന്തം  മക്കളെ പോലെ കാണാനുള്ള മനസ്സും എന്നെ ശരിക്കും ഇഷ്ടപ്പെടുത്തി.
ഏതാനും ദിവസങ്ങളായപ്പോഴേക്കും ഞങ്ങൾ പരിചയപ്പെട്ടു.

"സുധീർദാസ്  എന്നാണു  പേര്.ദാസേട്ടാ എന്ന് അടുപ്പക്കാർ  വിളിക്കും ".ദാസേട്ടൻ പരിചയപ്പെടുത്തി .
അപ്പോഴിനി  എനിക്കും  ദാസേട്ടാ  എന്ന്  വിളിക്കാമല്ലോ  എന്ന്  ഞാൻ  പറഞ്ഞപ്പോൾ  അയാൾ  നിറഞ്ഞു  ചിരിച്ചു .

ദാസേട്ടൻ ഒരു  ഗ്രാജ്വേറ്റാണ് . ഒരു  ബിരുദ ധാരിയായിരുന്നിട്ടും  നല്ല  ജോലിക്കൊന്നും   പോവാത്തതെന്തേ  എന്ന്  ഞാൻ  അയാളോട്  ചോദിച്ചു .
എനിക്കും  കുടുംബത്തിനും  കഴിഞ്ഞുകൂടാനുള്ളത്  ഇതിൽ  നിന്നും  കിട്ടും മനസ്സിന്റെ  സംതൃപ്തിയല്ലേ  മാഷെ   വലുതെന്ന്  ദാസേട്ടൻ..
വൈറ്റ്  കോളർ  ജോലി  മാത്രം  ചെയ്യാൻ  തയ്യാറാകുന്ന  ഇന്നത്തെ  കുട്ടികൾ   സ്വപ്നലോകത്തെ  മറന്ന്  യാഥാർത്യ  ലോകത്ത്  ജീവിക്കുന്ന  ദാസേട്ടനെ  പോലെയുള്ളവരെ  കണ്ടു  പഠിച്ചിരുന്നെങ്കിൽ   എന്നെനിക്കു  തോന്നി .

പിന്നീട്  ഓരോ   ദിവസം  കഴിയുന്തോറും  ഞാനും  ദാസേട്ടനും  കൂടുതൽ  അടുത്തു .
ഒന്നും  സംസാരിച്ചില്ലെങ്കിൽ   പോലും   ദിവസേനയുള്ള യാത്രകളും  കൈമാറിയ  നാണയങ്ങളും  പുഞ്ചിരിയും  ഞങ്ങളുടെ  മനസ്സുകളെ  ശക്തിപ്പെടുത്തി .
കാലത്തിന്റെ  മുന്നോട്ടുള്ള  പ്രയാണത്തിൽ  ബസ്സിനെ  ബാധിച്ച  തുരുമ്പും  തേയ്മാനവും   ഞങ്ങളുടെ  മനസ്സുകളെ ബാധിച്ചില്ല.

ആയിടയ്ക്കാണ്  രണ്ടാഴ്ചത്തെ  ഒരു  ട്രെയിനിങ്ങിനായി  ഞാൻ  ചെന്നൈയിൽ   പോയത് .
അത്  കഴിഞ്ഞു  വീണ്ടും  കോളേജിൽ   പോയിത്തുടങ്ങി . രണ്ടാഴ്ച  എന്നെ  കാണാത്തതിൽ  എന്റെ  വിദ്യാർഥി കളെല്ലാം   അതീവ  സന്തുഷ്ടരായിരുന്നെന്നു   സഹ   പ്രവർത്തകരിൽ  നിന്നും  അറിഞ്ഞു .
ഏതാനും  ദിവസങ്ങളായി  ദാസേട്ടനെ  ബസിൽ   കണ്ടില്ല . വല്ല  പനിയോ  മറ്റോ   പിടിച്ചതാകുമെന്നു  കരുതി  ഞാൻ  സമാധാനിച്ചു . ഒരാഴ്ച  കഴിഞ്ഞും  കാണാതായപ്പോൾ അന്ന്  രാവിലെ  ക്ലീനറോട്  അന്വേഷിച്ചു .
ദാസേട്ടൻ  രണ്ടാഴ്ചയായി  വരുന്നില്ലെന്നും  സുഖമില്ലെന്നാണ്  പറഞ്ഞതെന്നും  അയാളിൽ  നിന്നറിഞ്ഞു .
എന്താണ്   അസുഖമെന്ന്  അയാൾക്കറിയില്ലത്രേ .
എന്നും  ഒരേ  ബസിൽ  ജോലിചെയ്യുന്ന  ഒരാൾക്ക്  അസുഖം  വന്നിട്ട്  അതൊന്നന്വേഷിക്കാൻ  പോലും  തയ്യാറാവാത്ത  അയാളോട്   എനിക്ക്  നീരസം  തോന്നി .
അത്  മനസ്സിലാക്കിയിട്ടെന്ന  പോലെ  അയാൾ  പറഞ്ഞു :

എന്റെ  സാറേ , ദാസേട്ടനെ   കാണാൻ   പൊവണമെന്നുണ്ട്..പക്ഷെ , രാവിലെ  6 മണിക്ക്  വണ്ടീൽ  കയറിയാൽ  പിന്നെ  9 മണിയാവും  ഇറങ്ങുമ്പോൾ .പിന്നെ  എവിടെയാ  സമയം ഞാൻ  വീട്ടിലെത്തുമ്പോഴേക്കും  എന്റെ  മക്കൾ  ഉറങ്ങിയിട്ടുണ്ടാവും...
രാവിലെ  അതുങ്ങൾ  എണീക്കും  മുമ്പ്  ഞാൻ  പോരുകയും   ചെയ്യും .

അയാളുടെ  നിസ്സഹായാവസ്ഥ  എനിക്ക്  മുന്നിൽ തുറന്നു  വച്ചപ്പോൾ  ഞാൻ  കൂടുതൽ  അസ്വസ്ഥനായി .
അയാളിൽ  നിന്ന്   ദാസേട്ടന്റെ  അഡ്രസ്‌  വാങ്ങി  ഞാൻ   ഇറങ്ങി .
ഓഫീസിൽ  പോയി  ഹാഫ്ഡേ ലീവ്  കൊടുത്തു .
ഉച്ചയ്ക്ക്  അവൾ  ബാഗിൽ  വെച്ച്  തന്ന  പോതിച്ചോറു   കഴിച്ച് ക്ലീനർ  പറഞ്ഞുതന്ന  വഴി  ഒരിക്കൽക്കൂടി  മനസ്സിലുറപ്പിച്ച്  ഞാൻ ദാസേട്ടന്റെ  വീടും  തിരഞ്ഞിറങ്ങി.
കോഴിക്കോട്  നിന്നും  ബാലുശ്ശേരി  വഴി  ഒരു  മണിക്കൂറോളം യാത്രയുണ്ട് .

ബസ്റ്റോപ്പിലിറങ്ങി   ഒരു  അപരിചിതന്റെ   ഭാവം  മുഖത്തു  കാണിക്കാതെ  ഞാൻ  നടന്നു .
ബസ്റ്റോപ്പിനു പിന്നിലെ ഇടവഴിയിലൂടെ  നടന്ന് പഞ്ചായത്ത്  കിണറും    പള്ളിയും  കടന്നു  പോയി . നെൽക്കതിർ   പൂത്തു  നിൽക്കുന്ന പച്ചപ്പാടത്തിന്റെ  അക്കരെ  ഒറ്റപ്പെട്ടു  നിൽക്കുന്ന   ഒരു  കൊച്ചു  വീട് കണ്ണിൽപതിഞ്ഞു .

മൂന്നുമണി ക്കും   വെയിലിനു  നല്ല  ചൂടാണ് .
നെറ്റിയിൽ  നിന്നും  വിയർപ്പു  തുള്ളികൾ  ചാലിട്ടൊഴുകി  അതിന്റെ  ഉപ്പുരസം  നാവിനെ  അറിയിച്ചു . പക്ഷികളെ   അകറ്റാൻ  വയലിൽ നാട്ടിയ  ചട്ടിത്തൊപ്പി  വെച്ച  കോലങ്ങൾ  പുതിയ  അതിഥിയെ  നോക്കി  പുഞ്ചിരിച്ചു .

ദാസേട്ടന്റെ   വീട് .
ചെറുതെങ്കിലും  ഓടു  മേഞ്ഞ  മനോഹരമായ  വീട് .
ചാണക മെഴുകിയ   മുറ്റം . മുറ്റത്തിന്  നടുവിൽ  തുളസിത്തറ .
ദാസേട്ടന്റെ  മുഖത്തെ  ഐശ്വര്യം    വീടിന്റെ  പൂമുഖത്തും  പ്രകടമായിരുന്നു .

കോളിംഗ്   ബെല്ലടിച്ചപ്പോൾ  കടന്നു  വന്നത്  കാണാൻ  ചന്തമുള്ള  ഒരു  കൊച്ചു  പെണ്‍കുട്ടിയാണ് ..
എന്റെ  മോളൂട്ടിയുടെ  പ്രായം  കാണും .
അപരിചിതനെ   മനോഹരമായ  ഒരു  മന്ദഹാസം  ചുണ്ടുകളിൽ   ഒളിപ്പിച്ചു  വെച്ച്   അവൾ  നോക്കി .
മോളെക്കുറിച്ച്   ദാസേട്ടൻ  മുമ്പ്  പറഞ്ഞിരുന്നതിനാൽ  ഞാൻ സധൈര്യം   ചോദിച്ചു .

" അച്ഛനില്ലേ  ഇവിടെ ..? "

അച്ഛൻ  അകത്ത്  കിടക്കാണ് ..വരൂ 
മടിച്ചാണെങ്കിലും  ഞാൻ  ദാസേട്ടന്റെ  വീടിനകത്തേക്ക്  കടന്നു .
ചന്ദനത്തിന്റെ   സുഗന്ധം നിറഞ്ഞു നിൽക്കുന്ന വീട് .
അകത്തൊരു  മുറിയിൽ  കിടക്കുകയായിരുന്നു   ദാസേട്ടൻ .
മുറിയുടെ  വാതിൽക്കൽ   ചെന്ന്  ഞാൻ  പതുക്കെ  വിളിച്ചു 

ദാസേട്ടാ ..

 ശബ്ദം  കേട്ട്  ദാസേട്ടൻ    തിരിഞ്ഞു  നോക്കി .
അല്ലാ  ഇതാര് , മാഷോ ..മാഷെന്താ  ഇവിടെ   എന്നെക്കാണാൻ  വന്നതാണോ .?  ഇത്  വല്ലാത്ത  അത്ഭുതമായിരിക്കുന്നല്ലോ ..ഞാൻ  ഒട്ടും  പ്രതീക്ഷിച്ചില്ല…”

 ഞാൻ  ദാസേട്ടനെ  കാണാൻ  തന്നെയാണ്   വന്നത്  ബസ്സിലെ  ക്ലീന റാണ്    വീട്  പറഞ്ഞു  തന്നത് …”

എന്റെ  മാഷേ , ഏതായാലും  നിങ്ങൾ  എന്നെ  കാണാൻ  വന്നല്ലോ … ”

സന്തോഷത്തിനും  സന്താപത്തിനുമിടയിൽ  വാക്കുകൾ  വിറങ്ങലിച്ചു  പോകുന്നത്  ഞാൻ  കണ്ടു .

എന്താ  ദാസേട്ടാ പറ്റിയത് ..? സുഖമില്ലാന്നു  പറഞ്ഞു  എന്താ  പ്രശ്നം …? ഇവിടെ  വേറെ  ആരുമില്ലേ ..? ”
എന്റെ  മനസ്സിലെ  ചോദ്യങ്ങൾ ഒന്നൊന്നായി  പുറത്തു  വന്നു .

ഒന്നും  പറയണ്ട  മാഷേ 
ഇത്രയേ  ഉള്ളൂ  മനുഷ്യന്റെ  കാര്യം  ഏതു  കൊല  കൊമ്പനും  വീണുപോവാൻ  ഒരു  നിമിഷം  മതി .
കഴിഞ്ഞ  രണ്ടാഴ്ച  വരെ  രാവിലെ  എണീറ്റ്  ജോലിക്ക്  പോയിരുന്ന  ആളാ  ഞാൻ .
ഇപ്പൊ  എഴുന്നേറ്റു  നിൽക്കാൻ പരസഹായം  വേണം .
അന്ന്  ബസ്സിൽ വെച്ച്   ഒന്ന്  തല  കറങ്ങി  വീണു . ബോധം   വന്നപ്പോൾ  ഞാൻ   ആശുപത്രിയിലാണ് . ശരീരത്തിന്റെ  ഒരു  ഭാഗം  തളർന്നതാണെന്ന്  ഡോക്ടർമാര്  പറഞ്ഞു .. അവരാ  അസുഖത്തിനു  എന്തോ  പേരും  പറഞ്ഞു  ഇനിയിപ്പോ  സൂക്കേടിന്റെ  പേരറിഞ്ഞിട്ടും   എനിക്ക്  കാര്യല്ലല്ലോ  …”

വല്ലാത്ത വേദനയോടെ  ഞാൻ  ദാസേട്ടന്റെ  വാക്കുകൾ  കേട്ടിരുന്നു .

അപ്പോൾ  വീട്ടിൽ ..ഇവിടെ  ആരാ  കൂടെയുള്ളത്  മരുന്നൊക്കെ …?”

ഇവിടെ  വേറെ  ആരുമില്ല  ഭാര്യ  അടുത്ത  വീട്ടിലൊക്കെ  പണിക്കു  പോവും ..അത്  കൊണ്ട്   പട്ടിണിയില്ലാതെ  കഴിയുന്നു ആശുപത്രീലെ  ബില്ല്  തന്നെ   എങ്ങനെയാ  കൊടുത്തു  തീർത്തതെന്നു ദൈവത്തിനെ  അറിയൂ ..പിന്നെയല്ലേ  മരുന്നും  ചികിത്സയും …  എന്റെ  മോളെ  കാര്യം  ആലോചിക്കുമ്പോൾ  മാത്രമാണ്  സങ്കടം  അവൾക്കിനി  ആരാ  അവളിനി  എങ്ങനെ  ജീവിക്കും …?”

ദാസേട്ടന്റെ  വാക്കുകൾക്കും  ചോദ്യങ്ങൾക്കും എനിക്ക്  മറുപടി  ഇല്ലായിരുന്നു .
കഷ്ടപ്പെടുന്നവരെ  വീണ്ടും  വീണ്ടും  ദൈവം  പരീക്ഷിക്കുന്നത്  എന്തുകൊണ്ടായിരിക്കും ….

ദാസേട്ടാ 
 എല്ലാം   ദൈവത്തിന്റെ  വിധിയാണെന്ന്  കരുതി  സമാധാനിക്കൂ 
നിങ്ങൾ   ജീവിതത്തിൽ  ഒരുപാട്  നന്മ  ചെയ്തിട്ടില്ലേ ..
ഈശ്വരൻ  നിങ്ങൾക്ക് നന്മ  മാത്രമേ  വരുത്തൂ

ഇനിയെന്ത്  വേണമെന്നറിയാതെ  ഞാനിരുന്നു .
പേഴ്സ്  തുറന്ന്  അതിലെ  ഏറ്റവും  നീളമുള്ള  ഏതാനും   നോട്ടുകൾ     ദാസേട്ടന്റെ  കയ്യിലേൽപ്പിച്ചു.
അതൊന്നിനും  മതിയാവില്ലെന്നെനിക്ക്  അറിയാമായിരുന്നിട്ടും .. സമാശ്വസിപ്പിക്കാൻ  വാക്കുകൾക്ക്  വേണ്ടി  ഞാൻ  മനസ്സ്  മുഴുവൻ  പരതി

ദാസേട്ടാ  ചികിത്സ  മുടക്കരുത്  ഞാനുണ്ട്  കൂടെ ..നമുക്ക്  വേണ്ടതൊക്കെ  ചെയ്യാം … നാളെ  തന്നെ  നല്ലൊരു  ഡോക്ടറെ  പോയി  കാണാം . മനസ്സിനെ  തളരാൻ  അനുവദിക്കരുത്  ദൈവം  നമ്മെ   കൈവെടിയില്ല.

നിറഞ്ഞ  കണ്ണുകളോടെ  ദാസേട്ടൻ  എന്റെ  കൈപിടിച്ചു.

മാഷെ , പതിനഞ്ചു    വർഷത്തോളമായി  ഞാൻ  ബസ്സിൽ  ജോലി  ചെയ്യാൻ  തുടങ്ങിയിട്ട് .. ഇക്കാലത്തിനിടയിൽ  ഞാനൊരുപാട്  മുഖങ്ങൾ കണ്ടിട്ടുണ്ട് …  ഒരു  പാട്  നോട്ടുകളും   നാണയങ്ങളും  എന്റെ  കയ്യിലൂടെ  കടന്നു  പോയിട്ടുണ്ട്  പക്ഷെ , ഒരു  മനുഷ്യായുസ്സിൽ  ബാക്കിയാവുന്നത്  പണത്തേക്കാളും  സമ്പത്തിനെക്കാ ളും   ഉപരിയായി  നാം  തീർക്കുന്ന  പുഞ്ചിരികളും  നല്ല  ബന്ധങ്ങളും  മാത്രമാണ്  ദൈവം നിങ്ങളെ  അനുഗ്രഹിക്കട്ടെ .

ദാസേട്ടാ ..നിങ്ങൾ  എന്നെക്കൂടി  കരയിക്കരുത് …”.

ദാസേട്ടനോട്  യാത്ര  പറഞ്ഞു  ഞാൻ  ഇറങ്ങി . പൂമുഖപ്പടി  വരെ   എന്നെ  അനുഗമിച്ച    കുഞ്ഞു  മോളുടെ  കണ്ണുകളിൽ  കണ്ണുനീർത്തുള്ളികൾ  തളം  കെട്ടി  നിന്നിരുന്നു .
അവളുടെ   തുളസിക്കതിർ  ചൂടിയ  കുഞ്ഞിത്തലമുടിയിൽ   തലോടി  നെറ്റിയിൽ ഞാനൊരു  ഉമ്മ  നൽകിയപ്പോൾ    കണ്ണുനീർത്തുള്ളികൾ  അവളുടെ  മുഖത്ത്  ചിത്രം  വരച്ചു . പക്ഷെ  നിറഞ്ഞ  കണ്ണുകളെ  സാക്ഷി  നിർത്തി  അവളുടെ  ചുണ്ടുകളിൽ  ഒരു   പുഞ്ചിരിപ്പൂ   കൂടി  വിരിഞ്ഞു  നിന്നു.

***  *** *** *** *** *** ***
എല്ലാം  കേട്ടു  നിന്ന  അവളോട്‌  ഞാൻ  പറഞ്ഞു .
ഇതാണ്  ഞാനിന്നു    വൈകാൻ  കാരണം  ഇനി  ഞാനെന്താ   ചെയ്യേണ്ടതെന്ന്  നീ  തന്നെ  പറ ..

അവളുടെ  വെളുത്തു   സുന്ദരമായ  മുഖം  ചുവന്നു  വിഷാദമൂകമായിക്കുന്നു .
തട്ടത്തിന്റെ  അറ്റം  കൊണ്ട്  കണ്ണുകൾ തുടച്ചു  കൊണ്ട്  അവളെന്നോട്  പറഞ്ഞു .

അയാൾക്ക് ചെയ്തു  കൊടുക്കാൻ  പറ്റുന്നതൊക്കെ  ചെയ്യണം 
എല്ലാ  ചിലവും  നമുക്ക്  വഹിക്കാം 
എന്റെ  സങ്കടം  ദാസേട്ടനെ  ഓർത്തല്ല  അയാളുടെ  ഭാര്യയേയും  മകളെയും  ഓർത്താണ്…”

അവളെ  ആശ്വസിപ്പിക്കാൻ  ശ്രമിച്ചു  കൊണ്ട്  ഞാൻ  പറഞ്ഞു 
കണ്ടോ ..ഇത്രയേ  ഉള്ളൂ  നമ്മുടെയൊക്കെ  ജീവിതം …  എല്ലാ  സ്വപ്നങ്ങളും  പ്രതീക്ഷകളും  തകർന്നടിയാൻ  ഒറ്റ  ദിവസം  മതി .. ഇന്ന്  ദാസേട്ടനാണെങ്കിൽ   നാളെ  ഞാനാകാം …”

ദാസേട്ടന്റെ  കുഞ്ഞു  മോളുടെ  മുഖത്തു  തെളിഞ്ഞു  കണ്ട നീർമണി മുത്തുകൾ  അവളുടെ  മുഖത്തും  ചിത്രം  വരയ്ക്കുന്നത്  കണ്ടപ്പോൾ  എനിക്ക്  ചിരി  വന്നു .
ജീവിതത്തിന്റെ  സമസ്ത  ഭാവങ്ങളിലും  മനസ്സിൽ  ഒളിമങ്ങാത്ത  സ്നേഹത്തിന്റെ  ചായക്കൂട്ടുകൾ  എനിക്ക് നൽകിയ  അവളെ സമ്മാനിച്ച  സർവേശ്വരനായ ദൈവത്തെ  ഞാൻ  സ്തുതിച്ചു.

ശുഭം.