Wednesday, February 10, 2016

അ സ് ല



പ്രാക്ടിക്കൽ റെക്കോഡ് സൈൻ ചെയ്യിക്കാൻ കൊണ്ടു വന്ന കുട്ടികളോട് നാളെ രാവിലെ വരാൻ പറഞ്ഞ് വേഗം കോളേജിൽ നിന്ന് ഇറങ്ങി.
അടുത്ത ആഴ്ച മുതൽ പ്രാക്ടിക്കൽ എക്സാം തുടങ്ങുകയാണ്.

ഇത് വരെ ലാബ്‌ റെക്കോഡ് തുറന്നിട്ടില്ലാത്തവരും പകുതിയാക്കിയവരും  മുഴുവനും എഴുതി തീർത്തവരും ക്ലാസ്സിലുണ്ട്. ഇനി ഒരാഴ്ച എന്റെ പിന്നാലെ ഒപ്പ് വാങ്ങാനുള്ള ഒട്ടത്തിലായിരിക്കും എല്ലാം.


കുറച്ച് അഹങ്കാരം ഉള്ളവരെ ഒന്ന് പൊരിക്കാനും ഒന്ന്കണ്ണുരുട്ടിയാൽ  പിന്നെ ശബ്ദം പൊങ്ങാത്ത, കണ്ണ് നിറയ്ക്കുന്ന പാവം പെൺകുട്ടികളെ വിരട്ടാനും പറ്റിയ സമയമാണ്. എന്നാലും വല്ലാതെ കഷ്ടപ്പെടുത്താതെ എല്ലാത്തിനെയും പാസാക്കാറുണ്ട്.


ക്യാന്റീനിൽ നിന്ന് ചോറും ഇന്നത്തെ സ്പെഷ്യൽ പോടിമീൻ ഫ്രൈയും കഴിച്ച് പാർക്കിംഗ് ബേയിലേക്ക് നടന്നു. രാവിലെ മുതൽ ഇന്നേരം വരെയുള്ള വെയില് മുഴുവൻ ഏറ്റു വാങ്ങിയ കാറ് യാതൊരു ദയയുമില്ലാതെ ആ ചൂട് മുഴുവൻ എനിക്ക് പകർന്നു നൽകി. ഇങ്ങനെയൊക്കെ കത്തിയാൽ അധിക കാലം ബാക്കിയുണ്ടാവില്ലെന്നു സൂര്യനോട് പറയാൻ തോന്നി.


സമയം ഒന്നര കഴിഞ്ഞിരിക്കുന്നു.
രണ്ടു മണിയാവുമ്പോഴേക്കും അവളുടെ OP ടൈം കഴിയും.
അവളെയും കൂട്ടി ചില്ലറ ഷോപ്പിങ്ങും കഴിഞ്ഞു വേണം വീട്ടിൽ പോവാൻ.


ഹൊസ്പിറ്റലിലെത്തി അര മണിക്കൂർ കഴിഞ്ഞിട്ടും കാണാത്തത് കൊണ്ടാണ് മുകളിലെ പുതിയ OP  ബ്ലോക്കിലേക്ക് കയറിച്ചെന്നത്.
ജില്ലാശുപത്രി മെഡിക്കൽ കോളേജായി ഉയർന്നെങ്കിലും  കോളേജാ ക്കാൻ  കാണിച്ച  ആവേശം കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന കാര്യത്തിൽ എവിടെയും കണ്ടില്ല.

ഒപിക്കു മുന്നിൽ എട്ടു-പത്താളുകൾ ഇനിയും ബാക്കിയുണ്ട്. വെറുതെയല്ല വിളിച്ചിട്ട് ഫോണെടുക്കാതിരുന്നതും.
പിൻനിരയിലെ ചാരുകസേരകളിലൊന്നിൽ അവരിലൊരാളായ ഞാനും ഇരുന്നു.

പത്തിൽ മൂന്നുപേർ കുട്ടികളാണ്. അവരുടെ അച്ചനോ അമ്മയോ ആവും കൂടെ. എന്നാലും ഇനി അഞ്ചാറു പേര് കഴിയണം. 

അവളിന്ന് ഉച്ചയ്ക്ക് വല്ലതും കഴിച്ചിട്ടുണ്ടോ ആവോ?
സമയത്തിനു എന്തെങ്കിലും കഴിക്കാൻ എത്ര പറഞ്ഞാലും കേൾക്കില്ല.

ഇത് സർക്കാർ ആശുപത്രിയാണ്. ഇവിടെ വരുന്ന സാധാരക്കാര് നമ്മളെ പ്രതീക്ഷിച്ചു കൊണ്ടാണ് വളരെ ദൂരത്തൂന്ന് പോലും വരുന്നത്. വെറുതെ അവരെ വിഷമിപ്പിക്കേണ്ടല്ലോ എന്നാണു അവളുടെ ന്യായം.


കൺസൽട്ടെഷൻ  റൂമിന്റെ വാതിലിനു കുറുകെ വിരിച്ച പച്ച കർട്ടൺ പലതവണ ഇരു വശത്തേക്കും നീങ്ങി. അവസാനം ഒരു സ്ത്രീയും നാലു വയസ്സ് തോന്നിക്കുന്ന അവരുടെ കുഞ്ഞും മാത്രം ശേഷിച്ചു.
തൊട്ടടുത്ത കസേരയിലിരുത്തി കുഞ്ഞിനെ  തന്റെ തോളിലേക്ക് ചേർത്തു വച്ച് അവർ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

അകത്തു നിന്ന് അറുപതു കഴിഞ്ഞ ഒരാൾ ചുമച്ചു ചുമച്ചു കടന്നു വന്നപ്പോൾ, അവരാ കുഞ്ഞിനെ വിളിച്ച് അകത്തേക്ക് കയറി.

വാച്ച് നോക്കിയപ്പോൾ മൂന്ന് മണി.
ഇവരും കൂടി പോയാലിനി വീട്ടിൽ പോകാമല്ലോ എന്നാ ആശ്വാസത്തോടെ ഞാനിരുന്നു.

ഏകദേശം പത്തു മിനിട്ട് കഴിഞ്ഞു വാതിൽക്കലെ വിരി നീക്കി ആ കുഞ്ഞും അവരുടെ പുറകിൽ അവരും കടന്നു വന്നു.
എവിടെയോ കണ്ടുമറന്ന മുഖം.
വളരെ അടുത്ത പരിചയമുള്ളതു പോലെ.

സംശയം നിറഞ്ഞ കണ്ണുകളോടെ ഞാനവരെ നോക്കി പുഞ്ചിരിച്ചു.
പക്ഷെ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവർ അരികിൽ വന്നു ചോദിച്ചു.

എന്നെ മനസ്സിലായോ?”

മനസ്സിൽ അടയാളങ്ങൾ തീർത്ത ഒട്ടേറെ മുഖങ്ങളിൽ ആ മുഖം എവിടെയെന്നു ഞാൻ പരതി. കൂടുതൽ ആലോചിക്കാൻ വിടാതെ അവർ പറഞ്ഞു:

"നമ്മൾ ഒന്നിച്ചു പഠിച്ചിട്ടുണ്ട്. പ്ലസ്റ്റുവിൽ... ഒരേ ക്ലാസ്സിൽ..."

പ്ലസ്റ്റുവിൽ എന്റെ കൂടെ ഇങ്ങനെയൊരാൾ പഠിച്ചിട്ടുണ്ടെന്നോ...?
വീണ്ടും സംശയം മാറാതെ ഞാൻ അവരെ നോക്കി.

"ഇനിയും എന്നെ മനസ്സിലായില്ലേ..? അസ്.ല."

അസ്.ലയോ..? എനിക്കൊരിക്കലും വിശ്വസിക്കാനായില്ല.
എന്റെ ക്ലാസ്സിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്.
അതിലുപരി എന്തൊക്കെയോ ആയിരുന്ന, ആവുമെന്നു പ്രതീക്ഷിച്ചിരുന്നവൾ.
അവളുടെ വെളുത്തു സുന്ദരമായ  മുഖം ആകെ കറുത്തിരുണ്ടു പോയിരിക്കുന്നു. പേരമരത്തിന്റെ തോല് പൊഴിഞ്ഞു പോവുന്നപോലെ അവളുടെ കയ്യിലും മുഖത്തും...
ഒരാൾക്കും പറയാനാവില്ല ഇതവളാണെന്ന്.


വല്ലാത്തൊരു മാനസികാവസ്ഥയിലായി ഞാൻ. യാഥാർത്യങ്ങൾ ഉൾക്കൊള്ളാനാവാതെ ഒരു കൊച്ചുകുട്ടിയെ പോലെ അവളെ നോക്കി ഞാൻ നിന്നു.

"അസ്.ല., നിനക്കെന്താണ് പറ്റിയത്..?
എനിക്ക് കണ്ടിട്ട് മനസ്സിലായില്ല..."

"ഒരു ചെറിയ അസുഖമൊക്കെ ഉണ്ടായിരുന്നു... ഇപ്പൊ എല്ലാം സുഖമായി. ഇനി മരുന്നൊന്നും അധികം വേണ്ടെന്നാ പറഞ്ഞത്... ഈ ഡോക്ടറാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോവാൻ പറഞ്ഞത്.
മരുന്നൊക്കെ നിത്താൻ പറഞ്ഞപ്പോൾ എനിക്കും സമാധാനമായി.അത് ഡോക്ടറോട് കൂടി പറയാൻ വേണ്ടി വന്നതാണ്."

വളരെ നിസ്സാരമായി അവൾ പറഞ്ഞു.

കൂടുതലൊന്നും അവളോട്‌ ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല.
അറിയാൻ ഞാൻ ആഗ്രഹിച്ചില്ല.
അവളുടെ പഴയ രൂപവും ഭാവവും മനസ്സിന്റെ ഉള്ളറകളിലൂടെ കടന്നു പോവുമ്പോൾ വല്ലാത്ത ഒരു നീറ്റലാണ് അനുഭവപ്പെടുന്നത്.


"എന്താ ഇവിടെ? ഡോക്ടറെ കാണാനാണോ?  നല്ല ഡോക്ടറാണ്..."

"അല്ല... ഇത്... എന്റെ ഭാര്യയാണ്..."

"ആഹാ...ശരി... ഞാൻ പോട്ടെ... കാണാം ട്ടോ...”

യാത്ര പറഞ്ഞ് അവളും കുഞ്ഞും നടന്നു നീങ്ങുന്നത് ഞാൻ നോക്കി നിന്നു.
ഉള്ളിലെ വിങ്ങലുകൾ ദീർഘനിശ്വാസമായി പുറത്തേക്കൊഴുകി.

മനസ്സ് പതിനഞ്ചു വർഷം പിന്നിലേക്ക് സഞ്ചരിക്കുന്നു.
ഇന്നലകളിലെ പ്രിയപ്പെട്ട പലതും ഇന്ന് മറ്റെവിടെയോ, മറ്റാരുടേതോ    ആയി മാറിയിരിക്കുന്നു.
ഇന്നത്തെ പ്രിയപ്പെട്ടതെല്ലാം നാളെ നഷ്ടപ്പെടാൻ പോവുന്നതാണോ..?


"കാത്തിരുന്നു മടുത്തോ?"

പിന്നിൽ നിന്നും അവളുടെ ചോദ്യം ഭൂതകാലത്തിലെ മേച്ചിൽ പുറങ്ങളിൽ മനസ്സിനെ അലയാൻ വിടാതെ തിരിച്ചു വിളിച്ചു.
ഒന്നും മിണ്ടാതെ അവളെ നോക്കി.

"എന്താ മുഖം വല്ലാതായിരിക്കുന്നത്..?"

"ഇന്ന് അവസാനം നിന്നെ കണ്ടു പോയത് ആരാണെന്ന് അറിയോ?
എന്റെ പഴയ ക്ലാസ്സ്മേറ്റാണ് "

"ആര്...അസ്.ല..?"

"അതെ...ഞാൻ ഇപ്പൊ ഇവിടന്നു കണ്ടു...എന്താ അവൾക്ക്?
അവളുടെ രൂപം  തന്നെ മാറിപ്പോയല്ലോ..?"

"അത്... കുറച്ചു പറയാനുണ്ട്... നമുക്ക് നടന്നാലോ... ഇവിടെന്നു പറയണ്ട."

ഇവിടെ വച്ച് പറയാതിരിക്കാനും മാത്രം എന്താണാവോ എന്ന് മനസ്സിൽ കരുതി ഞാൻ നടന്നു.

"നീ എന്തെങ്കിലും കഴിച്ചോ ഇന്ന്..?"

ചിരിച്ചു കൊണ്ട് ഇല്ലെന്ന് അവൾ തലയാട്ടിയപ്പോഴും എനിക്ക് തിരിച്ചൊന്നു പുഞ്ചിരിക്കാൻ പോലും തോന്നിയില്ല.

ഹോസ്പിറ്റലിൽ നിന്നിറങ്ങി കോളേജ് റോഡിലൂടെ കാറിനടുത്തേക്ക്  നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു തുടങ്ങി.

മൂന്നു മാസം മുമ്പാണ് ആദ്യമായി അവരെന്ടടുത്തു വരുന്നത്. ശരീരത്തിൽ പല ഭാഗത്തും വേദന എന്ന് പറഞ്ഞ്.
എന്തോ സംശയം തോന്നിയത് കൊണ്ട് മാമ്മോഗ്രഫിയും ബാക്കി ടെസ്റ്റും കഴിഞ്ഞു വരാൻ പറഞ്ഞു. എന്ത് പറയാനാ… തേർഡ് സ്റ്റേജില് എത്തിയിരുന്നു. ഇവിടെ സൗകര്യം ഇല്ലാത്തതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലെ ന്റെ പ്രൊഫസർക്ക് റെഫർ ചെയ്തു.

പക്ഷെ, സാർ അന്ന് തന്നെ എന്നെ വിളിച്ചിരുന്നു. സർജറിയും  റേഡിയേഷനും കീമോയുമൊക്കെ ചെയ്താലും അൻപത് ശതമാനത്തി താഴെ പ്രതീക്ഷ ഉള്ളൂ എന്ന് പറഞ്ഞു.
ബാക്കി ട്രീറ്റ്മെന്റ് ഒക്കെ അവിടെ തന്നെ ആയിരുന്നു.

ഇന്നിപ്പോ അവര് വന്നത് ഇനി ട്രീറ്റ്മെന്റിന്റെ ആവശ്യമൊന്നും ഇല്ലാ എന്ന് ഡോക്ടർ പറഞ്ഞു എന്ന് പറഞ്ഞാ... ഇനി എന്തൊക്കെ ചെയ്തിട്ടും കാര്യം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അവരോടെനിക്ക് പറയാൻ പറ്റോ..?
ഞാൻ റിപ്പോർട്ട്‌ കണ്ടു... ആകെ സ്പ്രെഡ് ആയിട്ടുണ്ട്... ഇനി ഒരു മാസം കൂടി മരുന്ന് കഴിച്ചാൽ മതിയെന്ന് സാർ പറഞ്ഞത്രേ.

അതിനർഥം,
ഇനി ഒരു മാസത്തിൽ കൂടുതൽ... സാധ്യതയില്ല.
പെയിൻ കില്ലെർ കൊടുക്കും... അത് കൊണ്ട് വേദന വല്ലാതെ അറിയില്ല...

പലപ്പോഴും ഞങ്ങൾ ഡോക്ടർമാർ നിസ്സഹായരായിപ്പോവുന്ന ചില സമയങ്ങളാണിതൊക്കെ...
ആ കുഞ്ഞിന്റെ കാര്യാണ് ഇനി കഷ്ടം..."


ഫർസ ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തി, ഒരു നെടുവീർപ്പോടെ ഞാൻ ചോദിച്ചു.

"എന്തെങ്കിലും കഴിക്കേണ്ടെ നിനക്ക്..:? വിശക്കണില്ലേ..? "

കാറിൽ നിന്നിറങ്ങി ഹോട്ടലിലേക്ക് കയറുമ്പോൾ അറിയാതെ ചോദിച്ചു പോയി.

"എന്തെ നീയിതോക്കെ എന്നോട് മുന്നേ പറഞ്ഞില്ല..?”

"ഓരോ ദിവസവും ഹോസ്പിറ്റലിൽ വരുന്ന ഒരുപാട് ആളുകളുണ്ട്. അവരുടെതായ ഒട്ടേറെ പ്രയാസങ്ങളുമായി വരുന്നവർ.
ഓരോരോ മനുഷ്യരും ഒരുപാട് രഹസ്യങ്ങളടങ്ങിയ പുസ്തകങ്ങളാണ്.

ആ രഹസ്യങ്ങൾ അവര് പലപ്പോഴും പങ്കു വെക്കുന്നത് അവരുടെ വിശ്വസ്തരായ ഡോക്ടർമാർക്ക് മുന്നിലാണ്. അല്ലെങ്കിൽ ഡോക്ടർമാരെ വിശ്വസിച്ചാണ്. നിങ്ങളുടെ കൂട്ടുകാരിയായിരുന്നിട്ടും അവരുടെ അസുഖം എന്തെന്ന് പോലും അവർ പറഞ്ഞില്ലല്ലോ... അതാണ്‌."


'അപ്പോൾ പലരുടെയും പല രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരി നീയാണല്ലേ' -  എന്നു  ചോദിച്ച് അവളെ കളിയാക്കുമ്പോഴും ആ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയെ എന്റെ കരങ്ങളിൽ ഏൽപ്പിച്ച സർവരഹസ്യങ്ങളുടെയും ഉടമസ്ഥനായ പ്രപഞ്ച നാഥനെ ഞാൻ സ്തുതിച്ചു.


***


ശുഭം